UPDATES

‘ഞങ്ങള്‍ മുസ്ലിങ്ങളെ ജോലിക്ക് എടുക്കില്ല’; മതേതര ഇന്ത്യയില്‍ ഒരു യുവാവിന് കിട്ടിയ മറുപടി

അഴിമുഖം പ്രതിനിധി

ഞെട്ടിപ്പിക്കുന്നൊരു മതപരമായ വിവേചനത്തിലൂടെ, മുംബൈയിലെ പ്രമുഖമായ ഒരു വജ്ര കയറ്റുമതി കമ്പനി ഒരു യുവാവിന്റെ ജോലിക്കായുള്ള അപേക്ഷ അയാളൊരു മുസ്ലിം ആണെന്നതുകൊണ്ടു മാത്രം നിരസിക്കുകയുണ്ടായി.

‘അപേക്ഷ അയച്ചതിന് നന്ദി. ഞങ്ങള്‍ മുസ്ലിങ്ങള്‍ അല്ലാത്ത അപേക്ഷകരെ മാത്രമേ ജോലിക്കായി എടുക്കൂ എന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഖേദമുണ്ട്’. ഇതായിരുന്നു എംബിഎ ബിരുദധാരിയായ സെഷാന്‍ അലി ഖാന് കിട്ടിയ മറുപടി.

അന്തര്‍ദേശീയ വ്യവസായം എന്ന വിഷയത്തില്‍ എംബിഎ പൂര്‍ത്തിയാക്കിയതിനു ശേഷം മിസ്റ്റര്‍ ഖാന്‍ പ്രമുഖ കയറ്റുമതി സ്ഥാപനത്തില്‍ ഒരു ജോലി തേടിക്കൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച തന്റെ റെസ്യുമെ അയാള്‍ ഹരേ കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനും അയക്കുകയുണ്ടായി. ലോക വ്യാപകമായി സാന്നിധ്യമറിയിച്ചിട്ടുള്ള ഈ വജ്രവ്യാപാര ശൃംഖലയുടെ ആസ്ഥാനം മുബൈയിലാണ്.

‘ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഞാനും എന്റെ റെസ്യുമെ കമ്പനിക്കയച്ചു കൊടുത്തു. ഏകദേശം പകുതിയോളം പേരെ ഉടനെ തന്നെ ജോലിക്കെടുക്കുകയും ചെയ്തു. അപേക്ഷ അയച്ച് ഇരുപതു മിനിട്ടിനുള്ളില്‍ എനിക്ക് മറുപടി കിട്ടി. വായിച്ചപ്പോള്‍ ഞാന്‍ സ്തബ്ദനായിപ്പോയി’ ഖാന്‍ ദി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു.

‘തുടക്കത്തില്‍ ഞാന്‍ കരുതിയത് അതൊരു തമാശയായാണ്. എന്റെ അപേക്ഷ തള്ളിക്കളയാന്‍ അവര്‍ക്ക് വേറെ ഒഴിവുകഴിവുകള്‍ നല്‍കാമായിരുന്നു’ അയാള്‍ പറഞ്ഞു.

ഖാന്‍ തന്റെ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും തനിക്കു നേരിട്ട അവഗണനയ്‌ക്കെതിരെ നിശിതമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഈ അന്യായം ശ്രദ്ധയാകര്‍ഷിച്ചതിനുശേഷം കമ്പനിയുടെ മുതിര്‍ന്ന ഭാരവാഹിയില്‍ നിന്നും ഖാന് ബുധനാഴ്ച ഒരു ‘ഖേദ’ മെയില്‍ ലഭിച്ചു. കമ്പനി അപേക്ഷകര്‍ക്കിടയില്‍ ലിംഗമോ, ജാതിയോ, മതമോ അടിസ്ഥാനമാക്കി ഒരു തരത്തിലുള്ള വിവേചനവും നടത്താറില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ഏതെങ്കിലും വിഷമതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തിക്കൊള്ളുന്നു’, എന്നു കമ്പനിയുടെ അസോസിയേറ്റ് വിപിയും എച് ആര്‍ തലവനും ആയ മഹേന്ദ്ര എസ് ദേശ്മുഖ് അറിയിച്ചു.

ദേശ്മുഖിന്റെ ഇമെയിലിന്റെ ഒരു സ്‌നാപ്‌ഷോട്ട് സൊഷാന്‍ അലി ഖാന്‍ ഹിന്ദു പത്രത്തിന് നല്‍കിയതില്‍ ഇങ്ങനെ തുടരുന്നു ‘ഈ തെറ്റായ ഇമെയില്‍ അയച്ചത് അടുത്തിടെ ജോലിയില്‍ പ്രവേശിച്ച് ഇപ്പോഴും പരിശീലനം തുടരുന്ന എന്റെ സഹപ്രവര്‍ത്തക ശ്രീമതി ദീപികയാണ്’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍