UPDATES

പേയ് ടിഎം എന്നാല്‍ പേയ് ടു മോദി; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനം ഒരു മാസം പിന്നിടുന്ന ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശനങ്ങള്‍. കള്ളപ്പണത്തിന്റെയും അഴിമതിയുടേയും പേരു പറഞ്ഞു മോദി നടത്തിയ മര്യാദകെട്ട നീക്കത്തിന്റെ ഫലമായി രാജ്യത്തിനു വലിയതോതിലുള്ള പ്രശ്‌നങ്ങളാണു സംഭവിക്കുന്നതെന്നു പാര്‍ലമെന്റിനു പുറത്തു പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടു രാഹുല്‍ ആരോപിച്ചു. നോട്ടുനിരോധനം വന്നു ഒരു മാസം തികയയുന്ന ഇന്നു പ്രതിപക്ഷം കറുത്തദിനം ആയി ആചരിക്കുകയാണ്.

കര്‍ഷകര്‍ മരിച്ചു വീഴുമ്പോള്‍ മോദി തമാശകള്‍ ആസ്വദിക്കുകയാണ്. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപോലെ. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തി നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തു പറ്റൂ, രക്ഷപ്പെട്ടോടാന്‍ ഞങ്ങള്‍ അദ്ദേഹത്തെ സമ്മതിക്കില്ല.

ധീരമായ നടപടിയെന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന നോട്ടുപിന്‍വലിക്കല്‍ നടപടിയുണ്ടല്ലോ, അതൊരു മണ്ടന്‍ തീരുമാനമാണ്, രാജ്യത്തെ കൊള്ളയടിച്ചുനശിപ്പിക്കുന്ന ഒന്ന്. ഇതുകൊണ്ടുള്ള ഗുണം പേയ്ടിഎം പോലുള്ള ഇ-വാലറ്റ് കമ്പനികള്‍ക്കുമാത്രമാണ്. നവംബര്‍ 8 നു പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു പിന്നാലെ പേയ്ടിഎമ്മിന്റെ ബിസിനസില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. പണരഹിത സാമ്പത്തികവ്യവസ്ഥയുടെ ഗുണവും ഇതുപോലുള്ള ചിലര്‍ക്കു മാത്രമാണ്. പണരഹിത ഇടപാടുകളുടെ നേട്ടം അവര്‍ മാത്രം സ്വന്തമാക്കും. എന്നാലത് രാജ്യത്തിനു നാശമേ ഉണ്ടാക്കൂ.

എന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഈ കൂട്ടുകെട്ടിനെ ഞാനവിടെ തുറന്നുകാണിക്കും. പേയ്ടിഎം എന്നാല്‍ പേയ് ടു മോദി എന്നാണെന്നു തെളിയിക്കും; രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഏതാനും കോര്‍പ്പറേറ്റുകളും പ്രധാനമന്ത്രിയുമായി ചേര്‍ന്ന് ഒരു കൂട്ടുകെട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നതെല്ലാം വെളിവാക്കുന്നത് അതാണെന്നും രാഹുല്‍ പറഞ്ഞു.

മൂല്യം കൂടിയ നോട്ടുകള്‍ പിന്‍വലിച്ചതില്‍ പിന്നെ ജനങ്ങള്‍ പണം കിട്ടാതെ വിഷമിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ടികള്‍ പ്രധാനമന്ത്രി കാണുന്നില്ല. ജനം നട്ടം തിരിയുമ്പോള്‍ പ്രധാനമന്ത്രി അതുകൊണ്ടു ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ ആരാധകരും നോട്ട് പിന്‍വലിക്കലിനെ ധീരതയായി വാഴ്ത്തുന്നു. എന്നാല്‍ ഇതൊരു ധീരമായ തീരുമാനം അല്ല. ഇതൊരു വിഡ്ഡിത്തം മാത്രമാണ്. ഒരു പരിഗണനയുമില്ലാതെ എടുത്ത ഒന്ന്. ഇതുമൂലം തകര്‍ന്നുപോയത്, പാവങ്ങളും കര്‍ഷകരും ദിവസക്കൂലിക്കാരുമാണ്. ഞങ്ങള്‍(പ്രതിപക്ഷം) ഈ കാര്യത്തില്‍ ഒരു ചര്‍ച്ച പാര്‍ലമെന്റിനകത്ത് വേണമെന്നാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതല്ലെങ്കിലും ഈ വിഷയത്തില്‍ ഒരു തീരുമാനം അറിയാന്‍ പാര്‍ലമെന്റിനകത്തു വോട്ടിംഗ് നടത്താനാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്; രാഹുല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍