UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോക്ടറാവാന്‍ പോകുന്ന ഡി ജി പി ടി പി സെന്‍കുമാറില്‍ നമുക്ക് പ്രതീക്ഷയുണ്ട്

Avatar

അഴിമുഖം പ്രതിനിധി

സംസ്ഥാന പോലീസ് തലവന്‍ ടി പി സെന്‍കുമാര്‍  താമസിയാതെ ഡോക്ടറാവും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ച ഗവേഷണത്തില്‍ സെന്‍കുമാറിന് പി.എച്ച്.ഡി ലഭിക്കാന്‍ പോവുകയാണ്. ‘റോഡ്‌ ആക്സിഡന്റ്സ് ഇന്‍ കേരള-സോഷ്യല്‍, ഇക്കണോമിക്സ് കണ്‍സേണ്‍’ എന്ന വിഷയത്തില്‍ ഇന്നലെ (ഒക്ടോബര്‍ 30)യാണ് അദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ നടന്ന ഓപ്പണ്‍ ഡിഫന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചത്. വിഷയത്തിലും അതിലെ കണ്ടെത്തലുകളിലും സംതൃപ്തി പ്രകടിപ്പിച്ച പ്രൊഫസര്‍ ഇ എന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സമിതി പി.എച്ച്.ഡി നല്‍കുന്നതിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു.

ഐഎഎസ്സുകാരും ഐപിഎസ്സുകാരും പിഎച്ച്ഡി നേടുന്നത് പുതിയ കാര്യമല്ല. എന്നാല്‍ സംസ്ഥാന പോലീസ് തലവന്‍ ടിപി സെന്‍കുമാറിന്റെ പിഎച്ച്ഡി അതില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒന്നാണ്.

ഡിജിപിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ക്കു തന്നെ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.എന്നാല്‍ അതിനു ബലമേകിയത് വര്‍ഷങ്ങളായി നടത്തികൊണ്ടിരിക്കുന്ന ഗവേഷണമാണ് എന്നത് ജനമറിയുന്നത്‌ ഇപ്പോഴാണ്.

സാധാരണ ഗതിയില്‍ എല്ലാവരും ചെയ്യാറുള്ളതുപോലെ ചാര്‍ജ്ജ് എടുത്തതിനു ശേഷമല്ല റോഡ്‌ അപകടങ്ങളെക്കുറിച്ചും അവിടെ പൊലിയുന്ന ജീവനുകളെക്കുറിച്ചും പഠിക്കാന്‍ ആരംഭിച്ചത് എന്നുള്ളത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.  2006ല്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹം റോഡ്‌ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ ആരംഭിക്കുന്നത്. പിന്നീട് ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ ആയപ്പോഴും, ഇന്റലിജന്‍സ് , ജയില്‍ വിഭാഗങ്ങളില്‍ എത്തിയപ്പോഴും ഈ ഗവേഷണം തടസ്സമില്ലാതെ തന്നെ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി.

വാഹനാപകടങ്ങള്‍ തടയാനായി അദ്ദേഹം ആവിഷ്കരിച്ച ബോധവത്കരണ പരിപാടികള്‍ മുന്‍പുണ്ടായിരുന്നവയില്‍ നിന്നും ഏറെ ഫലപ്രദമായിരുന്നു. ജനങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ ബോധവത്കരണ പദ്ധതികള്‍.  50 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന വാഹനത്തില്‍ നിന്നും വീഴുമ്പോഴുണ്ടാവുന്ന ആഘാതം മൂന്നുനില കെട്ടിടത്തില്‍ നിന്നും വീഴുന്നതിനു സമാനമാണ് എന്നത് പോലെയുള്ള കാമ്പയിനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2015 മേയ് 31ന് സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ചാര്‍ജ്ജ് എടുക്കുന്നതിനു മുന്‍പ്  തിരുവനന്തപുരം വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം വരെയുള്ള 650 മീറ്റര്‍ റോഡ്‌ യാത്രക്കാരെ ഏറെ കുഴപ്പിച്ചിരുന്ന ഒന്നായിരുന്നു. വെള്ളയമ്പലം കഴിഞ്ഞാല്‍ പിന്നെ ശാസ്തമംഗലം വരെ ഒരു സിഗ്നല്‍ പോലുമില്ല. വേനല്‍മഴപോലെ വല്ലപ്പോഴും ട്രാഫിക് പോലീസുകാരെ കണ്ടാലായി. പലയിടങ്ങളിലായി ഉള്ള ഡിവൈഡറുകള്‍ക്കിടയിലൂടെ സിഗ്നല്‍ പോലും ഇടാതെ യു ടേണ്‍, തോന്നിയതു പോലെയുള്ള പാര്‍ക്കിംഗ്, ട്രാഫിക് ബ്ലോക്കുകള്‍, അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍, ഇടയ്ക്കിടെയുള്ള അപകടങ്ങള്‍ എന്നുവേണ്ട ആകെ ദുരിതമയം.  

എന്നാല്‍ ഇന്നീ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ ഒരു തവണയെങ്കിലും ഡിജിപിയ്ക്കു നന്ദി പറയും. കാരണം അത്രത്തോളം മാറ്റങ്ങളാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ടിപി സെന്‍കുമാര്‍ ഇവിടെ നടപ്പിലാക്കിയത്. പാതയുടെ ഇരു വശങ്ങളിലുമായി ടൂവീലര്‍. ഫോര്‍ വീലര്‍ എന്നിവയ്ക്ക് പ്രത്യേക പാര്‍ക്കിംഗ്. 650 മീറ്റര്‍ ഉള്ള റോഡില്‍ പല യിടങ്ങളിലായി ട്രാഫിക് പോലീസിന്റെ സേവനം, പാര്‍ക്കിംഗ് തെറ്റിക്കുന്നവര്‍ക്ക് ഉടന്‍ പിഴ ഈടാക്കലും മറ്റു നടപടികളും. പ്രഖ്യാപനങ്ങള്‍ക്ക് ശേഷം മാത്രം നടപടികള്‍ ആരംഭിക്കാറുള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെയും കാര്യങ്ങള്‍ നടപ്പിലാക്കാം എന്ന് ഡിജിപി തെളിയിച്ചു. ഇന്ന് ഈ വെള്ളയമ്പലം –ശാസ്തമംഗലം റോഡ്‌ മാതൃകാറോഡാണ്. ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ നടപ്പിലാക്കാന്‍ പറ്റാത്തതായി ഒന്നുമില്ല എന്നുള്ളതിന്റെ തെളിവാണ് ഇത്. 

പല പ്രബന്ധങ്ങളും സര്‍വ്വകലാശാല ലൈബ്രറികളിലും മറ്റും പൊടിപിടിച്ചും ചിതല്‍ തിന്നും ഇരിക്കാറാണ് പതിവ്. ഗവേഷകന് ഡോക്ടറേറ്റ് കിട്ടും എന്നതൊഴിച്ചാല്‍ ഇതുകൊണ്ട് സമൂഹത്തിനു വലിയ പ്രയോജനമൊന്നും കിട്ടാറില്ല. എന്നാല്‍ ടിപി സെന്‍കുമാര്‍ തന്റെ ഗവേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധം അതില്‍പ്പെടില്ല എന്നു നമുക്കുറപ്പിക്കാം.  തലസ്ഥാനത്തു നടപ്പിലായ പദ്ധതി മറ്റിടങ്ങളില്‍ കൂടി വ്യാപിപ്പിക്കുകയാണെങ്കില്‍  ഒരു പക്ഷേ കേരളത്തിലാകമാനമുള്ള റോഡുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണത്തില്‍ കുറവു വരുത്താന്‍ അതു കാരണമായേക്കും.

പോലീസ് ജനസൌഹൃദമാകണമെങ്കില്‍ അതിനു ഭാവനാ സമ്പന്നരായ, ചിന്തിക്കുന്ന നേതൃത്വം വേണം. ഡി ജി പി ടി പി സെന്‍കുമാറില്‍ അത്തരമൊരു നേതാവിനെ നമുക്ക് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍