UPDATES

സംഘപരിവാര്‍ ഫാസിസത്തില്‍ നിന്നും എംടിയെ പ്രതിരോധിച്ച് രാഷ്ട്രീയ-സാഹിത്യ കേരളം

നോട്ട് നിരോധനത്തെക്കുറിച്ച് എംടി പറഞ്ഞത് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന കാര്യമെന്നു സക്കറിയ

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരേ സംസാരിച്ചതിന്റെ പേരില്‍ എം ടി വാസുദേവന്‍ നായര്‍ക്കെതിരേ ബിജെപി-സംഘപരിവാര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പ്രധിഷേധം ശക്തമാകുന്നു.

നോട്ട് പ്രശ്‌നത്തില്‍ ഇടതു മുന്നണി ഇന്നലെ തീര്‍ത്ത മനുഷ്യ ചങ്ങല കോഴിക്കോട് ഉദ്ഘാടനം ചെയ്തു കൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെയാണ് എംടി വിഷയത്തില്‍ ബിജെപിക്കെതിരെ ആദ്യ വെടി ഉതിര്‍ത്തത്. മോദിയെ ചോദ്യം ചെയ്യാന്‍ എംടിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നാണ് ബിജെപി നേതൃത്വം ചോദിക്കുന്നതെന്നും ഏതൊരാള്‍ക്കും നിര്‍ഭയമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കേരളത്തില്‍ ഇടതുപക്ഷവും ജനാധിപത്യ വിശ്വാസികളും ഉറപ്പു നല്‍കുന്നുണ്ടെന്നും ഐസക് പറഞ്ഞു.

കേരളത്തിന്റെ ജനാധിപത്യ പരിസരം ഇല്ലാതാക്കുവാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും അതിനെതിരേ ജനാധിപത്യ മതേതര വിശ്വാസികള്‍ അണിനിരക്കുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗീകരിച്ച ഒരു പ്രമേയത്തില്‍ പറഞ്ഞു. എംടിക്കെതിരായ ബിജെപി നീക്കത്തെ പുരോഗമന കലാസാഹിത്യ സംഘവും നിശിതമായി വിമര്‍ശിച്ചു.

സാഹിത്യകാരനായ എംടി സാമ്പത്തികകാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതില്ല എന്നായിരുന്നു ബിജെപിയുടെ മറ്റൊരു വിമര്‍ശനം. സാഹിത്യകാരന്മാരില്‍ സേതുവോ മോഹനവര്‍മയോ അഭിപ്രായം പറഞ്ഞാല്‍ ഉചിതമാകും എന്നുമായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ നോട്ടുനിരോധനത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ച സേതു, എംടിയുടേതിനേക്കാള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ‘ഗാന്ധിയും ഗോഡ്‌സെയും; പുതിയകാല വായന’ എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് നോട്ടുനിരോധനത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്. ‘കാശ് വേണ്ടാ സമൂഹം’ ഒരു മനോഹരമായ സ്വപ്നംതന്നെയാണെന്നും എന്നാല്‍ എടുത്തുചാടി ഭീഷണിപ്പെടുത്തി നടപ്പാക്കാവുന്ന ഒന്നല്ല അതെന്നും സേതു പറയുന്നു. ജനകോടികളെ കഷ്ടപ്പെടുത്താതെ ആവശ്യത്തിനുള്ള കടലാസും മഷിയുമൊക്കെ തരപ്പെടുത്തി വേണ്ടത്ര നോട്ടുകള്‍ അടിച്ചിറക്കി പ്രശ്‌നം പരിഹരിച്ചേ പറ്റൂവെന്നും അതു പാക്കിസ്ഥാന്‍ ചെയ്യുന്നതിനു മുമ്പേ ചെയ്യുകയും വേണ’മെന്നുള്ള പരിഹാസവും സേതുവില്‍ നിന്നും വരുന്നുണ്ട്.

ഇന്ത്യയെപ്പോലത്തെ ഒരു ഗ്രാമകേന്ദ്രീകൃത സമൂഹത്തില്‍ പടിപടിയായി, വ്യക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ അതു നടപ്പാക്കാനാവൂ. നോട്ട് പിന്‍വലിക്കലിന് എതിരല്ല താന്‍. പക്ഷേ, കള്ളപ്പണക്കാരെ പിടിക്കാനായി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പടപ്പുറപ്പാടില്‍ മുറിവേറ്റു വീഴുന്നതു സാധാരണക്കാരാണ്. കൂട്ടത്തില്‍ ഒന്നുകൂടി: കാണാന്‍ ചന്തമുള്ള ഈ രണ്ടായിരക്കാരിയുടെ പ്രസക്തി തനിക്കു മനസ്സിലാവുന്നില്ലെന്നും സേതു ലേഖനത്തില്‍ പറയുന്നു.

വികസിത രാജ്യങ്ങളിലൊന്നും വലിയ മൂല്യമുള്ള നോട്ടുകളില്ല. പിന്നെ എന്താണീ രണ്ടായിരത്തിന്റെ റോള്‍? പൂഴ്ത്തിവയ്ക്കാന്‍ എളുപ്പമല്ലേ അത്? വിപണിയുടെ നട്ടെല്ലായ അഞ്ഞൂറില്‍ തൊടാതെ, ആയിരം മാത്രം പിന്‍വലിച്ച് ഇരുനൂറിന്റെയും മുന്നൂറിന്റെയും നോട്ടുകള്‍ അടിച്ചിറക്കുകയായിരുന്നു വേണ്ടിയിരുന്നത്. പിന്നീട് പതിയെ അഞ്ഞൂറും പിന്‍വലിക്കുക. പ്രഗത്ഭനായ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ബിമല്‍ ജലാന്‍ പറഞ്ഞതുപോലെ, മുന്‍കൂര്‍ നോട്ടീസ് കൊടുത്തിട്ടായാലും കുഴപ്പമില്ല. എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ‘ഗാന്ധിയും ഗോഡ്‌സെയും’ എന്ന പ്രസിദ്ധ കവിതയാണ്. ഗാന്ധിജി റേഷന്‍ ഷോപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ അടുത്തുകൂടി ഗോഡ്‌സെ കൂറ്റന്‍ കാറില്‍ കടന്നുപോകുന്നു എന്നാണു കവി പാടിയത്. കാലപ്പാച്ചിലില്‍, നടപ്പുകാല പരിസരങ്ങളില്‍, ‘ഗാന്ധിജി എ.ടി.എമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്‌സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’ എന്നാക്കിയാലോ എന്നും ലേഖനത്തിലൂടെ സേതു ചോദിക്കുന്നു.

പ്രശസ്ത ഛായഗ്രാഹകന്‍ വേണു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട ഒരു പോസ്റ്റും എംടിയെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു. എംടി വാസുദേവന്‍ നായരെ തൊട്ടു കളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയണ്ട. സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ചു നോക്ക് എന്നായിരുന്നു വേണുവിന്റെ പോസ്റ്റ്.

എംടിയുടെ നിലപാടിനു പിന്തുണ അറിയിച്ചുകൊണ്ട് സാഹിത്യകാരന്‍ സക്കറിയയും രംഗത്തെത്തി. നോട്ട് നിരോധനത്തെക്കുറിച്ച് എംടി പറഞ്ഞത് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന കാര്യമാണെന്നാണു മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ സക്കറിയ ചൂണ്ടിക്കാണിക്കുന്നത്. നോട്ട് നിരോധനത്തെപ്പറ്റി അഭിപ്രായം പറയാന്‍ സാമ്പത്തിക വിദഗ്ധനോ ബാങ്ക് ഉദ്യോഗസ്ഥനോ ആകണമെന്നില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എംടിക്കും വഴിയില്‍ കൂടി പോകുന്ന ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യന്‍ ഭരണഘടന അതിനുളള അവകാശം നമുക്ക് നല്‍കിയിട്ടുണ്ട്. നോട്ട് നിരോധനത്തെക്കുറിച്ച് പറയാന്‍ പാടില്ലെന്നുളളത് സംഘപരിവാറിന്റെ പൊതുവെയുളള ഫാഷിസ്റ്റ് നിലപാടാണെന്നും സക്കറിയ വ്യക്തമാക്കുന്നു.സേച്ഛാധിപത്യ സ്വഭാവത്തിന്റെ പ്രകാശനമാണ് ഇതിലൂടെ കാണുന്നത്. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും മുത്തലാഖ് വിഷയത്തിലും എംടി മിണ്ടിയില്ലെന്നത് കൊണ്ട് ഇനി അഭിപ്രായം പറയാന്‍ അനുവദിക്കില്ലെന്ന നിലപാട് ആ പാര്‍ട്ടിയുടെ വികൃതമുഖമാണ് വ്യക്തമാക്കുന്നത്. ഏത് സമയത്ത് മിണ്ടണം, മിണ്ടണ്ട എന്ന് തീരുമാനിക്കാനുളള അവകാശം അദ്ദേഹത്തിനുണ്ട്. അല്ലാതെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പറയുന്നതിനനുസരിച്ച് വാ തുറക്കാന്‍ വിധിക്കപ്പെട്ടവരല്ല ഇവിടത്തെ ജനങ്ങളും സാഹിത്യകാരന്മാരെന്നും സക്കറിയ തന്റെ ലേഖനത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

എംടി ക്കെതിരായ കടന്നാക്രമണം ശരിയായ ഹൈന്ദവതക്കെതിരായ നടപടിയാണെന്ന് എഴുത്തുകാരന്‍ കെപി രാമനുണ്ണി അഭിപ്രായപെട്ടപ്പോള്‍ എഴുത്തുകാരി ഡോ. ഖദീജ മുംതാസ് പറഞ്ഞത് ‘നോട്ട് പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായം പറയാന്‍ സാമ്പത്തിക ശാസ്ത്ര വൈദഗ്ദ്യം ആവശ്യമില്ല. ഫാസിസത്തിന്റെ കടന്നുവരവ് എംടി എഴുപതുകളില്‍ തന്നെ പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ  ‘ഹിരണ്യ കശിപു’വില്‍ അധികാര ഭ്രമം ബാധിച്ചവരെക്കുറിച്ച് പറയുന്നുണ്ട്. ഭയം നാക്കുകളെ ഭരിക്കുന്ന കാലം വരുമെന്നും വാക്കുകള്‍ പുറത്തേക്കു വരാതെ മുറിഞ്ഞില്ലാതാകുമെന്നും അദ്ദേഹം അന്ന് പ്രവചിച്ചു. അതാണ് ഇന്ന് പ്രകടമായിരിക്കുന്നത്‘ – അവര്‍ പറഞ്ഞു.

കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടെയും അവസ്ഥ എംടിക്ക് ഉണ്ടാകില്ലെന്നാണ് മന്ത്രി എകെ ബാലന്‍ പറഞ്ഞത്. എംടിയുടെ ഒരു രോമത്തില്‍ തൊടാന്‍ ബിജെപിക്ക് കഴിയില്ലെന്നും ബാലന്‍ പഞ്ഞു.

അതേ സമയം എം ടി വാസുദേവന്‍ നായര്‍ക്കെതിരേ ബിജെപി നടത്തിയ വിമര്‍ശനത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചു. എം ടിയും ബിജെപിയും അവരവരുടെ നിലപാടാണ് പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.നോട്ട് അസാധുവാക്കലിനെ നടന്‍ മോഹന്‍ലാല്‍ അനുകൂലിച്ചിരുന്നു. മോഹന്‍ലാലിനെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശിച്ചത് ആരും മറക്കേണ്ട. അതുപോലെയാണ് എംടിയുടെ കാര്യവും. സിപിഎം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല, ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുക ശരിയല്ലെന്നും കുമ്മനം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍