UPDATES

മാസ്റ്റർ രാഹുൽ, ഇനിയെങ്കിലും തുറന്നു പറയണം, ആ ബോംബ് എന്ന് പൊട്ടുമെന്ന്

നോട്ടു നിരോധനത്തിന്റെ മറവിൽ നരേന്ദ്ര മോദി വൻ അഴിമതി നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നില്‍

കെ എ ആന്റണി

കെ എ ആന്റണി

നരേന്ദ്ര മോദി നോട്ടു നിരോധിച്ചപ്പോൾ സാധാരണക്കാരായ ചിലരെങ്കിലും തുടക്കത്തിൽ ആഹ്ളാദിച്ചിരുന്നു. മുഴുവൻ കണ്ണപ്പണക്കാരും ഇപ്പോൾ കുടുങ്ങുമെന്നും അവരെയൊക്കെ കൈയാമം വെച്ച് ഉടൻ ജയിലിൽ അടക്കുമെന്നും ഒക്കെ അവർ സ്വപ്നം കണ്ടു. എന്നാൽ കണ്ണപ്പണക്കാർക്കു പിടി വീണില്ലെന്നു മാത്രമല്ല കുത്തകക്കാരുടെ കിട്ടാക്കടങ്ങൾ എഴുതി തള്ളപ്പെടുന്നത് കണ്ടു അന്തം വിടാൻ ആയിരുന്നു അവർക്കു യോഗം. നിരോധനം നീണ്ടതോടെ കള്ളപ്പണക്കാരെ പിടിക്കുന്നത് കാണാൻ കാത്തിരുന്നവർക്കു മോദി തങ്ങളുടെ കഞ്ഞിയിലാണ് മണ്ണ് വാരിയിട്ടത് എന്ന് മനസ്സിലാകുകയും ചെയ്തു.

നോട്ടു നിരോധനം കൊണ്ട് വലഞ്ഞും മോദിയെ ശപിച്ചും ദിനരാത്രങ്ങൾ എണ്ണി കഴിച്ചുകൂട്ടുന്നതിനു ഇടയിലാണ് രാഹുൽ ഗാന്ധി ഒരു പ്രഖ്യാപനം നടത്തിയത്. നോട്ടു നിരോധനത്തിന്റെ മറവിൽ നരേന്ദ്ര മോദി വൻ അഴിമതി നടത്തിയിക്കുന്നുവെന്നും അതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും ആയിരുന്നു ആ പ്രഖ്യാപനം. താൻ ഉടനെ ആ ബോംബ് പൊട്ടിക്കും എന്നുകൂടി രാഹുൽ തറപ്പിച്ചു പറഞ്ഞപ്പോൾ ആ പ്രഖ്യാപനം ജന മനസുകളിൽ കുളിർ മഴ  പെയ്യിച്ചു. അവർ ആ ബോംബ് സ്ഫോടനത്തിനായി കാതോർത്തു കാത്തിരുന്നു.

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു. എന്നിട്ടും രാഹുൽ പറഞ്ഞ ആ ബോംബ് പൊട്ടിയില്ല. കാത്തിരുന്നവർക്ക് നിരാശയും മോദിക്കും കൂട്ടർക്കും ആശ്വാസവും. തന്റെ കൈവശം ഉള്ള ബോംബ് പാർലമെന്റിനുള്ളിൽ തന്നെ പൊട്ടിക്കും എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രഖ്യാപനം. “എന്നെ അവർ (ഭരണ പക്ഷ എം പി മാർ ) വല്ലാതെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ എന്നെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തത് ” എന്നായിരുന്നു കുറെ ദിവസത്തെ വിലാപം.

modi3

ഒടുവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാറായപ്പോൾ   രാഹുലിന്റെ ബോംബിൽ പ്രതീക്ഷ അർപ്പിച്ച പ്രതിപക്ഷ എം പി മാർ കൂട്ടായി ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു. പാർലമെന്റ് സമ്മേളത്തിന്റെ അവസാന ദിവസവും രാഹുലിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്ത പക്ഷം പാർലമെന്റിനു പുറത്തു പ്രതീകാത്മക സമ്മേളനം വിളിച്ചു കൂട്ടി രാഹുലിന് ബോംബ് പൊട്ടിക്കാൻ അവസരം നൽകുക.

ഒടുവിൽ സമ്മേളനം അവസാനിച്ചു. പ്രതീകാത്മക സമ്മേളനം സ്വപ്നം കണ്ടിരുന്ന പ്രതിപക്ഷ മെംബര്‍രെ നിരാശരാക്കി രാഹുൽ നേരെ മോദിയുടെ ചേംബറിലേക്കു വെച്ച് പിടിച്ചു. ബോംബ് പൊട്ടിക്കാനല്ല, കഷകരുടെ വായ്പ എഴുതി തള്ളണമെന്ന് കാലുപിടിച്ചു അപേക്ഷിക്കാൻ. അതോടെ ബോംബ് സ്‌ഫോടനത്തിനു കാതോർത്ത ഒരു ജനത നിരാശരായി എന്ന് പറഞ്ഞാൽ മതിയല്ലോ.

മാസ്റ്റർ രാഹുൽ, താങ്കൾ ഞങ്ങൾ മലയാളികളെ ഓർമപ്പെടുത്തുന്നത് വിയറ്റ്നാം  കോളനി എന്ന സിനിമയിലെ ശങ്കരാടിച്ചേട്ടൻ അവതരിപ്പിച്ച ആ ഭ്രാന്തനെയാണ്. എല്ലാ രേഖയും തന്റെ കൈയ്യിൽ ഉണ്ടെന്നു പറഞ്ഞു ഒടുവിൽ ഇതാ വായിച്ചോ  പറഞ്ഞു കൈവെള്ള കാട്ടികൊടുന്ന ആ ഭ്രാന്തനെ.

ഇനിയെങ്കിലും സത്യം തുറന്നു പറയാൻ താങ്കൾ തയ്യാറാവണം. താങ്കളുടെ കൈവശം ബോംബ് ഉണ്ടോ? സത്യത്തിൽ അത് പൊട്ടുന്ന ബോംബ് ആണോ? എങ്കിൽ എന്നാണാവോ ആ ബോംബ് പൊട്ടുന്നത്? ഇക്കാര്യങ്ങൾ വ്യക്തമാക്കാത്ത പക്ഷം ഇപ്പോൾ മോദിയെ പ്രാകുന്ന ജനം നാളെ താങ്കളെയും ശപിക്കും, തീർച്ച.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍