UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡീസല്‍ വാഹന നിരോധനം; ഇനി കോടതി കയറിയിറങ്ങും

Avatar

അഡ്വ. പി.പി.താജുദ്ദീന്‍

അടുത്തകാലത്തായി ഡല്‍ഹിയില്‍ നിന്നുള്ള  ആഡംബര ഡീസല്‍ കാറുകള്‍ക്ക് കേരളത്തില്‍ പ്രിയമേറിയിരിക്കുന്നു. സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ മുന്തിയ കാറുകള്‍ കുറഞ്ഞ വിലയ്ക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന സന്തോഷത്തിലായിരുന്നു മലയാളി. മലയാളിയുടെ സന്തോഷം തല്ലിക്കെടുത്തിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിലൂടെ  ഞെട്ടിച്ചത്.

രണ്ടായിരം സിസിയിലധികമുള്ള പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനം നിരത്തിലിറക്കുന്നത് നിരോധിക്കുകയായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ നഗരങ്ങളിലാണ് വിലക്ക്. ഓരോ ലംഘനത്തിനും അയ്യായിരം രൂപ പിഴയും ഒടുക്കണം.

ഹരിത ട്രൈബ്യൂണലിന്റെ കേരളത്തിലെ ആദ്യ സിറ്റിംഗിലായിരുന്നു വിധി. ആറ്റുനോറ്റിരുന്ന് കിട്ടിയതാണ് ട്രൈബ്യൂണലിന്റെ കൊച്ചിയിലെ സര്‍ക്യൂട്ട് ബഞ്ച്. ട്രൈബ്രൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ തന്നെ  സിറ്റിംഗില്‍ പങ്കെടുത്തു. ഹൈക്കോടതി അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലായേഴ്‌സ് എന്‍വയോണ്‍മെന്റ് അവേര്‍നസ് ഫോറം (ലീഫ്) നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

പിന്നീട് ഉത്തരവിന്റെ സാങ്കേതികത്വം അടക്കമുള്ള വിഷയങ്ങള്‍ ഏറെ ചര്‍ച്ചയായി. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസ്സ് ഉടമകളും കച്ചവടം പൂട്ടിക്കെട്ടേണ്ടി വരുമെന്നു ഭയപ്പെട്ടു. പൊതുഗതാഗത സംവിധാനം തന്നെ ആശങ്കയിലായി.

ട്രൈബ്യൂണല്‍ വിധി ഹൈക്കോടതിയില്‍ചോദ്യം ചെയ്യപ്പെട്ടു. പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത് കോടതി സ്റ്റേ ചെയ്തു. എന്നാല്‍ പഴയ വാഹനങ്ങളുടെ കാര്യത്തില്‍ ഹര്‍ജി വന്നില്ല. പുതിയ വാഹനങ്ങള്‍ക്ക് അനുകൂലമായ സ്റ്റേ ഉത്തരവ് നീക്കണമെന്നായി ‘ലീഫ്’. ഇതോടെ കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസ് ഉടമകളും കോടതിയിലെത്തി.

ഡല്‍ഹിയിലെ മലിനീകരണവുമായി തട്ടിച്ചാല്‍ കേരളത്തില്‍ കാര്യമായ മലിനീകരണമില്ലെന്നായിരുന്നു പ്രധാന വാദം. സ്ഥിതിവിവര കണക്കുകള്‍ ഒന്നും വിധി പ്രസ്താവിക്കുമ്പോള്‍ ട്രൈബ്യൂണല്‍ മുമ്പാകെ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിക്കാരന്‍ പരാതി ഉന്നയിച്ചു. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ നിബന്ധനകള്‍ നിലനില്‍ക്കെ പത്ത് വര്‍ഷമായി ഉപയോഗം നിജപ്പെടുത്തുന്നതിന് നീതീകരണമില്ലെന്നും വാദം ഉന്നയിക്കപ്പെട്ടു.

എന്നാല്‍ ട്രൈബ്യൂണല്‍ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ‘ലീഫി’ന്റെ വാദം. സുപ്രീംകോടതിക്ക് മാത്രമേ ട്രൈബ്യൂണല്‍ വിധി പരിശോധിക്കാനാവൂ എന്നും ‘ലീഫ്’ വാദങ്ങള്‍ നിരത്തി. അതിനാല്‍ ട്രൈബ്യൂണല്‍ വിധിക്കെതിരായ ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി.

‘ലീഫി’ന്റെ ഈ വാദങ്ങള്‍ തള്ളിയ ജസ്റ്റിസ്  പി.ബി.സുരേഷ്‌കുമാര്‍ ട്രൈബ്യൂണലിന്റെ മെയ് 23 ലെ നിരോധനം പൂര്‍ണ്ണമായും സ്റ്റേ ചെയ്തു.  സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലാതെയാണ് നിരോധന ഉത്തരവെന്ന് വിലയിരുത്തിയാണ് കോടതി നടപടി. ഹര്‍ജികള്‍ പിന്നീട് അന്തിമമായി പരിഗണിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിക്കില്ലെന്നായി ലീഫ്. കേരളത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കിവയ്ക്കുന്ന മലിനീകരണത്തിന് അന്ത്യം കണ്ടേ മടങ്ങൂ എന്നായി ലീഫ്.  ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ലീഫ് തയ്യാറെടുക്കുകയാണ്. ട്രൈബ്യൂണല്‍ വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്ന നിലപാടാണ് അഭിഭാഷക സംഘടനയായ ‘ലീഫി’ന്റെ നിലപാട്.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍. തൊടുപുഴ സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍