UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറന്‍സി പിന്‍വലിക്കല്‍: പ്രതിപക്ഷത്തിരുന്നപ്പോള്‍ ബിജെപി പറഞ്ഞത് കേള്‍ക്കൂ

അഴിമുഖം പ്രതിനിധി

 

500, 100 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ ‘കരിഞ്ചന്തക്കാര്‍ക്കും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കും ഓശാന പാടുക‘യാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. മധ്യവര്‍ഗക്കാര്‍, പാവപ്പെട്ടവര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരെ ഇത് ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 

അതേസമയം, അങ്ങനെയല്ല കാര്യങ്ങളെന്നാണ് കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്. കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുമ്പോഴും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലുള്ള നീണ്ട ക്യൂവും ആശുപത്രി ബില്ലുകള്‍ അടക്കമുള്ള അവശ്യകാര്യങ്ങള്‍ക്കു പോലും പണമില്ലാതെ ജനം വലയുന്നതും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞതുപോലെ അത്ര എളുപ്പത്തില്‍ ജനം ഇത് സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്.

 

എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്റെ ശിപാര്‍ശയനുസരിച്ച് 2005-നു മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചപ്പോള്‍ ബി.ജെ.പി പ്രതികരിച്ചത് എങ്ങനെയായിരുന്നു എന്നറിയേണ്ടേ? അത് പ്രധാനമന്ത്രി ഒരു ദിവസം രാത്രി വന്ന് നിങ്ങളുടെ കൈയിലുള്ള നോട്ടുകള്‍ക്കൊന്നും ഇനി മുതല്‍ വിലയില്ല. നാളെ ബാങ്കുകള്‍ തുറക്കില്ല. രണ്ടു ദിവസം എ.ടി.എമ്മുകളും പ്രവര്‍ത്തിക്കില്ല. എല്ലാം കള്ളപ്പണം നേരിടാനാണ് എന്നു പ്രഖ്യാപിക്കുകയായിരുന്നില്ല. അന്നത്തെ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന കാര്യത്തില്‍ കര്‍ശന നിലപാടുള്ള ആളായിരുന്നു. അതുകൊണ്ടു തന്നെ നോട്ടുകള്‍ക്ക് വിലയില്ല എന്നു പ്രഖ്യാപിക്കുകയല്ല ആര്‍ബിഐ ചെയ്തത്. മതിയായ സുരക്ഷാ കാര്യങ്ങള്‍ ഇല്ലാത്ത 2005-നു മുമ്പ് പ്രിന്റ് ചെയ്ത നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്നതായിരുന്നു അന്നത്തെ നടപടി.

 

ബി.ജെ.പിക്ക് അത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാരിന്റെ നടപടി കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയെ സഹായിക്കില്ലെന്നും സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമെന്നുമായിരുന്നു അന്നത്തെ ബി.ജെ.പി വക്താവും ഇന്നത്തെ ലോക്‌സഭാ എം.പിയുമായ മീനാക്ഷി ലേഖി അന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു പറഞ്ഞത്.

 

 

മീനാക്ഷി ലേഖിയുടെ പത്രസമ്മേളനം 

 

മീനാക്ഷി ലേഖിയുടെ വാക്കുകളിലേക്ക്: “2005-നു മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഒരു പുതിയ നയം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം എന്ന വലിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണിത്. ഈ രാജ്യത്തെ 65 ശതമാനം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ല. അവര്‍ അവരുടെ സമ്പാദ്യങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുന്നത് ചെറിയ തുകകളായി വീടുകളിലാണ്. അവരില്‍ പലരും വിദ്യാസമ്പന്നരല്ല, അവര്‍ പലരും ജീവിക്കുന്നതിന്റെ അടുത്തെങ്ങും ബാങ്കുകളുടെ ബ്രാഞ്ചുകളില്ല. സര്‍ക്കാര്‍ നടപടി ബാധിക്കാന്‍ പോകുന്നത് അവരുടെ ജീവിതത്തെയാണ്. അല്ലാതെ കള്ളപ്പണത്തെ അല്ല”.

 

വീണ്ടും ലേഖിയുടെ വാക്കുകളിലേക്ക്: “നഗരങ്ങളില്‍ താമസിക്കുന്ന കള്ളപ്പണക്കാര്‍ പഴയ നോട്ടുകള്‍ പുതിയതുമായി മാറ്റിയെടുക്കും. എന്നാല്‍ ഗോതമ്പു പാത്രത്തിലും പരിപ്പുകലത്തിലും അരിക്കലത്തിലുമൊക്കെ തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ചു വയ്ക്കുന്ന പാവപ്പെട്ടവര്‍, സാധാരണക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, അവരെയായിരിക്കും ഈ തീരുമാനം ബാധിക്കാന്‍ പോകുന്നത്. അമേരിക്കന്‍ ഡോളറിലും മറ്റ് വിദേശ കറന്‍സികളിലുമായി പണം സൂക്ഷിച്ചു വച്ചിരിക്കുന്നവരെ ഇത് ബാധിക്കില്ല. എന്നാല്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഈ പണം സൂക്ഷിച്ചു വച്ചിരിക്കുന്നവരെ നടപടി മോശമായി ബാധിക്കും” എന്നും ലേഖി പറഞ്ഞു. കൂടാതെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് എകണോമിക് ടൈംസില്‍ അവര്‍ ഒരു ലേഖനവും എഴുതിയിരുന്നു.

 

വീണ്ടും ലേഖി: “എത്ര കറന്‍സി നോട്ടുകളെയാണ് സര്‍ക്കാര്‍ തീരുമാനം ബാധിക്കുക എന്ന കാര്യത്തില്‍ ആര്‍ബിഐ ഒരു കുറിപ്പ് പുറത്തിറക്കണം. അതില്‍ എത്ര പണമാണ് ഗ്രാമപ്രദേശങ്ങളിലുള്ളത്, പുതിയ തീരുമാനം എങ്ങനെയാണ് പാവപ്പെട്ടവരെ ബാധക്കുക എന്ന കാര്യം അറിയേണ്ടതുണ്ട്. ഇത് പാവപ്പെട്ട ജനങ്ങള്‍ക്ക് നേര്‍ക്കുള്ള നീതീകരിക്കാന്‍ കഴിയാത്ത ആക്രമണമായിപ്പോയി. ഈ നടപടിയുടെ പ്രത്യാഘാതത്തെക്കുറിച്ച് ആര്‍ബിഐ പക്ഷപാതരഹിതമായ അന്വേഷണം നടത്തണ“മെന്നും ലേഖി ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള പാവപ്പെട്ടവര്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇടനിലക്കാര്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയതാക്കിക്കൊടുക്കാം എന്നു പറഞ്ഞ് ഇവരെ കബളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. ലേഖിയുടെ ആരോപണം രണ്ടു വര്‍ഷത്തിന് ശേഷം ശരിയായി എന്നതാണ് രണ്ടു ദിവസമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. 

 

തീര്‍ച്ചയായും ലേഖി അന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ നടപ്പാക്കിയത് സ്വന്തം സര്‍ക്കാരാണ് എന്നു മാത്രം. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കള്ളപ്പണം സംബന്ധിച്ച് ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിന് രുപം നല്‍കുക, കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുക തുടങ്ങിയവ. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് 80 ശതമാനം കറന്‍സി നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നതിന് മുമ്പുള്ള യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ കാണുന്ന നീണ്ട ക്യൂകളും നിത്യചെലവിന് പോലും വഴിയില്ലാതെ ജനം കഷ്ടപ്പെടുന്നതും. അതേറ്റവും അധികം ബാധിച്ചിരിക്കുന്നത് പാവപ്പെട്ടവരേയും ഗ്രാമീണ മേഖലയിലുള്ളവരേയുമാണ്. മീനാക്ഷി ലേഖി രണ്ടു വര്‍ഷം മുമ്പു പറഞ്ഞ അതേ വിഭാഗം തന്നെ. ഇതിന്റെ മറ്റൊരു അനന്തരഫലം മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മാന്ദ്യമായിരിക്കും ഇനി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്നത് എന്നതാണ്.

 

 അവലംബം: Scroll.in

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍