UPDATES

പ്രവാസം

ട്രംപ് കാലത്തെ പ്രവാസ ലോകങ്ങള്‍; ഭീതിയുടെ പുതിയ ലോകക്രമം

നമുക്ക് പ്രവാസം എന്നുപറഞ്ഞാല്‍ ഗള്‍ഫാണ്. സാഹിത്യത്തിലും അതാണ് കൂടുതല്‍ വരുന്നത്. പക്ഷേ ആഫ്രിക്കയിലൊക്കെ മലയാളികള്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതൊന്നും നമ്മുടെ സാഹിത്യത്തില്‍ വരുന്നില്ല

‘ഇന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന, കുടിയേറ്റത്തെ തടയുന്ന ഒരു ലോക ക്രമം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രവാസം എന്ന പദം അല്ലെങ്കില്‍ ആ പ്രയോഗം, അതിനകത്ത് അടങ്ങിയിട്ടുള്ള അനുഭവം വളരെ പ്രധാനപ്പെട്ട ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും  അവസാനമായി ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല എന്നു ട്രംപ് പറഞ്ഞു കഴിഞ്ഞ ഒരു സാഹചര്യത്തിലാണ് കുടിയേറ്റങ്ങള്‍ കൊണ്ടും പ്രവാസങ്ങള്‍ കൊണ്ടും നാടുവിട്ടുപോയി അന്യനാടുകളില്‍ പോയി അന്നം തേടിയ മലയാളികളായ നമ്മള്‍ ‘പ്രവാസിയുടെ ലോകങ്ങള്‍’ എന്ന തലക്കെട്ട് ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുതിയ ലോക അവസ്ഥയില്‍ ഒരാള്‍ക്ക് തൊഴില്‍ തേടി അന്നം തേടി തന്റെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഓടിപ്പോകുന്ന മനുഷ്യരുടെ അവസ്ഥകളാണ് ചര്‍ച്ച ചെയ്യുന്നത്.’ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘പ്രവാസിയുടെ ലോകങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയുടെ ആമുഖമായി മോഡറേറ്റര്‍  പ്രശസ്ത യാത്ര എഴുത്തുകാരനായ മുസഫര്‍ അഹമ്മദ് പറഞ്ഞു. എം മുകുന്ദന്‍, ബെന്യാമിന്‍, നിര്‍മ്മല തോമസ് (കഥാകാരി, കാനഡ), സോണിയ റഫീഖ് (ഷാര്‍ജ) ഷെമി (നോവലിസ്റ്റ്, നടവഴിയിലെ നേരുകള്‍) എന്നിവരാണ് തങ്ങള്‍ കടന്നുപോയ പ്രവാസ ലോകങ്ങളെ കുറിച്ച് സംവദിച്ചത്. 

എം മുകുന്ദന്‍
തൊഴിലിടങ്ങളാണല്ലോ നമ്മളെ ദൂരെ ദൂരേക്ക് കൊണ്ടുപോകുന്നത്. തൊഴിലിടങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. അത് ഇതുവരെ ഉണ്ടാകാതിരുന്ന ഒരു സംഭവമാണ്. ആര്‍ക്കും എവിടേയും പോയി ജോലി ചെയ്യാവുന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതോടുകൂടി തൊഴിലിടങ്ങളില്‍ രാഷ്ട്രീയം കടന്നുവന്നിരിക്കുകയാണ്. അത് ഭാവിയില്‍ നമുക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. തൊഴിലിടങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു എന്നതിനെ നമുക്ക് ചെറുതായിട്ട് കാണാന്‍ കഴിയില്ല. മുമ്പ് വളരെ ചെറിയ ഒരു ലോകമായിരുന്നു പ്രവാസികളുടെ ലോകം. ഇപ്പോള്‍ അങ്ങനെയല്ല പ്രവാസികളുടെ ലോകം വളരെ വളരെ വലുതായിക്കൊണ്ടിരിക്കുകയാണ്. പ്രവാസം എന്നു നമ്മള്‍ പറയുമ്പോള്‍ തന്നെ അതിനെകുറിച്ച് ഐക്യരാഷ്ട്ര സഭ 1951 ല്‍ ഒരു കണ്‍വെന്‍ഷന്‍ ഇറക്കിയിരുന്നു. അത് പ്രകാരം രണ്ടു തരത്തിലുള്ള പ്രവാസികള്‍ ഉണ്ട്. ഒന്നു അഭയാര്‍ത്ഥികളാണ്. മറ്റൊന്നു എക്കണോമിക് മൈഗ്രന്‍റ്സ് ആണ്. നമ്മളുടെ പ്രവാസം രണ്ടാമത്തേതാണ്. അതായത് തൊഴില്‍ അന്വേഷിച്ചു പോകുന്ന ഒന്നാണ് നമ്മുടേത്. രാഷ്ട്രീയമായിട്ടു അഭയം തേടുന്ന ഒന്നല്ല. നമ്മള്‍ ആദ്യകാലത്തൊക്കെ തൊഴില്‍ തേടി സഞ്ചരിച്ചിരുന്നത് നമ്മുടെ ജന്മനാടിന്റെ അടുത്തുള്ള പ്രദേശങ്ങളില്‍ ആയിരുന്നു. ഇപ്പോള്‍ തൊഴിലിടങ്ങള്‍ ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്നതു കൊണ്ട് ട്രംപ് വിചാരിക്കുന്നതുപോലെ ഇതിനെ തടയാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. നമുക്ക് ട്രംപിന്റെ നാട്ടില്‍ പോയിട്ട് ജോലി ചെയ്യണം. അത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ അവിടെ ചെല്ലണം എന്നുള്ളത് അവരുടെ ആവശ്യമാണ്. അതവര് മറക്കുന്നു. ഇതിന് നല്ലൊരു ഉദാഹരണം ഉണ്ട്. ട്രംപ് പറഞ്ഞു മെക്സിക്കന്‍ അമേരിക്കന്‍ ബോര്‍ഡറില്‍ 3000 ത്തോളം കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ തീര്‍ക്കുമെന്ന്. അപ്പോള്‍ ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു, അത് ശരി, പക്ഷേ ആരാണ് ഈ മതില്‍ ഉണ്ടാക്കുക എന്ന്. അത് മെക്സിക്കന്‍സാണെന്നായിരുന്നു മറുപടി. മെക്സിക്കന്‍സ് ഇങ്ങോട്ട് വരാതിരിക്കാന്‍ വേണ്ടിയിട്ട് മെക്സിക്കന്‍സ് മതില്‍ കെട്ടണം. അമേരിക്കയില്‍ അത്രയും തൊഴിലാളികള്‍ ഇല്ല. അതുകൊണ്ട് നമ്മള്‍ അവിടെ പോയി ജോലി ചെയ്യണം എന്നുള്ളത് അവരുടെ ആവശ്യം കൂടിയാണ്. അതുകൊണ്ട് എനിക്കു തോന്നുന്നത് നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല എന്നുള്ളതാണ്. കുറച്ചുകാലത്തേക്ക് എന്തായാലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.  ഹോളിവുഡില്‍ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ഇറാനിയന്‍ ഫിലിം മേക്കര്‍ അവിടെ പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതൊരു താത്ക്കാലികമായിട്ടുള്ള പ്രശ്നമാണ് എങ്കിലും ഇത് വളരെ ആപല്‍ക്കരമാണ്. അതിനെ കുറിച്ച് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പക്ഷേ അതിലെ വലിയൊരു പ്രശ്നം നമ്മള്‍ നടത്തുന്ന ഏതൊരു ചര്‍ച്ചയും ഏത് സംവാദങ്ങളും ട്രംപിനെ സ്പര്‍ശിക്കില്ല എന്നുള്ളതാണ്. കാരണം അദ്ദേഹം മീഡിയയുടെ ശത്രുവാണ്. മാധ്യമങ്ങളെ അദ്ദേഹം വെറുക്കുന്നു. മാധ്യമങ്ങളെ അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് നമ്മള്‍ എന്തൊക്കെ ചര്‍ച്ച ചെയ്താലും അത് ട്രംപില്‍ എത്തില്ല എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ഗള്‍ഫില്‍ നിന്നൊക്കെ ഒരുപാട് ആളുകള്‍ മടങ്ങിവരുന്നുണ്ട്. ചില സാഹചര്യങ്ങള്‍ അവരെ അവിടെ തുടരാന്‍ അനുവദിക്കാത്തതുകൊണ്ടാണ് അവര്‍ മടങ്ങിവരുന്നത്. അല്ലാതെ 60 വയസ്സു കഴിഞ്ഞു വിസ പുതുക്കിക്കിട്ടാതെ വരുന്നവരും ഉണ്ട്. വീട്ടിലേക്ക് തിരിച്ചു വരുന്നത് ഞാന്‍ എന്‍റെ വീട്ടിലേക്ക് വരുന്നു എന്നുപറഞ്ഞു കൊണ്ടാണ്. ആ മടങ്ങിവരവിനെ നാട്ടുകാര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ സ്വന്തം നാട്ടില്‍ മാനസികമായി നാട്ടിലും വീട്ടിലും പ്രവാസികളായി മാറുകയാണ്. നാട്ടുകാരുടെ ഒരു മനോഭാവം ഉണ്ട്. നിങ്ങള്‍ അവിടെ നിന്നോളൂ പണം കൃത്യമായിട്ട് അയച്ചാല്‍ മതിയെന്നാണ്. ധാരാളം പണവുമായി വരുന്നവര്‍ക്ക് നല്ല സ്വീകരണം കിട്ടും. പക്ഷേ എല്ലാം തകര്‍ന്നു വരുന്നവര്‍ ഈ പ്രവാസം അനുഭവിക്കേണ്ടിവരും. എനിക്ക് തോന്നുന്നത് ഇനി വരാന്‍ പോകുന്ന സാഹിത്യത്തില്‍ ഇത്തരം പ്രശ്നങ്ങളാവും കടന്നുവരിക എന്നാണ്. നമുക്ക് പ്രവാസം എന്നുപറഞ്ഞാല്‍ ഗള്‍ഫാണ്. സാഹിത്യത്തിലും അതാണ് കൂടുതല്‍ വരുന്നത്. പക്ഷേ ആഫ്രിക്കയിലൊക്കെ മലയാളികള്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതൊന്നും നമ്മുടെ സാഹിത്യത്തില്‍ വരുന്നില്ല എന്നുള്ളതാണ്.

ബിരിയാണി എന്ന കഥ മനോഹരമായ കഥയാണ്. തൊഴില്‍ തേടി നമ്മുടെ നാട്ടിലേക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് നമ്മള്‍ എങ്ങിനെയാണ് പേരുമാറുന്നതെന്ന് ആ കഥയില്‍ സന്തോഷ് ഏച്ചിക്കാനം ആവിഷ്ക്കരിച്ചിട്ടുണ്ട്. ആ കഥ വിവാദമാകുന്നത് അതിനു വേറെ അര്‍ഥതലങ്ങളും മാനവും നല്കിയത് കൊണ്ടാണ്. ചിലര്‍ ആ കഥയില്‍ മുസ്ലിം വിരുദ്ധത ആരോപിച്ചതുകൊണ്ടാണ് അത് വിവാദമായത്. വിവാദം ആ കഥയ്ക്ക് ദ്രോഹമാണ് ചെയ്തത്. അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. ആകഥ പറയുന്നതു തന്നെ വിശപ്പിനെ കുറിച്ചാണ്. എല്ലാവര്‍ക്കും വിശപ്പുണ്ട്. എല്ലാത്തരത്തിലുള്ള ആളുകളും അത് അനുഭവിക്കുന്നുണ്ട്. വിശപ്പ് എന്ന പ്രശ്നം തന്നെയാണ് ആ കഥയില്‍ ആത്യന്തികമായിട്ട് ഉള്ളത്. അതിനെ ചര്‍ച്ച ചെയ്തു വഴിതെറ്റിക്കുകയാണ് ഉണ്ടായത്.

നിര്‍മ്മല തോമസ് 
ട്രംപ് കയറ്റില്ല എന്നു പറഞ്ഞ കുടിയേറ്റക്കാര്‍ വന്നുകൊള്ളട്ടെ എന്നു പറയുന്ന രാജ്യമാണ് കാനഡ. ഡി സി ബുക്സിന്റെ കോഴിക്കോട് നടക്കുന്ന ചര്‍ച്ചയില്‍ പോലും ട്രംപിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്നത് തികച്ചും ഖേദകരമാണ്. 30 വര്‍ഷമായി കാനഡയില്‍ ജീവിക്കുന്ന ആള്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇതാണ്. ട്രംപ് പറഞ്ഞിട്ടുള്ള പലകാര്യങ്ങളും ലോകത്തെ ഞെട്ടിക്കുന്നതും ലോകമനസ്സാക്ഷിക്ക് നേരെ ചോദ്യ ചിഹ്നമാകുന്നതും ആണ്. അതേസമയം തന്നെ കാനഡയുടെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ റൂഡ് പറയുന്നതു ഞങ്ങള്‍ എല്ലാവരെയും രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നാണ്. എന്നാല്‍ ഈ പ്രസ്താവന നടത്തി 24 മണിക്കൂര്‍ കഴിയൂന്നതിനു മുന്‍പ് കാനഡയിലെ ക്യുബിക്കിലെ ഒരു മുസ്ലിം പള്ളിയില്‍ ഒരു അക്രമി വെടിവെച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു. കാനഡ എല്ലാ അര്‍ത്ഥത്തിലും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന ഒരു രാജ്യമാണ്. സിറിയയില്‍ നിന്നും പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇവരെ സ്വീകരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഒരു വര്‍ഷത്തെക്കാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതു. അത് കഴിഞ്ഞു ജോലിയൊന്നുമാകാതെ നില്‍ക്കുന്നവരുണ്ട്. അവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇനി നമ്മള്‍ എന്തു ചെയ്യും. അതൊരു വലിയ ചോദ്യമാണ്. നാം അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് നല്ലൊരു ജീവിതം കൊടുക്കാനുള്ള സാഹചര്യം ഉണ്ടോ എന്നു അന്വേഷിക്കേണ്ടതുണ്ട്. അതാണ് കാനഡയിലെ പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ഒരു കണ്‍സേണ്‍. നമ്മുടെ പശ്ചാത്തലം വെച്ചു നോക്കിയാല്‍ കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടിപ്പോയവരാണ്. കാനഡയിലേക്കും അമേരിക്കയിലേക്കും നമ്മള്‍ ജോലി കിട്ടിയിട്ടല്ല പോകുന്നത്. വെറും  കുടിയേറ്റക്കാരായിട്ടാണ്. അവിടെ ചെന്നിട്ട് ഒരു ജോലി കണ്ടു പിടിക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. അവിടെ ഡ്രൈവറായിട്ട് ജോലി ചെയ്യുന്ന ഡോക്ടര്‍മാരുണ്ട്. അവിടെ ഒരു ഡോക്ടര്‍ ഡിഗ്രിയും കൊണ്ട് ചെന്നാല്‍ നിങ്ങളെ അവര്‍ അംഗീകരിക്കുകയില്ല. അവിടെ പഠനം നടത്തണം. പഠിക്കാന്‍ പോകണമെങ്കില്‍ നമ്മള്‍ പൈസ ചിലവഴിക്കണം. അത് പുതിയ കുടിയേറ്റക്കാരനെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. അതുകൊണ്ട് കാനഡ സ്വാഗതം ചെയ്യുമ്പോഴും വരുന്ന കുടിയേറ്റക്കാരെ അവര്‍ക്ക് എന്തു സാഹചര്യമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നുള്ളത് ഇന്ത്യക്കാര്‍ പൊതുവേ ചോദിക്കുന്ന ഒരു കാര്യമാണ്. കാണുന്നതുപോലെ അത്ര മനോഹരമായ ഒരു ചിത്രമല്ല നമ്മള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍.

ബെന്യാമിന്‍
സാമ്പത്തികമായി അല്ലെങ്കില്‍ വിദ്യാഭ്യാസപരമായി  പ്രായത്തില്‍ ഒക്കെ മുന്നില്‍ നില്‍ക്കുന്ന ഒരു വിഭാഗത്തെ മാത്രം സ്വീകരിക്കുന്ന ഒരു ലോകക്രമമാണ് പാശ്ചാത്യ രാജ്യങ്ങള്‍ മുന്‍കാലങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി ഏത് തരത്തിലുള്ള മനുഷ്യരേയും സ്വീകരിക്കുന്ന തരത്തിലുള്ള തൊഴിലിടങ്ങള്‍ ഒരു പക്ഷേ ഗള്‍ഫില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും ഒക്കെ പോയ പഴയ കാലത്ത് ഉണ്ടായിരിക്കും. എന്നാല്‍ പുതിയ കാലത്ത് എല്ലാത്തരം ആളുകളെയും ഒരു പരിഗണനയും ഇല്ലാതെ സ്വീകരിച്ചിരുന്നു എന്നുള്ളതാണ് ഗള്‍ഫ് രാജ്യങ്ങളോട് നമുക്ക് തോന്നുന്ന വല്യ ആദരവ് എന്നു പറയുന്നത്. ട്രംപിനെ കുറിച്ച് നമ്മള്‍ പറയുമ്പോള്‍ ഇത് ട്രംപില്‍ നിന്നു തുടങ്ങിയ ഒന്നാണ് എന്നൊരു വിവക്ഷയുണ്ട്. സത്യത്തില്‍ ഇത് ഏറെ കാലമായി ലോകരാജ്യങ്ങളില്‍ നടന്നുവരുന്ന ഒരു ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടു ട്രംപില്‍ എത്തി നില്‍ക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഫ്രഞ്ച് പ്രസിഡണ്ട് സര്‍ക്കോസി ഒരിക്കല്‍ ആ രാജ്യത്ത് കയറിവരുന്ന കുടിയേറ്റക്കാരായ അഭയാര്‍ത്ഥികളോട് നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ മാലിന്യമാണ് എന്നാണ് പറഞ്ഞത്. ഇത്തരത്തില്‍ നിങ്ങളുടെ രാജ്യത്തെ മാലിന്യം കൊണ്ട് വന്നു തള്ളാവുന്ന  ഒരിടമല്ല നമ്മുടെ രാജ്യം എന്നു കുടിയേറ്റക്കാരെ കുറിച്ച് പറയാവുന്ന ഒരു മാനസികാവസ്ഥയിലേക്ക് ലോകരാജ്യങ്ങളിലെ പല ആളുകളും എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നുമാത്രമല്ല മുന്‍കാലങ്ങളില്‍ വെച്ചു പുലര്‍ത്തിയിരുന്ന ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം ഇപ്പോള്‍ എത്രത്തോളം വെച്ചു പുലര്‍ത്തുന്നുണ്ട് എന്നുള്ള ഒരു ചോദ്യം ഉണ്ട്. ആ സങ്കല്‍പ്പം വളരെ വേഗം ഇടുങ്ങി ഇല്ലാതാവുകയും ഈ കുടിയേറ്റക്കാരെ മുഴുവന്‍ വെറും  തൊഴില്‍ സേനകളായി മാത്രം കാണുന്ന ഒരിടത്തിലേക്കാണ് പുതിയകാലത്ത് എത്തിച്ചേരുന്നത്. ഇപ്പോ അമേരിക്കയിലെ കാര്യം എടുക്കുക.  70 കളിലോ 80 കളിലോ അമേരിക്കയിലേക്ക് പോയ ഒരാളെ സംബന്ധിച്ചു അയാള്‍ അവിടെ വോട്ടവകാശം ഉള്ള സ്ഥിരവാസിയായി മാറുകയാണ്. എന്നാല്‍ ഇന്ന് അവിടെക്കു പോകുന്ന ഒരു ഐടി പ്രൊഫഷണലിന് H1B വിസപ്രകാരം അവിടത്തെ താമസം പരിമിതപ്പെടുത്തുകയും കമ്പനിക്ക് വേണമെങ്കില്‍ തുടരാം അല്ലെങ്കില്‍ അവരെ തിരിച്ചയക്കാം എന്ന നിലയിലേക്ക് മാറുമ്പോള്‍ ഒരു തരത്തില്‍ അവരുടെ അദ്ധ്വാനം മാത്രം നിങ്ങള്‍ക്ക് ഒരു ക്ഷേമവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ല എന്ന തരത്തിലേക്ക് അമേരിക്ക എത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. മറ്റ് എല്ലാ രാജ്യത്തേക്കുമുള്ള കുടിയേറ്റങ്ങള്‍ പലവിധത്തിലുള്ള ഫില്‍റ്ററുകള്‍ വെച്ചു കൊണ്ട് പണക്കാരനെ മാത്രം, ഏറ്റവും ക്രീം സൊസൈറ്റിയെ മാത്രം സ്വീകരിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് ട്രംപ് അവതരിക്കുകയും ചില രാഷ്ട്രങ്ങളോടും ചില  മതങ്ങളോടും ഉള്ള വിദ്വേഷമായി അത് മാറുകയും ഒക്കെ ചെയ്യുന്നത് എന്നത് നമ്മള്‍ കാണേണ്ടതുണ്ട്. അത് ട്രംപില്‍ നിന്നു തുടങ്ങിയതല്ല ട്രംപില്‍ എത്തിച്ചേര്‍ന്നു നില്‍ക്കുന്നതാണ്. മറ്റ് രാജ്യങ്ങളിലേക്ക് അതെങ്ങിനെ വ്യാപിക്കുന്നു എന്നു നമ്മള്‍ ഇനി നോക്കിക്കാണേണ്ടതുണ്ട്.

നമ്മുടെ സംസ്ഥാനത്തേക്ക് കുടിയിറങ്ങി വരുന്ന അന്യസംസ്ഥാന തൊഴിലാളികളോട് നമ്മളെടുക്കുന്ന നിലപാട് എന്താണെന്ന് നമുക്ക് ഓരോരുത്തര്‍ക്കും വ്യക്തതയുണ്ട്. നമ്മള്‍ ഓരോരുത്തരും ഗള്‍ഫില്‍ ചെന്നു അനുഭവിക്കുന്ന പീഢനങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും താമസ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ വാര്‍ത്തകള്‍ ചമക്കുമ്പോള്‍ നമ്മള്‍ സാംസ്കാരിക സമ്പന്നര്‍ എന്ന് വിചാരിക്കുന്ന മലയാളികള്‍ ഈ തൊഴിലാളികളോട് പുലര്‍ത്തുന്ന നിലപാടുകള്‍ എന്താണെന്ന് നമുക്കറിയാ. അവരുടെ പ്രധാനപ്പെട്ട പരാതികളില്‍ ഒന്ന് മലയാളി അവരുടെ കണ്ണില്‍ നോക്കുന്നില്ല എന്നുള്ളതാണ്. കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ വന്നാല്‍ ഇവിടത്തെ സംസ്കാരത്തിന് എന്തോ അപകടം പറ്റും എന്ന് പറഞ്ഞത് മലയാളത്തിലെ ഒരു കവയത്രിയാണ്. നമ്മള്‍ എത്രപേര്‍ പ്രതികരിച്ചു. ട്രംപിനെ കുറിച്ച് നമ്മള്‍ വല്യ പ്രതികരണം നടത്തുകയും മറ്റും ചെയ്യുമ്പോള്‍ മലയാളത്തിന്റെ മുഴുവന്‍ സാംസ്കാരിക പൈതൃകവും അവകാശപ്പെടുന്ന ഒരു കവയത്രി ഇങ്ങനെ പറയുമ്പോള്‍ പ്രതികരിക്കാത്ത നമ്മള്‍ക്ക്  ട്രംപിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്തര്‍ഹതയാണ് ഉള്ളത് എന്നൊരു ചോദ്യം നമ്മള്‍ നമ്മളോട് തന്നെ ചോദിക്കേണ്ടതുണ്ട്.

സോണിയ റഫീഖ് 
മറ്റ് കുടിയേറ്റങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗള്‍ഫ് പ്രവാസം വിഭിന്നമായ ഒന്നാണ്. അതായത് ധനസമ്പാദനാര്‍ത്ഥം സ്വമേധയാ ഉള്ള ഒരു വിട്ടു നില്‍പ്പാണ് ഗള്‍ഫ് പ്രവാസം എന്നത്. ഇപ്പോള്‍ അറബ് രാജ്യങ്ങളിലെ പ്രവാസം എന്നു പറയുന്നതു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് അഭയാര്‍ഥി പ്രവാഹമാണ്. അറബ് രാജ്യങ്ങളിലെ യുദ്ധക്കെടുതികള്‍ കാരണം മൈഗ്രേറ്റ് ചെയ്യേണ്ടി വരുന്ന അഭയാര്‍ത്ഥികള്‍. സാമ്പത്തികമായി നല്ല നിലയില്‍ ഉള്ള രാജ്യങ്ങള്‍ പോലും അവരെ ഉള്‍ക്കൊള്ളാന്‍ മടികാണിക്കുന്ന അവസ്ഥ. പ്രവാസിയായ ഒരു എഴുത്തുകാരി എന്ന നിലയില്‍ എന്ന സംബന്ധിച്ചിടത്തോളം നാട്ടിലെ എഴുത്തുകാരെ അപേക്ഷിച്ച് ഏറെ വിഭിന്നമാണ് ഇവിടത്തെ അവസ്ഥ. കാരണം നേരിടുന്ന സമൂഹം, ചുറ്റും കാണുന്ന ആള്‍ക്കാര്‍, ഇടപെടുന്ന മനുഷ്യര്‍, അനുഭവിക്കുന്ന രുചി, ഗന്ധങ്ങള്‍, എല്ലാം വിഭിന്നമാണ്. ആ ഒരവസ്ഥയില്‍ കേരളത്തിലെ മുഖ്യധാരയോട് തട്ടിച്ചുകൊണ്ട്,  താരതമ്യം ചെയ്തുകൊണ്ട്, അതിനോടു ഭ്രമിച്ചു കൊണ്ട് അങ്ങനെ എഴുതാന്‍ ശ്രമിക്കുന്നത് തികച്ചും ബുദ്ധിമോശമാണ് എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് അവരവരുടെ തട്ടകത്തില്‍ നിന്നുകൊണ്ടു ഒരു ലോക പൌരനായി നിന്നുകൊണ്ടു എഴുത്തിനെ സമീപിക്കണം എന്നാണ് എനിക്കു തോന്നുന്നത്.

ഷെമി
പ്രവാസം പല വിധത്തില്‍ ഉണ്ട്. അതിലൊന്ന് ഒരു തോളില്‍ നാടിന്റെ ഓര്‍മ്മകളും മറുതോളില്‍ പ്രിയപ്പെട്ടവരുടെ നോവുകളും പേറി നാടുവിടേണ്ടി വന്നവരാണ്. മറ്റൊന്ന് സ്വമേധയാ സ്വദേശം ബഹിഷ്ക്കരിക്കുന്നവരാണ്. അതിന്റെ പിന്നില്‍ സ്വന്തം സ്ഥലത്തെ അസഹിഷ്ണുത അധികമാകുമ്പോള്‍ നാടുവിടുന്നവരാണ്. പിന്നെ അകം വാസികള്‍ തന്നെ മാനസികമായി പുറംവാസം അനുഭവിക്കേണ്ടി വരുന്നവരും ഉണ്ട്. അതില്‍ പ്രധാനമായും സ്ത്രീകളും കുട്ടികളും ഉണ്ട്. നാട്ടിലും വീട്ടിലും അവിടത്തെ അന്തരീക്ഷം ആകുലമാകുമ്പോള്‍ അല്ലെങ്കില്‍ നാട്ടുവഴിയിലൂടെ നടക്കാനും പരിചിതമായ പ്രദേശങ്ങളികൂടി സഞ്ചരിക്കാനും കഴിയാതെ വരുമ്പോള്‍ പ്രവാസം കൊതിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നവരുണ്ട്. നമ്മുടെ സ്വന്തം സ്ഥലത്തു കിട്ടാത്തത് മറ്റൊരു ദിക്കില്‍ കിട്ടിയേക്കാം എന്ന പ്രത്യാശയായിരിക്കാം മാനസികാമായുള്ള ഇത്തരം പ്രവാസം. മറ്റൊന്നു നമ്മള്‍ ഒരോ വ്യക്തിയും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ല എന്ന നിലപാട് നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഉണ്ടായാല്‍ ആ വ്യക്തിക്ക് അവിടം അന്യമാകുന്ന അവസ്ഥയുണ്ട്. ഇങ്ങനെയുള്ള വ്യക്തികള്‍ ജീവിക്കുന്ന ഇടത്തു തന്നെ പ്രവാസം അനുഭവിക്കുന്നവരാണ്.

ലോകത്തില്‍ എവിടെയായിരുന്നാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും ഭരണവും ഭാഷയും മാറിയ മറ്റൊരിടം എന്നുമാത്രമേ എനിക്കു തോന്നിയിട്ടുള്ളൂ.  ഞാന്‍ 12 വര്‍ഷമേ ആയിട്ടുള്ളൂ പ്രവാസിയായിട്ട്. 24 വര്‍ഷക്കാലം ഞാന്‍ ഈ നാട്ടില്‍ തന്നെയാണ് ജീവിച്ചത്. തെരുവിലും അനാഥാലയത്തിലുമാണ് ജീവിച്ചത്. പക്ഷേ അവിടെയും ഇവിടെയും പ്രതികൂലവും അനുകൂലവുമായ യാതൊന്നും കാണാന്‍ എനിക്കു സാധിച്ചിട്ടില്ല. എല്ലായിടത്തും സ്നേഹവും കാമവും ദുഖവും വേദനയും കള്ളവും കൊലപാതകവും ഉണ്ട്. നമ്മളിവിടെ കേരളത്തില്‍ ജീവിക്കുന്നതു ഏകദേശം മുപ്പതു ലക്ഷത്തോളം പ്രവാസികളോടൊപ്പമാണ്. ബീഹാറില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ എത്തിയ ഒരുപാട് പ്രവാസികളോടൊപ്പമാണ് നമ്മുടെ ജീവിതം. പക്ഷേ പ്രവാസത്തെ കുറിച്ചും പ്രവാസ സാഹിത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴൊന്നും നമ്മളാരും അത് ഓര്‍മ്മിക്കാറില്ല. പ്രവാസത്തെ കുറിച്ച് പറയാന്‍ കൂടുതല്‍ ഗവേഷണവും പഠനവും ഒന്നും ആവശ്യമില്ല. പ്രവാസം എന്നത് പ്രവാസ ലോകം എന്നത്. മനുഷ്യരുടെ ലോകമാണ്. എനിക്ക് ലോകം തന്നെയാണ് തറവാട്. അത് എവിടെയായിരുന്നാലും.

 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍