UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം മൂലം ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചതായി പഠനം

ഭാര്യമാരുടെ പക്കല്‍ തങ്ങള്‍ അറിയാത്ത സമ്പാദ്യങ്ങള്‍ ഉണ്ടെന്ന് ഭര്‍ത്താക്കന്മാര്‍ തിരിച്ചറിഞ്ഞതാണ് കാരണം

നോട്ട് നിരോധനം മൂലം ഗാര്‍ഹീക പീഡനങ്ങള്‍ വര്‍ദ്ധിച്ചതായി പഠനം. നവംബര്‍ എട്ടിന് അപ്രതീക്ഷിത തീരുമാനം വന്നതിന് ശേഷം ഭാര്യമാരുടെ പക്കല്‍ തങ്ങള്‍ അറിയാത്ത സമ്പാദ്യങ്ങള്‍ ഉണ്ടെന്ന് ഭര്‍ത്താക്കന്മാര്‍ തിരിച്ചറിഞ്ഞതാണ് ഗാര്‍ഹീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഭോപ്പാല്‍ അസ്ഥാനമായുള്ള വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. പണത്തിന്റെ പേരില്‍ ഭാര്യമാരെ ഭീഷണിപ്പെടുത്താനും ശാരീരികമായി ഉപദ്രവിക്കാനും ജയിലിലടയ്ക്കുമെന്ന് പേടിപ്പിക്കാനും ഭര്‍ത്താക്കന്മാര്‍ തയ്യാറായതായി സംഘടനയുടെ പ്രാദേശിക ഡയറക്ടറായ സരിക സിന്‍ഹ പറയുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.

ഭാര്യമാര്‍ നേരത്തെയും പണം സമ്പാദിക്കുമായിരുന്നെങ്കിലും അതൊരിക്കലും വെളിച്ചത്ത് വന്നിരുന്നില്ല. സ്ത്രീകള്‍ പണം സമ്പാദിക്കുന്നതോടെ അവര്‍ക്ക് മേലുള്ള തങ്ങളുടെ നിയന്ത്രണം നഷ്ടമാകുമെന്ന ഭീതിയാണ് പുരുഷന്മാരെ അക്രമത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. നവംബറില്‍ മാത്രം തങ്ങളുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് 1,200 കോളുകളാണ് എത്തിയതെന്ന് സരിക പറയുന്നു. ഇവരില്‍ 230 പേര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമായി വന്നു. കൗണ്‍സിലിംഗിന് വിധേയരാവരില്‍ 50 പേരും നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പേരില്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും പീഢനം അനുഭവിക്കേണ്ടി വന്നവരാണ്.

സൂക്ഷിച്ചിരുന്ന പണം പുതിയ നോട്ടുകളാക്കി മാറ്റിയ ശേഷം അത് ഭാര്യമാര്‍ക്ക് മടക്കി നല്‍കാന്‍ ഭൂരിപക്ഷം കേസുകളിലും ഭര്‍ത്താക്കന്മാര്‍ തയ്യാറായിട്ടില്ലെന്നും പഠനം വെളിവാക്കുന്നു. നോട്ട് നിരോധനത്തെ കുറിച്ചും മാറി വരുന്ന നിയമങ്ങളെ കുറിച്ചും സ്ത്രീകളെ ബോധവല്‍ക്കരിക്കാനും സംഘടന ശ്രമിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍