UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭിന്നശേഷിയുള്ളവര്‍ക്കും ഒരു ലോകമുണ്ട്; അവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരുമല്ല

ദീപ ഷാജി

ഈ കഴിഞ്ഞ ആഴ്ചയിലാണ് എം എസ് നവനീത് എന്ന പന്ത്രണ്ടുവയസ്സുകാരന്‍ ആലുവയില്‍ നിറഞ്ഞൊഴുകുന്ന പെരിയാറിലെ 200 മീറ്റര്‍ ദൂരം വെറും 12 മിനിട്ട് കൊണ്ട് കീഴടക്കിയത്. മൂന്നാഴ്ച പരിശീലിക്കുകയും, മറുകര എത്തുന്നത് വരെ കൂടെ നീന്തുന്നതിനോടൊപ്പം സംസാരിക്കുകയും ചെയ്ത പരിശീലകന്റെ ശബ്ദം ഏകാഗ്രതയോടെ പിന്തുടര്‍ന്നാണ് ജന്മനാ കാഴ്ചയുടെ ലോകം അന്യമായ നവനീത് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

ഭിന്നശേഷിയുള്ള കുട്ടികളെ അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലേ? അതെ എന്ന് ആരും ഉത്തരം പറഞ്ഞു പോകുന്ന ഈ ചോദ്യത്തിന് ശരിയായ മറുപടി ആണ് അമേരിക്കന്‍ നീന്തല്‍ താരമായ മൈക്കല്‍ ഫ്രെഡ് ഫെല്‍പ്‌സ്. ഒളിമ്പിക്‌സില്‍ ഏറ്റവുമധികം സ്വര്‍ണമെഡല്‍ (18 സ്വര്‍ണം), ഏറ്റവുമധികം മെഡല്‍(22), കൂടാതെ ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും കൂടൂതല്‍ സ്വര്‍ണം നേടിയ താരം (ബെയ്ജിങ്ങില്‍ എട്ട് സ്വര്‍ണം) എന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്. ഫെല്‍പ്‌സ് നീന്തല്‍ തുടങ്ങിയത് ഏഴാം വയസ്സിലായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘അറ്റന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസ്ഓര്‍ഡര്‍ (ADHD) ഉള്ള കുട്ടിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടയാളായിരുന്നു ഫെല്‍പ്‌സ്.

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കനാകാതെ സദാ ബഹളം വയ്ക്കുന്ന ഒരു ‘പിരുപിരുപ്പന്‍ ‘ ആകേണ്ടിയിരുന്ന ഒരു കുട്ടി നീന്തലില്‍ പല വിഭാഗങ്ങളിലായി ആറ് ലോക റെക്കോര്‍ഡുകളുടെ ഉടമയായത് നീന്തലില്‍ അവനുള്ള വൈദഗ്ധ്യം കണ്ടുപിടിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത് കൊണ്ട് മാത്രമാണ്. ഭിന്നശേഷിയുള്ളവരെ ഒന്നുകില്‍ വെറുപ്പോടെ/ഭയത്തോടെ മാറ്റിനിര്‍ത്തേണ്ടവര്‍ ആണെന്നോ, അല്ലെങ്കില്‍ അവരെ പൊതിഞ്ഞു സംരക്ഷിക്കേണ്ടവര്‍ ആണെന്നോ, അല്ലെങ്കില്‍ ‘ഈ കുട്ടികള്‍ക്കിതൊന്നും പറ്റില്ല ‘അല്ലെങ്കില്‍ ‘ഇവരെകൊണ്ട് സാധാരണക്കാരായ സമപ്രായക്കാര്‍ ചെയ്യുന്നതൊന്നും ചെയ്യാന്‍ കഴിവുള്ളവരേ അല്ല ഇവര്‍ ‘എന്നൊക്കെയായിരിക്കും പലപ്പോഴും സമൂഹത്തിന്റെ വിചാരം. 

ഇത്തരം ചിന്താഗതികള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കലാകായിക രംഗങ്ങളില്‍ പ്രതിഭകളെ കണ്ടെത്താന്‍ നടത്തുന്ന സ്‌കൂള്‍ കായിക /കലോത്സവങ്ങള്‍ക്ക് സാധിക്കുന്നത് പോലെ തന്നെ, ഭിന്നശേഷിയുള്ളവര്‍ക്ക് ഏതു മേഖലയിലാണ് കഴിവുള്ളത് എന്ന് കണ്ടുപിടിച്ചു അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് ഏതൊരു പരിഷ്‌കൃത സമൂഹത്തിന്റേയും ഉത്തരവാദിത്വവും കടമയും ആണ്. പൊളിറ്റിക്കല്‍ കറക്കറ്റ്‌നസ്സിനുവേണ്ടി ശക്തിയുക്തം വാദിക്കുന്നവര്‍ പോലും ‘മന്ദബുദ്ധി, ഭ്രാന്തന്‍, വട്ടന്‍, ഇഡിയറ്റ്, സൈക്കോ, ഒരഞ്ചു പൈസക്ക് കുറവുള്ളയാള്‍’ എന്നൊക്കെയുള്ള വാക്കുകള്‍ യാതൊരു മടിയും കൂടാതെ ഉപയോഗിക്കുകയും, അതേക്കുറിച്ച് ചോദിച്ചാല്‍ ‘ആനക്കാര്യത്തിനിടയില്‍ ഇത്തരം കുഞ്ഞി ചേനകാര്യങ്ങള്‍ക്കൊക്കെ ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ?’ എന്ന് ഒരു കുറ്റബോധവും ഇല്ലാതെ ന്യായീകരിക്കുകയും ചെയ്യും. ബുദ്ധി വൈകല്യങ്ങളെക്കുറിച്ചോ മനോവൈകല്യങ്ങളെക്കുറിച്ചോ സമൂഹത്തിന് വേണ്ടത്ര അവബോധം ഇല്ലാത്തത് കൊണ്ടാണ് ഇത്തരം പദപ്രയോഗങ്ങള്‍ വരുന്നത്.

1980 ലാണ് പലവിധ പരിമിതികള്‍/വൈകല്യങ്ങള്‍ ഉള്ളവരെ ‘ഭിന്നശേഷിയുള്ളവര്‍’ എന്ന് വിളിക്കണം എന്നൊരു നിര്‍ദേശം യുഎസ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ശാരീരിക /മാനസിക പരിമിതികള്‍ ഉള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ക്കെതിരെ ഉള്ള വിവേചനം അവസാനിപ്പിക്കുക എന്ന ഉദ്ദേശം ആണ് ഇതിനു പിന്നില്‍ ഉള്ളത്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ഈ തീരുമാനത്തിന്റെ 35 വര്‍ഷത്തിനു ശേഷവും ഭിന്നശേഷിയുള്ളവരെ അംഗീകരിക്കണം എന്നോ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തണം എന്നോ ഉള്ള അവബോധം ജനസാമാന്യത്തിനുണ്ടായിട്ടില്ല. ഇത്തരം എല്ലാ പ്രശ്‌നങ്ങളിലും ‘ബയോ സൈക്കോ സോഷ്യല്‍ ഇന്‍ഫ്ലുവന്‍സി’നു വലിയ പങ്കുണ്ട്. കൃത്യമായ അവസ്ഥാ നിര്‍ണ്ണയവും, ഉചിതമായ ചികിത്സ/ പുനരധിവാസവും സാധ്യമായാല്‍ അതവര്‍ക്കൊരു പുനര്‍ജീവനം തന്നെയാകും.

ഭിന്നശേഷിയുള്ളവരുടെ ലോകത്തെക്കുറിച്ച് പറയുമ്പോള്‍ ഈ രംഗത്തെ ചില ചൂഷണങ്ങളെക്കുറിച്ചും പറയണമല്ലോ. ഹിപ്പ്‌നോ തെറാപ്പി, സാന്ത്വന തെറാപ്പി, ബ്രെയിന്‍ തെറാപ്പി തുടങ്ങി ജീന്‍ ഘടനയില്‍ മാറ്റം വരുത്താം എന്ന് വരെ യാതൊരു അടിസ്ഥാനവുമില്ലാതെ അവകാശപ്പെടുന്ന പരസ്യങ്ങള്‍ വിപുലമായ തോതില്‍ ഇന്ന് വ്യതസ്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്ത് ചെയ്യണം, ആരെ സമീപിക്കണം എന്നറിയാതെ വിഷമിക്കുന്ന പാവം മാതാപിതാക്കളെ ആണ് ഇക്കൂട്ടര്‍ വന്‍സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുന്നത്.

സമീപനത്തില്‍ മാറ്റം വരുത്തുന്നതോടൊപ്പം നമ്മുടെ പാഠൃപദ്ധതികള്‍ ഉള്‍പ്പെടെ ഭിന്നശേഷിയുള്ളവരോട് അനുകൂലമാനോഭാവം വളര്‍ത്തുന്ന രീതിയില്‍ പുനക്രമീകരണം നടത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഭിന്നശേഷിയുള്ളവരെ സമസൃഷ്ടികള്‍ എന്ന തോന്നലോടെ സമീപിക്കാന്‍ നമ്മുടെ സമൂഹത്തിനാകൂ.

(കോട്ടയം സ്വദേശിയാണ് ദീപ ഷാജി)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍