UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്കുവേണം തല ചായ്ക്കാന്‍ സ്വന്തമായൊരു ഇടമെന്ന ആവശ്യം മറന്നുള്ള മാനിഫെസ്റ്റോകള്‍

സി എസ് ചന്ദ്രിക
എഴുത്തുകാരി

ഇവിടെ എല്ലാവര്‍ക്കും വീടെന്നത് സ്വപ്‌നമായി അവശേഷിക്കുകയാണ്. മുഴുവന്‍ ആളുകള്‍ക്കും ഭൂമിയുണ്ടെങ്കിലെ ഈ സ്വപ്‌നത്തിനു പ്രസക്തിയുള്ളൂ. ആദിവാസി/ ദളിത് എന്നിവരുടെ ഭൂമിക്കുവേണ്ടിയുള്ള ആവശ്യം പരിഗണിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തല ചായ്ക്കാന്‍ സ്വന്തമായൊരു ഇടമെന്ന മനുഷ്യരുടെ അടിസ്ഥാനാവശ്യം മറന്നുള്ള മാനിഫെസ്റ്റോകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്നത്. തദ്ദേശീയരായ ആദിവാസികളുടെ മണ്ണിനുവേണ്ടിയുള്ള സമരം ഇപ്പോഴും തുടരുകയാണ്. ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ക്കു പകരം ലാഭം കൊയ്യുന്ന പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. സുസ്ഥിര ജീവിതസാഹചര്യം സൃഷ്ടിക്കാന്‍ ഉതകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്. ഒരു വിത്തിട്ട് പല വിത്തുകള്‍ വീണു മുളച്ച് കാടായി മാറുന്ന വികസനരൂപമാണ് ആവശ്യം. അങ്ങനെ ഒരു വലിയ തണല്‍ബോധം സമൂഹത്തിനുവേണം. ആദിവാസികള്‍, ദളിതര്‍, തീരദേശവാസികള്‍ തുടങ്ങി ദുര്‍ബലരായവരെയെല്ലാം ഉള്‍ക്കൊള്ളുന്ന പച്ചപ്പിന്റെ തണല്‍ സൃഷ്ടിക്കാനായിരിക്കണം അത്. കുടിവെള്ള സ്രോതസുകള്‍ വറ്റിച്ച് മാനംമുട്ടെ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നത് വിഡ്ഡിത്തരമെന്നു വിളിച്ചു പറയണം. ഭൂഗര്‍ഭജലം താഴോട്ടു പോകുകയാണ്. പരിസ്ഥിതിസൗഹാര്‍ദ്ദപരമായ കാഴ്ചപ്പാടിലൂടെ മാത്രമെ ഗുരുതര വിഷയങ്ങള്‍ക്കു പരിഹാരമുള്ളൂ.

ഭക്ഷണകാര്യം നോക്കൂ. നമ്മുടെ പ്രധാന ഭക്ഷണവിഭവമായ അരി ഉത്പാദിപ്പിക്കാതെ എന്തു കൃഷി വികസനമാണ് ഇവിടെ നടക്കുക? നമ്മളെങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കേണ്ടേ? പ്രകൃതിവിഭവ പരിപാലനത്തില്‍ നമ്മുടെ നിലപാട് എന്താണ്? ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളെ അപ്പാടെ തള്ളിക്കളഞ്ഞ് നമ്മള്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയാണ്. കൃഷിയെക്കുറിച്ച് വിടുവായിത്തം പറയുകയാണ്. എന്തൊരു വൈരുദ്ധ്യമാണിത്. ഭക്ഷ്യവിളകളെക്കുറിച്ച് നമുക്ക് ആവലാതികള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ വ്യത്യാസമില്ലാതെ കേവലം അഞ്ചുവര്‍ഷത്തെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. ജനസംഖയില്‍ പകുതിയിലേറെപ്പേരെ വിസ്മരിച്ചുള്ള കാഴ്ചപ്പാടിന് വികസനം എന്നാണോ പേര്?

സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനം എന്താണ്? സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രകടിപ്പിച്ച സ്ത്രീവിരുദ്ധത മനസിലാക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവിഭാഗങ്ങളോടും ഇതേ സമീപനമാണിവിടെ. അനാരോഗ്യമുള്ള സ്ത്രീകള്‍ യഥേഷ്ടമുള്ള സമൂഹത്തില്‍ ആരോഗ്യസുരക്ഷയെന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി എന്താണ്? പോഷകാഹാരസമൃദ്ധമായ ഭക്ഷണത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. നല്ല ഭക്ഷണം, ശുദ്ധമായ കുടിവെള്ളം ഇതെല്ലാം എല്ലാവര്‍ക്കും വേണം. ചികിത്സ അനുദിനം ചെലവേറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ക്കായി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിലല്ല കാര്യം. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. ചികിത്സ സ്വകാര്യമേഖലയെ ഏല്‍പ്പിച്ച് മാറിനില്‍ക്കുകയാണ് ഭരണകൂടങ്ങള്‍. ആരോഗ്യമില്ലാത്ത മനുഷ്യര്‍ അസന്തുലിത വീക്ഷണത്തിന്റെ ഇരകളാണ്.

ശംഭു
ആര്‍കിടെക്ചര്‍

കേരളത്തില്‍ താമസയോഗ്യമായ സര്‍വസൗകര്യങ്ങളോടും കൂടിയ 85,000 വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അടച്ചിട്ടിരിക്കുകയാണിവ. 3000 സ്ക്വയര്‍ ഫീറ്റില്‍ അധികം വരും ഭൂരിഭാഗം വീടുകളുടെയും വിസ്തീര്‍ണം. ലക്ഷണക്കിന് മനുഷ്യര്‍ തലചായ്ക്കാന്‍ ഒരിടമില്ലാതെ അലയുന്ന നാട്ടിലാണ് ഇതു സംഭവിക്കുന്നതെന്നോര്‍ക്കണം. സമ്പന്ന ഇടത്തരം കുടുംബങ്ങള്‍ അധിക സുഖലോലുപതയില്‍ അഭിരമിക്കുന്നതുകൊണ്ടാണ് ഈ സവിശേഷസാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഒന്നുരണ്ടിടങ്ങളിലെങ്കിലും കൂറ്റന്‍ വീടുകള്‍ വേണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. സ്റ്റാറ്റസ് സിംബല്‍ ആണ്. എപ്പോഴും പുതിയ വീടുകള്‍ വേണമെന്ന അഹന്ത നിറഞ്ഞ ബോധം. പച്ചപ്പു നിറഞ്ഞ വിശാലമായ പറമ്പില്‍ പണിയുന്ന വീടിന് ബാല്‍ക്കണി വേണമെന്ന് ആഗ്രഹിക്കുന്നതില്‍ സ്ത്രീകളുമുണ്ട്.

മറ്റൊരു കാര്യം ആലോചിക്കു. കേരളത്തിലെ പകുതിയോളംപേര്‍ നിലവിലുള്ള വീട് വേണ്ടെന്നു കരുതി പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതി. ഇത്രയും കോണ്‍ക്രീറ്റ് എവിടെ ഉപേക്ഷിക്കും? കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നാകുമിത്. കാട്ടാനയ്ക്ക് കാട്ടിലെ മരം പിഴുതെടുക്കാന്‍ കെല്‍പ്പുണ്ട്. ആനകളെല്ലാം ചേര്‍ന്ന് മരമൊന്നാകെ പിഴുതെടുത്താല്‍ പിന്നെ കാടെവിടെ? പ്രാദേശികമായി ലഭിക്കുന്ന മെറ്റീരിയല്‍സ് കൊണ്ട് വീടുകള്‍ നിര്‍മിക്കുന്ന രീതി തന്നെയാണ് സകലതിനും പ്രതിവിധി. അമിത കരിങ്കല്‍ ഖനനം പ്രകൃതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. പുഴകളിലെ മണല്‍ശേഖരം കുറഞ്ഞു. ഇവിടെ മണ്ണ് സുലഭമാണ്. മുളയും മണ്ണും ഉപയോഗിച്ച് പാര്‍പ്പിടം ഉണ്ടാക്കണം. പരമ്പരാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. പ്രകൃതിക്ക് അനുകൂലമായ നിര്‍മാണരീതിയാണ് അഭികാമ്യം. ഇതു നിയം മൂലം നിര്‍ബന്ധമാക്കണം. പ്രകൃതിയനുകൂല കാഴ്ചപ്പാടിലൂടെ ടെക്‌നോളജി വികസിപ്പിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

പിജിഎസ് സൂരജ്

പിജിഎസ് സൂരജ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍