ടീം അഴിമുഖം
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് കനത്ത പോരാട്ടത്തിന് വേദിയാവുകയാണ്. എന്നാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അത്ര മെച്ചപ്പെട്ട അവസ്ഥയില്‍ ആണെന്ന് പറയാന്‍ കഴിയില്ല. അതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലേര്‍കോട്ലയില്‍ ഖുര്‍ആനെ അവമതിച്ചു എന്ന സംഭവത്തെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.
ഇതിന്റെ സൂത്രധാരന്‍ എന്നു ആരോപിക്കുന്ന വിജയ് കുമാറിനെ പോലീസ് ഉടന്‍ തന്നെ പിടികൂടി. അയാളാകട്ടെ ഒട്ടും വൈകാതെ ഡല്‍ഹിയിലെ ഒരു ആപ് എം എല്‍ എയാണ് ഇതിന് പിന്നിലെന്ന് പറയുകയും ചെയ്തു. എന്തുവിലകൊടുത്തും പഞ്ചാബ് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ആപ്പിന്റെ ആഗ്രഹമാണ് ഇതിന് കാരണമെന്നും.
പോലീസ് പറയുന്നത് ആം ആദ്മി പാര്‍ട്ടി എം എല്‍ എ നരേഷ് യാദവിനെതിരെ അവരുടെ പക്കല്‍ വേണ്ടത്ര തെളിവുകളുണ്ടെന്നാണ്. കുമാറിന്റെ കുറ്റസമ്മത മൊഴികളും ജൂണ്‍ 19-നും 23-നും ഇടയ്ക്ക് ആപ് എം എല്‍ എയും കുമാറും തമ്മില്‍ നടത്തിയ കുറഞ്ഞത് 8 ഫോണ്‍വിളികളും സന്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു.
പോലീസ് ഇതിനോടകം യാദവിനെ പട്യാലയില്‍ 5 മണിക്കൂറും സംഗ്രൂരില്‍ 9 മണിക്കൂറും ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍ അയാളുടെ പ്രതികരണത്തില്‍ തൃപ്തരല്ലാത്തതിനാല്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. യാദവ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്, അതേ സമയം, കുമാറിനെ ഡല്‍ഹിയില്‍ വെച്ചു കണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് യാദവ് ആരോപിക്കുന്നു.
ഇനിയാണ് കഥയിലെ വഴിത്തിരിവ്.
ഖുര്‍ആനെ അവഹേളിച്ചതിന് പിടിയിലായ വിജയ് കുമാര്‍ ആര്‍ എസ് എസ്, വി എച്ച് പി, ബജ്രംഗ്ദല്‍ പ്രവര്‍ത്തകനായിരുന്നു എന്ന് പോലീസ് സമ്മതിക്കുന്നു. 2010-ല്‍ ഒരു ഹിന്ദു സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെത്തിയ ഇയാളെ കയ്യില്‍ ചെമ്പ് ഇടിക്കട്ടയും ജിഹാദി സാഹിത്യവും കണ്ടതിനെത്തുടര്‍ന്ന് യു.എസ് അധികൃതര്‍ മടക്കി അയച്ചിരുന്നു.

2013-ല്‍ 12 വയസുള്ള ഒരു ആണ്‍കൂട്ടിയെ ജീവനോടെ കത്തിച്ചതിനെ തുടര്‍ന്നും 2014-ല്‍ ഒരു ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ നഗരത്തില്‍ കണ്ടതിനെ തുടര്‍ന്നും മലേര്‍കോട്ലയില്‍ വര്‍ഗീയ സംഘര്‍ഷവും പ്രതിഷേധങ്ങളും ഉണ്ടായി.
രാജ്യത്തിന്റെ പല ഭാഗത്തും കുമാര്‍ ഭൂമിയും വാങ്ങിയിട്ടുണ്ട്. ന്യൂ ചണ്ഡീഗഡില്‍ മെയ് മാസത്തില്‍ ഒരു വീട് വാങ്ങാന്‍ അയാള്‍ക്ക് എവിടെനിന്നാണ് പണം ലഭിച്ചതെന്ന് അന്വേഷിക്കുകയാണ് പൊലീസ്. മെയ് 25-നാണ് Omaxe Silver Birch സമുച്ചയത്തില്‍ കുമാര്‍ 727-ആം നമ്പര്‍ വീട് വാങ്ങിയത്.
ജൂണ്‍ 24-നു നടത്തിയ ഖുര്‍ആന്‍ അവഹേളനത്തിന് നരേഷ് യാദവ് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി കുമാര്‍ പറയുന്നു.
വീട് വാങ്ങി ഒരു മാസത്തിനുള്ളില്‍ കുമാര്‍ വിലയായ 35 ലക്ഷം രൂപ നല്‍കിയതായി രേഖകള്‍ കാണിക്കുന്നു.
കുമാറിന്റെ പേരിലുള്ള വസ്തുവകകളില്‍ ഒന്നുമാത്രമാണിത്. ജിന്‍ഡിലെ ഭിവാനി റോഡ്, പാലം ഡി ഡി എ പാര്‍ക്കിന് സമീപം പാലം കോളനി, ന്യൂ ഡല്‍ഹിയിലെ സഫ്ദര്‍ജങ് എന്‍ക്ലെവ് എക്സ്റ്റെന്‍ഷന്‍ എന്നിവിടങ്ങളിലും ഇയാള്‍ക്ക് വസ്തുവഹകളുണ്ട്.
കഴിഞ്ഞ ഡല്‍ഹി നിയമസഭ തെതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവിടുത്തെ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്ന ആരോപണവും ബി.ജെ.പി ഈയിടെ ഉയര്‍ത്തിയിരുന്നു.