UPDATES

ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കാന്‍ കണ്ടെത്തിയ കുറ്റം മോദിയും ചെയ്തു?

പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ക്ക് സഹായകരമായ വിവരങ്ങള്‍ നല്‍കുവാന്‍ നിതീ ആയോഗിന്റെ നിര്‍ദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ ചട്ട വിരുദ്ധമായ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളെ ഉപയോഗിച്ച് ചെയ്യിക്കുന്നതായി വെളിപ്പെടുത്തല്‍. നീതി ആയോഗ് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ചില സംസ്ഥാനങ്ങളിലേക്കും അയച്ച സന്ദേശമാണ് പ്രധാനമന്ത്രി ഔദ്യോഗിക സംവിധാനങ്ങള്‍ പാര്‍ട്ടി പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന സംശയങ്ങള്‍ ഉണ്ടാക്കിയത്. സ്‌ക്രോള്‍.ഇന്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതേ പോലുളള ആരോപണം തെളിഞ്ഞതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയെന്ന് കണ്ട് കോടതി അയോഗ്യയാക്കിയത്.

നീതി ആയോഗിലെ ഇക്കോണമിക്ക് ഓഫീസര്‍ പിങ്കി കപൂര്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്താണ് തെരഞ്ഞെടുപ്പിന്റെ ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് സംശയിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഈ പ്രദേശങ്ങളിലെ സാമൂഹ്യ സാമ്പത്തിക സവിശേഷതകള്‍ വിശദമാക്കുന്ന കുറിപ്പ് നല്‍കാനാണ് ഇവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശമെന്ന് ഇത് സംബന്ധിച്ച കത്തില്‍ പറയുന്നത്. ചില സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ജില്ലാ കലക്ടര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു കത്ത് നല്‍കിയിട്ടുണ്ടാവുക.

ഔദ്യോഗിക സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് 10 നാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. അതിന് ശേഷമാണ് നീതി ആയോഗ് ഉദ്യോഗസ്ഥരില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടത്.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123(7) എ അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിയോ അയാളുടെ അനുമതിയോടെ ഏജന്റോ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഗസറ്റഡ് ഓഫീസര്‍മാരുടെ സഹായം തേടുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് വ്യക്തമാക്കുന്നത്. ഇതനുസരിച്ചാണ പ്രധാനമന്ത്രിയുടെ ഓഫീസിന് വേണ്ടി വിവരങ്ങള്‍ നീതി ആയോഗ് ആരാഞ്ഞത് ചട്ടലംഘനമാണെന്ന് ആരോപിക്കപ്പെടുന്നത്.

1971 ല്‍ റായ്ബറേലിയില്‍നിന്ന് വിജയിച്ച ഇന്ദിരാഗാന്ധിയ്‌ക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജ് നാരയന്‍ ഈ വകുപ്പ് അനുസരിച്ചാണ് കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥാനായിരുന്ന യശ്പാല്‍ കപൂര്‍ എന്ന ഗസറ്റഡ് ഓഫീസറെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചുവെന്നായിരുന്നു ആരോപണം. പൊലീസും ഉദ്യോഗസ്ഥരും ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സഹായിച്ചിരുന്നുവെന്നും ആരോപിച്ചിരുന്നു. യശ്പാല്‍ കപൂര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍നിന്നും രാജിവെച്ചിരുന്നുവോ എന്ന കാര്യമാണ് അലഹബാദ് ഹൈക്കോടതി പരിഗണിച്ചിരുന്നത്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തിയ കോടതി അവരെ അയോഗ്യരാക്കുകയും, ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കുകയും ചെയ്തു.

ഇതേ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് സൂചന. കാരണം ഉദ്യോഗസ്ഥര്‍ക്ക് നീതി ആയോഗില്‍നിന്ന് നിര്‍ദ്ദേശം ലഭിക്കുന്നത് വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്നതിന് ശേഷം.
കോണ്‍ഗ്രസിന്റെ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതിയെ വിമര്‍ച്ച നീതി ആയോഗ് വൈസ് ചെയര്‍മാന് രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍