UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീടെന്നു പറയാവുന്നൊന്നില്‍ ഞാനിതുവരെ കഴിഞ്ഞിട്ടില്ല; മണ്‍റോതുരുത്തിലെ ദേവകിയുടെ ജീവിതം

Avatar

രാകേഷ് സനല്‍

വെളിച്ചം പാതിയടഞ്ഞ ജീവിതമാണ് ദേവകിയുടേത്. ഈ വൃദ്ധയുടെ ശിഷ്ടജീവിതത്തില്‍ ഇനിയവര്‍ ആഗ്രഹിക്കുന്നത് ഒന്നേയുള്ളു, അടച്ചുറപ്പുള്ളൊരു വീട്. 

മഴ ഒളിച്ചുകളി തുടര്‍ന്നുകൊണ്ടിരുന്ന പകലിലാണ് മണ്‍റോതുരുത്തില്‍ ട്രെയിന്‍ ഇറങ്ങിയത്. സ്‌റ്റേഷനില്‍ നിന്നും സിപിഎം ലോക്കല്‍ സെക്രട്ടറി മധുവിനൊപ്പം പട്ടംതുരുത്ത് ഭാഗത്തേക്കുള്ള യാത്രയില്‍ ആകാശം പലവട്ടം മുഖം കറുപ്പിച്ചു കാണിച്ചെങ്കിലും പെയ്തില്ല.

മണ്‍റോതുരുത്തിന്റെ ഇടവഴികള്‍ മഴക്കാലത്തിന്റെ ചളിയും വെള്ളവും കുഴഞ്ഞുകിടക്കുകയാണ്. ബൈക്ക് വച്ച ചായപ്പീടികയില്‍ നിന്നും കുറച്ചുകൂടി മുന്നോട്ടുപോയാല്‍ ടാര്‍ റോഡില്‍ നിന്നു തന്നെ താഴെക്കിറങ്ങി മൂന്നടി വീതിയില്‍ കെട്ടിയിരിക്കുന്ന സിമന്റ് പാതയിലൂടെ പട്ടംതുരുത്ത് ലക്ഷംവീട് കോളനിയിലെത്താം. അതാകുമ്പോള്‍ കാലേ ചെളി പറ്റാതെ പോകാം; ചായ കുടിക്കാനെത്തിയവരില്‍ ഒരാളുടെ ഉപദേശം.

നാട്ടിന്‍പുറത്തുകാര്‍ക്ക് ചില ശീലങ്ങളുണ്ടല്ലോ, പൊതുവഴികളൊക്കെ വരുന്നതിനു മുമ്പ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വീടുകളും പറമ്പുകളുമൊക്കെ കയറിയുള്ളൊരു ഷോര്‍ട് കട്ട് അവര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഓരോ വീടുകള്‍ കയറിയറങ്ങി വീട്ടുകാരോട് കുശലം പറഞ്ഞുമെല്ലാം ഒരു പോക്ക്… മണ്‍റോതുരുത്ത് ഇപ്പോഴും മനുഷ്യര്‍ തമ്മില്‍ മതില്‍കെട്ടി വേര്‍പിരിഞ്ഞിട്ടില്ലാത്തതിനാല്‍ നാട്ടുനടപ്പുകള്‍ പലതും നിലനില്‍ക്കുന്നുണ്ട്…

ബ്രിട്ടീഷ് പള്ളിയുടെ സമീപമാണ് പട്ടംതുരുത്ത് ലക്ഷംവീട് കോളനി. പിറകില്‍ അഷ്ടമുടിക്കായല്‍. ആ നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍, മുറ്റി നില്‍ക്കുകയാണിപ്പോള്‍ കായല്‍. ഇവിടെയാണ് ദേവകിയുടെ താമസം. ഇടയ്ക്കു വച്ച് വാര്‍ഡ് മെംബര്‍ ഷൈനി ഒപ്പം ചേര്‍ന്നു.

മുന്‍കൂട്ടി പറഞ്ഞിട്ടില്ലായിരുന്നെങ്കിലും അഷ്ടമുടി കായലിനോടു ചേര്‍ന്നുള്ള ചെറിയ കൂരയ്ക്കു മുന്നില്‍ ദേവകി ഞങ്ങളെയെന്നവണ്ണം കാത്തുനില്‍ക്കുകയായിരുന്നു.

ആരുമില്ലെന്നു പറയാവുന്ന ജീവിതമാണ് ദേവകിയുടേത്. വയസ് 65 കഴിഞ്ഞു. ഒരു മകള്‍ ഉള്ളതിനെ വിവാഹം കഴിച്ചയച്ചതോടെ ദേവകി ഒറ്റയ്ക്കായി. ആരുമില്ലാത്ത ജീവിതത്തില്‍ ദേവകി കണ്ണീരോടെ ആവശ്യപ്പെടുന്നത് വീണുപോകില്ലെന്ന ധൈര്യത്തോടെ അന്തിയുറങ്ങാനൊരു വീടുമാത്രമാണ്. കാലമേറെയായുള്ള മോഹമാണ്. ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ല. സഹായിക്കാന്‍ പഞ്ചായത്ത് തയ്യാറാണെങ്കിലും അനുവദിക്കാവുന്ന പരമാവധി തുക മൂന്നുലക്ഷത്തോളം മാത്രം. അതുകൊണ്ട് ഒന്നുമാകില്ല. വീടുപണിക്കുള്ള സാമഗ്രികള്‍ കൊണ്ടുവരണമെങ്കില്‍ തന്നെ നല്ലൊരു തുക ചെലവാകും.

മണ്‍റോതുരുത്ത് സാധാരണക്കാരുടെ ഗ്രാമമാണ്. അന്നന്നത്തെ ജീവിതത്തിനായി കഷ്ടപ്പെടുന്നവര്‍. അതുകൊണ്ടു തന്നെ നാട്ടുകാരില്‍ നിന്നു സ്വീകരിക്കാവുന്ന സഹായത്തിന് പരിധിയുണ്ട്. സഹായിക്കാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ദയ ഉണ്ടായാല്‍ മാത്രമെ ദേവകിക്ക് ഒരു വീട് ഉണ്ടാക്കാന്‍ കഴിയു. അതിനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്; മധു പറയുന്നു.

മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ദേവകിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടതാണ്. അപകടമരണമായിരുന്നു. അതോടെ ദേവകിയും അവരുടെ മകളും ഒറ്റയ്ക്കായി. ബന്ധുക്കളെന്നു പറയാന്‍ ആരുമില്ലായിരുന്നു. കൊയ്ത്തും കറ്റമെതിക്കലുമായിരുന്നു ദേവകിയുടെ ഉപജീവന മാര്‍ഗം. അക്കാലത്ത് മണ്‍റോതുരുത്ത് നല്ലൊരു കൃഷിടയമായിരുന്നു. പുഞ്ചപ്പാടങ്ങള്‍ സമൃദ്ധമായിരുന്നു. ഒരു വിധം കഴിഞ്ഞുപോകാവുന്ന സാഹചര്യത്തില്‍ വിധി ഒരിക്കല്‍കൂടി ദേവകിയോട് ക്രൂരത കാട്ടി. കറ്റ മെതിക്കുന്നതിനിടയില്‍ ഒരു നെന്മണി ഇടതു കണ്ണില്‍ തറച്ചു കയറി. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു കണ്ണിന്റെ കാഴ്ച എന്നന്നേക്കുമായി നഷ്ടമായി. ആ കണ്ണെടുത്ത് കളഞ്ഞു. പാതി വെളിച്ചവുമായി പിന്നീടുള്ള ജീവിതം. ക്രമേണ മണ്‍റോതുരുത്തിന്റെ കാര്‍ഷിക പാരമ്പര്യം വെള്ളം കയറി നശിച്ചു. അതോടെ പട്ടിണിയിലായ അനേകം പേരുടെ കൂട്ടത്തില്‍ ദേവകിയും മകളും കൂടി ഉള്‍പ്പെട്ടു.


വാര്‍ഡ് മെമ്പര്‍ ഷൈനിക്കൊപ്പം ദേവകി

ആകെയുണ്ടെന്നു പറയാവുന്നൊരു വരുമാനം വിധവ പെന്‍ഷനായിരുന്നു. ഇപ്പോഴും ആശ്രയം പെന്‍ഷനായി കിട്ടുന്ന എണ്ണൂറു രൂപയാണ്. മകളെ എങ്ങനെയെങ്കിലും ഒരാണിന്റെ കൈയില്‍ പിടിച്ചു കൊടുക്കുന്നതായിരുന്നു മനസിന്റെ ആധി. കടം വാങ്ങിയും നാട്ടുകാര്‍ സഹായിച്ചും ഒരുവിധം എനിക്കെന്റെ കൊച്ചിനെ കെട്ടിച്ചുവിടാന്‍ പറ്റി. വലിയ നിവൃത്തിയൊന്നും അവര്‍ക്കുമില്ല. അതുകൊണ്ട് ഞാനായിട്ട് അവളെയും ഭര്‍ത്താവിനെയും ബുദ്ധിമുട്ടിക്കാന്‍ പോയില്ല. അതുങ്ങള് കഴിയുന്നതെങ്ങനാന്നറിഞ്ഞിട്ടും ഞാന്‍ പോയാല്‍ ശരിയാവത്തില്ല. ഒരുപാട് അനുഭവിച്ചു, അനുഭവിച്ചോണ്ടിരിക്കുന്നു. വേറൊന്നും വേണ്ട, ഒരു വീട് മതി. വീടെന്നു പറയാവുന്നൊന്നില്‍ ഞാനിതുവരെ കഴിഞ്ഞിട്ടില്ല. വലിച്ചു കെട്ടിയൊരു കൂര. സ്വരുക്കൂട്ടിവച്ചതൊക്കെ കൊണ്ട് തകരമേഞ്ഞൊരു കൂര ഇപ്പോഴുണ്ടാക്കിയിട്ടുണ്ട്. പക്ഷേ പേടിയാണ്… എത്രനാളിതു നില്‍ക്കുമെന്നറിയില്ല. എനിക്കാണെങ്കില്‍ വയ്യാ, കാഴ്ചയുമില്ല. ഈ മഴേത്തും കാറ്റത്തും ഇതുപൊളിഞ്ഞു വീണാല്‍ അകത്തു കിടന്നു ചാകത്തേയുള്ളൂ.. ദേവകിയുടെ വാക്കുകളില്‍ കണ്ണീര്‍ പടര്‍ന്നു.

ആകെയുള്ള മൂന്നു സെന്റ് ഭൂമിയുടെ പട്ടയവും ഇതിനിടയില്‍ ദേവകിയ്ക്ക് നഷ്ടമായി. ഒരു തകരപ്പെട്ടിയിലായിരുന്നു ഞാനത് സൂക്ഷിച്ചിരുന്നത്. എവിടെ പോയെന്നറിയില്ല, അതിപ്പോ ഇല്ല. ഒരടച്ചുറപ്പുമില്ലല്ലോ. എലിയോ പാറ്റയോ കരണ്ടു തീര്‍ത്തതാണോന്നുമറിയില്ല; ദേവകി മറ്റൊരു ദുഃഖം കൂടി പങ്കുവയ്ക്കുന്നു.

ലക്ഷം വീട് കോളനിയില്‍ കിട്ടിയ മൂന്നു സെന്റ് ഭൂമിയിലാണ് ഇപ്പോള്‍ ദേവകി താമസിക്കുന്നത്. ഇവിടെ താമസിക്കുന്നവരെല്ലാം തന്നെ പാവങ്ങളാണ്. പക്ഷെ ദേവകിയുടെ കാര്യത്തില്‍ അവര്‍ ഒറ്റയ്ക്കാണെന്നതാണ് പഞ്ചായത്ത് പ്രത്യേകമൊരു താത്പര്യമെടുക്കാന്‍ കാരണം. പട്ടയം ഏതുവിധേനയും തരപ്പെടുത്തിയെടുക്കാന്‍ പഞ്ചായത്തും പാര്‍ട്ടിയും ശ്രമിക്കുന്നുണ്ട്. അതു പ്രശ്‌നമാകില്ല. വീട് വയ്ക്കാനുള്ള ധനസഹായം നല്‍കാന്‍ തയ്യാറാണെങ്കിലും അതു പരിമിതമായ തുകയേ ആകുന്നുള്ളൂ. അതുകൊണ്ടാണ് പുറത്തു നിന്നുള്ള ആരുടെയെങ്കിലും ഏതെങ്കിലും സന്നദ്ധ സംഘടനകളുടെയോ സഹായം ഞങ്ങള്‍ അന്വേഷിക്കുന്നത്; വാര്‍ഡ് മെംബര്‍ ഷൈനി പറഞ്ഞു.

വലതു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ദേവകിക്ക്. ഏതു നിമിഷവും പൂര്‍ണ അന്ധതയിലേക്ക് വീണുപോയേക്കാവുന്ന അവസ്ഥയാണ്. ചികിത്സയെന്തെങ്കിലും സഹായം ചെയ്യുമോയെന്നറിയില്ല. അതിനെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടുപോലുമില്ല. ആഹാരം കഴിക്കാന്‍ പോലും ആരുടെയെങ്കിലുമൊക്കെ കനിവ് വേണ്ട, ഞാന്‍ കണ്ണോപ്പറേഷനൊക്കെ സ്വപ്‌നം കാണുന്നതെങ്ങനെയാണ്? ദേവകി സങ്കടമൊളിപ്പിച്ച ചിരിയോടെ ചോദിക്കുന്നു.

കാഴ്ചയില്ലാതായാല്‍ പിന്നെ ഞാനെന്തു ചെയ്യുമെന്നറിയില്ല. അതിനു മുമ്പ് എനിക്കൊരു വീടു കിട്ടുമോ? ദേവകിയുടെ ആകെയുള്ള ചോദ്യമിതാണ്. ഒരു നാട് ഈ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ അവരെക്കൊണ്ട് മാത്രം എല്ലാം ചെയ്യാന്‍ പറ്റില്ല. സഹായിക്കാന്‍ മറ്റാരെങ്കിലും കൂടി തയ്യാറാകണം. അതിനായി കാത്തിരിക്കുകയാണ് മണ്‍റോതുരുത്ത്….

 

ദേവകിക്ക് വീട് വയ്ക്കുന്നതിന് സഹായം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വാര്‍ഡ് മെംബര്‍ ഷൈനിയുമായി ബന്ധപ്പെടാം.  

Name: Shyni 
Ac. Number: 1024101112124
Branch: Manrothuruth
Bank: Canara Bank
Contact Number: 9847369812

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍