UPDATES

demon-etisation

കറന്‍സി പ്രതിസന്ധി; കല്‍ക്കട്ടയില്‍ ചണ മില്ല്പൂട്ടി; ജോലി പോയത് 2500 പേര്‍ക്ക്

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവില്ല എന്ന് കാണിച്ച് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഒരു ചണമില്ല് താല്‍ക്കാലികമായി അടച്ചുപൂട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ ഡീമോണിറ്റൈസേഷന്‍ നടപടി മൂലം സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞപക്ഷം 5,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പത്തുമണിയോടെയാണ് 2,500 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം ശ്രീ ഹനുമാന്‍ ചണമില്ല് പ്രഖ്യാപിച്ചത്.

‘500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് മൂലം ശമ്പളം വൈകുന്നത് തൊഴില്‍പരമായ അസ്വസ്ഥതയും ഒരോ ഷിഫ്റ്റിലും നിയമവിരുദ്ധമായ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ചില തൊഴിലാളികളുടെ ഇടയില്‍ നിസ്സഹകരണ പ്രവര്‍ത്തനങ്ങളും ഉടലെടുത്തിട്ടുള്ള വിവരം തൊഴിലാളികളുടെ ജനറല്‍ ബോഡിയെയും ഈ മില്ലിലെ എല്ലാ തൊഴിലാളി യൂണിയനുകളെയും മാനേജ്‌മെന്റ് ഖേദപൂര്‍വം അറിയിക്കുകയാണ്,’ എന്ന് കമ്പനി പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

‘അതിനാല്‍, ഇനിയൊരു തീരുമാനം ഉണ്ടാവുന്നതുവരെ 05-12-2016 രാത്രി പത്തുമണി മുതല്‍ ‘പണികള്‍ താല്‍ക്കാലികമായി നിറുത്തിവെച്ചതായി’ പ്രഖ്യാപിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമായിരിക്കുകയാണ്.’

കൊല്‍ക്കത്തയില്‍ നിന്നും വെറും ഏഴ് കിലോമീറ്റര്‍ അകലെ ഹൗറ ജില്ലയിലെ ഗുസൂരിയില്‍ പ്രവര്‍ത്തിക്കുന്ന മില്ലിലെ തൊഴിലാളികള്‍ക്ക് അടച്ചിട്ടിരിക്കുന്ന സമയത്തെ ശമ്പളം ലഭിക്കില്ല.

അസംഘിടത മേഖലയില്‍ തൊഴില്‍നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതരത്തില്‍ ചെറുകിട വ്യവസായമേഖലയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടായിരുന്നെങ്കിലും ഒരു വലിയ വ്യവസായ യൂണിറ്റ് നോട്ട് പ്രതിസന്ധിമൂലം പൂട്ടുന്നത് ആദ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത നീക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നതാവും മാനേജ്‌മെന്റിന്റെ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

‘ജില്ലയില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിയെന്ന് മാത്രമല്ല, ഈ ക്രൂരമായ നിയമം പിന്‍വലിക്കപ്പെടുന്നതുവരെ ഈ കൂട്ടക്കൊല തുടരുകയും ചെയ്യും,’ എന്ന് സഹകരണ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറ പട്ടണത്തിന്റെ അദ്ധ്യക്ഷനുമായ അരൂപ് റേ പറയുന്നു.

2.5 ലക്ഷത്തിലേറെ വരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന സംസ്ഥാനത്തെ ചണമില്ലുകള്‍ക്ക് നോട്ട് നിരോധനം എങ്ങനെയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നതിനെ കുറിച്ച് നവംബര്‍ മൂന്നാം വാരത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വ്യവസായത്തിലുള്ള ഏകദേശം 95 ശതമാനം തൊഴിലാളികള്‍ക്കും പണമായാണ് വേതനം ലഭിക്കുന്നത്.

പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഇന്ത്യന്‍ ജൂട്ട് മില്‍സ് അസോസിയേഷന്‍ (ഐജെഎംഎ) കത്തയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ മില്ലിന്റെ ഗേറ്റില്‍ ജോലിക്ക് ഹാജരായ നൂറുകണക്കിന് തൊഴിലാളികള്‍, മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പരിഭ്രാന്തരും രോഷാകുലരുമാണ്.

‘വ്യക്തിഗത സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കടുത്ത പ്രതിസന്ധിയാണ് നോട്ട് നിരോധനം വഴി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്രയധികം തൊഴിലാളികളുടെ ജീവിതം അപകടത്തിലാക്കിക്കൊണ്ട് ചണമില്ലുകള്‍ക്ക് തങ്ങളുടെ ഷട്ടറുകള്‍ താഴ്‌ത്തേണ്ടി വരുന്നത് അങ്ങേയറ്റം ഖേദകരമാണ്,’ എന്ന് പശ്ചിമ ബംഗാള്‍ ട്രേഡ് അസോസിയേഷന്‍സിന്റെ അദ്ധ്യക്ഷന്‍ മഹേഷ് സിംഘാനിയ പറഞ്ഞു.

നിരവധി ചണ മില്ലുകളില്‍ അസംസ്‌കൃത ചണത്തിന്റെ ശേഖരം കുത്തനെ കുറഞ്ഞിരിക്കുകയാണെന്നും അതിനാല്‍തന്നെ ഉല്‍പാദനം സ്വാഭാവികമായും നിലയ്ക്കുമെന്നും വ്യവസായത്തിന്റെ ഉളളറകളിലുള്ള ചിലര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 10-12 കര്‍ഷകര്‍ മാത്രേമേ അസംസ്‌കൃത ചണത്തിന്റെ വില ബാങ്ക് അക്കൗണ്ടുകളിലൂടെ സ്വീകരിക്കുന്നുള്ളു.

‘കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിരോധിക്കുകയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പൈസ പിന്‍വലിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ, അസംസ്‌കൃത ചണ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ പണത്തിന്റെ ലഭ്യതക്കുറവ് ഉണ്ടായിട്ടുണ്ട്,’ എന്ന് ഐജെഎംഎ അദ്ധ്യക്ഷന്‍ രാഘവേന്ദ്ര ഗുപ്ത ഒപ്പിട്ട കത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍