UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

പ്രവാസം

ലോകം ഇങ്ങനാണ് ഭായ്

പ്രവാസികള്‍ പ്രവാസ ജീവിതം തുടങ്ങുന്ന നാള്‍തൊട്ട് പരിചിതമാകുന്ന ഒരു വിളിയാണ് ‘ഭായ്’ എന്നത്. സ്‌നേഹവും ബഹുമാനവും ഒരേ പോലെ പ്രതിഫലിക്കുന്ന ഭാരതത്തിന്റെ ചൊല്ലുവിളിയാണിത്.

ഇന്ത്യക്ക് പുറത്ത് ഒരുമിച്ചു ചേരുന്ന എല്ലാ ഇന്ത്യക്കാരും ഈ ഒരു വിളിയില്‍ ഒന്നാകുന്നു. ‘ ഭായി’യും ‘ഭായിസാബും’ ‘ബഹന്‍ജി’യും ‘ബഹാനി’യും ‘ദീദിയും’ ‘ചാച്ചയും’  ഒക്കെയുണ്ടെങ്കിലും ‘ഭായി’ എന്ന വിളിയോളം ജനകീയമായത് മറ്റൊന്നില്ല.

ഇതിനൊരപവാദം മലയാളികളും തമിഴരും മാത്രമാണ്. അവര്‍ക്ക് ഈ വിളി പരിചിതമാകുന്നത് അവരുടെ സംസ്ഥാനം കടക്കുമ്പോള്‍ മാത്രമാണ്. സ്വന്തം നാടുവിട്ടു കഴിഞ്ഞാല്‍ അവര്‍ ഏറ്റവും ആദ്യം പഠിക്കുന്നതും പറയുന്നതും ‘ഭായ്’ എന്ന് ഈ വാക്കുതന്നെയാണെന്നതില്‍ സംശയമില്ല.

മലയാളത്തില്‍ ‘ഭായ്’ എന്ന വക്കിനു പകരം നമുക്ക് എന്തെല്ലാം വിളികളാണ്. പക്ഷേ ‘ഭായ്’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വരുന്ന ‘സഹോദരാ’ എന്ന വിളി കേരളത്തില്‍ ഏറ്റവും അപൂര്‍വ്വമാണ്.

തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിന്റെ ആദ്യ പകുതിയില്‍ ‘അണ്ണാ’ എന്ന വിളിയാണ് കൂടുതല്‍ ജനകീയം. ‘ചേട്ടാ’ എന്ന വിളി ഇവിടെ തൊട്ടുപിന്നില്‍ നില്‍ക്കുന്നു. പക്ഷേ തൃശൂര്‍ ഉള്‍പ്പെടുന്ന കേരളത്തിന്റെ രണ്ടാം പകുതിയില്‍ പാലക്കാടിന്റെ ചില ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ‘ചേട്ടാ’ വിളിയാണ് മുന്നില്‍.  തൃശൂര്‍ക്കാരന്റെ ‘ചേട്ടാ’ വിളിയോളം സ്‌നേഹം തുളുമ്പുന്ന മറ്റൊരു വിളിയും ഇല്ലാന്നു തോന്നുന്നു.

കേരളത്തില്‍ അണ്ണാ എന്നും ചേട്ടാ എന്നുമുള്ള വിളികള്‍ക്കൊപ്പം മുസ്ലീങ്ങള്‍ക്കിടയിലെ ‘ഇക്കാ’ എന്നതും അപൂര്‍വ്വമായി ‘കാക്കാ’ എന്ന വിളിയും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ ‘അച്ചായന്‍’ വിളിയും ഇതിനൊപ്പം നില്‍ക്കുന്നു. ‘ഇത്താ’ എന്ന് മുസ്ലിം സ്ത്രീകളെയും ‘അമ്മാമേ’ എന്ന ക്രിസ്ത്യന്‍ വിളിയും ഇതിന്റെ പിന്നില്‍ നില്‍ക്കുന്നു. ഇതിനൊരപവാദം സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന ‘ചേച്ചി’ വിളിയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്രയേറെ ഉപയോഗിക്കുന്ന മറ്റൊന്നില്ല. 

എന്നിരുന്നാലും ഇന്ത്യ മുഴുവന്‍ സമപ്രായക്കാരേയും പ്രായം കുറഞ്ഞവരേും കൂടിയവരേയും ഒക്കെ ‘ഭായ്’ എന്ന് വിളിക്കുമ്പോള്‍ മലയാളികള്‍ മാത്രം ഏറെക്കുറെ സമപ്രായം തോന്നിക്കുന്നവരെയും പ്രായം കുറഞ്ഞവരേയും വിളിക്കുന്നത് ‘എടാ’ എന്നാണ്.

ആരെയും അംഗീകരിക്കാന്‍ മടി കാണിക്കുന്ന മലയാളിയുടെ ധാര്‍ഷ്ട്യവും താന്‍പോരിമയും ആകും ഒരു പക്ഷേ ഈ വിളിയുടെ പിന്നില്‍. ‘എടീ’ എന്ന വിളിയുമായി സ്ത്രീകളും കൂടെക്കൂടുന്നു. ‘എടാ’ എന്നും ‘എടീ’ എന്നും വിളിക്കുന്നതില്‍ ജാതിമതഭേദമില്ല എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. മലയാളത്തിലെ ചേട്ടനും ചേച്ചിയും തമിഴില്‍ യഥാക്രമം അണ്ണനും അക്കനുമായി മാറുന്നു.

കേരളത്തിലെ ‘എടാ’വിളിക്കൊപ്പം നില്‍ക്കുന്ന ഒന്നാണ് ‘അളിയാ’ എന്ന വിളി. ഭാര്യയുടെ സഹോദരനെയോ അല്ലെങ്കില്‍ ഹിന്ദുക്കളുടെ മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് ഇതേ സ്ഥാനത്ത് വരുന്ന ആളെയോ മാത്രം വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ വിളി എണ്‍പതുകളിലാണെന്നു തോന്നുന്നു സമപ്രായക്കാരായ ആരെയും വിളിക്കാന്‍ ഉപയോഗിക്കുന്ന രീതിയിലേക്കു മാറിയത്. ഈ വിളിയിലും മതഭേദങ്ങളില്ല.

എന്തൊക്കെ പറഞ്ഞാലും കൂട്ടുകാരനെ വിളിക്കാന്‍ ഉപയോഗിക്കുന്ന ‘അളിയാ’ എന്ന വിളിയില്‍ അടങ്ങിയിരിക്കുന്ന അത്രയും സ്‌നേഹം മറ്റേതെങ്കിലും വിളിയില്‍ ഉണ്ടെന്നു തോന്നുന്നില്ല. ‘ഭായി’ എന്ന വിളിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ‘അളിയാ’ എന്ന വിളിക്കുള്ള പോരായ്മ ഇത് അപരിചിതരെ വിളിക്കാന്‍ ഉപയോഗിക്കാറില്ല എന്നതാണ്.

സ്‌നേഹിതാ, ചങ്ങാതി, കൂട്ടുകാരാ, സുഹൃത്തെ എന്നീ വിളികളും നമ്മള്‍ വളരെ കുറഞ്ഞ തോതില്‍ ഉപയോഗിക്കുന്നു.

കേരളത്തിലെ ഇത്തരം വിളികള്‍ നമുക്ക് വളരെ പരിചിതമാണ്; എന്നാല്‍ പ്രവാസി മലയാളികള്‍ പരിചയപ്പെടേണ്ടി വരുന്ന ചില വിളിപ്പേരുകളെ പരിചയപ്പെടുന്നത് രസകരമായിരിക്കും; രസകരം എന്നതിനെക്കാള്‍ ചിലപ്പോള്‍ ഉപയോഗപ്രദവും.

കേരളത്തില്‍ നിന്ന് മുംബയിലെത്തുന്ന മലയാളികള്‍ക്ക് പൊതുവെ കേള്‍ക്കുന്ന ‘ഭായ്’, ‘ഭായ്‌ സാബ്’,‘ഭായിജന്‍’,‘ബഹന്‍ജി’,  ‘’ബഹാനി,’ ദീദീ’ തുടങ്ങിയ വിളികള്‍ അതിവേഗം പഠിക്കേണ്ടി വരും. എന്നാല്‍ അവിടുത്തെ ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന മറാട്ടികള്‍ക്കിടയിലെ ‘ഭവു’ എന്ന ചൊല്ലുവിളി ‘ഭായ്’എന്നത് പോലെ ഉപയോഗിക്കുന്നതാണെന്നും വളരെ കുറച്ചുപേര്‍ക്കെ അറിയൂ.

മലയാളികളെപ്പോലെ തൊഴിലന്വേഷകരായി മുംബയിലെത്തുന്ന വലിയൊരു വിഭാഗമാണ് ബീഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികള്‍. ഇവരെ ‘ഭയ്യാ’ എന്നു വിളിച്ചാണ് നമ്മള്‍ പരിചയപ്പെടുക. ‘ഭായി’ എന്നത് ‘ഭയ്യാ’ എന്ന വിളിക്കു പിന്നില്‍ നില്‍ക്കുന്നു.

ഗള്‍ഫില്‍ വന്നതിന് ശേഷമാണ് എനിക്കൊരു ഒറീസാക്കാരനെ പരിചയപ്പെടാന്‍ കഴിഞ്ഞത്. ഒറീസ്സയില്‍ ‘ഭായ്’ എന്നതിനു പകരം അവര്‍ ‘ബൈനാ’ എന്നുപയോഗിക്കുന്നു.

മലയാളികള്‍ ആദ്യം പരിചയപ്പെട്ട നോര്‍ത്ത് ഇന്ത്യക്കാരന്‍ നേപ്പാളി ആണെന്നു പറയാം(നേപ്പാള്‍ ഇന്ത്യയില്‍ അല്ലെന്ന കാര്യം മറക്കുന്നില്ല). നേപ്പാളികള്‍ക്കിടയില്‍ പ്രായത്തില്‍ മൂത്തവരെ ‘ധായ്’ എന്നും ‘ധൈജു’ എന്നും വിളിക്കുമ്പോള്‍ പ്രായം കുറഞ്ഞവരെ ‘ഭായ്’ എന്നും ‘ഭയ്യാ’ എന്നുമാണ് വിളിക്കുന്നത്. സ്ത്രീകളെ ‘ദീദി’ എന്നും പ്രായം കുറഞ്ഞവരെ ‘ഭാഹിനി’ എന്നും വിളിക്കുന്നു.

പഞ്ചാബികള്‍ക്കിടയിലാണ് നമുക്ക് ഏറ്റവും രസകരമാണെന്നു തോന്നുന്ന വിളികള്‍. അവരുടെ സ്വതസിദ്ധമായ ഈണത്തില്‍ ‘ഓ മുണ്ടേ’, ‘ഓ ഭായി’, ‘ഓ മിത്തല്‍’ എന്നിങ്ങനെ (ഓ എന്നത് ശ്രദ്ധക്ഷണിക്കാന്‍ മാത്രമാണ് കേട്ടോ) സജ്ജന്‍, ദോസ്തും, പ്രാ എന്നിങ്ങനെ അതു തുടരുന്നു.ഗോവന്‍സിന് ‘ഭായി’‘ബാബ’യും ‘ബഹന്‍’‘ബായ്യും’ ആണ്.

ഗള്‍ഫിലെത്തിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ‘ഹബീബി’ എന്ന വിളിയില്‍ അറബിയോടുള്ള സ്‌നേഹം കാണിക്കുന്നു. ‘മുധീര്‍’ എന്നുള്ള വിളിയില്‍ ബഹുമാനവും. ‘ഹബീബി’ പോലെ ഒരുപക്ഷേ അതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ‘സദിഖ്’ എന്നത്. പേരറിയാന്‍ പാടില്ലെങ്കില്‍ ഏതൊരു അറബി വംശജനെയും അഹമ്മദ് എന്നോ മുഹമ്മദ് എന്നോ വിളിക്കാം എന്നതാണ് ഇവിടെ മറ്റൊരുപ്രത്യേകത. ‘റഫീജ്’ എന്ന വിളിയും ‘ഹബീബി’ക്കൊപ്പം നില്‍ക്കുന്നു. ‘സ്ത്രീകളെ ‘സദിഖി’ എന്നും ‘റഫീജി’ എന്നും വിളിക്കാം. ഈജിപ്ഷ്യന്‍സ് അല്ലെങ്കില്‍ മിസ്രികള്‍ അവരുടെ നാട്ടില്‍ വിളിക്കാനുപയോഗിക്കുന്നത് ‘സാഹ്ബി’ എന്ന വാക്കാണ്. സ്ത്രീകള്‍ അവിടെ ‘സാഹ്‌ബേട്ടി’ ആകുന്നു.

നമ്മുടെ തൊട്ടടുത്ത രാജ്യക്കാരായ ശ്രീലങ്കക്കാര്‍ക്ക് ഭായ് ‘മച്ചാനാ’ണ്. മലയാളികള്‍ക്കും ‘മച്ചാന്‍’ വിളി ഇഷ്ടമാണല്ലോ. ശ്രീലങ്കന്‍ സ്ത്രീകള്‍ ‘ഗാനു’ ആകുന്നു.

ബംഗ്ലാദേശികളെ ‘ബന്ധൂ’ എന്ന്  നീട്ടിവിളിച്ചാല്‍ അവരുടെ സന്തോഷം വളരെ വലുതാണ്. ബംഗ്ലാദേശി സ്ത്രീകള്‍ ‘മിയാ’ ആകുന്നു. വിവാഹം കഴിത്താണെങ്കില്‍ അവരെ നമുക്ക് ‘മൊയ്‌ലാ’ എന്നു വിളിക്കാം.

നമുക്ക് ഏറെക്കുറെ അപരിചിതരായ ഒരു രാജ്യക്കാരാണ് ഘാന. ഇവര്‍ പരസ്പരം ‘മഡന്‍ഫോ’ എന്നും ‘ഫ്രണ്ട്’ എന്നും വിളിച്ച് ശ്രദ്ധ ക്ഷണിക്കുന്നു.

ഫിലിപ്പീന്‍സ് യുവാക്കള്‍ പരസ്പരം ‘പറേ’ എന്നാണ് വിളിക്കുന്നത്. നമുക്കും അവരെ ‘പറേ’ എന്നു സ്‌നേഹത്തോടെ വിളിക്കാം. ഫിലീപ്പീന്‍സ് യുവതികളെ നമ്മളിവിടെ അപൂര്‍വ്വമായി വിളിക്കുന്ന ‘കുമാരി’ എന്നു വിളിക്കാം. അത്ഭുതം തോന്നുന്നുവല്ലേ? പക്ഷേ സത്യമാണ്.

ഇറാനികള്‍ക്ക് നമ്മുടെ ഭായി വിളിക്കുപകരം ‘അസീസെം’ എന്ന വിളിയാണ്. ‘അസീസെം’ എന്ന വിളിക്കൊപ്പം ‘ദില്‍ബസാം’ എന്നതും പിന്നെ ‘ദിയോസ്ത്’ എന്ന വിളിയും ചേര്‍ന്നു നില്‍ക്കുന്നു. ‘ദിയോസ്ത്’ എന്നുകേട്ട പേടിക്കണ്ട, നമ്മുടെ ‘ദോസ്ത്’ തന്നെ. ഹിന്ദിയുമായി ഇറാന്‍ ഭാഷയ്ക്ക് അടുത്ത ബന്ധമുണ്ട്.

ചൈനക്കാര്‍ എന്തായിരിക്കും വിളിക്കുക? അവര്‍ക്ക് ഭായ് എന്നതിനു പകരം ‘നീഹാ’ ആണ്. പാക്കിസ്ഥാന്‍കാരനും പഞ്ചാബിയും അടുത്തടുത്ത ദേശക്കാരായതുകൊണ്ടാകാം ഇവരുടെ വിളികള്‍ തമ്മിലും സാമ്യമുണ്ട്. പാക്കിസ്ഥാന്‍കാരന് ‘ഭായ്’‘ പയ്യാ’ ആണ്. മിത്രല്‍, ബെല്ലി, ഭായിജന്‍, ഭായിജീ തുടങ്ങിയ വിളികളും സര്‍വ്വസാധാരണം.

എന്റെ വളരെക്കുറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ ഇത്രയൊക്കെ രാജ്യക്കാരെ പരിചയപ്പെടാനേ കഴിഞ്ഞിട്ടുള്ളൂ. ഇതു വായിക്കുന്നവര്‍ക്ക് മറ്റുപല രാജ്യങ്ങളിലുള്ളവരുമായി ഇടപഴകാന്‍ സാധിച്ചിട്ടുണ്ടാകും. അങ്ങിനെ അറിയാവുന്നവര്‍ ഇതിനു താഴെ കമന്റ് ആയി ആ അറിവും പങ്കുവച്ചാല്‍ മറ്റുള്ളവര്‍ക്ക് കൂടി അത് പ്രയോജനപ്പെടും.

നമ്മളെ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ അറബി ‘ഭായി’ എന്നോ ‘ഭായി സാബ്’ എന്നോ വിളിക്കുന്നത് ഒന്നോര്‍ത്തു നോക്കിക്കേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍