UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാ ഡിജിറ്റല്‍ ഇന്ത്യ കെട്ടിപ്പണിയുന്ന ഒരു വിപ്ലവകാരി; ബംഗളൂരുവിലെ സലീമിന്റെ ജീവിതം

Avatar

സരിത റായ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാല് തിരുമ്മുന്ന ഉപകരണങ്ങള്‍, ജീന്‍സുകള്‍, അടുക്കള സാമഗ്രികള്‍, കായിക ഷൂസുകള്‍ എന്നിവ കുത്തി നിറച്ച ഏകദേശം 55 പൗണ്ട് ഭാരം വരുന്ന ചാക്കുകെട്ട് അബ്ദുള്‍ സലീം തന്റെ തോളിലേറ്റിയിരിക്കുന്നു. വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലിയുമായി ബന്ധപ്പെട്ട വാര്‍ഷിക വാങ്ങല്‍ ഉന്മാദം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒക്ടോബറിന്റെ അവസാനദിവസങ്ങളിലൊന്നായിരുന്നു അത്. ഹെല്‍മെറ്റ് ധരിച്ച്, ഹോണ്ട സ്‌കൂട്ടറില്‍ കയറി സലീം, ബംഗളൂരുവിന്റെ ഇടുങ്ങിയ തെരുവുകളിലേക്ക് കുതിച്ചുപായുന്നു.

ഇന്ത്യയിലെ ഏറ്റവും വലുതും മൂല്യമുള്ളതുമായ ഇ-വാണിജ്യ കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയാണ് സലീമിന്. 2013ലെ 11 ബില്യണ്‍ ഡോളറില്‍ നിന്നും 2020ല്‍ 137 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കുന്ന ഒരു കമ്പോളത്തില്‍ മേല്‍ക്കോയ്മ നേടുന്നതിനായി കലഹിക്കുന്ന പ്രാദേശിക എതിരാളി സ്‌നാപ്പ്ഡീല്‍.കോമിനും യുഎസ് ഭീമന്‍ ആമസോണ്‍.കോമിനും എതിരായി ഫ്‌ളിപ്പ്കാര്‍ട്ട് നടത്തുന്ന പോരാട്ടത്തിലെ കൂലിപട്ടാളക്കാരാണ് സലീമും മറ്റ് ആയിരക്കണക്കിന് സഹവിതരണ തൊഴിലാളികളും. ഇന്ത്യയില്‍ മില്യണ്‍ കണക്കിന് ഡോളര്‍ ആമസോണ്‍ ചിലവഴിക്കുമ്പോഴും മത്സരത്തില്‍ ഒരു നേരിയ മുന്‍തൂക്കം ഫ്‌ളിപ്പ്കാര്‍ട്ടിനുണ്ട്.

പാക്കറ്റുകള്‍, ഒരു ദിവസം കൊണ്ടോ അതില്‍ താഴെയോ സമയം കൊണ്ട് വിലാസക്കാരനെത്തിക്കാന്‍ മത്സരിക്കുന്ന ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ കച്ചവടക്കാര്‍, അവസാന മൈല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൂരത്തെ കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ്. വികസിത കമ്പോളങ്ങള്‍ സാധാരണഗതിയില്‍ ട്രക്കുകളെയാണ് വിതരണത്തിനായി ആശ്രയിക്കുന്നത്. ജോലി പൂര്‍ത്തിയാക്കുന്നതിന് വിമാനങ്ങളെ ആശ്രയിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെയും മറ്റ് വികസ്വര കമ്പോളങ്ങളിലെയും തിരക്കേറിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പാക്കറ്റുകള്‍ എത്തിക്കുന്നതിനായി കാല്‍നട, സൈക്കിള്‍, ബോട്ടുകള്‍ തുടങ്ങിയ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും കമ്പനികള്‍ ഉപയോഗിക്കുന്നു.

രണ്ടുവര്‍ഷം മുമ്പ് ആക്രിക്കച്ചവടത്തില്‍ കുറെ കാശ് നഷ്ടപ്പെട്ടശേഷം ബംഗളൂരുവിന് ചുറ്റും തന്റെ സ്‌കൂട്ടറില്‍ പായുന്ന സലിമിനെ പോലുള്ളവരെയാണ് അവര്‍ ഏറെയും ആശ്രയിക്കുന്നത്. തിരക്കേറിയ ദീപാവലി സമയത്ത് പ്രതിദിനം 800,000 ലക്ഷം പാക്കറ്റുകളാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 20,000 വരുന്ന വിതരണജീവനക്കാര്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചത്. ഉല്‍പന്നങ്ങള്‍ മുന്‍വാതിലില്‍ എത്തിക്കാന്‍ വിതരണജീവനക്കാര്‍ തങ്ങളുടെ ജീവന്‍ അപകടപ്പെടുത്താന്‍ തയ്യാറാവാതെയിരുന്നാല്‍, ബംളരൂവിലെ പോലെ ഗതാഗതതടസ്സം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്പ്ഡീല്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ വ്യാപാരവളര്‍ച്ച മന്ദഗതിയിലാവും.

ഉപഭോക്തൃ പ്രതിനിധി, വിതരണജീവനക്കാര്‍ എന്നിങ്ങനെയുള്ള ഇരട്ടവേഷം മൂലം സലിമിനെ വിഷ് മാസ്റ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മിക്കവയും വലിയ കുടുംബങ്ങളായതിനാല്‍ എപ്പോഴും ആരെങ്കിലും വീട്ടില്‍ കാണുമെന്ന് ഉറപ്പുള്ളതുകൊണ്ട്, സലിമിനെ പോലെയുള്ളവര്‍ പലപ്പോഴും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്നു. ചില സമയങ്ങളില്‍ അവര്‍ക്ക് അയാളെ കാണുമ്പോള്‍ സന്തോഷമാണ്; മറ്റുചിലപ്പോഴാവാട്ടെ തങ്ങളുടെ ചെറുകിടക്കാരെ കാത്ത് അവര്‍ വീടിന് പുറത്ത് അസ്വസ്ഥരായി ഉലാത്തുന്നുണ്ടാവും.

ന്യൂയോര്‍ക്ക്, ലണ്ടന്‍ അല്ലെങ്കില്‍ ഹോങ്കോംഗ് നഗരത്തില്‍ ജീവിക്കുന്നവരെ പോലെ തന്നെ ബംഗളൂരുവിലും മറ്റ് ഇന്ത്യയിലെ വന്‍കിടനഗരങ്ങളിലും ജീവിക്കുന്നവരും ഓണ്‍ലൈന്‍ ഷോപ്പിംഗിന് അടിമകളായിരിക്കുകയാണ്. പ്രദേശത്തെ ഒരു കൊച്ചുകടയില്‍ നിന്നും അനായാസം വാങ്ങാവുന്ന വെറും 250 രൂപ (3.70 ഡോളര്‍) വിലവരുന്ന കത്തിയുള്‍പ്പെടെയുള്ള ചെറുകിട സാധനങ്ങളായാല്‍ പോലും ദിവസത്തില്‍ നിരവധി തവണ ഓഡറുകള്‍ നല്‍കുന്നതിന് പേരുകേട്ടവരുമാണ്. ‘എല്ലാം നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുമെന്ന് ഉറപ്പുള്ളപ്പോള്‍ കമ്പോളത്തിലെ തിരക്കില്‍ പെടാന്‍ ആര്‍ക്കാണ് താല്‍പര്യം?’ എന്ന് സലിം ചോദിക്കുന്നു.

സൂര്യാതപം രൂക്ഷമായിരുന്ന ആ ബുധനാഴ്ച രാവിലെ ആറുമണിക്ക്, ജെപി നഗര്‍ കോളനിക്ക് സമീപമുള്ള ഒരു വിതരണ കേന്ദ്രത്തില്‍ വൃത്തിയായി പൊതിഞ്ഞുവച്ചിരിക്കുന്ന ആയിരക്കണക്കിന് പാക്കറ്റുകള്‍ നിരന്ന വരികള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു സലിം. വിഷ് മാസ്റ്റര്‍മാര്‍ മുടിയില്‍ ജെല്‍ പുരട്ടുന്നതും കീറിയ ജീന്‍സുകള്‍ ധരിക്കുന്നതും തുറന്ന പാദുകങ്ങള്‍ അണിയുന്നതും മേല്‍ചുണ്ട് മറയുന്ന വിധത്തില്‍ മീശ വളര്‍ത്തുന്നതും വിരലുകളില്‍ രണ്ടില്‍ കൂടുതല്‍ മോതിരങ്ങളണിയുന്നതും നിരോധിക്കുന്ന പോസ്റ്ററുകള്‍ ഭിത്തികളില്‍ തൂങ്ങിക്കിടക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പിനോടൊപ്പം പുതിയ യൂണിഫോമിന്റെ ഒരു പൊതിയും ലഭിക്കുന്നു. കമ്പനിയുടെ ഓറഞ്ച് കരയുള്ള നീല ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞ 33 കാരനായ സലിം, ആ കേന്ദ്രത്തിലെ വിതരണ ജീവനക്കാരിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ആളാണ്.

കൂടിനിന്ന വിതരണ ജീവനക്കാര്‍ തിക്കിത്തിരക്കുന്നതിനിടെ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരോടും ഉപഭോക്താക്കളോട് പരുഷമായി സംസാരിക്കുന്നവരോടും സാധനങ്ങളോ പണമോ അപഹരിക്കുന്നവരോടും ഒരു അനുകമ്പയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മാനേജര്‍ ഓര്‍മ്മിപ്പിക്കുന്നു: ഐഫോണുകള്‍ക്ക് പകരം ഇഷ്ടിക വിതരണം ചെയ്യുകയും ഒറ്റയ്ക്കുള്ള സ്ത്രീകളെ അതിക്രമിക്കുകയും ചെയ്യുന്ന വിതരണജീവനക്കാരെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനുശേഷം, സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് മാനേജര്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെടുന്ന വാതില്‍ തോറുമുള്ള വിതരണത്തിനായി, ‘ഇവിടെ തുപ്പരുത്’ എന്ന മുന്നറിയിപ്പിനരികില്‍ ഇരിക്കുന്ന പാത്രത്തില്‍ നിന്നും മധുരമുള്ള പാല്‍ക്കാപ്പി കുടിച്ചശേഷം ചെറുകപ്പുകള്‍ ഉപേക്ഷിച്ച് 59 പുരുഷന്മാര്‍ റോഡിലേക്ക് കുതിക്കുന്നു.

താരതമ്യേന തിരക്കില്ലാത്ത ദിവസമായതിനാല്‍, സലിമിന് 36 പാക്കറ്റുകള്‍ മാത്രമാണ് ഇന്ന് വിതരണം ചെയ്യാനുള്ളത്. വീടുടമസ്ഥന്‍ ഗേറ്റിന് സമീപം നിന്ന് തന്റെ ഫോക്‌സ് വാഗണര്‍ തുടയ്ക്കുന്ന, തിരക്കുകുറഞ്ഞ തെരുവിലുള്ള ഇരുനില കെട്ടിടമാണ് അദ്ദേഹത്തിന്റെ ആദ്യലക്ഷ്യം. ശിശുരോഗവിദഗ്ധനായ അദ്ദേഹത്തെ 26കാരിയായ മകള്‍, ഇന്‍ഫോസിസിലെ ഐടി എഞ്ചിനീയര്‍ക്കുള്ളതാണ് ആദ്യ പാക്കറ്റ്.

‘ജബോങില്‍ നിന്നും ഈ ഉപഭോക്താവിന് ദിവസവും നിരവധി പാക്കറ്റുകള്‍ ലഭിക്കുന്നു,’ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫാഷന്‍ സ്റ്റോറിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സലിം പറഞ്ഞു. ‘മിക്കതും അവര്‍ തിരിച്ചയയ്ക്കുകയും ചെയ്യുന്നു.’

തന്റെ ഉപഭോക്തൃ പാതയിലുള്ളവരുടെ വാങ്ങല്‍ രീതികളെക്കുറിച്ചും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കണക്കുവഴികളെ കുറിച്ചും സലിമിന് ധാരണയുണ്ട്. ‘ഈ ഉപഭോക്താവ് മൂന്ന് മാസം മുമ്പ് ഒരു ഐഫോണ്‍ വാങ്ങിയിരുന്നു. പുള്ളി മറ്റൊന്നുകൂടി വാങ്ങിയെന്നാണ് തോന്നുന്നത്,’ രണ്ടാമത്തെ സ്ഥലത്ത് നിറുത്തുന്നതിനിടയില്‍ സലിം പറഞ്ഞു.

ഗ്രാമങ്ങളില്‍ നിന്നും വന്‍നഗരങ്ങളിലേക്ക് കുടിയേറുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം, കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡും തൂക്കി ബൈക്കില്‍ നഗരം ചുറ്റുന്നത് ഒരു മോഹിപ്പിക്കുന്ന നീലക്കോളര്‍ തൊഴിലാണ്. ‘ഇതൊരു മാസവരുമാനമാണ്, എല്ലാ മാസത്തിന്റെയും അവസാനം അത് ലഭിക്കും,’ എന്ന് പ്രതിമാസം 13,000 രൂപ (വെറും 200 ഡോളര്‍) ശമ്പളം വാങ്ങുന്ന സലിം പറയുന്നു. ഇന്ത്യയില്‍ എമ്പാടുമുള്ള കോള്‍ സെന്ററുകളില്‍ പണിയെടുക്കുന്നവര്‍ക്കും പ്രതിമാസം ഇത്രയും ശമ്പളമായി ലഭിക്കുമെന്നറിയുമ്പോള്‍ ഇതൊരു മോഹിപ്പിക്കുന്ന വേതനമല്ല.

കിഴിവുകള്‍ നല്‍കുന്നതിനും പണമടയ്ക്കല്‍, സംഭരണശാല നിര്‍മ്മാണങ്ങള്‍ക്കുമായി വലിയ സാമ്പത്തികച്ചിലവ് നേരിടുന്ന ഫ്‌ളിപ്പ്കാര്‍ട്ടിനും എതിരാളികള്‍ക്കും ഇപ്പോള്‍ തന്നെ മിടുക്കരായ വിതരണജീവനക്കാരെ ലഭിക്കുന്നതിനായി വലിയ തുക ചിലവാക്കേണ്ടി വരുന്നു. ഇംഗ്ലീഷില്‍ പ്രാഗത്ഭ്യം ഉള്ളവരും (ഏകദേശം ഒരു ഡസനിലേറെ പ്രാദേശിക ഭാഷകളുള്ള ഒരു രാജ്യത്തിന്റെ പൊതുവിനിമയ മാധ്യമം എന്ന നിലയില്‍), സെല്‍ഫോണ്‍ ഗതിനിയന്ത്രണം ഉപയോഗിക്കാന്‍ അറിയുന്നവരും ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരും ക്രഡിറ്റ് കാര്‍ഡുവഴിയുള്ള പണമടവുകളെ കുറിച്ച് ധാരണയുള്ളവരുമായ വിതരണജീവനക്കാരെ ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പിസ കേന്ദ്രങ്ങളും കൊറിയര്‍ കമ്പനികളും ഇത്തരക്കാരെ അടിച്ചുമാറ്റുന്നതും സാധാരണമാണെന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ നീലകുപ്പായ തൊഴില്‍ വെബ്‌സൈറ്റായ ബാബജോബിന്റെ സ്ഥാപക സിഇഔ വിര്‍ കാശ്യപ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം വിതരണജീവനക്കാരുടെ ശമ്പളം 15 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായി. ‘ഉപഭോക്താവുമായി തങ്ങളെ ബന്ധപ്പെടുത്തുന്ന ഏക കണ്ണി,’ സലിമിനെ പോലുള്ള ജീവനക്കാരാണെന്ന് തിരിച്ചറിയുന്ന ഓണ്‍ലൈന്‍ വ്യാപാരികള്‍ ശമ്പളം വര്‍ദ്ധിച്ചു നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഇത്തരം ജോലികളെ അവര്‍ വളരെ ഗൗരവമായാണ് സമീപിക്കുന്നത്.’

ഓരോ വര്‍ഷവും 146,000 ത്തിലേറെ ആളുകള്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്ന ഒരു രാജ്യത്ത് ഇത്തരം തൊഴിലുകള്‍ ചെയ്യുന്നതും അപകടകരമാണ്. മഴയും ചൂടും സഹിക്കാന്‍ വിതരണജീവനക്കാര്‍ ബാധ്യസ്ഥരാണ്. ഒരു ചെറിയ ഫ്രിഡ്ജ് പോലെ ഭാരമേറിയ സാധനങ്ങളുമായി മലിനവായു ശ്വസിച്ച് പോകുമ്പോഴാവും അലക്ഷ്യമായി ഓടിക്കുന്ന ഡ്രൈവര്‍മാരെയോ, റോഡിലെ കുഴികളെയോ വഴിവാണിഭ വണ്ടികളെയോ തെരുവ് നായ്ക്കളെയോ അലഞ്ഞുതിരിയുന്ന പശുക്കളെയോ അവര്‍ക്ക് നേരിടേണ്ടി വരിക.

ഒരു കാറിന് പ്രവേശിക്കാത്ത വിധത്തില്‍ വീതികുറഞ്ഞ ഒരു തെരുവിലൂടെയാണ് സലീം ഇന്ന് സഞ്ചരിക്കുന്നത്. മൂന്ന് വീലുള്ള ഓട്ടോറിക്ഷകളും അലക്ഷ്യമായി ഒടിക്കുന്ന ബസുകളും ചീറിപ്പായുന്ന ഓരോ നിമിഷവും അയാള്‍ക്ക് തന്റെ ഹോണ്‍ അമര്‍ത്തിപ്പിടിക്കേണ്ടി വരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പുതിയ വിതരണജീവനക്കാരന്റെ വാഹനം അപടകടത്തില്‍ പെട്ടിരുന്നു. മണിക്കൂറില്‍ 25 മൈയില്‍ വേഗതയില്‍ പോകുന്ന താന്‍ പലപ്പോഴും അപകടത്തിന്റെ വക്കിലെത്തിയിട്ടുണ്ടെന്ന് സലിം പറയുന്നു (അയാള്‍ ഒരു ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ന്നിട്ടുണ്ട്).

പരിശീലനകാലത്തു തന്നെ പലരും തൊഴിലുപേക്ഷിക്കാറുണ്ടെന്ന് ജെപി നഗര്‍ കേന്ദ്രത്തിലെ ഒരു പരിശീലകനായ ഗിരീഷ് ജെട്ടി പറയുന്നു. ‘ബാഗുകള്‍ വീഴാതെ നോക്കുന്നതിനിടയില്‍ വാഹനമോടിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് പലരും പരാതി പറയുന്നു.’ വഴികള്‍ പ്രയാസമാണെന്ന് പരാതി പറഞ്ഞുകൊണ്ട് ജോലിക്ക് ചേര്‍ന്ന് കുറച്ചുമാസങ്ങള്‍ക്ക് ശേഷം പിരിഞ്ഞുപോകുന്നവരുമുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ നിറുത്താത്ത വീടുകളില്‍ നിറുത്തിയെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അവരുടെ വഴികളില്‍ സാങ്കേതികവിദ്യ അവരെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സമ്മര്‍ദം വിവരാണതീതമാണ്.

രാവിലെ പതിനൊന്നു മണിക്ക് ആ ദിവസത്തെ തന്റെ ആദ്യ ഭക്ഷണം കഴിക്കുന്നതിനായി സലിം വണ്ടി നിറുത്തി. മസാലദോശയും കാപ്പിയും. ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അയാളുടെ മൊബൈല്‍ ഫോണ്‍ അടിക്കാന്‍ തുടങ്ങി. ഈ ഉപഭോക്താവ് അന്ന് മുന്നാം തവണയാണ് അയാളെ വിളിക്കുന്നത്.

‘എന്റെ ഉപഭോക്താവ്. ഇപ്പോള്‍ തന്നെ സാധനം എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു,’ ഭക്ഷണം നിമിഷങ്ങള്‍ക്കൊണ്ട് വിഴുങ്ങുന്നതിനിടെ സലിം പറഞ്ഞു. സലിം എത്തിയമ്പോള്‍, ഉപഭോക്താവ് പ്രത്യക്ഷത്തില്‍ അസ്വസ്ഥനായിരുന്നു. പാക്കറ്റ് കിട്ടിയതിന് ശേഷം ജോലിക്കെത്താന്‍ അദ്ദേഹം താമസിക്കും.

അതിന് ശേഷം അപ്പാര്‍ട്ടുമെന്റുകളിലും വീടുകളിലും ഓഫീസുകളിലും ഇടയ്ക്കിടെ നിറുത്തിക്കൊണ്ട് തിരക്കേറിയ വീഥിയിലൂടെ സലിം ഇഴഞ്ഞിഴഞ്ഞ് നീങ്ങി. ഒരു ഓഫീസിലെ നാല് സഹപ്രവര്‍ത്തകര്‍ ഓരേ സാധനത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും രണ്ട് പേര്‍ മാത്രമേ ഹാജരുണ്ടായിരുന്നുള്ളു. തൊട്ടടുത്ത ദിവസം അതേ ഓഫീസില്‍ വീണ്ടും എത്തിക്കേണ്ട രണ്ട് പൊതികളും താങ്ങി സലിം പടിയിറങ്ങി. ക്രെഡിറ്റ് കാര്‍ഡുകള്‍ അപൂര്‍വവും വളരെ കുറച്ച് ഉപഭോക്താക്കള്‍ മാത്രം ഡിജിറ്റല്‍ പണമിടപാടുകളെ ആശ്രയിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിലെ ഏക വിനിമയ സംവിധാനമായ നോട്ടുകള്‍ അദ്ദേഹം വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി.

അടുത്ത സ്ഥലത്ത് നിറുത്തിയപ്പോള്‍, ഓരോ ദിവസം നിരവധി തവണ അലട്ടുന്ന പതിവ് ചോദ്യം സലിമിനെ വീണ്ടും അലട്ടി: അഞ്ച് നിലയുള്ള കെട്ടിടത്തിലേക്ക് ബാഗ് ചുമന്ന് കയറണോ അതോ സ്‌കൂട്ടറില്‍ സൂക്ഷിക്കണോ? മോഷണം ഒരു പ്രധാന ആശങ്കയാണ്; വടക്കന്‍ ഉത്തര്‍പ്രദേശില്‍ ഒരു വിതരണജീവനക്കാരനെ തോക്കിന്‍ മുനയില്‍ നിറുത്തി സാധനങ്ങള്‍ കവര്‍ന്നു. ഒടുവില്‍ ബാഗ് തോളിലേറ്റി സലിം പടികള്‍ കയറി.

ഒരു വലിയ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറായ സന്തോഷ് എസ് ബി, തന്റെ പാക്കറ്റും കാത്ത് വീടിന് പുറത്ത് അസ്വസ്ഥനായി ഉലാത്തുകയായിരുന്നു: ‘എന്റെ ഭാര്യയ്ക്ക് ഞാനൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി, ഇന്നലെ അവളുടെ ജന്മദിനമായിരുന്നു.’ വസ്ത്രങ്ങള്‍, പാചക ഉപകരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ മുതലായവ വാങ്ങുന്നതിലാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് താല്‍പര്യമെന്ന് സന്തോഷ് പറയുന്നു. ‘എന്തുകൊണ്ട് പറ്റില്ല? സമയം ലാഭിക്കുമെന്ന് മാത്രമല്ല, ധാരാളം കിഴിവുകളും ലഭിക്കുന്നു…കടകളെല്ലാം ശൂന്യമാണ്.’

മിക്കവാറും ഒരേ വീടുകളിലേക്കാണ് സലിം ദിവസവും പോവുക. ‘ചിലര്‍ ധാരാളം വാങ്ങിക്കൂട്ടും.’ തന്റെ പണത്തെക്കുറിച്ച് വളരെ കരുതലുള്ള അദ്ദേഹം പക്ഷെ ഇതുവരെ തന്റെ കുട്ടികള്‍ക്ക് ചില കളിപ്പാട്ടങ്ങളും രണ്ട് സ്മാര്‍ട്ട് ഫോണുകളും മാത്രമേ വാങ്ങിയിട്ടുള്ളു. തന്റെ ജോലിസമയത്ത് ഉപയോഗിക്കുന്ന മോട്ടറോള ഫോണും ഇതില്‍ പെടുന്നു. ‘വിതരണക്കൂലി സൗജന്യമായതിനാല്‍, തൊട്ടപ്പുറത്തെ കടയില്‍ ലഭ്യമായ ചെറിയ സാധനങ്ങള്‍ക്ക് പോലും ആളുകള്‍ ഓര്‍ഡര്‍ നല്‍കുന്നു.’

എപ്പോഴും ചിരിക്കുന്ന ചുറുചുറുക്കുള്ള വീട്ടമ്മയായ ഷഗുഫ്ത്ത ഹുര്‍മത്തിന് അവസാന വിതരണപാക്കറ്റ് എത്തിക്കുമ്പോഴേക്കും ഉച്ചതിരിഞ്ഞ് മൂന്നുമണിയായിരുന്നു. ‘ഇത് ഇന്നത്തെ എന്റെ അഞ്ചാമത്തെ പാക്കറ്റാണ്. ഇത് സൗന്ദര്യവര്‍ദ്ധക സാധനങ്ങളാണ്,’ തന്റെ തലമുടി കോതിയൊതുക്കുകയും ദുപ്പട്ട വലിച്ചിടുകയും ചെയ്ത ശേഷം പാക്കറ്റ് ഒപ്പിട്ടുവാങ്ങുന്നതിനിടയില്‍ ഹുര്‍മത്ത് പറഞ്ഞു. ‘ആറാമത്തെ പാക്കറ്റ് വന്നുകൊണ്ടിരിക്കുകയാണ്.’

ഒക്ടോബറില്‍ മാത്രം ഹുര്‍മത്ത്, പാചകോപകരണവും, മൂടി നീട്ടാനുള്ള യന്ത്രവും, ഷൂസും സൗന്ദര്യവര്‍ദ്ധകസാധനങ്ങളും കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങളും അടിവസ്ത്രങ്ങളും ഒരു എല്‍ഇഡി ടിവിയും വാങ്ങിയിരുന്നു. ‘ഇത് മനുഷ്യനെ അടിമയാക്കുന്നു. ഓണ്‍ലൈനില്‍ വരുന്ന വിലപേശലുകള്‍ ശ്രദ്ധിക്കാന്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു,’ എന്ന് തന്നെ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ ഒരുങ്ങുന്ന ഹുര്‍മത്ത് പറഞ്ഞു. ‘എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഷോപ്പിംഗ് സൈറ്റുകള്‍ പരതാറുണ്ട്.’

തിരികെ പോകുമ്പോള്‍ സലിമിന്റെ മനസ്സില്‍ ഒരു തളര്‍ന്ന ചിരിയുണ്ടായിരുന്നു. തിരികെ സ്ഥാപനത്തിലെത്തി, തിരികെ ലഭിച്ചതും വിതരണം ചെയ്യപ്പെടാത്തതുമായ പാക്കറ്റുകളുടെ കണക്ക് തീര്‍ക്കുകയും ലഭിച്ച പണം അടയ്ക്കുകയും ചെയ്ത ശേഷം മാത്രമേ ജോലി അവസാനിപ്പിച്ച് ഉച്ചഭക്ഷണത്തിനായി അദ്ദേഹത്തിന് വീട്ടിലെത്താന്‍ സാധിക്കു. ആജീവനന്താം ഒരു വിതരണജീവനക്കാരായി തുടരാന്‍ സലിം ആഗ്രഹിക്കുന്നില്ല. ഒരു ദിവസം മാനേജരാവണം എന്ന് ആഗ്രഹിക്കുന്ന സലിം പക്ഷെ, ഇന്ത്യയെ ആധുനികവല്‍ക്കരിക്കുകയും മാറ്റുകയും ചെയ്യുന്ന ഒരു ചെറുകിട വിപ്ലവത്തിന്റെ ഭാഗമായി മാറാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ്.

‘ആളുകളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് കാണാന്‍ എനിക്കിഷ്ടമാണ്,’ അദ്ദേഹം പറയുന്നു. ‘തങ്ങളുടെ പൊതികള്‍ അഴിച്ച് ഉള്ളിലെന്താണെന്ന് നോക്കാന്‍ അവര്‍ക്ക് വലിയ ആവേശമാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍