UPDATES

ജോലിയില്ല, പരിസ്ഥിതി മേഖല ഓഫീസുകള്‍ പൂട്ടി; വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ?

ഫണ്ടുകള്‍ അനുവദിക്കുക എന്നതിനപ്പുറം പ്രയോജനകരമായ എന്തെങ്കിലും ഈ വകുപ്പിന് ചെയ്യാന്‍ സാധിക്കുന്നുണ്ടോ?

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിനു കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ രണ്ട് മേഖല ഓഫീസുകള്‍ പൂട്ടി. ഈ ഓഫിസുകളിലുള്ള ജീവനക്കാര്‍ക്ക്‌ മതിയായ ജോലികള്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് പൂട്ടാനുള്ള കാരണം.

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ കോട്ടയം, കോഴിക്കോട് മേഖല ഓഫീസുകളാണ് പൂട്ടിയത്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ ജില്ലകള്‍ കോട്ടയം മേഖലാ ഓഫീസിന്റെ പരിധിയിലും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ കോഴിക്കോട് മേഖലാ ഓഫീസിന്റെ പരിധിയിലാണ്. ബാക്കിയുള്ള ജില്ലകള്‍ കേന്ദ്ര ഓഫീസായ തിരുവനന്തപുരത്തെ ഓഫീസിന് കീഴിലാണ്. സാങ്കേതിക ജീവനക്കാരുടെ അഭാവവും മതിയായ ജോലികള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നുമാണ് മേഖല ഓഫീസുകള്‍ പൂട്ടുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റെ് കാരണം പറയുന്നത്. കഴിഞ്ഞമാസം ഒന്നിനോട് കൂടിയാണ് ഈ ഓഫീസുകള്‍ പൂട്ടിയത്.

ഓഫിസ് പൂട്ടിയതുമായി ബന്ധപ്പെട്ട് വകുപ്പ് അധികാരികള്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയൊരു വകുപ്പ് തന്നെ സര്‍ക്കാരിന് ബാധ്യതയാണ് എന്ന രീതിയിലാണ്. രേഖകളിലും പേപ്പറുകളിലും മാത്രം ഒതുങ്ങുന്നതാണ് ഇവിടുത്തെ പ്രവര്‍ത്തനം. ഫണ്ടുകള്‍ അനുവദിക്കുക എന്നതിനപ്പുറം പ്രയോജനകരമായ എന്തെങ്കിലും ഈ വകുപ്പിന് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്ന കാര്യം തന്നെ സംശയമാണ്.

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് അന്‍സാരി തങ്ങളുടെ ഓഫീസ് പ്രവര്‍ത്തനത്തെക്കുറിച്ചും പൂട്ടിയ മേഖല ഓഫീസുകളെക്കുറിച്ചും അഴിമുഖത്തോട് പറഞ്ഞത്- ‘സംസ്ഥാനത്തെ പരിസ്ഥിതി രംഗത്തെ സമഗ്രഹമായ പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് 2010-ലാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം, 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം പാരിസ്ഥിതിക നിയമലംഘനങ്ങള്‍ കണ്ടെത്തി സര്‍ക്കാരിനെ അറിയിക്കുക (നടപടികള്‍ എടുക്കുവാനുള്ള അധികാരം ഡയറക്ടറേറ്റിന് ഇല്ല), ദേശീയ കാലാവസ്ഥാവ്യതിയാന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക, ഇവിടുത്തെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഞങ്ങളുടെ ചുമതലയില്‍ വരുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായിട്ടാണ്‌ കോട്ടയത്തും കോഴിക്കോടും മേഖലാ ഓഫീസുകള്‍ ആരംഭിച്ചത്. 2016 ഫെബ്രുവരിയിലാണ് മേഖലാ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ചുമതലകള്‍ വിശദമാക്കുന്ന കേരളസര്‍ക്കാരിന്റെ വെബ്‌സെറ്റ് പേജ് (കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

മേഖലാ ഓഫീസുകള്‍ ഒരുവര്‍ഷത്തോളം പ്രവര്‍ത്തിച്ചെങ്കിലും ഇവിടങ്ങളില്‍ വിഷയപരിജ്ഞാനമുള്ള ജീവനക്കാരെ നിയമിക്കാന്‍ സാധിച്ചിരുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഇത് സംബന്ധിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിഭാഗവുമായി ഇടപെട്ടിരുന്നു. 2016 ഡിസംബറോട് കൂടിയാണ് എംപ്ലോയ്മെന്റിലേക്ക് അറിയിപ്പു നല്‍കിയത്. യോഗ്യതയുള്ളവരെ ലഭിക്കാത്തതുകൊണ്ടാണോയെന്നറിയില്ല. അവിടെ നിന്ന് അനുകൂലമായ ഒരു പ്രതികരണം ലഭിച്ചിരുന്നില്ല. എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളില്‍ കരാര്‍ നിയമനം പറഞ്ഞിരുന്നുവെങ്കിലും ഈ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. റീജണല്‍ ഡയറക്ടര്‍, സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് തസ്തികകളില്‍ സെക്രട്ടേറിയറ്റില്‍ നിന്നുള്ള പന്ത്രണ്ടോളം പേരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നു. മേഖലാ ഓഫീസുകള്‍ക്ക് നിശ്ചയിച്ചിരുന്ന ചുമതലകളും അധികാരങ്ങളും കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പുതിയ അതോറിറ്റികളിലേക്ക് മാറിയപ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് മതിയായ ജോലികള്‍ കണ്ടെത്താന്‍ കഴിയുന്നില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് മേഖല ഓഫീസുകള്‍ പൂട്ടാന്‍ തീരുമാനമായത്. മേഖല ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നവരെ പുതിയതായി രൂപീകരിച്ച അതോറിറ്റികളിലേക്ക് മാറ്റുകയും ചെയ്തു.

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ മേഖല ഓഫീസുകള്‍ കൈക്കാര്യം ചെയ്തിരുന്ന തണ്ണീര്‍ തട സംരക്ഷണങ്ങള്‍, തീരദ്ദേശപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പല ചുമതലകളും കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനങ്ങളില്‍ അതിന് പ്രത്യേകം അതോറിറ്റികള്‍ വന്നത്തോട് കൂടിയാണ് കോട്ടയത്തെയും കോഴിക്കോടെയും ജീവനക്കാര്‍ക്ക് മതിയായ ജോലികള്‍ ഇല്ലാതായത്. ഇനി മുതല്‍ പഴയപോലെ തിരുവനന്തപുരത്തെ പ്രധാന ഓഫീസിന് തന്നെയായിരിക്കും എല്ലാ ജില്ലകളുടെയും ചുമതല. പ്രധാന മേഖല ഓഫീസുകള്‍ ഇല്ലാതായെങ്കിലും വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.’

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുന്നതിന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വിശദമായി തന്നെ വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ ഫണ്ടുകള്‍ അനുവദിക്കുക എന്നതിനപ്പുറം പ്രയോജനകരമായ എന്തെങ്കിലും ഈ വകുപ്പിന് ചെയ്യാന്‍ സാധിക്കുന്നുണ്ടോ?എന്നു ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല.  പദ്ധതികള്‍ നടപ്പാക്കാനല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് ഈ വകുപ്പെന്നാണ് നേട്ടങ്ങള്‍ വായിക്കുമ്പോള്‍ തോന്നുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തികളും ഗവേഷണ വികസനത്തിനുള്ള പദ്ധതികളുമൊക്കെ വകുപ്പ് നടത്തുന്നണ്ടെന്നാണ് നേട്ടമായി പറയുന്നത്. ഈ പദ്ധതികളിലൂടെ എന്ത് നേട്ടമാണെന്ന് മാത്രം വ്യക്തമാക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. സാമ്പത്തിക സഹായമുള്‍പ്പടെ നല്‍കുമ്പോള്‍ പദ്ധതികള്‍ കൊണ്ടുണ്ടായ നേട്ടം വിശദീകരിക്കാന്‍ കഴിയുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം നടത്തുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കാളിയായി  വകുപ്പ് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും സര്‍ക്കാരിന് ഉചിതമെന്ന് തോന്നിയാല്‍ മാത്രമെ ഈ കാര്യത്തില്‍ ഒരു നടപടിയുണ്ടാകൂ. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന് ഒരു നടപടിയും എടുക്കാനുള്ള അധികാരമില്ല. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ കണ്ടെത്തി സര്‍ക്കാരിനെ അറിയിക്കാമെന്നു മാത്രം.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍