UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലി കൊടുത്തില്ല; പൊലീസ് മര്‍ദ്ദിച്ചു കുളത്തില്‍ തള്ളിയ ദളിത് യുവാക്കള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കൈക്കൂലി ചോദിച്ചത് നല്‍കാതിരുന്നതിന് രണ്ടു ദളിത് യുവാക്കാളെ മര്‍ദ്ദിച്ചശേഷം കുളത്തില്‍ തള്ളുകയും ഇരുവരും മുങ്ങി മരിക്കുന്നതുവരെ നോക്കി നിന്നെന്നും യുപി പൊലീസിനെതിരെ പരാതി. സംഭവം പുറത്തുവന്നതോടെ അക്രമാസക്തരായ നാട്ടുകാര്‍ പൊലീസ് പോസ്റ്റില്‍ ചെന്നു അഞ്ചു പൊലീസുകാരെ കൈയേറ്റം ചെയ്തു.

വെള്ളിയാഴ്ച്ചയാണ് വാര്‍ത്തയ്ക്കാധാരമായ സംഭവം നടന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിംഗ് യാദവിന്റെ മണ്ഡലമായ മയിന്‍പുരയില്‍ നിന്നും ട്രാക്ടറില്‍ കല്ല് കയറ്റി കൊണ്ടു പോവുകയായിരുന്ന ദിലീപ് യാദവ്(22) പങ്കജ് യാദവ്(24) എന്നീ ചെറുപ്പക്കാരോടു വണ്ടി തടഞ്ഞു നിര്‍ത്തി 1,200 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത് നിഷേധിച്ച ചെറുപ്പക്കാരെ പിന്നീട് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും സമീപത്തുള്ള കുളത്തിലേത്ത് തള്ളിയിടുകയുമായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് പരാതി.

എന്നാല്‍ ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കണ്‍പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് പിടിച്ച ഒരു ദളിത് യുവാവിനെ കസ്റ്റഡയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് പൊലീസിന്റെ മറ്റൊരു ക്രൂരത.

ദളിത് യുവാക്കളുടെ മരണവാര്‍ത്തയറിഞ്ഞ കോപാകുലരായ ജനക്കൂട്ടം പൊലീസ് പോസ്റ്റിലേക്ക് ഇരച്ചു കയറി അക്രമം നടത്തുകയായിരുന്നു. അടുത്തുള്ള സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. 

ദളിത് യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഇന്‍-ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍, രണ്ടു കോണ്‍സ്റ്റബിള്‍മാര്‍, രണ്ടു ഹോം ഗാര്‍ഡുകള്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍