UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ധ്യാന്‍ ചന്ദിന്റെയും മൈക്കിള്‍ ജാക്‌സന്റെയും ജന്മദിനം

Avatar

1904ആഗസ്ത് 29
ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനം

ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരം ധ്യാന്‍ ചന്ദ് 1904 ആഗസ്ത് 29 ന് അലഹബാദില്‍ ജനിച്ചു. അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന സമയം കൂടിയാണിപ്പോള്‍.

ഫുട്‌ബോളില്‍ പെലെ, മറോഡണ എന്നിവര്‍ക്ക് എന്തു സ്ഥാനമാണോ അതാണ് ഹോക്കിയില്‍ ധ്യാന്‍ ചന്ദിനുള്ളത്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തില്‍, മൂന്ന് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങളുള്‍പ്പെടെ തിളക്കേമേറിയൊരദ്ധ്യായം രചിക്കാന്‍ തന്റെ പ്രതാപകാലത്ത് ധ്യാന്‍ ചന്ദിന് സാധിച്ചിരുന്നു. മറ്റൊരു ഹോക്കി ഇതിഹാസമായ രൂം സിംഗ് ഇദ്ദേഹത്തിന്റെ സഹോദരനാണ്.

സൈന്യത്തില്‍ ചേര്‍ന്നതിനുശേഷം തന്റെ പതിനാറാം വയസ്സു മുതലാണ് ധ്യാന്‍ ചന്ദ് ഹോക്കി കളിച്ചു തുടങ്ങുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനം തൊട്ടാണ് ചന്ദ് അരാധകഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നത്. ന്യൂസിലാന്‍ഡില്‍ ഇന്ത്യ പതിനെട്ട് വിജയങ്ങളും ഒരു തോല്‍വിയും രണ്ട് സമനിലയും നേടി. ഒളിംപിക്‌സില്‍ ചന്ദിന്റെ ആദ്യമത്സരം 1928 ല്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ ആറു ഗോളുകള്‍ നേടിയപ്പോള്‍ അതില്‍ മൂന്ന് എണ്ണം ധ്യാന്‍ ചന്ദിന്റെ സ്റ്റിക്കില്‍ നിന്നായിരുന്നു പിറന്നത്. ചന്ദിന്റെ ജനപ്രിയത അവിടെ നിന്ന് ഉയരുകയായിരുന്നു. ഹോക്കിയിലെ മാന്ത്രികന്‍ എന്ന വിശേഷണത്തിലേക്ക് ചന്ദ് ഉയര്‍ത്തപ്പെട്ടു. 1932ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ റെക്കോര്‍ഡിട്ടു. യു എസ്സിനെതിരെ അന്ന് അടിച്ചുകൂട്ടിയത് 35 ഗോളുകളാണ്. അതില്‍ 25 ഉം അടിച്ചെടുത്തത് ധ്യാന്‍ ചന്ദും സഹോദരന്‍ രൂം സിംഗും ചേര്‍ന്ന്. താനൊരു ഗോളടി യന്ത്രമാണെന്ന് ഓരോ കളികഴിയുമ്പോഴും ചന്ദ് തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

1979 ഡിസംബര്‍ 3 ന് ലിവര്‍ ക്യാന്‍സര്‍ ബാധിച്ച് ധ്യാന്‍ ചന്ദ് മരണത്തിന് കീഴടങ്ങി. ധ്യാന്‍ ചന്ദിന്റെ മരണശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നാഷണല്‍ സ്‌റ്റേഡിയം മേജര്‍ ധ്യാന്‍ചന്ദ് സ്‌റ്റേഡിയം എന്ന് പുനഃര്‍നാമകരണം ചെയ്തു. ലണ്ടനിലെ ഇന്ത്യാ ജിംഖാനയിലെ ആസ്‌ട്രോ-ടര്‍ഫ് ഹോക്കി ടര്‍ഫിനും ധ്യാന്‍ ചന്ദിന്റെ നാമം കൊടുത്തിട്ടുണ്ട്. ധ്യാന്‍ ചന്ദിന്റെ മാന്ത്രികതയില്‍ ലോകം സ്തബ്ധമായി നിന്ന 1936 ലെ ബര്‍ലിന്‍ ഒളിംപിക്‌സില്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഒരു വാഗ്ദനാവുമായി സാക്ഷാല്‍ ഹിറ്റ്‌ലര്‍ എത്തി; ജര്‍മന്‍ പൗരത്വമായിരുന്നു ഹിറ്റ്‌ലറുടെ വാഗ്ദാനം.

1958 ആഗസ്ത് 29 
പോപ് സ്റ്റാര്‍ മൈക്കിള്‍ ജാക്‌സന്റെ ജന്മദിനം

ആരാധകരെ ഉന്മാദചിത്തരാക്കി തന്റെ സംഗീതത്തിന്റെ അടിമകളാക്കിയഎക്കാലത്തെയും മികച്ച പെര്‍ഫോമര്‍. ഇരുപതാം നൂറ്റാണ്ടിന്റെ സംഗീതലോകത്ത് വീശിയടിച്ച പോപ്പ് സൂപ്പര്‍ സ്റ്റാര്‍ മൈക്കിള്‍ ജാക്‌സണ്‍ 1958 ല്‍ ഇന്‍ഡ്യാനയിലെ ഗ്രേയിലാണ് ജനിച്ചത്. ജാക്‌സണ്‍ കുട്ടിയായിരിക്കുമ്പോഴെ അദ്ദേഹത്തിന്റെ നാല് സഹോദരങ്ങള്‍ ചേര്‍ന്ന് ഒരു പോപ് മ്യൂസിക് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.1969 ല്‍ ഇറങ്ങിയ ‘ഐ വാണ്ട് യു ബാക്’ ആയിരുന്നു ജാക്‌സണ്‍ ആദ്യമായി പാടിയ ആല്‍ബം. പതിനൊന്നാം വയസ്സില്‍ മൈക്കിള്‍ ടെലിവിഷനല്‍ പ്രത്യക്ഷപ്പെട്ടു. പതിനാലാം വായസ്സില്‍ അദ്ദേഹം തന്റെ ആദ്യ സോളോ പുറത്തിറക്കി. ഈ സമയം മൈക്കിളിന്റെ സഹോദരി ജാനെറ്റ് ജാക്‌സണ്‍ ടെലിവിഷന്‍ താരം എന്ന നിലയില്‍ പ്രശസ്തയായിരുന്നു.

മൈക്കിള്‍ ജാക്‌സന്റെ ബാഡ്(1987), ത്രില്ലര്‍(1983) എന്നീ അല്‍ബങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു. പ്രശസ്തി കുതിച്ചുയരുമ്പോഴും മൈക്കിളിന്റെ ഏകാകി സ്വഭാവം സംഗീതലോകത്തെ അദ്ദേഹത്തിലേക്ക് കുടുതല്‍ ആകര്‍ഷിച്ചു. 2700 ഏക്കര്‍ വരുന്ന മേച്ചില്‍ പ്രദേശമായ നെവര്‍ലാന്‍ഡില്‍ ആയിരുന്നു മൈക്കളിന്റെ വാസം.


ആരോപണങ്ങളും മൈക്കിളിനെതിരെ ഉയരുന്നുണ്ടായിരുന്നു. മുഖത്തിന്റെയും മൂക്കിന്റെയും രൂപം മാറ്റിയതും രാസ ചികിത്സയിലൂടെ അദ്ദേഹത്തിന്റെ കറുത്തതൊലി വെളിപ്പിച്ചതും മൈക്കിളിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളാണ്. 1993 ല്‍ അദ്ദേഹത്തിനെതിരെ ബാലപീഢനം ഉയര്‍ന്നു. 1994 മൈക്കിള്‍ ലിസ മരിയ പ്രെസ്‌ലിയെ വിവാഹം കഴിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് ഡെബോറ റോവെയ വിവാഹം കഴിച്ചു. രണ്ട് മക്കളാണ് മൈക്കിളിന്; പ്രിന്‍സും പാരിസും. 1999 ല്‍ ഡെബോറയില്‍ നിന്നും അദ്ദേഹം വിവാഹ മോചിതനായി. 2009 ജൂണ്‍ 25 ന് കലിഫോര്‍ണിയായിലെ ലോസ് ഏഞ്ചല്‍സില്‍ വച്ച് മൈക്കിള്‍ ജാക്‌സണ്‍ വിടപറഞ്ഞു. അമിതമായ മയക്കുമരുന്ന് ഉപയോഗം അദ്ദേഹത്തിന്റെ മരണകാരണമായതായി സംശയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍