UPDATES

ദാരാഹാരാ; ശവപ്പറമ്പായി മാറിയ പൈതൃകസ്മാരകം

അഴിമുഖം പ്രതിനിധി

ഭൂകമ്പം തച്ചുടച്ചത് 183 വര്‍ഷം പഴക്കമുള്ള ചരിത്രസ്മാരകം. 1834ലെ ഭൂകമ്പം മുതല്‍ 2011ലെ കൊടും ഭൂകമ്പത്തെ വരെ അതിജീവിച്ച ഈ പൈതൃകസ്മാരകം ഇന്ന് നാമാവശേഷമായിരിക്കുന്നു. ഇന്നലെയുണ്ടായ ഭൂകമ്പം നേപ്പാള്‍  ജനതയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ദാരാഹാരാ ഗോപുരത്തെ തകര്‍ത്തു തരിപ്പണമാക്കി. ഇന്ന് കേവലം 10 മീറ്റര്‍ പൊക്കമുള്ള ഒരു കുറ്റി മാത്രമാണ് ഈ ഗോപുരം.

1832ല്‍ അന്നത്തെ പ്രധാന മന്ത്രി ഭീംസെന്‍ ഥാപ്പ പണികഴിപ്പിച്ച രണ്ടാമത്തെ ഗോപുരമാണിത്. 1824ല്‍ നിര്‍മ്മിച്ച പതിനൊന്നു നിലകള്‍ ഉണ്ടായിരുന്ന ഭീംസെന്‍ സ്തൂപം എന്നറിയപ്പെട്ടിരുന്ന ആദ്യ ഗോപുരം 1934ലെ ഭൂകമ്പത്തില്‍ നിലംപൊത്തുകയായിരുന്നു. ഭീംസെന്‍ ഥാപ്പയുടെ അനന്തിരവളായ രാജ്ഞി ലളിത് ത്രിപുര സുന്ദരിയുടെ നാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോപുരം പിന്നീട് ഭീംസെന്‍ സ്തൂപം എന്നും ദാരാഹാരാ സ്തൂപം എന്നും അറിയപ്പെടുകയായിരുന്നു. മുഗള്‍ പാശ്ചാത്യ നിര്‍മാണ വിദ്യ കലര്‍ത്തി നിര്‍മ്മിച്ച ഈ ഗോപുരം യുനെസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

ആദ്യ കാലങ്ങളില്‍ സൈനിക ആവശ്യങ്ങള്‍ക്കായി മാത്രമായിരുന്നു ഈ ഗോപുരം ഉപയോഗിച്ചിരുന്നത്.ഒരു കാവല്‍ ഗോപുരമായി ഉപയോഗിച്ചിരുന്ന ഈ ഗോപുരത്തില്‍ നിന്നും അടിയന്തിര  ഘട്ടങ്ങളില്‍  കാഹളം മുഴക്കുകയും സൈന്യത്തെ അറിയിക്കുകയും ചെയ്തിരുന്നു. 2005ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്ത ഈ ഗോപുരം നേപ്പാളിന്റെ തന്നെ തിലകക്കുറിയായി നിലകൊണ്ടിരുന്നു. ഒന്‍പതു നിലയുള്ള ഈ ഈ മനോഹര സ്തൂപത്തിന്റെ എട്ടാം നിലയില്‍ ഉള്ള വൃത്താകൃതിയിലുള്ള ബാല്‍ക്കണി  സന്ദര്‍ശകള്‍ക്ക് കാഠ്മണ്ഡു താഴ്വരയുടെ അനുപമ ഭംഗി നുകരാന്‍ അവസരമൊരുക്കിയിരുന്നു.

ഇന്ന് സ്തൂപം നിന്നിരുന്ന സ്ഥലത്തുനിന്നും രക്ഷാ പ്രവര്‍ത്തകര്‍ കുഴിച്ചെടുക്കുന്നത് ചരിത്രമല്ല മരണപ്പെട്ട ആള്‍ക്കാരുടെ ശവശരീരങ്ങളാണ്.ദാരാഹാരായോടൊപ്പം നിലംപൊത്തിയത് 150ലേറെ ജീവനുകളും കൂടിയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍