UPDATES

സിനിമ

ഡോക്ക്യുമെന്‍ററി സംവിധാനം കുട്ടിക്കളിയല്ല ഈ പതിമൂന്നുകാരിക്ക്

Avatar

ഷെറിന്‍ തോമസ്‌

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ഒരു ഡോക്യുമെന്ററി ചെയ്യുക. ചെയ്ത ഡോക്യുമെന്ററികള്‍ക്കെല്ലാം അംഗീകാരങ്ങള്‍ വാരിക്കൂട്ടുക. സംവിധാനം തനിക്ക് കുട്ടികളിയല്ല എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ദേവു കൃഷണ എന്ന പതിമൂന്ന് വയസുകാരി.

ഇത്ര ചെറുപ്രായത്തിലേ എങ്ങനെ ഈ മേഖലയില്‍ വന്നു എന്ന ചോദ്യത്തിന് ഒരു കുസൃതി ചിരിയോടെ ദേവൂന്റെ മറുപടി ഇങ്ങനെ ആയിരുന്നു.’അപ്പ ധാരാളം ഷോര്‍ട്ട് ഫിലിമുകളും ഡോകുമെന്ററികളും ചെയ്തിട്ടുണ്ട്. അപ്പയുടെ മിക്ക ചിത്രങ്ങളുടെയും പ്രൊഡ്യൂസര്‍ ഞാനാണ്. നിര്‍മ്മാതാവായ എന്നെക്കാളും ശ്രദ്ധിക്കപ്പെടുക സംവിധായകനായ അപ്പയെയാണ്. ഞാനും ശ്രദ്ധിക്കപ്പെടണം എന്ന ഒരു ആഗ്രഹത്തിന്റെ പുറത്താണ് സംവിധാന രംഗത്തിലേക്ക് വരുന്നത്’.

അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്തു നാലാം ക്ലാസ്സുകാരിയായ ദേവു ചെയ്ത ഡോക്യുമെന്ററിയാണ് ‘ലൗവ് പ്ലാസ്റ്റിക്’. ചിത്രത്തിന്റെ പേരിന് വിപരീതമായി പ്ലാസ്റ്റികിന്റെ ദൂഷ്യഫലങ്ങളും അവ പുനരുപയോഗം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ ഡോകുമെന്ററിയില്‍ പ്രതിപാദിക്കുന്നു. ദേവുവിന്റെ ഈ ആദ്യസംരംഭത്തിന് കേരള സംസ്ഥാന വിദ്യാഭ്യാസ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായിക, മികവുറ്റ അവതരണം, മികച്ച രണ്ടാമത്തെ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ആദ്യ ചിത്രത്തിന് സംസ്ഥാനതലത്തില്‍ തന്നെ ലഭിച്ച അംഗീകാരങ്ങള്‍ ദേവൂന് ഈ മേഖലയില്‍ വീണ്ടും തന്റെ പ്രതിഭ തെളിയിക്കാന്‍ പ്രചോദനമായി. ഏകദേശം രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാമത്തെ ഡോക്യുമെന്ററി സംവിധാനം ചെയ്തുകൊണ്ട് ഈ കൊച്ചുമിടുക്കി സംവിധാന രംഗത്ത് കാലുറപ്പിച്ചു. ടിവിയില്‍ കണ്ട ഒരു വാര്‍ത്തയാണ് ദേവൂ തന്റെ അടുത്ത ഡോക്യുമെന്ററിക്ക് പ്രമേയമാക്കിയത്. ‘ഭക്ഷ്യയോഗ്യമല്ല എന്ന് പറഞ്ഞു നെല്ല് കൂട്ടിയിട്ടിരിക്കുന്ന വാര്‍ത്തയായിരുന്നു അത്. ആ ദൃശ്യം എന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു. ‘നെല്ലിന്റെ കഥ’ എന്ന ആ ഡോക്യുമെന്റ്‌റിയുടെ കാതല്‍ നെല്‍ കൃഷിയും കുട്ടനാട്ടിലെ നെല്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകളുമാണ്. ഈ ചിത്രവും പല ചലച്ചിത്രോല്‍സവങ്ങളിലും പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഏഴാം ക്ലാസ്സുകാരിയായ ദേവു തന്റെ മൂന്നാമത്തെ ഡോക്യുമെന്ററിയും ദേശീയ തലത്തില്‍ പ്രദശിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്. ഈ മാസം ആദ്യ വാരത്തില്‍ നടന്ന ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവത്തില്‍ 12 ആം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക ചിത്രമായിരുന്നു ദേവു ഒരുക്കിയ ‘മടങ്ങാം പ്രകൃതിയിലേക്ക്’. വിഗ്യാന്‍ പ്രസാര്‍ വഴിയാണ് ഈ ചിത്രം ഫെസ്റ്റിവലില്‍ പോയത്. ‘രണ്ടാമത്തെ ഡോകുമെന്ററി കഴിഞ്ഞപ്പോള്‍ ഒരു പ്രമേയത്തിനു വേണ്ടി കാക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ സമൂഹം നേരിടുന്ന ഒരു വല്യ പ്രശ്‌നം വിപണിയില്‍ വന്നുനിറയുന്ന വിഷം നിറഞ്ഞ പച്ചക്കറികള്‍ ആണെന്ന തിരിച്ചറിവും 2014 കുടുംബകൃഷിയുടെ വര്‍ഷം ആയിരുന്നതിനാലമാണ് ഈ പ്രമേയം തിരഞ്ഞെടുക്കാന്‍ കാരണം. കുടുംബ കൃഷിയെ പറ്റി പറയുന്ന ഈ ഡോക്യുമെന്ററിക്ക് വേണ്ടി വെള്ളായിനിലെ ഒരു അമ്മൂമ്മയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു . ആ അമ്മൂമ്മ കൃഷി ചെയ്യുന്നത് പാറപ്പുറത്താണ്! വല്ലാത്തൊരു അനുഭവമായിരുന്നു അത്’- ദേവു പറയുന്നു.

ഒരു പ്രമേയം കണ്ടെത്തിക്കഴിഞ്ഞാല്‍ ദേവു ആദ്യം അതുമായി ബന്ധപ്പെട്ട വിഷ്വല്‍സ് തയ്യാറാക്കും .ഈ വിഷ്വല്‍സിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്രിപ്റ്റ് വികസിപ്പികുന്നത്. ഇതുവരെ ചെയ്ത ഡോക്യുമെന്ററികളുടെയെല്ലാം അവതരണം ദേവു തന്നെയാണ് നിര്‍വഹിച്ചത്. 

ദേവു കൃഷ്ണയുടെ പ്രയത്‌നങ്ങള്‍ക്കു പൂര്‍ണ പിന്തുണയുമായി അദ്ധ്യാപകനായ അച്ഛന്‍ സ്വാമിനാഥനും സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മ സീനയും എപ്പോഴും കൂടെയുണ്ട്. ‘അപ്പയും അമ്മയും ഭയങ്കര പിന്തുണയാണ്. അപ്പ ഈ മേഖലയില്‍ തന്നെ വര്‍ക്ക് ചെയ്യുന്നൊരാളായത് എനിക്ക് കൂടുതല്‍ സഹായകരമായി.(ദേവുവിന്റെ പിതാവ് സ്വാമിനാഥന്‍ ഡോക്യുമെന്ററി രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. കുട്ടികളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി നിര്‍മാണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പുരസകാരങ്ങള്‍ നേടിയിടുണ്ട്). എന്റെ ചിത്രങ്ങള്‍ ഓരോ ഫെസ്റ്റിവലിനും അയച്ചു കൊടുക്കുന്നത് അപ്പയാണ്. ഷൂട്ടിംഗിന് രണ്ടു പേരും എന്റെ കൂടെ വരും. ‘

‘എന്റെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്ന്, ആദ്യ ഡോക്യുമെന്ററിക്ക് വിദ്യാഭാസ വകുപ്പിന്റെ അവാര്‍ഡ് കിട്ടിയപ്പോള്‍ ഉണ്ടായ അമ്മയുടെ സന്തോഷമാണ്. അതിനു മുമ്പ് ഞാന്‍ അമ്മയെ ഒരിക്കലും ഇത്ര സന്തോഷവതിയായി കണ്ടിട്ടില്ല. അമ്മയാണ് എന്റെ ഡോക്യുമെന്ററികളുടെ നിര്‍മാതാവ്’. ദേവു കൂട്ടിച്ചേര്‍ത്തു.

തീരെ ചെറിയ പ്രായത്തില്‍ തന്നെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ദേവു കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അത് ഡോക്യുമെന്ററികളിലൂടെ സമൂഹത്തെ ബോധവത്കരിക്കുന്നതിനായി ദേവു കൃഷ്ണ നടത്തുന്ന ശ്രമം പ്രശംസനാര്‍ഹമാണ്. തന്റെ അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ബോധവല്‍കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. 

‘ഞാന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. പ്രകൃതിയെ നശിപ്പിക്കുന്നത് എനിക്ക് സഹിക്കില്ല’. അതുകൊണ്ടാണ് എന്റെ ഡോക്യുമെന്ററികള്‍ എന്നും പാരിസ്ഥിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നത്’.

സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന ഈ ഏഴാം ക്ലാസുകാരി ഈ രംഗത്ത് കൂടുതല്‍ സംഭാവനങ്ങള്‍ നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ്. മരണ ശേഷം ശരീരം നശിപ്പിച്ചു കളയുന്നതിന് പകരം അവയവ ദാനം ചെയുകയോ ഹോസ്പിറ്റലുകള്‍ക്കു വിട്ടുകൊടുകയോ ചെയുന്നതിനെ പറ്റി ഒരു ഹൃസ്വ ചിത്രം എടുക്കാനുള്ള പണിപ്പുരയില്‍ ആണ് ഇപ്പോള്‍ ദേവു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവു കൃഷ്ണ. 

(അഴിമുഖം പ്രതിനിധിയാണ് ഷെറിന്‍ തോമസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍