UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പച്ചൗരിയെ നിങ്ങള്‍ അറിയും

Avatar

ടീം അഴിമുഖം

ദേശീയ തലസ്ഥാനത്ത് ഒരു കൗതുക സംഭവം നടക്കുന്നുണ്ട്. ഇത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ സുപരിചിതമാണ്. കഥ ഇതാണ്: ഇന്ത്യയിലെ മുന്‍നിര ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ദ് എനര്‍ജി റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി) മേധാവിക്കെതിരെ വിവിധ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. തന്റെ മകളുടെ പ്രായമുള്ള സഹപ്രവര്‍ത്തകയെ ആണ് ഇദ്ദേഹം പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ടെറി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതോടെ കൂടുതല്‍ വനിതകള്‍ പലതും തുറന്ന് പറയാന്‍ തുടങ്ങി.

ഇന്ത്യയിലെ വലിയ പ്രഗത്ഭര്‍ അടങ്ങളുന്ന ടെറിയുടെ ഭരണ സമിതി ചെയ്യുന്നത് എന്താണ്?

തിങ്കളാഴ്ച ടെറിയുടെ വൈസ് ചെയര്‍മാനായി ആര്‍ കെപച്ചൗരിയെ നിയമിച്ചു. ഈ പോസ്റ്റ് പചൗരിക്കായി സൃഷ്ടിക്കുകയായിരുന്നു. മാത്രമല്ല ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ നേരിട്ടു വരുന്ന പചൗരി ജാമ്യത്തില്‍ കഴിയുന്ന ആളുമാണ്.

പച്ചൗരിയെ ടെറിയില്‍ തന്നെ നിലനിര്‍ത്താന്‍ ഒരു പുതിയ പോസ്റ്റ് സൃഷ്ടിക്കാന്‍ തീരുമാനിച്ച മഹാന്‍മാര്‍ ആരെല്ലാമാണ്?

എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ്, എച്ച് എസ് ബി സി ഇന്ത്യ മുന്‍ മേധാവി നൈന ലാല്‍ കിദ്വായി, ഡിഎസ്പി ബ്ലാക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ഹേമേന്ദ്ര കോത്താരി, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ശൈലേഷ് നായക്, ടെറിയിലെ ഉന്നത ഫെലോ ആയ ലീന ശ്രീവാസ്തവ.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോടതിയുടെ അനുമതിയോടെ പച്ചൗരി ഡയറക്ടര്‍ ജനറലുടെ ചുമതലകള്‍ ഏറ്റെടുത്തിരുന്നുവെന്ന് ടെറി ഭരണ സമിതി അവകാശപ്പെടുന്നു. പച്ചൗരിയെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനാക്കിയത് ചട്ടങ്ങളുടെ അര്‍ത്ഥവും ആദര്‍ശവും അനുസരിച്ചാണെന്നും അവര്‍ പറയുന്നു. അങ്ങനെയാണോ?

നാം മലയാളികള്‍ ഈ ആദര്‍ശത്തെ കുറിച്ച് ഏറെ ബോധവാന്‍മാരല്ലേ?

കുഗ്രാമങ്ങളിലെ കൂരകളിലും ഐസ്‌ക്രീം പാര്‍ലറുകളിലും ഹോട്ടലുകളിലും അടച്ചിട്ട വാതിലുകളുടെ പിന്നാമ്പുറങ്ങളിലും പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന പുരുഷന്‍മാരുടെ ആദര്‍ശം രാഷ്ട്രീയമായി ആഘോഷിക്കപ്പെടുന്നില്ലേ? ഇരകള്‍ പേരില്ലാത്ത ജീവതവുമായി ഇഴയുമ്പോള്‍ ഇവര്‍ക്ക് ഉന്നത പദവികള്‍ ലഭിക്കുന്നില്ലേ? എല്ലാത്തിലുമുപരി കേരളവും ഇന്ത്യയുടെ ഒരു ഭാഗം മാത്രമാണ്. അങ്ങനെ അല്ലേ?

പലപ്പോഴായി തന്റെ ദുരനുഭവത്തെക്കുറിച്ച് ആ യുവതി തുറന്നു പറഞ്ഞപ്പോള്‍ പച്ചൗരി എന്താണ് ചെയ്തത്? കോടതിക്കു പുറത്ത് വച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ അദ്ദേഹം പലതവണ ശ്രമം നടത്തിയതായി ഒരു കത്തില്‍ യുവതി പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സൗഹാര്‍ദ്ദപരമായി തന്നോട് ആവശ്യപ്പെട്ടിരുന്നതായി യുവതിയുടെ ഒരു സഹപ്രവര്‍ത്തകനും പറയുന്നു.

പ്രശ്‌നം ഒതുക്കിത്തീര്‍ക്കുക? പച്ചൗരി സംസാരിക്കുന്നത് ഒരു വിപണി കരാറിനെ കുറിച്ചാണോ? ഒരു പക്ഷേ, യുവതികളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ തുചര്‍ച്ചയായ ട്രാക്ക് റെക്കോര്‍ഡുള്ള ഒരാള്‍ക്ക് ഇത് മറ്റൊരു ഡീല്‍ മാത്രമാകാം. ഈ യുവതിയെ പോലെ ധൈര്യം കാണിക്കാതെ അദ്ദേഹത്തിന്റെ കരാര്‍ സ്വീകരിച്ച് അജ്ഞാതരായി തുടരുന്ന കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാകാം. ഇത്തരം കരാറുകളും ഫോണ്‍ വിളികളും മെസേജുകളും നമുക്ക് സുപരിചിതമല്ലേ? ചില ഫോണ്‍ വിളികള്‍ വച്ച് അവസരം മുതലെടുക്കുന്ന സര്‍ക്കാര്‍ തന്നെ ഇതേ ഫോണ്‍ വിളികള്‍ ഒരു തെളിവായി സ്വീകരികാര്യമല്ലെന്നു പറയുന്ന സംഭവങ്ങള്‍ ഓര്‍ത്തു നോക്കൂ.

ടെറി ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്ന് പച്ചൗരിയെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ കത്തെഴുതിയിരുന്നതായി ധൈര്യശാലിയായ ഈ യുവതി പറയുന്നു. ‘പലവാതിലുകളും മുട്ടിനോക്കി. ഫലമില്ലാതായപ്പോള്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. അങ്ങനെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല,’ അവര്‍ പറയുന്നു. തന്റെ സര്‍ക്കാര്‍ തന്നെയാണ് ടെറിക്ക് ഫണ്ടുകള്‍ നല്‍കുന്നതെങ്കിലും മോദിക്ക് ഇതുവരെ അതിനു സമയം ലഭിച്ചിട്ടില്ല.

ടെറിയില്‍ പച്ചൗരിയുടെ സ്വാധീനം എത്രത്തോളമുണ്ടെന്നതിന് വ്യക്തമായ തെളിവുകളാണ് അദ്ദേഹത്തിന്റെ വരുതിയില്‍ നില്‍ക്കാന്‍ വിസമ്മതിക്കുന്നവരുടെ രാജികള്‍. രാജിവെച്ചവരില്‍ പരാതിക്കാരിയായ രഞ്ജന സൈകിയയും ഉള്‍പ്പെടും. പചൗരിക്കെതിരായ കുറ്റാരോപണങ്ങളില്‍ കാമ്പുണ്ടെന്നു കണ്ടെത്തിയ ടെറിയിലെ ആദ്യ ആഭ്യന്തര പരാതി സമിയുടെ മേധാവിയായിരുന്നു ഇവര്‍. കേസുപേക്ഷിക്കാന്‍ പരാതിക്കാരിയുമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ സീനിയര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണവുമായി രാജിവച്ച ഒരു ഗവേഷകനാണ് ഏറ്റവുമൊടുവിലത്തേത്.

പുരുഷന്മാരായ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ലൈംഗിക പീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം തടയല്‍ നിയമത്തെ കൊഞ്ഞനം കുത്തുന്നതാണ് ടെറിയിലെ സംഭവ വികാസങ്ങള്‍. പീഡനത്തിരയാക്കപ്പെടുന്ന സ്ത്രീകള്‍ നിയമപ്രകാരം പരാതിപ്പെടാന്‍ തീരുമാനിച്ചാല്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങള്‍ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നും ഈ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമം നല്‍കുന്ന പരിരക്ഷകളെല്ലാം ടെറി സംഭവത്തില്‍ നിഷ്‌ക്രിയമാക്കപ്പെട്ടു. അത് പരാതിക്കാരിയുടെ പിഴവല്ല. ടെറിയുടെ ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ടിനെതിരെ ഒരു വ്യവസായ തര്‍ക്കപരിഹാര കോടതിയില്‍ നിന്ന് പച്ചൗരി സ്റ്റേ സമ്പാദിക്കുകയും ചെയ്തു. സമിതി തന്റെ ഭാഗം ആരാഞ്ഞിട്ടുണ്ടായിരുന്നില്ലെന്ന് വാദിച്ചാണ് പച്ചൗരിക്ക് ഇതിനു കഴിഞ്ഞത്.

കഴിഞ്ഞ ജൂലൈയില്‍ മറ്റൊരു കോടതി പചൗരിയെ ടെറിയുടെ ഡല്‍ഹി, ഗുഡ്ഗാവ് ഓഫീസുകളില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നെങ്കിലും ഡയറക്ടര്‍ ജനറല്‍ പദവി തിരികെ നല്‍കിയിരുന്നു. ഒരു മേല്‍ക്കോടതി ടെറി സമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള സ്റ്റേ നീക്കിയിരുന്നെങ്കില്‍ പച്ചൗരി തന്റെ പദവിയെ ന്യായീകരിക്കാന്‍ പ്രയാസപ്പെടും.

എഴുതപ്പെട്ട നിയമങ്ങളെ കുറിച്ചു മാത്രമാണോ നമുക്ക് പറയാനുള്ളത്? എഴുതപ്പെടാത്ത ധാര്‍മ്മികതയുടേയും വിശ്വാസ്യതയുടേയും മാനത്തിന്റേയും ചടങ്ങളൊന്നുമില്ലേ? ഈ മൂല്യങ്ങളൊക്കെ ഉയര്‍ത്തിപ്പിടിക്കാന്‍ പചൗരിയും ടെറി ഭരണ സമിതിയും ബാധ്യസ്ഥരല്ലേ?

പച്ചൗരി അയച്ചതെന്ന് പറയപ്പെടുന്ന മെസേജുകളും ഇ മെയ്‌ലുകളുമടങ്ങുന്ന രേഖാമൂലമുള്ള തെളിവുകള്‍ പരാതിക്കാരി നല്‍കിയിട്ടുണ്ട്. ഇത്തരം തെളിവുകള്‍ ലഭ്യമായിട്ടും ഒരു കുറ്റപ്പത്രമോ അല്ലെങ്കില്‍ അവസാനിപ്പിക്കല്‍ റിപ്പോര്‍ട്ടോ ഫയല്‍ ചെയ്യാന്‍ പരാതി ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ദല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ സമൂഹം സ്വന്തം സ്ത്രീത്വത്തിനെതിരെ കാണിക്കുന്ന സത്രീവിരുദ്ധമായ ഈ പെരുമാറ്റത്തിന്റെ ഫലമെന്താണ്? ഔദ്യോഗിക ജോലികളില്‍ നമുക്ക് 25 ശതമാനം മാത്രമെ സ്ത്രീകള്‍ ഉള്ളൂ. ഇക്കാര്യത്തില്‍ ലോകത്ത് സൗദി അറേബ്യ പോലുള്ള രാജ്യങ്ങളോളം താഴ്ന്ന കണക്കാണിത്. തൊഴിലിടങ്ങളില്‍ തുല്യാവകാശം ഒരോ നിമിഷവും നിഷേധിക്കപ്പെടുന്ന ഒരു താലിബാന്‍ രാജ്യമാണ് വാസ്തവത്തില്‍ ഇന്ത്യ. എന്നിട്ടും രാജ്യത്തെ നാം ഭാരത് മാതാ എന്നു വിളിക്കുന്നു. ആരുടെ മാതാവ്? ആരുടെ സത്രീത്വം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍