UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തം പ്രതിച്ഛായാ നിര്‍മാണത്തില്‍ മോദി പണ്ടേ പ്രസിദ്ധനാണ്; ഇത്തവണ ജനത്തിന്റെ ചിലവിലാണെന്ന് മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നവംബര്‍ 8-ലെ പ്രഖ്യാപനം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഉപയോഗിച്ച് നടത്തുന്ന കണക്കില്‍ പെടാത്ത ഇടപാടുകളുടെയും ഭീകരവാദത്തിനുള്ള ധനസഹായത്തിന്റെയും ദേശീയ സുരക്ഷയുടെയും പ്രശ്നം വീണ്ടും വീര്‍പ്പിച്ചുകാട്ടുന്നു. പാവപ്പെട്ട സാധാരണ ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കും ഈ നീക്കമെങ്കിലും  ഇതില്‍ നിന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാജ്യത്തെ കള്ളപ്പണത്തില്‍ കാര്യമായ ഒരു ആഘാതവും ഉണ്ടാക്കാന്‍ ഈ നീക്കത്തിന് കഴിയില്ലെന്ന് സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും അറിയാമെങ്കിലും ദീര്‍ഘകാല നേട്ടങ്ങള്‍ക്കായി ചെറിയ കാലയളവില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്ന്  സാധാരണക്കാരെ- മധ്യവര്‍ഗക്കാരോട് എന്നു പറയാം- വിശ്വസിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് സര്‍ക്കാര്‍.

പണം പിന്‍വലിക്കലിന് പരമാധി ചെയ്യാന്‍ സാധിക്കുന്നത് ഭാഗികവും താത്ക്കാലികവുമായി കള്ളപ്പണ ഇടപാടുകള്‍ നിര്‍ത്തുക എന്നതാണ്. ഇതിന്റെ പ്രധാന കാരണം കള്ളപ്പണം കാശായി ആളുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുകയല്ല എന്നതാണ്. ധനികര്‍ അവരുടെ വരുമാനത്തിലും അധികമായി ആസ്തികള്‍-അവയില്‍ ഭൂമി, കെട്ടിടങ്ങള്‍, സ്വര്‍ണം, ആഭരണം എന്നിവയെല്ലാം ഉള്‍പ്പെടും- ശേഖരിച്ചുവെച്ചിരിക്കുകയാണ്. കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം വ്യാജ ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തുകയും അവിടെ ചെലവാക്കുകയും ചെയ്യുന്നു. ഇതിലൊരു ഭാഗം നികുതിവെട്ടിപ്പ് താവളങ്ങളായ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ശരിയാണ്, ഉപയോഗത്തിലുള്ള കള്ളപ്പണത്തിന്റെ ഒരു ഭാഗം, രാഷ്ട്രീയക്കാര്‍, കുറ്റവാളികള്‍, തട്ടിപ്പുകാരായ കെട്ടിട നിര്‍മ്മാതാക്കള്‍, ഭൂമി ഇടപാടുകാര്‍ തുടങ്ങിയവര്‍ കാശായിത്തന്നെ ശേഖരിച്ച പണത്തിന്റെ ഒരു ഭാഗം ബാങ്കിംഗ് ധാരയിലേക്കെത്തും. വ്യാജ നോട്ട് വ്യാപാരത്തെയും ഇത് ബാധിക്കും. രാഷ്ട്രീയകക്ഷികള്‍ക്കുള്ള സാധാരണ സംഭാവനയും തെരഞ്ഞെടുകാലത്തെ സംഭാവനയും ആയിവരുന്ന വ്യാപാരികളും രാഷ്ട്രീയക്കാരും തമ്മിലുള്ള അഴിമതി ബന്ധത്തില്‍ പണം പിന്‍വലിക്കലിന് ഒരു സ്വാധീനവും ഉണ്ടാക്കാനാകില്ലെന്ന് പറയുന്നതും ശ്രമകരമായ വാദമാണ്.

പണം പിന്‍വലിക്കല്‍ പദ്ധതിയിലെ കുഴപ്പിക്കുന്ന ഒരു ഭാഗം പിന്‍വലിച്ച 500, 1000 നോട്ടുകള്‍ക്ക് പകരം അതേ മൂല്യമുള്ള നോട്ടുകളല്ല 2000-ത്തിന്റെ നോട്ടാണ് ഇറക്കിയത് എന്നാണ്. ഭീകരവാദമടക്കമുള്ളവയ്ക്ക് പണം കിട്ടുന്നത് അധികവും വലിയ മൂല്യമുള്ള നോട്ടുകളിലൂടെയാണെങ്കില്‍-ലോകത്തെങ്ങും സര്‍ക്കാരുകള്‍ അത്തരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് സര്‍ക്കാരും  ആര്‍ ബി ഐയും സമ്പദ് രംഗത്തേക്ക് കൂടുതല്‍ ഉയര്‍ന്ന മൂല്യമുള്ള ഒരു നോട്ട് ഇറക്കിയത്.

മാത്രവുമല്ല, അടുത്ത ദിവസങ്ങളിലെ വാര്‍ത്തകള്‍ കാണിക്കുന്നത്, പിന്‍വലിച്ച പണത്തിന്റെ നല്ലൊരു ഭാഗം കയ്യില്‍ വെക്കുന്നത് ഒട്ടും ധനികരല്ലാത്ത, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളോ ബാങ്ക് അക്കൌണ്ടുകളോ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആളുകളുടെ പക്കലാണ് എന്നതാണ്. അത്യധ്വാനം കൊണ്ട് കഷ്ടപ്പെട്ട് ആളുകള്‍ സമ്പാദിച്ച, പ്രത്യേകിച്ചും സ്ത്രീകളുടെ, നല്ലൊരു ഭാഗം സമ്പാദ്യം കാശായാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഈ വിഭാഗം ആളുകളാണ് ഏറ്റവും കൂടുതല്‍ ആഘാതം അനുഭവിക്കുന്നത്. നേരിട്ട് കാശ് ഉപയോഗിക്കാത്ത പണരഹിത സമ്പദ് വ്യവസ്ഥ എന്നതിലേക്ക് എത്താന്‍ ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നത് വ്യക്തമാണ്.

പുതിയ നീക്കത്തെ മറികടക്കാന്‍ വഴികള്‍ ഇപ്പോഴേ വന്നു എന്നതിന് തെളിവുകളുണ്ട്. രാജ്യത്തെങ്ങും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടും സ്വര്‍ണ വില കുതിച്ചുയര്‍ന്നിരിക്കുന്നു. താരതമ്യേന ചെലവേറിയ തീവണ്ടി ടിക്കറ്റുകള്‍ ആളുകള്‍ വാങ്ങുന്നു. കാരണം അവ റദ്ദാക്കിയാല്‍ വരുന്ന നഷ്ടം നിസാരമാണ്. റദ്ദാക്കിയ പണം കയ്യിലുള്ളവര്‍ അത് ചെറിയ കമ്മീഷന്‍ നല്കി പാവപ്പെട്ടവര്‍ വഴി മാറ്റിയെടുക്കുന്നു.

1978 ജനുവരിയില്‍ മൊറാര്‍ജീ ദേശായി സര്‍ക്കാര്‍ 1000, 5000, 10000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ എടുത്ത തീരുമാനം വളരെ വിജയകരമായിരുന്നു എന്ന് അന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ പിന്‍വലിച്ച പണത്തിന്റെ മൊത്തം മൂല്യം എത്രയാണെന്ന് വെളിപ്പെടുത്തണമെന്ന് അന്നും ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രധാന വ്യത്യാസം 36 വര്‍ഷം മുമ്പ് ഇത്രയും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ മൊത്തം പണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ വന്നിരുന്നുള്ളൂ. എന്നാലിപ്പോള്‍ 500, 1000 നോട്ടുകള്‍ മൊത്തം പണവിതരണത്തിന്റെ 84 ശതമാനമാണ് എന്നതാണവസ്ഥ.

2014-ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവേലയില്‍ മോദി ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം, തന്റെ സര്‍ക്കാര്‍ വിദേശത്തുനിന്നും കള്ളപ്പണം തിരികെയെത്തിക്കുകയും ഓരോരുത്തരുടെയും അക്കൌണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യുമെന്നാണ്. ബാബ രാംദേവിനെ പോലുള്ള അയാളുടെ അനുയായികള്‍, അധികാരത്തിലെത്തി 100 ദിവസത്തിനുള്ളില്‍ ഇത് ചെയ്യുമെന്നു അവകാശപ്പെട്ടു. തീര്‍ച്ചയായും, ഇതെല്ലാം കടന്ന അവകാശവാദങ്ങളായിരുന്നു.

ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്തെ വെറും വാചകമടിയാണെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് വിഷയത്തെ വീണ്ടും വിവാദമാക്കി. ഇപ്പോള്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ താന്‍ വാഗ്ദാനങ്ങള്‍ നല്കുക മാത്രമല്ല നടപ്പാക്കുക കൂടി ചെയ്യുന്ന ആളാണെന്ന പ്രതിച്ഛായ തന്റെ ഭരണകാലത്തിന്റെ പകുതിയെത്തിയ ഈ സമയത്ത് മോദിക്ക് സൃഷ്ടിക്കേണ്ടതുണ്ട്. തന്റെ പ്രതിച്ഛായ നിര്‍മ്മാണത്തില്‍-അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒരു പ്രതിച്ഛായയാണ് അയാള്‍ എന്നുവരുമ്പോള്‍ പ്രത്യേകിച്ചും- മോദിയുടെ കഴിവുകള്‍ പ്രസിദ്ധമാണ്. ഇത്തവണ, സാധാരണക്കാരന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചെറിയ കാലത്തേക്കാകുമെന്നും താന്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തിലെ നായകനായി വാഴ്ത്തപ്പെടുമെന്നും ഉള്ള ചൂതാട്ടമായിരുന്നു അയാള്‍ നടത്തിയത്. വസ്തുതയാകട്ടെ ഇന്ത്യയിലെ കള്ളപ്പണ വരുമാന സ്രോതസുകളെ പിടിക്കാനുള്ള ഒരു നീക്കവും മോദി സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല എന്നതാണ്. മറ്റ് നയപ്രഖ്യാപനങ്ങള്‍ പോലെ പണം പിന്‍വലിക്കലും കള്ളപ്പണ സമ്പദ് വ്യവസ്ഥക്ക് നേരെയുള്ള ആക്രമണത്തേക്കാളുപരി വെറും അതിനാടകീയത മാത്രമാണ്.

 

(എക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍