UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുട്ടുപൊള്ളും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം

Avatar

ടീം അഴിമുഖം 

ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഒരു മാസം ബഹളം നിറഞ്ഞതാവാനുള്ള എല്ലാ സാധ്യതകളും ഉരുത്തിരിഞ്ഞിട്ടുണ്ട്. ശീതകാലത്തിന്റെ ആദ്യതലോടലില്‍ ദേശീയതലസ്ഥാനം മയങ്ങി നല്‍ക്കെ, പുറത്ത് നടക്കുന്ന പ്രകടനങ്ങളുടെ ഉള്‍ച്ചൂട് പാര്‍ലമെന്റിനകത്തേക്ക് വ്യാപിച്ചേക്കും.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും അത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളുടെയും പേരില്‍ സര്‍ക്കാരിനെതിരെ സംയുക്ത പ്രതിഷേധം ഉയര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി തിങ്കളാഴ്ച വൈകിട്ട് പ്രതിപക്ഷ നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിച്ച വിഷയത്തെ സംബന്ധിച്ച് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് കൂടി ഈ യോഗം കാരണമായി എന്നു മാത്രമല്ല, ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു തരത്തില്‍ സര്‍ക്കാരിനെ സഹായിക്കാനും സാധ്യതയുണ്ട്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വെട്ടിലാക്കുക വഴി പാര്‍ലമെന്റ് നടപടികള്‍ ക്രമപ്രകാരം നടത്താന്‍ പ്രതിപക്ഷം അനുവദിക്കില്ല എന്ന കാര്യം വ്യക്തമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ്, ജെഡി (യു), തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഎംഎം, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍, ബിഎസ്പിയും, ഡിഎംകെയുമായും കഴിയുമെങ്കില്‍ എസ്പിയുമായും ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. 

നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അതിന് മതിയായ പിന്തുണ ലഭിച്ചിട്ടില്ല. തീരുമാനം പിന്‍വലിക്കണമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍, അതിനോട് അനുകൂലമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസും മറ്റ് കക്ഷികളും തയ്യാറാവുന്നില്ല.  

കോണ്‍ഗ്രസ് മുന്നോട്ട് വച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം എന്ന ആശയത്തോട് മറ്റ് നേതാക്കളാരും യോജിച്ചില്ലെങ്കിലും, സമ്മേളനം തുടങ്ങുമ്പോള്‍ വിഷയം ഉന്നയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും- പാര്‍ട്ടിയുടെ കണക്ക് പ്രകാരം 5.88 ലക്ഷം കോടി രൂപ- അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ‘അപൂര്‍വം ചിലര്‍ക്ക്’ നോട്ട് അസാധുവാക്കലിനെ കുറിച്ച് മുമ്പേ അറിവ് ലഭിച്ചിരുന്നതായും പാര്‍ട്ടി ആരോപിക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ വച്ച്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തെ ആദ്യം തള്ളക്കളഞ്ഞത് ജെഡി (യു) നേതാവ് ശരദ് യാദവാണ്. രാഷ്ട്രപതിഭവനിലേക്കുള്ള മാര്‍ച്ച് സംഘടിപ്പിക്കുന്നതിന് മുമ്പ് പ്രതിപക്ഷങ്ങള്‍ പാര്‍ലമെന്റിലെ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞതായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബംഗാളിലെ വര്‍ഗശത്രു ത്രിണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രതിഷേധം നടത്തുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ മൗനം പാലിച്ചതായാണ് വിവരം. നോട്ട് പിന്‍വലിച്ച നടപടിയെ അനുകൂലിക്കുന്നതായൂം എന്നാല്‍ നടപ്പിലാക്കിയ രീതിയെ ആണ് എതിര്‍ക്കുന്നതെന്നും സി പി എം വ്യക്തമാക്കി. 

നവംബര്‍ 16ന് രാഷ്ട്രപതിയെ കാണാന്‍ തങ്ങള്‍ക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ നേതാക്കളായ സുധീപ് ബന്ദോപാധ്യായയും ഡെറിക് ഒ’ബ്രയാനും യോഗത്തില്‍ വെളിപ്പെടുത്തി. ആര്‍ക്കുവേണ്ടിയാണ് കൂടിക്കാഴ്ച നിശ്ചയിച്ചതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അംഗവുമായ ഗുലാം നബി ആസാദ് ചോദിച്ചതായാണ് വിവരം. എല്ലാ പ്രതിപക്ഷങ്ങള്‍ക്കും വേണ്ടി എന്ന് തൃണമൂല്‍ നേതാക്കള്‍ മറുപടി പറഞ്ഞപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി കൂടിക്കാഴ്ച നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അനുമതി നല്‍കിയതെന്ന് ആസാദ് തിരിച്ചു ചോദിച്ചു. എന്നാല്‍ ‘ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു,’ എന്നാണ് യോഗശേഷം ആസാദ് പറഞ്ഞത്.

രാഷ്ട്രപതി ഭവനിലേക്കുള്ള തൃണമൂലിന്റെ മാര്‍ച്ചില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അസാദ് ഇങ്ങനെ മറുപടി നല്‍കി: ‘ആര് ആരുടെ കൂടെ പോകുന്നു എന്നതോ ആരാണ് നയിക്കാന്‍ പോകുന്നു എന്നതോ അല്ല ചോദ്യം. എപ്പോള്‍ പോകണം, ഏത് തിയതിയിലാണ് പോകേണ്ടത്, പാര്‍ലമെന്റ് സെഷന്‍ അവസാനിക്കുമ്പോഴോ അല്ലെങ്കില്‍ പകുതിയില്‍ വച്ചാണോ പോകേണ്ടത് എന്നതാണ് ചോദ്യം.’

നോട്ട് അസാധുവാക്കല്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വ്യത്യസ്ത പ്രസ്താവനകളുമായി രംഗത്തെത്തിയെങ്കിലും ‘ഇപ്പോള്‍’ അവര്‍ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നലെ പലര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപി, ഡിഎംകെ, എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളും ഇതില്‍ പെടും.

‘ഒരു പൊതുധാരണയില്‍ എത്താന്‍ സാധിച്ച പ്രാഥമിക യോഗം മാത്രമായിരുന്നു ഇത്,’ എന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു.

രണ്ട് പ്രധാന വാദങ്ങള്‍ തനിക്ക് പറയാനുണ്ടെന്ന് അടിവരയിട്ടുകൊണ്ട് അസാദ് മാധ്യമങ്ങളോട് ‘ഞങ്ങളെല്ലാം കള്ളപ്പണത്തിനെതിരാണ്’ പറഞ്ഞു. ‘അവസാന ദിവസത്തിന് മുമ്പ് വിവരം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ട്,’ സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിമര്‍ശനം. ‘രാജ്യം വഞ്ചിക്കപ്പെട്ടിരിക്കുന്നു….മുമ്പൊരിക്കലും ഇങ്ങനെ സംഭിച്ചിട്ടില്ല.’ രണ്ടാമതായി, ‘നോട്ടുകള്‍ ഇല്ലാത്തത് മൂലവും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിനാലും’ ‘ശതകോടി ജനങ്ങള്‍’ നിരവധി പ്രതിസന്ധികള്‍ക്ക് വിധേയരാകേണ്ടി വന്നു എന്നും അദ്ദേഹം ആരോപിച്ചു.

അസാധുവാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഉപയോഗിച്ച്, പൊതുഉപയുക്തതകളുടെ ബില്ലുകള്‍ അടയ്ക്കാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും ഡിസംബര്‍ 31വരെ തങ്ങളുടെ ‘വെള്ളപ്പണം’ ചിലവഴിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നാണ് തന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്ന് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

‘വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും അവിടെ നിന്ന് അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും,’ എന്ന് പറഞ്ഞ യെച്ചൂരി, ‘ആദ്യം സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കാണാം,’ എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നതിന് മുമ്പുള്ള ‘പടിപടിയായ സമീപന’ ത്തിലാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടുകള്‍ അസാധുവാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ രോഷം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍, കുറഞ്ഞപക്ഷം ആറ് പാര്‍ലമെന്റ് വളയല്‍ ഉള്‍പ്പെടയുള്ള പ്രതിഷേധങ്ങള്‍ക്ക് ശീതകാല സമ്മേളനത്തില്‍ മറ്റ് സംഘടനകള്‍ പരിപാടിയിട്ടുണ്ട്.

ബുധനാഴ്ച ആരംഭിക്കുന്ന ഒരു മാസം നീളുന്ന സമ്മേളനത്തിനിടെ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള 30 പ്രതിഷേധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹി പോലീസ് ലോക്‌സഭ, രാജ്യസഭ സെക്രട്ടേറിയേറ്റുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

മുത്തലാക്ക്, ജെഎന്‍യു വിദ്യാര്‍ത്ഥിയെ കാണാതായ വിഷയം, കരിമ്പ് കര്‍ഷകര്‍ക്ക് താങ്ങുവില വിതരണം ചെയ്യാതിരിക്കുന്നത്, സ്വകാര്യമേഖലയിലെ സംവരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടുകളില്‍ നിരാശരായ നിരവധി സന്നദ്ധ സംഘനകള്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ പരിപാടിയിടുന്നുണ്ട്.

ശീതകാല സമ്മേളന സമയത്തെ സംഘര്‍ഷ സാധ്യതകളെ കുറിച്ചുള്ള ഡല്‍ഹി പോലീസിന്റെ വിലയിരുത്തലില്‍, ജെഎന്‍യുവില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ പേരിലുള്ള പ്രതിഷേധമാകും ഏറ്റവും പ്രധാനമായി വരിക എന്നാണ് പറയുന്നത്.

കൂടാതെ, മുസ്ലീം അല്‍മയുടെ ഭാഗമായ അഖിലേന്ത്യ താന്‍ജീം ഉല്‍മ-ഇ-ഇസ്ലാം, മുത്തലാക്കിന്റെ പേരില്‍ നവംബര്‍ 18ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ പരിപാടിയിട്ടുണ്ട്. പശുവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംഘടനകള്‍ ജന്തര്‍ മന്ദറില്‍ ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം പാര്‍ലമന്റ് സമ്മേളനം നടക്കുന്ന സമയത്തും തുടരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍