UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാന്‍ഡ് പമ്പില്‍നിന്നു വെള്ളം നിഷേധിച്ചു; ദാഹമകറ്റാന്‍ കിണറിനടുത്തേക്കു പോയ ദളിത് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

Avatar

അഴിമുഖം പ്രതിനിധി

സ്‌കൂളിലെ ഹാന്‍ഡ് പമ്പില്‍നിന്നു വെള്ളം നിഷേധിക്കപ്പെട്ട് ദാഹമകറ്റാന്‍ കിണറിനടുത്തേക്കു പോയ ഒന്‍പതുകാരന്‍ അതേ കിണറ്റില്‍ വീണു മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം.

ദളിത് വിഭാഗത്തില്‍പ്പെട്ട വീരന്‍ അഷിര്‍വറാണ് മരിച്ചത്. ഖമാരിയ കലാന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന വീരന്‍ സ്‌കൂളിലെ ഹാന്‍ഡ് പമ്പില്‍നിന്നു വെള്ളം കുടിക്കുന്നത് ചില അദ്ധ്യാപകര്‍ തടഞ്ഞതായി ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരന്‍ സേവക് പറയുന്നു. ജാതിവിവേചനമാണ് കാരണമെന്നും പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററെയും മിഡില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും സസ്‌പെന്‍ഡ് ചെയ്തു. അദ്ധ്യാപകരുടെ നിയമനം റദ്ദാക്കാന്‍ നടപടി ആരംഭിച്ചു.

മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന വീരന്‍ ഉച്ചഭക്ഷണത്തിനുശേഷം വെള്ളം കുടിക്കാന്‍ പമ്പിനടുത്തേക്കു പോയതാണ്. അദ്ധ്യാപകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വീരനും സേവകും സമീപമുള്ള കിണറ്റിനടുത്തേക്കു പോയി. വെള്ളം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീരന്‍ കാല്‍തെറ്റി കിണറ്റിലേക്കു വീഴുകയായിരുന്നു.

കുട്ടികള്‍ മിക്കപ്പോഴും അദ്ധ്യാപകരില്‍നിന്ന് വിവേചനം നേരിടുന്നതായി ദാമോഹ് ജില്ലാ പഞ്ചായത്ത് സിഇഒ ജെ സി ജാട്ടിയയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് ഇവിടത്തെ ദളിത് സമൂഹം പരാതിപ്പെട്ടു.

എന്നാല്‍ ജാതിവിവേചനമാണ് സംഭവത്തിലേക്കു നയിച്ചതെന്ന ആരോപണം ദാമോഹ് ജില്ലാ കലക്ടര്‍ ശ്രീനിവാസ് ശര്‍മ നിഷേധിച്ചു. ഹാന്‍ഡ് പമ്പിനടുത്ത് വളരെപ്പേരുണ്ടായിരുന്നതിനാലാണ് കുട്ടികള്‍ കിണറിനരികിലേക്കു പോയതെന്നാണ് ശര്‍മയുടെ ഭാഷ്യം. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ കണക്കിലെടുത്താണ് നടപടികളെന്ന് ശര്‍മ പറഞ്ഞു. ‘ സംഭവത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് അയയ്ക്കുന്നുണ്ട്. പക്ഷേ ജാതി വിവേചനം ഉണ്ടായിട്ടില്ല’, ശര്‍മ പറയുന്നു.

തൊട്ടുകൂടായ്മ പ്രദേശത്ത് വ്യാപകമാണെന്ന് വികാസ് സംവാദ് എന്ന എന്‍ജിഒയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ജെയ്ന്‍ പറഞ്ഞു. ‘ബുന്ദെല്‍ഖണ്ഡ് പ്രദേശത്ത് തൊട്ടുകൂടായ്മ ശക്തമാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. കുറ്റക്കാര്‍ക്കുമേല്‍ ക്രിമിനല്‍ നടപടിയെടുക്കണം. നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഭവങ്ങള്‍ പൊലീസുകാര്‍ പോലും ഗൗരവമായി പരിഗണിക്കുന്നില്ല. അവരും ജാതിവ്യവസ്ഥയുടെ ഭാഗമാണെന്നതുതന്നെ കാരണം.’

മേഖല വരള്‍ച്ചയുടെ പിടിയിലുമാണ്. മധ്യപ്രദേശ് ഉള്‍പ്പെടെ വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജനുവരിയില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍