UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കൂട്ടും

പ്രമേഹം ഉണ്ടെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വരാനുള്ള സാധ്യത പുരുഷന്മാരില്‍ ഇരട്ടിയും സ്ത്രീകളില്‍ നാലിരട്ടിയും ആണെന്ന് മാരിക് ബില്‍കന്‍

ജീവിത ശൈലീ രോഗങ്ങളായ ഹൃദ്രോഗവും പ്രമേഹവും സ്ത്രീകളെ സാധാരണയായി ബാധിക്കാറില്ല; കുറഞ്ഞത് ആര്‍ത്തവ വിരാമം വരെയെങ്കിലും. എന്നാല്‍ പ്രമേഹം ഉണ്ടെങ്കില്‍ സ്ഥിതി മറിച്ചാകും. പറയുന്നത് നാഷണല്‍ ഹാര്‍ട്ട് ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിട്യൂട്ടിലെ വാസ്‌കുലാര്‍ ബയോളജി ആന്‍ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ വിഭാഗത്തിലെ ക്രിസ്റ്റീന്‍ മാരിക് ബില്‍കന്‍ ആണ്.

ഏത് പ്രായക്കാരിലും പ്രമേഹം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ചും സ്ത്രീകളില്‍ പുരുഷന്‍മാരേക്കാള്‍ ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത ഇരട്ടിയാണ്. ശരീരത്തിന് ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉല്പാദിപ്പിക്കാനാകാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. കാല ക്രമേണ ഇത് രക്തക്കുഴലുകളെയും നാഡികളെയും തകരാറിലാക്കുകയും പ്രമേഹ രോഗികളില്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

നിയന്ത്രണ വിധേയം അല്ലാത്ത പ്രമേഹം, കാഴ്ച നഷ്ടപ്പെടാനും വൃക്ക തകരാറിനും കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥക്കും കാരണമാകും. പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത പ്രമേഹ രോഗികളില്‍ നാലിരട്ടി ആണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക് പറയുന്നു. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ പറയുന്നത് പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് രണ്ടാമത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാനുള്ള സാധ്യത നാലിരട്ടിയും ആണെന്നാണ്.

പ്രമേഹം ഉണ്ടെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വരാനുള്ള സാധ്യത പുരുഷന്മാരില്‍ ഇരട്ടിയും സ്ത്രീകളില്‍ നാലിരട്ടിയും ആണെന്ന് മാരിക് ബില്‍കന്‍ പറയുന്നു. ആര്‍ത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളില്‍ ഹൃദ്രോഗം വരാതിരിക്കാനുള്ള ഒരു സംരക്ഷണ ഘടകം ഉണ്ട്. പ്രമേഹം ഈ ഘടകത്തെ ഇല്ലാതാക്കുന്നു. ഈസ്ട്രജന്‍ ഹോര്‌മോണുമായി ബന്ധപ്പെട്ടതാണത്. പുരുഷന്‍മാരെപ്പോലെ ചെറുപ്പ കാലത്ത് സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകുന്നില്ല. എന്നാല്‍ ഒരിക്കല്‍ പ്രമേഹ രോഗം ബാധിച്ചാല്‍ ഈ സംരക്ഷിത ഘടകം നഷ്ടപ്പെടുന്നു.

2011-ല്‍ മാരിക് ബില്‍കന്‍, ആര്‍ത്തവ വിരാമം സംഭവിക്കാത്ത ഫിന്‍ലന്‍ഡുകാരായ ഒരു ചെറിയ സംഘം സ്ത്രീകളെ പഠന വിധേയരാക്കി. ഇവര്‍ ടൈപ്പ് 1 പ്രമേഹം ബാധിച്ചവര്‍ ആയിരുന്നു. ഇവരുടെ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് ആവശ്യമായതിലും കുറവ് ആണെന്ന് കണ്ടു. ഈസ്ട്രജന്‍ നില കുറഞ്ഞത് കൊണ്ടാണോ അവര്‍ക്ക് പ്രമേഹം വന്നത് എന്നറിയില്ല. ഈസ്ട്രജന്‍ ആണ് സംരക്ഷണം നല്‍കുന്നത് എന്ന് കരുതിയാല്‍ പ്രമേഹ രോഗികളായ, ഹൃദ്രോഗ സാധ്യത കൂടുതലുള്ള പുരുഷന്മാരില്‍ ഈസ്ട്രജന്റെ അളവ് കൂടുതലും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറവും ആണ്. സ്ത്രീകളില്‍ ഇതിന് വിപരീതവും ആണ്.

ഈസ്ട്രജന്റെ കൂടിയ അളവ് പുരുഷന്മാരെ സംരക്ഷിക്കുന്നില്ല. പ്രമേഹം ഉള്ള സ്ത്രീകളില്‍ പ്രമേഹം ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടെ സ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലാണ്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 1 പ്രമേഹം ബാധിച്ചവരില്‍ ഹൃദ്രോഗം മൂലമുള്ള മരണത്തിനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്ന് താന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതായി ബില്‍കന്‍ പറയുന്നു. പ്രമേഹ രോഗികളായ സ്ത്രീകള്‍ ഹൃദ്രോഗ സാധ്യതയുടെ അപകടത്തെപ്പറ്റി മനസിലാക്കിയിരിക്കണമെന്നും അതേപ്പറ്റി ബോധവതികള്‍ ആയിരിക്കണം എന്നും ബില്‍കന്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍