UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊഴിലുമില്ല, പണവുമില്ല: ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നു

Avatar

കെ ആര്‍ ധന്യ

കള്ളപ്പണക്കാരെ ചെറുക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ വന്ന ശേഷം സമസ്ത മേഖലയിലും നേരിടുന്നത് കടുത്ത പ്രതിസന്ധികള്‍. അന്യ സംസ്ഥാനക്കാരുള്‍പ്പെടെ ജീവനോപാധി കണ്ടെത്തിയിരുന്ന കേരളത്തിന്റെ നിര്‍മാണ മേഖലയും പരമ്പരാഗത വ്യവസായവും ഒരുപോലെ സ്തംഭനാവസ്ഥയിലായതോടെ ഭൂരിപക്ഷം മലയാളികളും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനാവാതെ പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ കേരളത്തില്‍ നിന്ന് മടങ്ങിയത്. കേരളത്തില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് ചേക്കേറുന്ന ഇക്കൂട്ടരുടെ എണ്ണം ദിനംപ്രതി ഏറുകയണ്.

രണ്ട് ദിവസത്തിനിടെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് മാത്രം പതിനായിരത്തിനടുത്ത് തൊഴിലാളികള്‍ നാടുവിട്ടതായാണ് വിവരം. നോട്ട് അസാധുവാക്കലും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്ന് പോവാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലെടുക്കുന്നത് 75 ശതമാനവും ഇതരസംസ്ഥാനക്കാരാണ്. കുറഞ്ഞ കൂലിയും കൂടുതല്‍ ജോലിയും എന്നതായിരുന്നു ഇതര സംസ്ഥാനക്കാരെ ജോലിയെടുപ്പിക്കുന്നതില്‍ കരാറുകാര്‍ കണ്ടിരുന്ന മെച്ചം. എന്നാല്‍ നവംബര്‍ എട്ടിന് ശേഷം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി ചുരുക്കിയതോടെ ഇവര്‍ക്ക് ദിവസക്കൂലി പോലും നല്‍കാനായിരുന്നില്ല. ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. അതോടെ തൊഴിലാളികള്‍ക്ക് തൊഴിലുമില്ലാതായി. കയ്യിലുണ്ടായിരുന്ന പണം ചെലവഴിച്ചാണ് രണ്ടാഴ്ചയോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പിടിച്ചു നിന്നത്. തൊഴിലും പണവുമില്ലാതെ പട്ടിണിയാവുമെന്ന അവസ്ഥയെത്തിയതോടെയാണ് ഇവര്‍ കൂട്ടത്തോടെ നാടുവിടുന്നതെ ലേബര്‍ ഓഫീസര്‍മാര്‍ പറയുന്നു.

“ഇതരസംസ്ഥാന തൊഴിലാളികള്‍ പണം കൂട്ടി വയ്ക്കുന്ന പതിവില്ല. അടച്ചുറപ്പില്ലാത്ത വീടുകളിലും മറ്റും കൂട്ടമായി താമസിക്കുന്ന ഇവര്‍ മോഷണം ഭയന്ന് ആഴ്ചതോറും കിട്ടുന്ന പണം സി.ഡി.എം. വഴി നാട്ടിലേക്ക് അയക്കും. ചെലവിനുള്ളത് മാത്രം ബാക്കി വയ്ക്കും. കയ്യിലുണ്ടായിരുന്ന അസാധു നോട്ടുകള്‍ മാറ്റുന്നതിനും ഇവര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടായി. പലര്‍ക്കും തിരിച്ചറിയല്‍ രേഖകളില്ലാതിരുന്നതിനാല്‍ ബാങ്കുകളില്‍ നിന്ന് നോട്ട് മാറ്റി നല്‍കിയില്ല. ഇതര സംസ്ഥാന തൊഴിലാളികളെ സംശയക്കണ്ണോടെ കാണുന്ന മലയാളികള്‍ ഇവരെ സഹായിക്കാനും തയ്യാറായില്ല.’ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ മൈത്രിയുടെ പ്രസിഡന്റ് ആന്‍ മേരി അഗസ്റ്റിന്‍ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം പെരുമ്പാവൂരിലാണ്. ഇവിടെ ഇഷ്ടിക നിര്‍മ്മാണ ഫാക്ടറിയിലും, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മാണ ശാലയിലുമെല്ലാം ജോലിയെടുക്കുന്നതില്‍ 90 ശതമാനത്തിലേറെയും പേര്‍ ഇതര സംസ്ഥാനക്കാരാണ്. ഇവര്‍ കൂട്ടത്തോടെ നാടുവിട്ടതോടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവക്കേണ്ട അവസ്ഥയിലാണെന്ന് പെരുമ്പാവൂരിലെ ഒരു പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മാണ ശാലയുടെ മാനേജരായ അജയന്‍ പറയുന്നു. കേരളത്തില്‍ നിന്ന് പോവുന്ന ഇതര സംസ്ഥാനക്കാരേറെയും ബാംഗ്ലൂര്‍, പാറ്റ്‌ന, ലക്‌നൗ എന്നിവിടങ്ങളിലേക്കാണ് പോവുന്നതെന്ന് റെയില്‍വേ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ തൊഴിലിനായെത്തുന്നത് കൂടുതലും ആസാം, ബംഗാള്‍ സ്വദേശികളാണ്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ അമ്പത് ശതമാനത്തോളം കുറവ് ഉണ്ടായതായാണ് ധനമന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തുന്നത്. ഇതില്‍ നികുതിയിനത്തിലുള്ള വരുമാനത്തില്‍ മുപ്പത് ശതമാനത്തിലേറെ കുറവാണ് നവംബര്‍ മാസം രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ സര്‍ക്കാരിന്റെ വരുമാനത്തിന് പ്രധാനമായും തിരിച്ചടി നേരിട്ടത് വിദേശ മദ്യവില്‍പ്പനയിലുണ്ടായ വന്‍കുറവാണ്. വില്‍പ്പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. മിക്കയിടങ്ങളിലും 25ശതമാനം മുതല്‍ 30 ശതമാനത്തിനടുത്ത് വരെ വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്.

ഒരു മാസം 220-235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് പല ഡിവിഷനുകളിലും 180-185 പെര്‍മിറ്റുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒരു പെര്‍മിറ്റില്‍ പരമാവധി 720 കേസ് മദ്യമുണ്ടാകും. ഒരു ദിവസത്തെ മദ്യവില്‍പ്പനയില്‍ നിന്ന് 24-25 കോടി രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് അത് 8-9 കോടി രൂപയായി ചുരുങ്ങി. ഒക്ടോബര്‍ മാസത്തില്‍ 1036.59 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കെ.എസ്.ബി.സി. ഔട്ട്‌ലറ്റ് വഴി 854.57 കോടി രൂപയുടെയും, വെയര്‍ ഹൗസ്, ബാറുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകള്‍ എന്നിവയിലൂടെ 382.02 കോടി രൂപയുടെ കച്ചവടവുമാണ് നടന്നത്. എന്നാല്‍ നവംബര്‍ എട്ട് മുതല്‍ 29 വരെയുള്ള കണക്കുകളെടുക്കുമ്പോള്‍ ഇവയില്‍ വന്‍ കുറവ് സംഭവിച്ചിട്ടുള്ളതായാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

ദിവസം 10 ലോഡ് വരെ എടുക്കുന്ന ട്രാന്‍സ്‌പോട്ടിങ് കമ്പനികള്‍ രണ്ട് ലോഡുകള്‍ മാത്രമാണ് പലപ്പോഴും എടുത്തത്. ലോഡുമായി വരുന്ന ഡ്രൈവര്‍മാര്‍ ഒരു ലോഡിന് 3600 രൂപ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച്, അതിന്റെ രസീതുമായി വന്നാല്‍ മാത്രമേ ലോഡിറക്കാനുള്ള അനുമതി നല്‍കുകയുള്ളൂ. ഒരു ദിവസം രണ്ടായിരം രൂപ മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ക്ഷേമനിധിയിലേക്ക് നിക്ഷേപിക്കാന്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ക്ക് കഴിയുന്നില്ല. തൊഴിലില്ലാതായതോടെ ലോഡിങ് തൊഴിലാളികളും, ലേബല്‍ ഒട്ടിക്കുന്ന രണ്ടായിരത്തോളം സ്ത്രീകളും പണമില്ലാതെ വിഷമിച്ചു.

വിദേഷ മദ്യവില്‍പ്പന ശാലകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതും കച്ചവടം കുറയാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് 10-15 ശതമാനത്തോളം വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായും പറയപ്പെടുന്നു. മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടുത്ത മാസം ശമ്പളം നല്‍കുന്നതിനായി ആര്‍.ബി.ഐ. യോട് ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ധനമന്ത്രി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍