UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കള്ളപ്പണക്കാരെ പൂട്ടാനാണെന്ന് പറഞ്ഞ ഈ നടപടി ഇപ്പോള്‍ എന്നെ പോലെയുള്ളവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്’

അഴിമുഖം പ്രതിനിധി

‘വിദ്യാര്‍ത്ഥികള്‍ കടയിലേക്ക് വരുന്നില്ലെങ്കില്‍ പേയ് ടിഎം കൊണ്ട് എന്ത് പ്രയോജനം? കള്ളപ്പണമുള്ള പണക്കാരെ പൂട്ടാനാണ് ഈ നടപടി എന്നാണ് പറഞ്ഞു കേട്ടത്. പക്ഷെ ഇപ്പോള്‍ എന്നെ പോലെയുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതേയുള്ളു. 100 കോടി രുപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തതായി ഞാന്‍ ഇന്നും വായിച്ചു. പിന്നെ എന്ത് അര്‍ത്ഥമാണിതിനൊക്കെ?’ ചോദിക്കുന്നത് ഡല്‍ഹിയില്‍ ജെഎന്‍യുവിന് സമീപം ബര്‍സരായിയിലെ പ്രസിദ്ധമായ, ഉപയോഗിച്ച പുസ്തകങ്ങള്‍ വില്‍ക്കുന്ന തെരുവില്‍ ശ്യാം ബുക്ക് സ്റ്റോര്‍ നടത്തുന്ന നരേഷ് ചന്ദര്‍. സാധാരണ ജനങ്ങളുടെ മേല്‍ ഇടിത്തീ പോലെ പതിച്ച കേന്ദ്ര സര്‍ക്കാരിന്റെ മിന്നലാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ അടിത്തട്ടില്‍ നിന്നും മുകളിലേക്ക് പതുക്കെ ഇഴഞ്ഞേറുകയാണ്.

ഇന്ത്യന്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും ഇടത്തരക്കാരായ വായനപ്രിയര്‍ക്കും വലിയ ആശ്വാസമാണ് ഉപയോഗിച്ച പുസ്തകങ്ങള്‍ വില്‍ക്കുന്ന ഇത്തരം സ്ഥലങ്ങള്‍. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായിരുന്നു ബര്‍സരായിയിലെ തെരുവ്. ഉപയോഗിച്ച അക്കാദമിക് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഫോട്ടോകോപ്പി കടകള്‍, പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി ‘റെഡിമെയ്ഡ് ഗവേഷണ പ്രബന്ധങ്ങള്‍’ തയ്യാറാക്കുന്ന കടകള്‍ വരെ ഇവിടെയുണ്ട്. എന്നാല്‍ നവംബര്‍ എട്ടിന് സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഇവിടം പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയായിരിക്കുന്നു.

തന്റെ കച്ചവടം 75 ശതമാനം കണ്ട് കുറഞ്ഞതായി നരേഷ് പറയുന്നു. 1978-ല്‍ തുടങ്ങിയ കടയ്ക്ക് ഇതുവരെ ഇങ്ങനെയൊരു ഗതിയുണ്ടായിട്ടില്ല. മാസവാടകയായ 12,000 രൂപ എങ്ങനെ കൊടുക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം. തുടക്കത്തില്‍ പഴയ നോട്ടുകള്‍ വാങ്ങാമായിരുന്നു എന്നതിനാല്‍ അല്‍പം ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ദിനംപ്രതി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. കടയിലെ ഏക ജീവനക്കാരനെ പറഞ്ഞു വിടേണ്ടി വരുമെന്നും നരേഷ് ചന്ദര്‍ പറയുന്നു.

പേയ് ടിഎം  ഇന്‍സ്റ്റോള്‍ ചെയ്ത് ഉപഭോക്താക്കളെയും കാത്തിരിക്കുകയാണ് തൊട്ടടുത്ത് ഫോട്ടോഷോപ്പ് കട നടത്തുന്ന വിവേക് സിംഗ്. ആഴ്ചയില്‍ 30,000 രൂപ വരെ കച്ചവടമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പേയ് ടിഎം ഉണ്ടായിട്ടും ഇന്നലെ 600 രൂപയില്‍ താഴെയായിരുന്നു കച്ചവടം. നാല് ജീവനക്കാര്‍ എങ്ങനെ ശമ്പളം കൊടുക്കുമെന്ന ആശങ്കയിലാണ് അദ്ദേഹവും.

പത്ത് രൂപയുടെ കച്ചവടം നടത്തുമ്പോള്‍ ആരാണ് പേടിഎം ഉപയോഗിക്കാന്‍ തയ്യാറാവുകയെന്നും ബര്‍സരായിയിലെ കടയുടമകള്‍ ചോദിക്കുന്നു. കുട്ടികളുടെ കൈയില്‍ പണമില്ലാതെ അവര്‍ എങ്ങനെയാണ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയെന്ന് ശര്‍മ്മ ഫോട്ടോസ്റ്റാറ്റിലെ ജോലിക്കാരനായ സമീര്‍ ഖാന്റെ സംശയം.

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ എടുത്തതാണ് സാമ്പത്തിക മിന്നലാക്രണം എന്ന് കൂടതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാതിരിക്കുന്നിടത്തോളം സാധാരണക്കാരന്റെ ജീവിതം അനുദിനം ദുരന്തപൂര്‍ണമായിക്കൊണ്ടേയിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍