UPDATES

കറന്‍സിരഹിത ജില്ലയാകാനുള്ള ഊര്‍ജിത ശ്രമങ്ങളുമായി വയനാട്

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ആണ് വികാസ് പീഡിയ കേരളയുടെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി എന്നത് ക്യഷ്‌ലെസ് എന്ന ജില്ലയുടെ ലക്ഷ്യത്തിന് നേട്ടമാകും

ഒടുവില്‍ വയനാടും കറന്‍സിരഹിത ജില്ലയാകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സമ്പൂര്‍ണ്ണ ഇ-സാക്ഷരത കൈവരാന്‍ ജില്ല നേരത്തെ ശ്രമം തുടങ്ങിയിരുന്നെങ്കിലും അതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വാക്കുകള്‍ ഇവിടെ എല്ലാവര്‍ക്കും സുപരിചിതമല്ല. ഇതിനൊരു മാറ്റം വേണമെന്ന ചിന്തയോടെയാണ് അണിയറയില്‍ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുന്നത്. കറന്‍സിരഹിത ജില്ലയാകാനുള്ള സംവിധാനങ്ങള്‍ ഏവര്‍ക്കും സ്വീകാര്യമാകുന്ന പരിചിതത്വത്തിലേക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ അധികൃതരുടെ മുഖ്യ ലക്ഷ്യം.

കാര്‍ഷികവും, വിദ്യാഭ്യാസപരമായുമൊക്കെ പിന്നോക്ക ജില്ലയായ വയനാടിനെ ഡിജിറ്റല്‍ ജില്ലയാക്കും, ക്യാഷ് ലെസ് ജില്ലയാക്കും എന്നൊക്കയുള്ള ലക്ഷ്യം ആദ്യം പലരും നെറ്റി ചുളിച്ചാണ് കേട്ടത്. അതെങ്ങോ കൈയെത്തി പിടിക്കാന്‍ പറ്റാത്ത സ്വപ്നമാണെന്ന് വിചാരിച്ചതാണ് ഇവരില്‍ പലരും.

ഗോത്രജനതയുള്‍പ്പെടെയുള്ളവര്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയതും ഡിഷ് ടിവിയും കേബിള്‍ ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സുമൊക്കെ ഉപയോഗിച്ചപ്പോള്‍ തന്നെ വയനാട്ടുകാര്‍ അറിഞ്ഞോ അറിയാതെയോ ഡിജിറ്റല്‍വത്ക്കരണം തുടങ്ങി വെച്ചിരുന്നു. വയനാട്ടില്‍ ഡിജിറ്റല്‍വത്ക്കരണം ആരംഭിച്ചപ്പോള്‍ ആദ്യ പരിപാടികളില്‍ ഒന്ന് സംഘടിപ്പിച്ചത് പട്ടിക വര്‍ഗ്ഗക്കാരുടെ സൊസൈറ്റിയിലായിരുന്നു. 80-ലധികം പട്ടികവര്‍ഗ്ഗ യുവാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരിലൂടെ ഗോത്രസമൂഹത്തിനിടയിലെ ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിച്ച് ലക്ഷ്യം പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്നത്.

നോട്ടു നിരോധനം മൂലമുള്ള പ്രതിസന്ധികളും വന്നതോടെയാണ് കറന്‍സിരഹിത ഇടപാടുകള്‍ ജില്ലയില്‍ വര്‍ധിച്ചത്. ഡെബിറ്റ്- ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ വര്‍ദ്ധിക്കുകയും ഒപ്പം ജില്ലയില്‍ പലയിടങ്ങളിലും പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു. പല ബാങ്കുകള്‍ക്കും വ്യാപാരികളുടെ ആവശ്യത്തിനനുസരിച്ച് മെഷീനുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്തത് പ്രശ്‌നമായെങ്കിലും പെട്രോള്‍ പമ്പുകള്‍, തുണിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ 50 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഡിജിറ്റലും ക്യാഷ്‌ലെസ്സും ആവുക തുടങ്ങിയ രണ്ട് ലക്ഷ്യങ്ങളിലേക്കാണ് ജില്ലക്ക് ഇനി എത്തേണ്ടത്. ഇന്റര്‍നെറ്റും കംപ്യൂട്ടറും മൊബൈല്‍ ഫോണും കേബിള്‍ ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ്സുകളും ഇ-ഭരണവും ഇ-ബിസിനസ്സുമൊക്കെ ചേര്‍ത്തുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതിനാല്‍ അത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനവുമാകും. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ക്യാഷ്‌ലെസ്സ് ഡിജിറ്റല്‍ മോണിറ്ററിംഗ് കമ്മറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, പി.ഒ.എസ്, മൊബൈല്‍ വാലറ്റുകള്‍, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റെര്‍ഫേസ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്, യുഎസ് എസ് ഡി, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്, ആധാര്‍ ഇനേബ്ള്‍ഡ് പേയ്‌മെന്റ് സിസ്റ്റം, പ്രീപെയ്ഡ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ ലഭ്യമായതെങ്കിലും ഇത് മുഴുവന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ജില്ലയില്‍ വനം വകുപ്പ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. മൂന്നു മാസത്തിനകം പദ്ധതി പൂര്‍ണ്ണമായും നിലവില്‍ വരുന്നതോടെ വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി ഇ-ഡിസ്ട്രിക്റ്റ് കേരളയുടെ വെബസൈറ്റ് വഴി നേരിട്ടോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാം. വന്യജീവി ആക്രമണം മൂലമുള്ള മരണം, പരുക്ക്, കന്നുകാലികളുടെ മരണം, വിളനാശം, വീടുകളുടെയും സ്വത്തുക്കളുടെയും നാശം എന്നിവക്കുള്ള നഷ്ടപരിഹാരങ്ങള്‍ക്കാണ് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുക.

ഡിജിറ്റലാകാന്‍ ഏവരും മുന്‍പോട്ട് വരികയും അറിവുകള്‍ പങ്ക് വെയ്ക്കുകയും നിത്യവുമുള്ള ആവശ്യങ്ങളില്‍ എല്ലാവരും തന്നെ ഡെബിറ്റ് കാര്‍ഡുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ തുടങ്ങണമെന്നുമാണ് ജില്ലാ കളക്ടര്‍ ബി.എസ് തിരുമേനി പറയുന്നത്. വയനാട്ടില്‍ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം ശക്തമായി മുന്നോട്ട് പോകും എന്നാണ് കളക്ടര്‍ പറയുന്നതും. താഴെത്തട്ടിലമുള്ള ജനങ്ങളെ വരെ ഡിജിറ്റല്‍ പണമിടപാടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ജില്ലയില്‍ നടക്കുന്നത്. ക്യാഷ്‌ലെസ്സ് കേരള, ഡിജിറ്റല്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ ബോധവത്ക്കരണ പരിപാടികളുടെ ചുമതല വികാസ് പീഡിയയ്ക്കാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി 2014-ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സി-ഡാക്ക് വഴി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വികാസ് പീഡിയ. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് വികാസ് പീഡിയ കേരളയുടെ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി എന്നതും വയനാടിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

‘മികച്ച ഒരു കാര്യമാണ് നടപ്പിലാക്കാന്‍ പോകുന്നത് എങ്കിലും വയനാടിനെ സംബന്ധിച്ച് അത് എത്ര മാത്രം വേഗത്തില്‍ തീര്‍ക്കാന്‍ കഴിയും എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. പ്രത്യേകിച്ച് തീര്‍ത്തും ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക്; ഇനിയും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ്  – ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതലായി സാമ്പത്തിക ചൂഷണത്തിന് ഇത്തരത്തിലുള്ളവര്‍ ഇരയാവാനും സാധ്യത ഉണ്ട്. വ്യക്തവും കൃത്യവുമായ ബോധവത്ക്കരണം നടത്തി ഈ ഒരു പ്രശ്‌നത്തെ തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വയനാടിന്റെ നിലവിലുള്ള അവസ്ഥയെ മാറ്റി മിറക്കാന്‍ കഴഞ്ഞേക്കും.‘എന്ന് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് സാമ്പത്തിക വിഭാഗം അധ്യാപിക പ്രൊഫ. മെറിന്‍ എസ്. തടത്തില്‍ പറയുന്നു.

ഇപ്പോള്‍ തന്നെ ജില്ലയിലെ തൊണ്ടാര്‍നാട് പഞ്ചായത്ത് ആദ്യ ഡിജിറ്റല്‍ പഞ്ചായത്തും സുല്‍ത്താന്‍ ബത്തേരി കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്തുമായി മാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച അക്ഷയ പ്രോജക്റ്റിന്റെ 2600-ലധികം സംരംഭകര്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ നടത്തി വരുന്നുണ്ട്. ഡിജിറ്റല്‍ ഫിനാന്‍സ് ലിറ്ററസി പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നത് അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ്. ഒരു പഞ്ചായത്തില്‍ പൊതു ജനങ്ങളില്‍ 40 പേരും വ്യാപാരികളില്‍ 10 പേരും ഡിജിറ്റല്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണെങ്കില്‍ അഥവാ ഉപയോഗിച്ച് തുടങ്ങിയാല്‍ ആ പഞ്ചായത്ത് ക്യാഷ്‌ലെസ്സ് ഡിജിറ്റല്‍ ആയി പ്രഖ്യാപിക്കും. അങ്ങനെ മുഴുവന്‍ പഞ്ചായത്തും ആയിക്കഴിഞ്ഞാല്‍ ആ ജില്ല ഡിജിറ്റല്‍ ജില്ലയായി കണക്കാക്കാവുന്നതാണ്.

അക്ഷയ പ്രോജക്റ്റിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും പുരോഗമിക്കുന്നതിനോടൊപ്പം ഡിജിറ്റല്‍ സാക്ഷരത സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ കുടുംബശ്രീയും ഒപ്പമുണ്ട്. ‘സാധാരണ ജനങ്ങള്‍ക്കും എളുപ്പത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കുടുംബശ്രീ വലിയ രീതിയില്‍ പ്രയോജനപ്പെടും’ എന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ പറയുന്നു. കുടുംബശ്രീ സംരഭങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളിലൂടെയും നടത്തുന്ന പണമിടപാടുകള്‍ ഡിജിറ്റലാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ‘നിലവില്‍ തന്നെ വലിയ പണമിടപാടുകളാണ് കുടുംബശ്രീ വഴി ഞങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ സംവിധാനം വരുന്നതോടു കൂടി കുടുംബശ്രീകള്‍ക്ക് അത് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയും. ഒപ്പം അംഗങ്ങളായ എല്ലാ സ്ത്രീകള്‍ക്കും വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കാനും കഴിയും അത് വഴി മറ്റ് പല സംരംഭങ്ങള്‍ തുടങ്ങാനും ഞങ്ങള്‍ക്ക് കഴിയും’- എന്നും മുള്ളന്‍കൊല്ലി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സ് ആയ പത്മ പറയുന്നു. ഇതിനായി ഡിജിറ്റല്‍ ഫിനാന്‍സ് പ്രവര്‍ത്തങ്ങളുടെ ഏകോപനം നടത്തുന്ന ലീഡ് ബാങ്കും ഒപ്പമുണ്ട്. ലീഡ് ബാങ്കുകളുടെയും പ്രാദേശിക ബാങ്കുകളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സാക്ഷരതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ക്യാഷ്‌ലെസ്സ്, ഡിജിറ്റല്‍ ജില്ല എന്ന ലക്ഷ്യത്തിലേക്ക് വയനാട് അതിവേഗം മുന്നേറുന്നത്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ജിബിന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍