UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവകാശവാദങ്ങള്‍ പൊളിഞ്ഞു; തിരിച്ചടിച്ച് നോട്ട് നിരോധനം; സാമ്പത്തിക മേഖല തകര്‍ച്ചയിലേക്ക്; കേരളത്തിന്‌റെ നഷ്ടം ഇതുവരെ 838 കോടി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ഇന്ന് ഒരു മാസം തികയുന്നു. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതായുള്ള അറിയിപ്പ് നവംബര്‍ എട്ടിന് രാത്രിയില്‍ അപ്രതീക്ഷിതമായാണ് വന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനജീവിതം വലിയ പ്രതിസന്ധിയിലേക്കും ദുരിതങ്ങളിലേക്കുമാണ് നീങ്ങിയത്. നിലവിലെ പ്രതിസന്ധി, രാജ്യത്തിന്‌റെ സാമ്പത്തിക വളര്‍ച്ച വലിയ തോതില്‍ കുറയ്ക്കാനിടയാക്കുമെന്ന്‍ റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അതോടൊപ്പം തിരികെയെത്താത്ത പണത്തിന് തുല്യമായ തുക റിസര്‍വ് ബാങ്ക് ഡിവിഡണ്ടായി കേന്ദ്രത്തിന് നല്‍കുമെന്നും ഇത് വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാരിന് ഉപയോഗിക്കാന്‍ കഴിയുമെന്ന അവകാശവാദവും പൊളിഞ്ഞു.

ഈ പ്രതിസന്ധി എത്രകാലം നീളുമെന്ന് സര്‍ക്കാരിനോ റിസര്‍വ് ബാങ്കിനോ ഇപ്പോഴും പറയാന്‍ കഴിയുന്നില്ല. അസാധുവാക്കിയ കറന്‍സി നോട്ടുകളുടെ മൂല്യത്തിന് തുല്യമായ നോട്ടുകള്‍ അടിക്കാന്‍ സമയമെടുക്കുമെന്ന് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും സമ്മതിക്കുന്നു. അസാധുവാക്കിയ 14.73 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 11.55 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇതിനകം ബാങ്കുകളില്‍ എത്തിയെന്നാണ് റിസര്‍ ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഇനി 23 ദിവസം കൂടി ബാക്കി നില്‍ക്കെ അസാധുവാക്കിയ 14.73 ലക്ഷം കോടിയിലുമധികം നോട്ടുകള്‍ ബാങ്കുകളില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ നോട്ട് അസാധുവാക്കിയത് കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ പോരാട്ടമാണെന്ന സര്‍ക്കാര്‍ അവകാശവാദമാണ് പൊളിയുന്നത്. ഇത് രാഷ്ട്രീയമായി ബിജെപിക്കും സാമ്പത്തികമായി രാജ്യത്തിനും വലിയ തിരിച്ചടികള്‍ ഉണ്ടാക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കൂടുന്നതോടെ പണപ്പെരുപ്പ നിരക്കിലും വര്‍ദ്ധനവുണ്ടാകും. ഇത് ആവശ്യ സാധനങ്ങളുടെ അടക്കം വിലവര്‍ധനയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. 

 

നോട്ട് പിന്‍വലിയ്ക്കലിന് ശേഷം നാലു ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സി മാത്രമാണ് റിസര്‍വ് ബാങ്കിന് ഇതുവരെ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ നാല് പ്രസുകളിലായി ദിവസം പ്രിന്‍റ്   ചെയ്യാവുന്ന കറന്‍സി 2700 കോടി രൂപ മാത്രമാണ്. നവംബര്‍ എട്ടിന്റെ പ്രഖ്യാപനത്തിന് ശേഷം ഇത് 4000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. മുഴുവന്‍ സമയവും ഈ പ്രിന്‍റിംഗ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഒരു ദിവസം മൂന്നു മണിക്കൂര്‍ പ്രസുകള്‍ നിര്‍ത്തിയിടേണ്ടതുണ്ട്. അതായത് 14.73 ലക്ഷം കോടി രൂപ പിന്‍വലിച്ചതിന് ശേഷം 27 ദിവസമാകുമ്പോള്‍ പകരമായി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത് നാല് കോടി രൂപ മാത്രമാണ്. ഇത് സാധാരണ നിലയിലാകാന്‍ കുറഞ്ഞത് 3-4 മാസമെങ്കിലും വേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍  കണക്കു കൂട്ടുന്നു. ഇത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും സാമ്പത്തിക മേഖലയില്‍ വന്‍ തിരിച്ചടികള്‍ ഉണ്ടാക്കുകയും ചെയ്യും. 

 

2016 – 17 സാമ്പത്തിക വര്‍ഷം ജിഡിപി 7.6 ശതമാനത്തില്‍നിന്ന് 7.1 ശതമാനമാകുമെന്നും ഇന്നലെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഇതിലും താഴേക്കു പോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2017-18 വര്‍ഷം ജിഡിപി 5.8 ശതമാനമായി താഴുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആംബിറ്റ് ക്യാപിറ്റലിന്റെ വിലയിരുത്തല്‍. ഇത് രാജ്യത്തിന്റെ സമസ്ത മേഖലകളെയും ഗുരുതരമായി ബാധിക്കും. 

 

 

അസാധുവാക്കിയ 14.73 ലക്ഷം കോടി നോട്ടുകളില്‍ 25 ദിവസമാകുമ്പോള്‍ തന്നെ 11.55 കോടി തിരികെയെത്തിയതോടെ കള്ളപ്പണവും കള്ള നോട്ടുകളും ബാങ്കിലെത്താതെ നശിപ്പിക്കപ്പെടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയാണ് തെറ്റുന്നത്. മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് നിരോധിക്കപ്പെട്ട 500, 1000 നോട്ടുകള്‍. നോട്ട് അസാധുവാക്കുമ്പോള്‍ ഒമ്പത് ലക്ഷത്തോളം കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടായിരുന്നെന്നായിരുന്നുവെന്നും ബാക്കി ബാങ്കുകളിലാണ് എന്നുമായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഇതില്‍ മൂന്നുലക്ഷം കോടി രൂപയോളം തിരികെയെത്തില്ലെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ഈ പണം കള്ളപ്പണമായി കണക്കാക്കി ഇതിന് തുല്യമായ തുക ഡിവിഡന്‍റായി സര്‍ക്കാരിന് കൈമാറുമെന്നും അതുപയോഗിച്ച് സര്‍ക്കാരിന് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുതല്‍ മുടക്കാന്‍ കഴിയുമെന്നുമായിരുന്നു നോട്ട് നിരോധന പദ്ധതിയെ അനുകൂലിച്ചവരുടെ അവകാശവാദങ്ങള്‍. അല്ലെങ്കില്‍ ഇത് റിസര്‍വ് ബാങ്ക് ശേഖരത്തിലേക്ക് ചേര്‍ത്ത് ലാഭവിഹിതമായി കാണിക്കാമെന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍ നിയമപരമായി തന്നെ ഇത് തെറ്റാണെന്ന്‍ ഊര്‍ജിത് പട്ടേല്‍ തന്നെ ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പണത്തിന് തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ലീഗല്‍ ടെന്‍ഡര്‍ ഇല്ലാതാക്കിയതുകൊണ്ട് അതില്‍ മാറ്റമില്ലെന്നും അതുകൊണ്ട് ഡിവിഡന്‍റായി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉദിക്കുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.  

 

അതിനൊപ്പം ബാങ്കുകളിലെ നിക്ഷേപ നിരക്ക് കൂടിയതുകൊണ്ട് പലിശ നിരക്കില്‍ ഇളവ് വരുമെന്നും ഇത് പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുമെന്നും അവകാശവാദമുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വായ്പാ നിരക്കില്‍ യാതൊരു മാറ്റവും വരുത്തേണ്ടെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ പ്രഖ്യാപിച്ച അവകാശവാദങ്ങളെല്ലാം തെറ്റായിരുന്നു എന്നു മാത്രമല്ല, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വലിയൊരു തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ മാത്രമേ ഇത് കാരണമായുള്ളൂ എന്നുമാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം ജനജീവിതം പരമാവധി ദുരിതപൂര്‍ണമാക്കുകയും ചെയ്തു. പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പാര്‍ലമെന്റില്‍ നോട്ട് നിരോധനം സംബന്ധിച്ച് മറുപടി പറയാന്‍ പ്രധാനമന്ത്രി മോദി തയാറായില്ല എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. 

 

കേരളത്തിന് നോട്ട് പിന്‍വലിയ്ക്കല്‍ നടപടി ഉണ്ടാക്കിയ വരുമാന നഷ്ടം 838 കോടി രൂപ വരുമെന്ന്‍ വാണിജ്യനികുതി വിഭാഗം പുറത്തുവിട്ട നികുതി ചോര്‍ച്ച സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നികുതി വളര്‍ച്ച നാലു ശതമാനമാണ് കുറഞ്ഞത്. ഒക്ടോബറില്‍ 3028 കോടിരൂപയായിരുന്നു വാണിജ്യനികുതിയില്‍നിന്നുള്ള വരുമാനമെങ്കില്‍ നവംബറില്‍ അത് 2746 കോടിയായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ വരുമാന നഷ്ടം ഉണ്ടായത് ലോട്ടറി വകുപ്പിനാണ്, 363 കോടി രൂപ. വാണിജ്യ നികുതി വിഭാഗത്തിന്റെ വരുമാനത്തില്‍ 282 കോടിയുടെ കുറവുണ്ടായി. റജിസ്‌ട്രേഷന്‍ വകുപ്പിന് 99 കോടിയും മോട്ടോര്‍ വാഹന വകുപ്പിന് 94 കോടിയും നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പില്‍ മാത്രമാണ് നേരിയ വരുമാന വര്‍ധനവ്. നോട്ട് നിരോധനം പ്രഖ്യാപിക്കും വരെ നികുതി വരുമാനത്തില്‍ 18 മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് ശേഷം സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുണ്ടായ വരുമാന നഷ്ടവും വളര്‍ച്ചാ നിരക്കിലെ ഇടിവും ഇങ്ങനെ:

 

വാണിജ്യ നികുതി വരുമാനം 
ഒക്ടോബറില്‍ 3028.5 കോടിയായിരുന്നത് നവംബറില്‍ 2746.5 കോടിയായി കുറഞ്ഞു.  നികുതി പിരിവിലെ വളര്‍ച്ച 17 ശതമാനത്തില്‍നിന്ന് 13.20 ശതമാനമായി കുറഞ്ഞു.

ലോട്ടറി വകുപ്പ്
വരുമാനം – ഒക്ടോബറില്‍ 735.33 കോടി വരുമാനമുണ്ടായിരുന്നെങ്കില്‍ നവംബറിലിത് 372.7 കോടിയായി കുറഞ്ഞു.   

എക്‌സൈസ് വകുപ്പ്
വരുമാനം – ഒക്‌ടോബറിലെ വരുമാനം 157.77 കോടിയായിരുന്നെങ്കില്‍ നവംബറില്‍ അത് 158.77 കോടിയായി ഉയര്‍ന്നു. നികുതി വളര്‍ച്ച 2.18 ശതമാനത്തില്‍നിന്ന് 2.71 ശതമാനമായി. 

രജിസ്‌ട്രേഷന്‍ വകുപ്പ്
ഒക്ടോബറിലെ വരുമാനമായ 250 കോടിയില്‍നിന്ന് 151.44 കോടിയായി നവംബറില്‍ താഴ്ന്നു. നികുതി വളര്‍ച്ച 18.92 ശതമാനത്തില്‍നിന്ന് 17.51 ശതമാനമായി കുറഞ്ഞു. 

മോട്ടോര്‍വാഹന വകുപ്പ്
277.53 കോടിയില്‍നിന്ന് 183.03 കോടിയിലേക്ക് ഒറ്റ മാസം കൊണ്ട് വരുമാനം ഇടിഞ്ഞു. വളര്‍ച്ചയാകട്ടെ 15.76 ശതമാനത്തില്‍നിന്ന് 15.57 ശതമാനവുമായി കുറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍