UPDATES

സുക്കര്‍ ബര്‍ഗ് നമ്മളെ പറ്റിച്ചോ ഇല്ലയോ? ഡിജിറ്റല്‍ ഇന്ത്യയില്‍ കലഹിച്ച് സോഷ്യല്‍ മീഡിയ

Avatar

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ സൈബര്‍ലോകം. പ്രത്യേകമായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തില്‍ ത്രിവര്‍ണ്ണപതാകയുടെ നിറം ചേര്‍ക്കുന്ന വിദ്യയുടെ പിന്നില്‍ നെറ്റ് ന്യൂട്രാലിറ്റിയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചിലര്‍ കണ്ടെത്തിയതോടെയാണ്‌ ചര്‍ച്ചകളുടെ തുടക്കം. പ്രസ്തുത ആപ്ലിക്കേഷന്‍റെ സൊഴ്സ് കോഡില്‍ InternetOrgprofilepicture എന്ന പേര് കണ്ടെത്തിയതോടെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു. അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടേയും ഭാഗത്തുള്ള സാങ്കേതികവിദഗ്ദ്ധര്‍ തെളിവുകള്‍ നല്‍കുന്നുമുണ്ട്. സോഷ്യല്‍ മിഡിയയില്‍ ഇതേക്കുറിച്ചു വന്ന ചില പോസ്റ്റുകള്‍.

Roshan Thomas

അമിത ദേശീയതയിൽ മുങ്ങി “I support digital India” എന്നു നിലവിളിച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്.

നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് Digital India എന്ന കൺസപ്റ്റിനെ അല്ല. മറിച്ച് Free Basics അഥവാ Internet.org എന്ന ഫെയിസ്ബുക്ക് ഇനിഷ്യേറ്റിവിനെ ആണ്. ഇതേ ഇന്റർനെറ്റ് ഡോട്ട് ഓർഗ് നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റർനെറ്റ് സമത്വ നിലപാടിനു എതിരെ നിൽക്കുന്നതാണ്.

ദേശീയത പറഞ്ഞ് സ്വന്തം പ്രോഡക്റ്റ് വിൽക്കാനും Net neutrality യെ അട്ടിമറിക്കാനും ആണു സുക്കർബർഗ് ക്ഷണിക്കുന്നത്. പ്രൊഫൈൽ പിക്ചർമാറ്റുന്നവരുടെ പേരുകൾinternet.org യെ സപ്പോർട്ട് ചെയ്യുന്നവരുടെ പേരുകൾ ആയി സബ്മിറ്റ് ചെയ്യപ്പെടും. 

വികെ ആദർശ്

ഡിജിറ്റലാകുന്ന ഇന്ത്യയെ പറ്റി തന്നെ

മാധ്യമങ്ങളായ മാധ്യമങ്ങൾ മുഴുവനും ഇന്ന് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണല്ലോ. അതെ, മനുഷ്യന്റെ ദൈനംദിന  പ്രവർത്തനങ്ങളിൽ ഇന്റർനെറ്റിനും അതിന്റെ ഭാഗഭാക്കായ യന്ത്രസംവിധാനങ്ങൾക്കും ഇന്ന് സവിശേഷ പ്രാധാന്യം ഉണ്ട് എന്നത് സമ്മതിക്കാതെ തരമില്ല. ഇവിടെയാണ് ഡിജിറ്റൽ അന്തരം അഥവാ ഡിജിറ്റൽ ഡിവൈഡ് എന്ന് വിളിക്കപ്പെടുന്ന അസമത്വ പ്രശ്‌നം ഉള്ളത്. അതായത് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രാപ്യമായവരും (digital have’s) ഡിജിറ്റൽ സാക്ഷരതയില്ലാത്തവരും (digital have-nots) തമ്മിലുള്ള അകലം. ഈ അകലം ഇല്ലാതാക്കാൻ പല വിധ പ്രതിബന്ധങ്ങളും ഉണ്ട്. ഉപകരണത്തിന്റെ വില, അത് ഉപയോഗിക്കാനുള്ള സാങ്കേതിക അറിവ് എന്നിവ മാത്രമല്ല.

ഇന്നത്തെ മാധ്യമങ്ങളിലെ വാർത്താപൂരത്തിനിടെ ശ്രദ്ധിച്ച ഒരു ചെറുവാർത്തയുണ്ട്. ഇന്ത്യയിലെ 50,000 ഓളം ഗ്രാമങ്ങളിൽ മൊബൈൽ ശൃംഖല എത്തിക്കാനായി സാർവത്രികസേവന നിധി അഥവാ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ നിന്നും പണം എടുത്ത് കമ്പനികളെ കൊണ്ട് ഈ അവസാന കണക്ടിവിറ്റി (ലാസ്റ്റ് മൈൽ) ലഭ്യമാക്കാൻ അടുത്ത മൂന്ന് വർഷം കൊണ്ട് പദ്ധതിയിടുന്നു എന്ന വാർത്ത.

അതെ ഡിജിറ്റൽ ഇന്ത്യയെ നിർമിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ഇത് കൊണ്ട് പട്ടിണി മാറുമോ എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള പല എഴുത്തുകളും കണ്ടു. അതെ പട്ടിണി മാറ്റാനാകും എന്ന് തന്നെയാണ് ഉത്തരം. രാജ്യത്ത് ഉപഗ്രഹ സംവിധാനം കൊണ്ട് വരാൻ പദ്ധതിയിട്ടപ്പോഴും, ടെലിവിഷൻ ശ്രംഖലയ്‌ക്ക് വിത്ത് പാകിയപ്പോഴും അന്നത്തെ ഭരണാധികാരികളും ഈ ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു.

ഇന്ദിരാഗാന്ധിയും വിക്രം സാരാഭായിയും ഒക്കെ ഇട്ട അടിത്തറയിൽ നല്ല ബലിഷ്ടമായ ടെലകോം അടിത്തറ ഉണ്ടാക്കാൻ രാജീവ് ഗാന്ധിക്ക് സാം പത്രോദ എന്ന ദീർഘദർശിയായ എഞ്ചിനീയറെ കൊണ്ട് സാധിച്ചു എന്നത് ചരിത്രമാണ്, ആ ചരിത്രം അങ്ങനെ മായുകയും ഇല്ല. അന്ന് രൂപസംവിധാനം ചെയ്‌ത C-DOT ടെലഫോൺ എക്സ്‌ചേഞ്ച് ആണ് ശരിക്കും ഡിജിറ്റൽ ഇന്ത്യയുടെ ആണിക്കല്ല്. തുടർന്ന് നാടോട്ടുക്ക് വന്ന STD/ISD ടെലഫോൺ ബൂത്തുകൾ ടെലകോം സാക്ഷരതയിൽ അല്ലെങ്കിൽ എത്തപ്പെടലിൽ കാര്യമായ പങ്കുണ്ടാക്കി.

ഈ ഡിജിറ്റൽ ബാക്ക്‌ബോൺ സ്വാഭാവികമായും ദക്ഷിണേന്ത്യയിൽ IT/ITeS കമ്പനികളുടെ വരവിനു വഴിവൊരുക്കി. പിന്നീടുള്ളത് സമീപകാല ചരിത്രം. ഇന്ന് ഏതാനും സംസ്ഥാനങ്ങളുടെ നടവരവും തൊഴിൽ അവസര ലഭ്യതയും അതിന്റെ പരോക്ഷ തൊഴിൽ ദിനങ്ങളും എല്ലാം കടപ്പെട്ടിരിക്കുന്നത് ഡിജിറ്റൽ വ്യൂഹങ്ങളോടാണ്.

ഇന്ന് മാനുഫാക്ചറിംഗ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് ചോദിച്ചാൽ അറിയാം പാക്കേജിംഗിനു എന്തു പ്രാധാന്യമാണ് ഉത്പന്നത്തിന്റെ വിൽപ്പനയിൽ എന്ന്. അത് പോലെ Digital India എന്ന പാക്കിംഗ് നടത്തുന്നു, മിശ്രണം കൂടി നന്നായാൽ നേട്ടം സമൂഹത്തിന്റെ എല്ലാ തട്ടിലും ആകും.

പക്ഷെ ഈ പാക്കേജിംഗിലെ ഒരു അപകടം, പൂർവസൂരികളെ മറക്കുന്നു എന്നാണ്. വിക്രം സാരാഭായ്, സാം പത്രോദ, നന്ദൻ നിലേകാനി എന്നീ ടെക്‌നോക്രാറ്റുകൾക്ക് പോയ കാല പ്രധാനമന്ത്രിമാരിൽ ഉണ്ടായിരുന്ന സ്വാധീനം ഇന്നിന്റെ ഡിജിറ്റൽ യാഥാർത്ഥ്യത്തിൽ മറക്കുവതെങ്ങനെ. ഇവരോടു ഇണങ്ങാവുന്നതും പിണങ്ങാവുന്നതുമായ പല വിഷയങ്ങളുമുണ്ട്, അതല്ല ഇവിടെ പ്രതിപാദ്യം. മോഡിയും വളരെ മെച്ചമായി പ്രൊഫഷണൽ തികവോടെ ഡിജിറ്റൽ രാജ്യമാക്കാൻ ഉള്ള ജോലി ചെയ്യുന്നു, അതും നല്ലത് തന്നെ.

അതുപോലെ തന്നെ ഇപ്പോഴത്തെ ഡിജിറ്റൽ ഇന്ത്യ നേരിടുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യയിലെ എല്ലാ ഇടത്തും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുക ആണ്, അതിനുള്ള യത്നത്തിൽ ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്ടും വരെ പലതരത്തിൽ പങ്കാളികൾ ആകുന്നതിൽ തെറ്റില്ല. എന്നാൽ ഇത് ഒരു അവസരമാക്കി നെറ്റ് ന്യൂട്രാലിറ്റി പൊലെയുള്ളതിൽ പിൻവാതിൽ അജണ്ട കയറ്റുമെങ്കിൽ അത് നമുക്ക് എതിർക്കാം, ഉറപ്പായും.

ഡിജിറ്റൽ ഇ‌ൻവസ്റ്റ്മെന്റ് അനിവാര്യതയാണ്, അതിന്റെ തിരിച്ചുലാഭം ഡിജിറ്റൽ ഡിവിഡന്റായി കിട്ടുന്നത് ഇനിയും ഇന്റർനെറ്റിൽ എത്താനിരിക്കുന്ന ലക്ഷോപലക്ഷം ആളുകൾക്ക് കൂടി ആണ്. ഇവിടെ സർക്കാർ ഒരു നിയന്ത്രണാധികാരി (റഗുലേറ്റർ) യുടെ ജോലി ഈ പരസ്യകോലാഹലങ്ങൾക്കപ്പുറം ഫലപ്രദമായി നിർവഹിക്കേണ്ടതുണ്ട്. അതു എങ്ങനെ എന്നത് ചോദ്യം, കാത്തിരുന്ന് കാണേണ്ടതും.

വിരാമതിലകം: പാടത്തെ കർഷകർക്ക് വിപണിയിലെ വില എത്രയെന്ന് അറിയുന്നത് ശാക്തീകരിക്കലാണ്, പല തട്ടിലെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നുള്ള വിടുതലാണ്, ഗ്രാമ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട ടെലിമെഡിസിൻ കിട്ടുന്നതും ഡിജിറ്റൽ ഡിവിഡന്റ് തന്നെ. അതെ ഇന്റർനെറ്റ് അക്കൗണ്ട് വേണമെന്നില്ല, ഫേസ്ബുക്കോ ട്വിറ്ററോ കാണണമെന്ന് പോലുമില്ല എന്തിനധികം ‘ഗൂഗോളവൽക്കരണം’ അനുഭവിക്കപോലും ചെയ്യാത്തവരുടെ ജീവിതത്തിലും ഡിജിറ്റൽ ഇന്ത്യ അനുഭവവേദ്യമാകണം

Francis Nazareth

ഞാൻ ഇന്റർനെറ്റ്.ഓർഗിനെ സപ്പോർട്ട് ചെയ്യുന്നു. നെറ്റ് ന്യൂട്രാലിറ്റിയിൽ എനിക്ക് വിശ്വാസമില്ല.

ഇതുവരെ നെറ്റ് ന്യൂട്രാലിറ്റി എന്ന് പറഞ്ഞോണ്ടിരിക്കുന്നവർ ഒക്കെ മിഡിൽ ക്ലാസ് / അപ്പർ ക്ലാസ് ആക്ടിവിസ്റ്റുകളും അഡ്വക്കസി ഗ്രൂപ്പുകളും ആണ്. ഇതുവരെ നെറ്റ് ആക്സസ് ഇല്ലാത്തവരെ ആണ് ഇന്റർനെറ്റ്.ഓർഗ് ലക്ഷ്യം വെക്കുന്നത്. അവരുടെ അഭിപ്രായം ഒന്നും ഇതുവരെ കേട്ടില്ല. ഒരു ഇൻഫർമേഷൻ ആക്സസും ഇല്ലാത്ത ഗ്രാമീണൻ പരിമിതമായ ഇന്റർനെറ്റ് വേണോ വേണ്ടയോ എന്ന് പറയുന്നത് ഇതുവരെ കേട്ടില്ല.

അതായത് ഗുണഭോക്താക്കളല്ല പദ്ധതിയെ എതിർക്കുന്നത്. ഗുണഭോക്താക്കളുടെ അഭിപ്രായം ആരും ഗൗനിക്കുന്നില്ല.

ഒരു ഇന്റർനെറ്റ് സൈറ്റിലും ഫ്രീ ആയിട്ട് ആക്സസ് ഇല്ലാത്തതിലും നല്ലതാണ് നാലഞ്ച് സൈറ്റിലെങ്കിലും ആക്സസ് ഉള്ളത്.

ഫെയ്സ്ബുക്കിന്റെ ഇന്റർനെറ്റ്.ഓർഗ് ഫ്രീ ആയി ഇന്റർനെറ്റ് സേവനം പത്ത് സൈറ്റുകളിലേക്ക് മാത്രം റെസ്ട്രിക്റ്റഡ് ആയി കൊടുക്കുന്നു എന്നിരിക്കട്ടെ, ഗൂഗ്ല് എന്തു ചെയ്യും?

ഇന്റർനെറ്റ് ആക്സസ് ചെയ്യാനുള്ള ഫോണും ബാൻഡ് വിഡ്ത്തും പിന്നെ ഗൂഗിള്‍ വക നൂറു സൈറ്റും ഫ്രീ ആയി കൊടുക്കും.

മൈക്രോസോഫ്റ്റ് എന്തു ചെയ്യും? അവരും അവരുടെ ഓഫറിങ്ങുകൾ കൊണ്ടുവരും.

ചോദ്യം ഇതാണ്: ഇന്റർനെറ്റിലേക്ക് ഒരു ആക്സസും ഇല്ലാത്ത ഒരാൾക്ക് ഫ്രീ ആയി നൂറു സൈറ്റ് കൊടുക്കണോ, അതോ കാശ് കൊടുത്താൽ മിക്കവാറും സൈറ്റുകളിലെല്ലാം ആക്സസ് കിട്ടും എന്ന് പറയണോ?

ഇതിൽ ഏതാണു നല്ലത് എന്നു ആരാണു തീരുമാനിക്കേണ്ടത്? മിഡിൽ ക്ലാസ് / അപ്പർ മിഡിൽ ക്ലാസ് ആക്ടിവിസ്റ്റുകളോ അതോ ഈ സേവനത്തിന്റെ അന്തിമ ഗുണഭോക്താക്കളോ?

എന്റെ അഭിപ്രായത്തിൽ ഒരു പ്രോഡക്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ഗുണഭോക്താക്കളാണു, തേഡ് പാർട്ടി ആക്ടിവിസ്റ്റുകളല്ല.

(ഇപ്പോഴും നമുക്കു തന്നെ മൊത്തം ഇന്റർനെറ്റും ഫ്രീ അല്ല. പല സൈറ്റുകളും പെയ്ഡ് ആണു. സംശയമുള്ളവർ http://www.jstor.org/ -ൽ പോയി രണ്ട് ലേഖനങ്ങൾ വായിക്കാൻ നോക്കു).

ഇതിനു സമാന്തരമായ ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം.

തമിഴ്നാട് സർക്കാർ എല്ലാവർക്കും ഫ്രീ ടെലിവിഷൻ എന്ന പരിപാടി കൊണ്ടുവന്നു. കരുണാനിധി സർക്കാരിന്റെ പരിപാടിയാണു. സൺ ടിവി ചാനൽ ഫ്രീ ആയി കിട്ടും. ജയ ടിവി കിട്ടില്ല.

എന്തേ ജയ ടിവി കിട്ടാത്തത്? ടെലിവിഷൻ ന്യൂട്രാലിറ്റി എന്ന് പറഞ്ഞൂടേ?

പക്ഷേ ഇതുകൊണ്ട് എന്ത് ഗുണമുണ്ടായി എന്ന് നോക്കു:

ടെലിവിഷൻ വന്ന വീടുകളിൽ ഭർത്താക്കന്മാർ ഭാര്യമാരെ തല്ലുന്നത് കുറഞ്ഞു. അവിടെ പെൺകുട്ടികൾ കൂടുതൽ സ്കൂളിൽ പോയിത്തുടങ്ങി. (പുസ്തകം: super freakonomics)

ഇനി ഫെയ്സ്ബുക്കോ ഗൂഗ്ലോ മാത്രം കിട്ടുന്ന ഒരു ഫ്രീ ഡിവൈസ് എല്ലാ വീട്ടിലും എത്തിക്കുന്നതാണോ നല്ലത് എന്ന് ചിന്തിക്കു.

ഫെയ്സ്ബുക്ക് കോളേജ് സുഹൃത്തുക്കളെ നെറ്റ്വർക്ക് ചെയ്യാൻ ഉണ്ടാക്കിയ സാധനമാണ്. മലയാളികൾ ഒരു വലിയ പങ്കും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് രാഷ്ട്രീയം ചർച്ച ചെയ്യാനാണ്.

കർഷകനു ഫെയ്സ്ബുക്ക് മാത്രം കിട്ടിയാൽ അയാൾ അതുകൊണ്ട് ഉൽപ്പന്നത്തിനു എവിടെയാണു ഏറ്റവും നല്ല വില കിട്ടുന്നത് എന്നു നോക്കും. മഴയാണോ വരൾച്ചയാണോ വരുന്നത് എന്ന് അറിയാൻ നോക്കും.

ഫെയ്സ്ബുക്ക് നൂറോ ആയിരമോ സൈറ്റുകളെ വെറുതേ കൊടുക്കുന്നത് വിടൂ. ഗൂഗിള്‍ സേവനങ്ങൾ (ഡിവൈസ് ഉൾപ്പടെ) സൗജന്യമാക്കിയാൽ എന്ത് സംഭവിക്കും?

കർഷകൻ ഗൂഗിള്‍ വെതർ ഉപയോഗിക്കും. ഗൂഗിള്‍ വോയ്സ് ഉപയോഗിച്ച് സെർച്ച് ചെയ്യും. വീട്ടുവേലക്കാരി ഏത് പട്ടണത്തിലാണ് കൂടുതൽ ശമ്പളം കിട്ടുക എന്ന് സെർച്ച് ചെയ്യും. മൈഗ്രന്റ് ലേബർ കേരളത്തിലാണോ ദില്ലിയിലാണോ ദിവസക്കൂലി കൂടുതൽ കിട്ടുന്നത് എന്ന് സെർച്ച് ചെയ്യും.

അക്ഷരാഭ്യാസം ഇല്ലാത്തിടത്തും പട്ടിണി ഉള്ളിടത്തും എന്തിനു ഇന്റർനെറ്റ് എന്ന വാദങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു.

അക്ഷരാഭ്യാസം ഇൻഫൊർമേഷൻ ആക്സസിനാണ്. അക്ഷരാഭ്യാസം ഇല്ലാത്ത ആൾക്കും ഒരു ഡിവൈസിൽ ഇന്റർനെറ്റ് ഉപയോഗിക്കാം. ഇപ്പോൾ പറ്റില്ലെങ്കിൽ അത് ഉടനെ പറ്റും.

ഇൻഫൊർമേഷൻ ആക്സസ് എത്ര കൂടുന്നോ അത്രയും പട്ടിണിയും ദാരിദ്ര്യവും കുറയും.

അതുകൊണ്ട് ഇന്റർനെറ്റ്.ഓർഗിനെയും പിന്നാലെ വരാൻ പോകുന്ന മറ്റ് ഫ്രീ സേവനങ്ങളെയും മൊത്തത്തിൽ സപ്പോർട്ട് ചെയ്യുന്നു.

Shajahan Abdul Basheer 

വളരെ ലളിതമായി പറഞ്ഞാൽ നമ്മൾ പ്രൊഫൈൽ പിക്ചർ മാറ്റുമ്പോൾ യഥാർത്ഥത്തിൽ ഡിജിറ്റൽ ഇന്ത്യയെയല്ല, മറിച്ച് ഇന്നലെ വരെ നമ്മൾ എന്തിനുവേണ്ടിയാണോ നിലവിളിച്ചത് അതിനു കടകവിരുദ്ധ പദ്ധതിയായ ‘ഇന്റെർനെറ്റ്.ഒആർജി’ യെയാണ് നാം സപ്പോർട്ട് ചെയ്യുന്നതെന്നാണ് സത്യം. അഥവാ നമ്മുടെ ആവശ്യമായ (ഇന്റെർനെറ്റിലെ വെബ്സൈറ്റ് വർണവിവേചനം അവസാനിപ്പിക്കണമെന്ന) നെറ്റ് ന്യൂട്രാലിറ്റിക് വിരുദ്ധമായ പോസ്റ്ററുകളാണ്/ പ്ലക്കാർഡുകളാണ് നമ്മൾ പ്രൊഫയ്ൽ പിക്ചർ മാറ്റാൻ പോകുന്ന വഴി മുഴുവൻ സുക്കറണ്ണൻ എഴുതി വെച്ചിരിക്കുന്നത്…

DigitalIndiaയെ സപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞ് നമ്മളെ കൊണ്ട് അയാളുടെ ഉൽപന്നത്തെ സപ്പോർട്ട് ചെയ്യിക്കുന്നു, അത്രതന്നെ. തനി കച്ചവടക്കണ്ണ്….

അപ്പോൾ ഇവിടെ സുക്കറണ്ണന്റെ ചുവരിൽ തന്നെ എന്റെ ചോദ്യം ഇതാണ്. 

“…അങ്ങേരുടെ വാക്കുകേട്ട് പ്രൊ.പി. മാറ്റിയവർ ആരായി, സർ…???”

Joshina Ramakrishnan

പ്രൊഫൈല്‍ പിക്ചര്‍ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയെ പിന്തുണച്ച് മാറ്റാന്‍ പറയുന്നതില്‍ ഫേസ്ബുക്കിന്റെ ഉദ്ദേശ്യം അറിയാമായിരുന്നെങ്കിലും പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് വ്യക്തിപരമായ കാര്യമല്ലേ എന്നു കരുതി ഇരിയ്ക്കുകയായിരുന്നു . അതിനിടയിലാണ് Nikhil Vishnu വിന്റെ ഈ ഇമേജ് കണ്ടത്.

നോക്കൂ മൂവര്‍ണത്തില്‍ ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ എന്ന പേരില്‍ നിങ്ങള്‍ മാറ്റാന്‍ നോക്കുന്ന പ്രൊഫൈല്‍ പിക്ചറിന്റെ പേരാണ് “ഇന്റര്‍നെറ്റ്ഓര്‍ഗ്പ്രൊഫൈല്‍പിക്ചര്‍ – പ്രൈഡ് അവതാര്‍” .

എല്ലാം വ്യക്തമായല്ലോ. ഇനി പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് ഡിജിറ്റല്‍ ഇന്ത്യടെയാണോ നെറ്റ്ന്യൂട്രാലിറ്റി വയലേറ്റ് ചെയ്യുന്ന ഇന്റര്‍നെറ്റ്.ഓര്‍ഗിനെ( പുതിയ പേര് ഫ്രീ ബേസിക്സ് ) പിന്തുണയ്ക്കുക എന്ന് നിങ്ങള്‍ തീരുമാനിയ്ക്കൂ.

Vaisakhan Thampi

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബില്യണയർ, ഇരുപത്താറാമത്തെ വയസ്സിൽ ലോകത്തിലെ ആദ്യ നൂറ് ധനികരുടെ ലിസ്റ്റിൽ പേര്… ഇതൊക്കെ ആവാൻ കഴിഞ്ഞെങ്കിൽ സക്കർബർഗ് ചില്ലറക്കാരനായാൽ മതിയോ? കാശ് എവിടെ ഇറക്കണമെന്നും അത് എങ്ങനെ തിരിച്ചുപിടിക്കണമെന്നും ഇനി ആരെങ്കിലും അയാൾക്ക് പഠിപ്പിച്ച് കൊടുക്കണോ? ലോകത്തിൽ ഏറ്റവുമധികം ഇന്റർനെറ്റ് ഉപഭോക്താക്കളുള്ള രാജ്യം ചൈനയാണ്. പക്ഷേ ഫെയ്സ്ബുക്കിനേയും ഗൂഗിളിനേയും ജീമെയിലിനേയും യൂട്യൂബിനേയും ഒന്നും അവരാ ഏരിയായിൽ അടുപ്പിക്കില്ല. പിന്നെ അടുത്ത സ്ഥാനം ഇൻഡ്യയ്ക്കാണ്. ഇവിടെ ആർക്കും കയറിവരികയും ചെയ്യാം. അതായത് ഇന്റർനെറ്റ് വെച്ച് കാശുണ്ടാക്കാൻ പ്ലാനുണ്ടെങ്കിൽ ലോകത്തിൽ ഇത്രയും പറ്റിയൊരു മാർക്കറ്റ് വേറെയില്ല. പ്രൊഫൈലില് ചെറിയൊരു കളറിങ്ങും നടത്തി, നൈസായിട്ട് ചെക്കൻ കളിച്ച കളി കണ്ടാ? മൂന്ന് കളറും കാണിച്ച് രാജ്യസ്നേഹമാണെന്ന് പറഞ്ഞാ ഇൻഡ്യാക്കാര് ഓടിക്കൂടി ലൈക്കിട്ട് പൊക്കുമെന്ന് അങ്ങ് അമേരിക്കയിലിരുന്ന് സക്കർബർഗ് മനസിലാക്കി. എതിർത്ത് ഒറ്റവാക്ക് പറഞ്ഞാമതി, ആ നിമിഷം നിങ്ങള് രാജ്യദ്രോഹിയാണ്. കലക്കിയെടാ മക്കളേ. വെൽ പ്ലേയ്‌ഡ്!

(പ്രൊഫൈൽ പിക്ക് മാറ്റി ഇൻഡ്യയെ ഇതിനകം ഡിജിറ്റലാക്കി കഴിഞ്ഞവർ, പടത്തിൽ കളറടിക്കാൻ പോയ ആ പേജിൽ ഒന്നുകൂടി പോയി റൈറ്റ്-ക്ലിക്ക് ചെയ്ത് ‘Page Source’ നോക്കുക. അവിടെ ‘internetOrg’ എന്നൊന്ന് സെർച്ച് ചെയ്ത് അതവിടെത്തന്നെ ഉണ്ടോ എന്നൊന്ന് നോക്കിയേ. മച്ചമ്പീ, മൂഞ്ചിയപ്പോ ആര് മൂഞ്ചി?)

Vimal Karimbil 

ചിത്രം കണ്ടു ഞെട്ടണ്ട! #ISsupportDigitalIndia യുടെ ഭാഗമായി ഫെയ്സ്ബുക്ക് ചെയ്തിരിക്കുന്ന https://www.facebook.com/supportdigitalindia എന്ന പേജിലെ ഈ HTML ഭാഗം ചൂണ്ടിയെടുത്തു കൊണ്ടുവന്നിട്ട്‌ ഫെയ്സ്ബുക്ക് നമ്മളെ പറ്റിക്കുന്നേ എന്ന് പലരും അലമുറയിടുന്നു. എന്താണ് സംഭവം?

കുറച്ചുനാള്‍ മുന്‍പ് പ്രൊഫൈല്‍ ചിത്രത്തില്‍ റെയിന്‍ബോ – മഴവില്‍ നിറങ്ങള്‍ – ചേര്‍ക്കാനും (Rainbow Pride Filter) തദ്വാരാ LGBTQ communityയെ (Lesbian, Gay, Bisexual, Transgender, and Queer) സപ്പോര്‍ട്ട് ചെയ്യാനും വേണ്ടി നമ്മുടെ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് “Celebrate Pride” ഒരു ടൂള്‍ ഉണ്ടാക്കിയിരുന്നല്ലോ. അതേ സോഫ്റ്റ്‌വെയറില്‍ റെയിന്‍ബോ ഫില്‍ട്ടര്‍ ഡിസൈന്‍ മാറ്റി ത്രിവര്‍ണ്ണ ഡിസൈന്‍ കൊടുത്ത് പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയതാണ് നമ്മുടെ ഇപ്പോഴത്തെ I Support Digital India ഫെയ്സ്ബുക്ക് ആപ്പ്.

ഒരിക്കലെഴുതിയ സോഫ്റ്റ്‌വെയര്‍ എടുത്ത് മാറ്റം വരുത്തി വീണ്ടും ഉപയോഗിക്കുന്നതാണ് Software Reusability – അങ്ങനെയാണ് സോഫ്റ്റ്‌വെയര്‍ കൂലിക്കാര്‍ ജോലി ചെയ്യുന്നത്. ഞാനൊക്കെ കൂടുതലും ഇന്റര്‍നെറ്റില്‍ നിന്നും കോപ്പി + പേസ്റ്റ് ചെയ്ത് എല്ലാം കൂടി തട്ടിച്ച്-ഒട്ടിച്ച് എടുക്കുകയാണ് പതിവ്!

Code reuse, also called software reuse, is the use of existing software, or software knowledge, to build new software, following the reusability principles.

Avatar എന്നാല്‍ ഓണ്‍ലൈനില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രം എന്ന അര്‍ത്ഥമാണ്. അപ്പോള്‍ prideAvatar എന്നാല്‍ LGBTQ pride ആഘോഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പ്രൊഫൈല്‍ ചിത്രം, അതിനെ സൂചിപ്പിക്കാന്‍ ആ സമയത്ത് കൊടുത്ത ഒരു പേരാണ് prideAvatar.

ആ പ്രോഗ്രാമിനെ ഇങ്ങോട്ട് മാറ്റിയപ്പോള്‍, ആ HTML ഭാഗത്തിന്റെ പേര് മാറ്റിയില്ല. പലപ്പോഴും ഇതുപോലെ നമ്മള്‍ മാറ്റാറുമില്ല – മടി! നമ്മള്‍ സാധാരണ പ്രോഗ്രാമിന് അങ്ങനെയൊക്കെ ചെയ്യാം, എന്നിരുന്നാലും ഫേസ്ബുക്കിലെ പ്രോഗ്രാമ്മര്‍ ആകുമ്പോള്‍ അങ്ങനെ ചെയ്യാത്തതിന് അവനെ/അവളെ സസ്പെന്‍ഡ്/ഡിസ്മിസ് ചെയ്യണം എന്നാണു എന്റെയോരിത്, സീരിയസ്‌ലി.

ഇനി ഫെയ്സ്ബുക്കിനു പറ്റിക്കണമെങ്കില്‍ നന്നായി പ്രോഗ്രാം ചെയ്യാന്‍ അറിയാവുന്നവര്‍ അവിടെയുണ്ട്, എല്ലാം മറച്ചുവച്ച് പറ്റിക്കാം. നമ്മള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന എത്രയെത്ര freeware നമ്മളറിയാതെ നമ്മളെ കൊല്ലാതെ കൊല്ലുന്നു എന്നറിയാമോ?

ഒരു കാറിലെ പുക പരിശോധനയില്‍ കാലങ്ങളോളം കള്ളം കാണിച്ചവരുടെ ലോകമാണ് ഇത്, പിന്നല്ലേ ഇത്! മാത്രമല്ല, ഫെയ്സ്ബുക്ക് ഡാറ്റ ശേഖരിച്ചാലും ആ ഡാറ്റയ്ക്ക് സര്‍ക്കാര്‍ കാര്യങ്ങളില്‍ സുതാര്യമായ തീരുമാനമെടുക്കാന്‍ കാരണവും ആകുന്നില്ല.

Source Code Reuse എന്തെന്നറിയാത്തവരായിപ്പോയോ ഇതൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്ന വമ്പന്‍ പ്രോഗ്രാമ്മേഴ്സ്? ഇങ്ങനെ ഓരോന്ന് പൊക്കി നോക്കി (I mean html/javascript/css/jpg code) അവരൊക്കെ തൃപ്തിയടയട്ടെ!

പിന്നെ നമ്മളെ സംബന്ധിച്ച് internet.org എന്ന കുഴിയാനയെയും Digital India എന്ന ആനയെയും താരതമ്യം ചെയ്ത് രണ്ടും ആനയാണ് എന്ന് തര്‍ക്കിക്കണോ? അവ തമ്മില്‍ ഗജകുഴിഗജാന്തരമുണ്ട്!

ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചറിയാന്‍ : www.digitalindia.gov.in

വിഡ്ഢിത്തം എഴുതുന്നതിനും അതിരില്ലേ. എച് ടി എം എൽ സി എസ് സ് കോഡിംഗ് പഠിച്ചവർക്ക് അറിയാം . ക്ലാസ് എന്ന് പറയുന്നത് വെബ്‌ പേജ് സ്റ്റൈൽ അപ്ലൈ ചെയ്യാനുള്ള സി എസ് എസ് കോഡ് ഉൾക്കൊള്ളുന്ന ഒരു ടെക്സ്റ്റ് ഫയൽ മാത്രമാണ് എന്ന്. അതിനു ആ പേര് കൊടുത്താൽ അത് ഭയങ്കരമായി പോലും. അൽപ ജ്ഞാനം വിവരമുള്ളവരോട് വിളമ്പല്ലെ. ദേശീയത എന്ന് കേൾക്കുമ്പോൾ തൂറാൻ മുട്ടുന്ന ദേശ വിരുദ്ധരുടെ ഓരോരോ ഉടായിപ്പുകൾ . ഇനി ആ ടെക്സ്റ്റ് ഫയലിന് അറ്റൊമിക് എന്ന് പേര് കൊടുത്തിരുന്നെങ്കിൽ ഇന്ത്യയിൽ ആറ്റം ബോംബ്‌ ഇടാനുള്ള സമ്മത പത്രമായ്‌ വ്യാഖ്യാനിച്ചേനെ പടു കഴുതകൾ ..

Hiran Venugopalan

ഫേസ്ബുക്കിൽ ഡിജിറ്റൽഇന്ത്യയെ‌ പ്രൊഫൈൽ ചിത്രംമാറ്റി‌സപ്പോർട്ട് ചെയ്താൽ അതെങ്ങനെ ഇന്റെർനെറ്റ്.ഓഗിനു സപ്പോർട്ടിങ്ങ് ആവുന്നു എന്ന് പലരും ചാറ്റിലും മറ്റും ചോദിക്കുന്നതിലാണ് ഈ കുറിപ്പ്.

കഴിഞ്ഞ മാസങ്ങളിൽ ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലത്തും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റർനെറ്റ്.ഓർഗും. ഫ്ലിപ്പ്കാർട്ട്-എയർടെൽ സീറോ എന്ന ആശയത്തെ തറപറ്റിക്കാൻ നെറ്റിസണ്മാർക്ക് കഴിഞ്ഞെങ്കിലും അപ്പോഴും അധികമാരും റിലയൻസ്-ഫേസ്ബുക്ക് സെറ്റപ്പായ ഇന്റർനെറ്റ്.ഓർഗിനെ പറ്റി പറഞ്ഞില്ല. പിന്നീട് അത് ലൈംലൈറ്റിൽ വന്നതും ‘ഇന്ത്യയിൽ സ്വതന്ത്ര ഇന്റർനെറ്റ് വേണ്ടേ’ എന്നൊരു ചോദ്യം ഫേസ്ബുക്ക് ഫേസ്ബുക്ക് വഴി ചോദിച്ചു. ചോദ്യത്തിനു ഒറ്റ ഉത്തരമേ ഓപ്ക്ഷനായി ഉണ്ടായിരുന്നുള്ളൂ.

ട്രായ്ക്ക് ലക്ഷക്കണക്കിനു ഈ മേയിലുകൾ അയച്ച് ആദ്യപടിയിൽ സംഭവമായ കാമ്പയിൻ രണ്ടാം ഘട്ടം നടന്നത് mygov എന്ന വെബ് സൈറ്റിലാണ്. അതിൽ ചേരണമെങ്കിൽ തന്നെ ഈ-മെയിൽ/ഫോൺ നമ്പർ എന്നിവ നൽകി, വേരിഫൈ ആവണം. അത്തരത്തിൽ മിനിമം ഒരു സിം എങ്കിലും ഉള്ളവർ മാത്രം സംസാരിച്ചിരുന്ന വോട്ടിങ്ങിലേക്ക് ഫേസ്ബുക്ക് നൽകിയ ഉത്ത്രം മേല്പറഞ്ഞ ‘നല്ല ഇന്റെർനെറ്റ്’ എന്ന ടിക്ക് മാർക്കുകളുടെ ഡാറ്റാ ആയിരുന്നു. അതും പിഡിഎഫ് ആയി ഡ്രോപ്പ്ബോക്സ് ലിങ്ക് രൂപത്തിൽ. സക്കാറിന്റെ മിനിമം ഐഡന്‍റിറ്റി ചോദിക്കുന്ന ഒരു സർവ്വേ/ഡിസ്കഷനെ ബൈപാസ് ചെയ്യുകയാണ് വിരുതന്മാർ.

അവസാന ആഴ്ചകളിലായി internet.orgനു വന്ന പത്ര പരസ്യങ്ങൾ ഒരു ‘ഇൻഫ്രാസ്റ്റക്ചർ’ എന്ന രീതിയിൽ ആണ്. (റിലയൻസിന്റെ ടവർ വഴി, റിലയൻസ് ഉപഭോക്താകൾക്ക് നെറ്റ് കൊടുക്കുന്നതിനു കാശ് വാങ്ങാതിരിക്കുന്നത് എന്തുട്ടാ ഇൻഫ്രാ!) നെറ്റിൽ ഇത്രയും പുകിൽ വന്നതൊടെ സായിപ്പ് പേരു മാറ്റി Free Basic എന്നാക്കി.

ഇപ്പോൾ നടക്കുന്നത് ഫേസ്ബുക്കിന്റെ എറ്റവും വലിയ തന്ത്രമാണ്. മോഡിയുടെ വരവും, മോഡിയുടെ ഡിജിറ്റൽ ഇന്ത്യയും ഒക്കെ കൂട്ടി കുഴച്ചൊരു ഫേസ്ബുക്ക് കാമ്പയിൻ. അവിടെ ചൊദ്യങ്ങളിൽ ആർക്കും നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി ചോദിക്കാനില്ല. അമേരിക്കയിൽ നെറ്റ് ന്യൂട്രാലിറ്റി വേണമെന്ന് പറഞ്ഞ ഫേസ്ബുക്കിനു ഇന്ത്യയുടെ കാര്യത്തിൽ തണുപ്പൻ മട്ടാണ്. ഇപ്പോൾ ഫേസ്ബുക്കിൽ നടക്കുന്ന കാമ്പ്യേൻ – മുൻപ് ഫേസ്ബുക്ക് ഇന്റർനെറ്റ്.ഓർഗിനു വേണ്ടി ചെയ്ത അതേ തരത്തിലൊരു കാംപയിന്‍ ചെയ്യുന്നതോടെ ഫേസ്ബുക്ക് ഒരു ഒപ്പീനിയൻ കളക്ഷൻ പ്ലാറ്റ്ഫോമായി മാറുകയാണ്. നേരത്തെ അവർ നടത്തിയ പരസ്യം കൊടുത്ത്, എതിർപ്പ് രേഖപ്പെടുത്താൻ കഴിയാത്ത രീതിയെ സർക്കാർ വരെ ഉപയോഗിക്കുന്ന ഒരു രീതിയാക്കുകയാണ്. അത് അപകടകരമാണ്.

പതിനായിരം ആളുകൾ കാര്യമറിഞ്ഞ് സക്കാറിനോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ സക്കർ അണ്ണൻ വന്ന് ഒരു ലക്ഷം പേർ ഫോട്ടോമാറ്റാനായി കയറിയ /digitalindia പേജ് കാണിച്ച് പറയും – ‘ബട്ട് യുവർ ഓണർ, ദിത്രീം പേർ സപ്പോർട്ടുന്നു’ അപ്പൊ നുമ്മളാരായി?

മോദിക്ക് കാഴ്ചപ്പാടുകൾ ഉണ്ടാവാം. മോഡിക്കും സർക്കാറിനും ഒരു ‘ഡിജിറ്റൽ ഇന്ത്യ’ ഉണ്ടാവാം. പക്ഷെ ഫേസ്ബുക്കിന്റെ പെര്‍സ്പെക്റ്റീവിൽ അതിൽ Free Basics എന്ന വിഷവും ഉണ്ടാവും.

വാൽ : ഈ പോസ്റ്റ് പബ്ലിക്ക് ഡൊമെൻ ആണ്. ക്രെഡിറ്റ് കൊടുത്തൊ കൊടുക്കാതെയൊ ഷെയറൊ കോപ്പിയൊ എന്തും ചെയ്യാം. പറയുന്ന കാര്യം മാറരുതെന്ന് മാത്രം.

George Abraham 

ഏതോ ഇംഗ്ലീഷ് ഓണ്‍ലൈൻ മഞ്ഞപ്പത്രത്തിൽ വന്ന വിവരക്കേടിനെ അടിസ്ഥാനമാക്കി ആടിനെ പട്ടിയാക്കുന്ന പ്രചരണം നടക്കുകയാണ്… ഇവിടെ അതിനു തുടക്കമിട്ടത് വിവരക്കേടിന്റെ പര്യായമായ കൈരളി പൂപ്പൽ ചാനലും പിന്നെ അത് ഏറ്റു പിടിച്ചു കുറെ സുടാപ്പി ഓണ്‍ലൈൻ പത്രങ്ങളും… അതുകൊണ്ട് കുറച്ചു ടെക്നിക്കൽ ആയി തന്നെ ആകാം വിശദീകരണം HTML ലെ class attribute നെ കയറിപ്പിടിച്ചാണ് ഈ വിവരക്കെടെല്ലാം പ്രചരിപ്പിക്കുന്നത് HTML Class ടാഗ് സ്റ്റൈൽ attribute സെറ്റ് ചെയ്യാനുള്ളത് ആണ് മുൻപ് create ചെയ്തു വച്ചിരിക്കുന്ന സ്റ്റൈൽ അതെ പോലെ മറ്റൊരു ഒബ്ജക്ടിൽ അപ്ലൈ ചെയ്യാനും അത് വഴി സെയിം കോഡ് റിപീറ്റ് ചെയ്യാതിരിക്കാനും സാധിക്കും ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല മുൻപ് ഫേസ് ബുക്ക്‌ തന്നെ മുൻപെങ്ങൊ create ചെയ്ത ഒരു അവതാറിന്റെ style attribute ഡിജിറ്റൽ ഇന്ത്യയുടെ ലോഗോയ്ക്ക് അപ്ലൈ ചെയ്തു ഇവിടെ നടക്കുന്നത് വളരെ ബേസിക് ആയ പ്രോസസ് ആണ്, നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിൽ ഒരു പുതിയ സ്റ്റൈൽ അപ്ലൈ ചെയ്യുന്നു ആ സ്റ്റൈൽ നേരത്തെ define ചെയ്തു വച്ചിരിക്കുന്ന ഒരു ക്ലാസ്സ്‌ ആണ്, അതിന്റെ പേര് മാത്രമാണ് ഇവിടെ mention ചെയ്തിരിക്കുന്നത് (InternetOrgProfilePicture _ prideavatar) ഇതിൽ തന്നെ വേറെ എത്രയോ ക്ലാസ് names ഉണ്ട്, എല്ലാത്തിനും ഡിജിറ്റൽ ഇന്ത്യയുടെ പേര് നല്കാൻ ആകുമോ? ഇതെല്ലാം ക്ലാസ്സ്‌ ലൈബ്രറിയിൽ available ആയ styles ആണ്, സാധാരണ UI captions മാത്രം ആണ് ചേഞ്ച്‌ ചെയ്യുക അല്ലാതെ ക്ലാസ് നെയിം,object നെയിം എന്നിവ ചേഞ്ച്‌ ചെയ്യാറില്ല സ്റ്റൈൽ ക്ലാസ്സിൽ സാധാരണ define ചെയ്യുന്ന aattributes height, width, font കളർ etc … മുതലായവയാണ് അല്ലാതെ ആരുടേയും ഒപ്പും ജാതകവും ഒന്നും collect ചെയ്യാനുള്ള ലിങ്ക് അല്ല കുറച്ചൊക്കെ കോമണ്‍ സെൻസ് കൂടി വർക്ക്‌ ചെയ്യിക്കാൻ നോക്കണം ഇത്തരം വിവരക്കേട് പ്രചരിപ്പിക്കുന്നവർ, എല്ലാവർക്കും കാണാൻ കഴിയത്തക്ക വിധത്തിൽ ബ്രൌസേഴ്സിന്റെ ക്ലൈന്റ് സൈഡിലെ സോർസ് കോഡിൽ തങ്ങളുടെ രഹസ്യം ഒളിപ്പിച്ചു വയ്ക്കാൻ മാത്രം പൊട്ടൻ ആണോ സുക്കർ അണ്ണൻ???

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍