UPDATES

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ വിടരുന്ന സുക്കര്‍ബര്‍ഗിന്റെ കച്ചവട സ്വപ്നങ്ങള്‍

Avatar

ജസീല്‍ എസ് എം

എന്താണ് ഡിജിറ്റല്‍ ഇന്ത്യ?
ഓണ്‍ലൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തികൊണ്ട് സര്‍ക്കാരിന്‍റെ  സേവനങ്ങള്‍ രാജ്യത്തെ എല്ലാ പൌരനും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് തുടക്കം കുറിച്ച വികസന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ്‌ സൗകര്യം എത്തിക്കുക എന്ന പ്രധാന ലക്ഷ്യമാണ്‌ ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ആരോഗ്യം, വിദ്യാഭ്യാസം, നിയമം തുടങ്ങിയ സേവനങ്ങള്‍ പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതി ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപെടുന്നുണ്ട്. ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളായ പ്രൈവറ്റ് കമ്പനികള്‍ക്കും ഉപഭോക്താവിനും ഒരുപോലെ ലാഭകരമായിരിക്കും ഈ പദ്ധതി എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം.  ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നിരീക്ഷണ, നിയന്ത്രണ അധികാരം കേന്ദ്ര വാര്‍ത്താവിതരണ, ഐ,ടി മന്ത്രാലയത്തിന്‍റെ കീഴില്‍ വരുന്ന ഡിജിറ്റല്‍ ഇന്ത്യ അഡ്വൈസറി ഗ്രൂപ്പിനാണ്. 
താഴെ പറയുന്ന പ്രൊജക്റ്റുകളാണ് ഈ പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1. 2.5 ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍.
2. യൂണിവേഴ്സല്‍ ഫോണ്‍ കണക്ടിവിറ്റി.
3. 4 ലക്ഷം പബ്ലിക് ഇന്റര്‍നെറ്റ്‌ ആക്സസ് പോയിന്‍റുകള്‍. 
4. 2.5 ലക്ഷം സ്കൂളുകളിലും സര്‍വകലാശാലകളിലും  വൈ-ഫൈ കണക്ഷന്‍.
5. 1.5 കോടിയിലധികം തൊഴിലവസരങ്ങള്‍.
6. ഇ-ഗവേര്‍ണന്‍സും,  ഇ-സര്‍വീസ് വിപുലപ്പെടുത്തലും.

സേവനങ്ങള്‍ 
1. ഡിജിറ്റല്‍ ലോക്കര്‍
2. ഇ-എജുക്കേഷന്‍ 
3. ഇ- ആരോഗ്യം
4. ഇ-സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മോദിയുടെ സിലിക്കന്‍ വാലി സന്ദര്‍ശനവും ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതും അതിന്‍റെ ഭാഗമായി ആദ്യം സുക്കര്‍ബര്‍ഗും പിന്നീട് നരേന്ദ്ര മോദിയും ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണമാക്കിയതുമൊക്കെയായിരുന്നു വിവാദത്തിന് തുടക്കം. ഫേസ്ബുക്ക് എന്ന മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് സ്ഥാപനം റിലയന്‍സുമായി സഹകരിച്ച് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് (internet.org) പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചതും നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കപ്പെടുന്നു എന്ന വിമര്‍ശനം രാജ്യ വ്യാപകമായുണ്ടായതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോവുകയും ശേഷം ഫ്രീ ബേസിക്സ് (Free Basics ) എന്ന പേരില്‍ പദ്ധതി പുനരവതരിപ്പിച്ചതും നമ്മള്‍ ഇതിനകം മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. 

എന്താണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് ?
സോഷ്യല്‍ മീഡിയ സര്‍വീസ് പ്രൊവൈഡര്‍ ആയ ഫേസ്ബുക്ക്, സാംസങ്, എറിക്സണ്‍, മീഡിയ ടെക്, ഒപേര സോഫ്റ്റ് വേര്‍, നോക്കിയ, ക്വാല്‍ക്കോം തുടങ്ങിയ ആറ് കമ്പനികളുമായി സഹകരിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ തിരഞ്ഞെടുത്ത  ഇന്‍റര്‍നെറ്റ് സര്‍വീസുകള്‍ സൗജന്യമായോ ചിലവ്  കുറഞ്ഞ രീതിയിലോ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബിസിനസ് സംരംഭമാണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ്. 2013 ആഗസ്ത് 20ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് അവതരിപ്പിച്ചുകൊണ്ട് പത്തു പേജുളള ഒരു ധവളപത്രം ഇറക്കുകയുണ്ടായി. ഫേസ്ബുക്കിന്‍റെ ഫേസ്ബുക്ക് സീറോ (facebook zero) പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ്  അവതരിപ്പിക്കുന്നതെന്നും ലോകത്തൊട്ടാകെയുളള സാധാരണക്കാരന് ലഭ്യമാവും വിധം ഇന്‍റര്‍നെറ്റ് ആക്സസ് വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ധവളപത്രത്തില്‍ പറയുന്നു. കണക്റ്റിവിറ്റി മനുഷ്യാവകാശമാണ് ( Connectivity is humen right) എന്ന സുക്കര്‍ബര്‍ഗിന്‍റെ പ്രസ്താവന ലോക ശ്രദ്ധ നേടിയിരുന്നു.

റിലയന്‍സുമായി സഹകരിച്ച്  ഫേസ്ബുക്ക് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് 2015 ഫെബ്രുവരി പത്തിനാണ്. ഫേസ്ബുക്ക് അടക്കം തിരഞ്ഞെടുത്ത ചില വെബ്സൈറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാനാവും വിധമായിരുന്നു  ഇന്‍റര്‍നെറ്റ്.ഓര്‍ഗിന്‍റെ  കടന്നുവരവ്.

എന്താണ് നെറ്റ് ന്യൂട്രാലിറ്റി?
ഇന്റർനെറ്റിൽ ലഭ്യമായ എല്ലാ സൈറ്റുകളെയും സേവനങ്ങളെയും സർക്കാരും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേർസും തുല്യമായി കാണുക എന്ന നിയമമാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റർനെറ്റിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുന്നതിനു പ്രത്യേക ചാർജ് ഈടാക്കാതിരിക്കുക, അനുമതി നിഷേധിക്കാതിരിക്കുക, ലഭ്യമാക്കുന്ന വേഗത നിയന്ത്രിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിലൂടെ നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കപ്പെടുന്നില്ല എന്ന്  ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഒരു വെബ് സൈറ്റിലെ കണ്ടന്റ് അതിന്റെ സൈസിൽ വ്യത്യസ്തമായതുകൊണ്ട് സ്പീഡ് കുറയുന്നത് കൂടുതൽ ഡാറ്റ ലോഡ് ആവാൻ കൂടുതൽ സമയം എടുക്കുന്നതു കൊണ്ടാണ്. അത് തികച്ചും സാങ്കേതിമായ കാരണം കൊണ്ട് സംഭവിക്കുന്നതാണ്. എന്നാൽ ഏതെങ്കിലുമൊരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുന്നത് സർവീസ് പ്രൊവൈഡേർസ് വേഗതയിലോ, പൂർണമായി പ്രവേശനം നിഷേധിക്കുകയോ പോലുളള നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍  അതിന് സാങ്കേതികമായ കാരണങ്ങളില്ല. മറിച്ച്  മനപൂർവ്വവും മുൻകൂട്ടി തീരുമാനിച്ചതു പ്രകാരമുള്ള നിയന്ത്രണങ്ങളാണ്. ഇത്തരം നിയന്ത്രണങ്ങൾ നെറ്റ് ന്യൂട്രാലിറ്റി നിയമം ലംഘിക്കുന്നു. എല്ലാ വെബ് സൈറ്റിലേക്കുമുള്ള ട്രാഫിക് ഒരേ വേഗത്തിലായി നിജപ്പെടുത്തുക, എല്ലാ വെബ് സൈറ്റുകളെയും സർവീസ് പ്രൊവൈഡേർസ് ഒരേ പോലെ കാണുക തുടങ്ങിയ നിയമമാണ് നെറ്റ് ന്യൂട്രാലിറ്റിയെന്നത് ഇതിൽ നിന്നും മനസിലായി കാണുമല്ലോ?

സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്ദാനം നൽകി ഉപഭോക്താവിന് ഇൻറർനെറ്റിന്റെ ഒരു ഭാഗം മാത്രം നൽകുന്നത് നെറ്റ് ന്യൂട്രാലിറ്റി ലംഘനമാണ്. 


ഒരു സൗജന്യ ഇന്റർനെറ്റ് സർവീസ് വഴി ഒരു പ്രത്യേക സൈറ്റിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുളള മെസേജ്.

എന്തായിരുന്നു വിവാദം?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിലിക്കൺവാലി സന്ദർശനത്തിൽ ഫേസ്ബുക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് മോദിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ആദ്യം സുക്കർബർഗും പിന്നീട് നരേന്ദ്ര മോദിയും ഫേസ്ബുക്ക്  പ്രൊഫൈൽ പിക്ച്ചർ ത്രിവർണമാക്കി മാറ്റി. മോദിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി ലോകം ശ്രദ്ധിക്കുന്നത് അതിലൂടെയാണ്.

പ്രൊഫൈല്‍ പിക്ചറില്‍ വര്‍ണം കൊടുക്കല്‍ എങ്ങനെ?
സ്വവര്‍ഗ വിവാഹത്തിന് അമേരിക്കയില്‍ നിയമ സാധുതയുണ്ടായപ്പോള്‍ അതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഏഴ് വര്‍ണങ്ങളിലാക്കി. ചിത്രത്തിന്‍റെ കൂടെ കൊടുത്തിരുന്ന ലിങ്കില്‍ പ്രവേശിച്ച് ഫേസ്ബുക്ക് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഏഴ് വര്‍ണത്തിലാക്കാനുളള സൗകര്യവും ഉണ്ടായിരുന്നു. എല്‍.ജി.ബി.ടി പ്രൈഡ് ( LGBT Pride ) എന്ന പേരില്‍ പ്രചരിച്ച ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളിലുളള ലക്ഷകണക്കിനാളുകള്‍ ഫേസ്ബുക്ക് വഴി LGBT ക്ക് പിന്തുണ പ്രഖ്യാപിച്ചു. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന സാധാരണ ആപ്ലിക്കേഷന്‍സ് പോലെയാണ് ഈ ആപ്ലിക്കേഷനും പ്രവര്‍ത്തിക്കുന്നത്. ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ആപ്ലിക്കേഷന് ഇന്‍പുട്ട് ആയി നല്‍കുന്നു. ചിത്രത്തിനു മുകളില്‍ ഏഴ് വര്‍ണങ്ങള്‍ ചേര്‍ത്ത് പുതിയ ചിത്രം ലഭിക്കാനുളള പ്രോഗ്രാം റണ്ണാവുന്നു. പുതിയ ചിത്രം ലഭിച്ചാല്‍ സേവ് ചെയ്തതിന് ശേഷം  ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ ഫേസ്ബുക്കില്‍  ഷെയര്‍ ചെയ്യാം. നൂലുകളില്‍ വര്‍ണം ചേര്‍ക്കാന്‍ മഷിയില്‍ മുക്കുന്നത് പോലെ ഒരു പ്രക്രിയയാണ് ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം. നൂലിനു പകരം നിങ്ങളുടെ പ്രഫൈല്‍ ചിത്രവും മഷിക്ക് പകരം പ്രസ്തുത ആപ്ലിക്കേഷനും (പ്രോഗ്രാമും) ആണെന്ന് ചുരുക്കം.

ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രഫൈല്‍ ചിത്രം ത്രിവര്‍ണത്തിലാക്കിയതും ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരിക്കും എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. നുല് പഴയ നൂല് തന്നെ, മഷി മാറിയെന്ന് മാത്രം.

ഇന്‍റര്‍നെറ്റ്.ഓര്‍ഗും നെറ്റ് ന്യൂട്രാലിറ്റിയും
അവികസിത-വികസ്വര രാഷ്ട്രങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം ചെറിയ ചിലവില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിമിതമായ സേവനമാണ് ലഭ്യമാക്കുക എന്നതും അതിന് ചെലവ് ഉണ്ട് എന്നതും ആണ് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങാന്‍ കാരണമായത്. ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി പത്ത് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ്. കൂടെ അടിസ്ഥാന ഫേസ്ബുക്ക് സേവനവും. ഈ സേവനമുപയോഗിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. ഫോട്ടോ അപ്ലോഡ് ചെയ്യാനായി പണം നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജുകള്‍ ഉണ്ട്. മാസ വരിസംഖ്യ നല്‍കി ഉപയോഗിക്കാന്‍ കഴിയുന്നത്. ഇന്‍റര്‍നെറ്റ്.ഓര്‍ഗ് വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നിലവില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എല്ലാ വെബ്സൈറ്റുകളും സന്ദര്‍ശിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ലഭ്യമായവയില്‍ നിന്ന് ഭാവിയില്‍ വെട്ടികുറയ്ക്കാനും സാധ്യതയുണ്ട്. ഫേസ്ബുക്കിനും റിലയന്‍സിനും താല്‍പര്യമുളള,അവര്‍ തീരുമാനിക്കുന്ന വെബ്സൈറ്റുകള്‍ മാത്രം സന്ദര്‍ശിക്കാനാണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് വഴി അവസരം. 

സൗജന്യമായി  ഇന്‍റര്‍നെറ്റ് സേവനം നല്‍കുമ്പോള്‍ മറ്റ് സേവന ദാതാക്കള്‍ (BSNL ഉള്‍പ്പടെ) നഷ്ടത്തിലാവുകയും മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഭാവിയില്‍ സര്‍വീസ് നിര്‍ത്തലാക്കുകയോ ചാര്‍ജ് വര്‍ധിപ്പിക്കുകയോ ചെയ്യും. കൂടുതല്‍ ആളുകള്‍  ഇന്‍റര്‍നെറ്റ്.ഓര്‍ഗ് വഴി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുകയും ഫലത്തില്‍ അത് വഴി ഇന്‍റര്‍നെറ്റില്‍ ലഭ്യമാവുന്ന വെബ്സൈറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്നു.  ഇപ്പോള്‍ നിങ്ങള്‍ പണം കൊടുത്തുവാങ്ങുന്ന ഡാറ്റാ പാക്കേജുകള്‍ ഇതെ വിലയില്‍ നല്‍കാന്‍ മറ്റു സര്‍വീസ് പ്രൊവൈഡേഴ്സിന് കഴിയാതെ വരികയും അപ്പോള്‍ നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റില്‍ നിലവിലുളള എല്ലാ വെബ്സൈറ്റുകളും ഒരേപോലെ സന്ദര്‍ശിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് നെറ്റ് ന്യൂട്രാലിറ്റി നിയമലംഘനമായി കാണാം. ഈ അഭിപ്രായം ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഉണ്ടായതിന്‍റെ ഭാഗമായി സൈബര്‍ ലോകത്ത് ഇന്‍റര്‍നെറ്റ്.ഓര്‍ഗിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. തുടര്‍ന്ന് പദ്ധതി നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഫ്രീ ബേസിക്സ് എന്ന പേരില്‍ ഇതേ പദ്ധതി പുനരവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കും റിലയന്‍സും രംഗത്ത് വന്നു. ഫ്രീ ബേസിക്സിന്‍റെ  വെബ്സൈറ്റില്‍ (www.internet.org)‍ പ്രവേശിക്കുമ്പോള്‍ റിലയന്‍സ് സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി സൗജന്യ സേവനം നിയന്ത്രിക്കപ്പെട്ടതായി കാണാം. 

സൗജന്യമായി ഫേസ്ബുക്ക് ഉപയോഗിച്ച പല ഉപഭോക്താക്കളും റിലയന്‍സിലേക്ക് മാറിയതായി കാണാം. സൗജന്യം ബിസ്നസ് തന്ത്രമാണെന്ന് മനസിലാക്കാന്‍ ഉപഭോക്താവ് പലപ്പോഴും തയാറാവാത്തത്  ഉപഭോക്താവിന്‍റെ സ്വാതന്ത്ര്യമായി മനസിലാക്കാം എന്നാല്‍ ഇതുവഴി ഉപഭോക്താവിന്‍റെ വിശാലമായ  ഇ-ലോകം വളരെ ചുരുങ്ങിയിതിനെ കരുതലോടെ നോക്കി കാണേണ്ടതുണ്ട്.

ഡിജിറ്റല്‍ ഇന്ത്യയും ഇന്‍റര്‍നെറ്റ്.ഓര്‍ഗും
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഫേസ്ബുക്ക് സി.ഇ.ഓ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയപ്പോള്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദഗ്ദര്‍ പ്രസ്തുത ആപ്ലിക്കേഷന്‍റെ സോഴ്സ് കോഡ് പുറത്തുവിടുകയുണ്ടായി. ഇതില്‍ InternetOrgProfilePicture_PrideAvatar എന്ന് കാണാം. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇന്‍റര്‍നെറ്റ്.ഓര്‍ഗ്  നടപ്പിലാക്കാന്‍ വേണ്ടിയാണെന്നും ഡിജിറ്റല്‍ ഇന്ത്യ  പദ്ധതി തന്നെയാണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് എന്നും വരെ പല വിധ വാദങ്ങള്‍ ഉയര്‍ന്ന് വന്നു. അതിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിക്കപ്പെട്ട മറ്റൊരു വാദമാണ് ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഫേസ്ബുക്ക് പ്രഫൈല്‍ ചിത്രം മാറ്റിയാല്‍ ഇന്‍റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണക്കുന്നതായി രേഖപ്പെടുത്തുന്നു എന്നത്. മുന്‍പ് ഇന്‍റര്‍നെറ്റ്.ഓര്‍ഗിനെതിരെ ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി ലക്ഷകണക്കിനാളുള്‍ നെറ്റ് ന്യൂട്രാലിറ്റി  വയലേഷന് തടയുന്നതിന് വേണ്ടി ഇന്‍റര്‍നെറ്റ്.ഓര്‍ഗ്  പദ്ധതിക്കെതിരെ TRAI ( Telephone Regulatory Authorty of India )-ക്ക് കത്തുകള്‍ അയച്ചിരുന്നു. തുടര്‍ന്നാണ് ഇന്‍റര്‍നെറ്റ്.ഓര്‍ഗ് ഫ്രീ ബേസിക്സ് ആയത്.

ഇന്‍റര്‍നെറ്റ്.ഓര്‍ഗിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ ക്യാമ്പയിന്‍ പോലെ അതിനെ പിന്തുണയ്ക്കാന്‍ വേണ്ടി ഫേസ്ബുക്ക് നടത്തിയ ക്യാമ്പയിനാണ് പ്രൊഫൈല്‍ ചിത്രം മാറ്റലെന്ന സംശയം വര്‍ധിച്ചുവന്നു. ലക്ഷകണക്കിനാളുകള്‍ ഇതിനകം പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കി കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്‍റര്‍നെറ്റ്.ഓര്‍ഗിന്  സപ്പോര്‍ട്ട് മാര്‍ക്ക് ചെയ്യപ്പെടുന്നു എന്ന വാദം ഉയര്‍ന്നുവന്നതോടെ പലരും ത്രിവര്‍ണ ചിത്രം ഉപേക്ഷിക്കാന്‍ തുടങ്ങി. സുക്കര്‍ബര്‍ഗ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് അതിന്‍റെ മറവില്‍ ഇന്‍റര്‍നെറ്റ്.ഓര്‍ഗ് വിപുലപ്പെടുത്തുകയാണെന്ന ആക്ഷേപം ശക്തമായി.

ഉപഭോക്താക്കളിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുന്ന വിവാദത്തിൽ തുടർന്ന് സംഭവിച്ചതെന്ത്?
വിവാദത്തിന് വിരാമമിടാൻ ഔദ്യോഗികമായി വിശദീകരണവുമായി ഫേസ്ബുക്ക് മുന്നോട്ട് വന്നു. നെറ്റ് ന്യൂട്രാലിറ്റിക്ക് ഭീഷണി വിലയിരുത്തിയുള്ള ഇന്‍റര്‍നെറ്റ്.ഓര്‍ഗ് എന്ന ഫേസ്ബുക്ക് പദ്ധതിയെ സഹായിക്കുന്ന സോഴ്സ് കോഡ് ഡിജിറ്റൽ ഇന്ത്യ പ്രചാരണ ചിത്രത്തിൽ ഉപയോഗിച്ചു എന്ന ആരോപണത്തിന് ഫേസ്ബുക്ക് വിശദീകരണം നൽകിയത് ഫേസ്ബുക്കിലെ എഞ്ചിനീയർക്ക് പറ്റിയ ഒരബദ്ധം എന്നായിരുന്നു. ത്രിവർണ്ണ പ്രൊഫൈൽ പിക്ചറിന്റെ സോഴ്സ് കോഡിൽ internetOrgProfilePicture_PrideAvatar എന്നായിരുന്നു ഉണ്ടായിരുന്നത്. കോഡിങ്ങിന്റെ ഭാഗമായി എഞ്ചിനീയർ തിരഞ്ഞെടുത്ത ഹ്രസ്വ പേരായിരുന്നു ഇത്. ഈ പേരാണ് വിവാദങ്ങൾക്ക് വഴി വച്ചത് എന്ന് ഫേസ് ബുക്ക് പറയുന്നു. പ്രൊഫൈൽ പിക്ചർ ത്രിവർണമാക്കുന്നതും ഇന്‍റര്‍നെറ്റ്.ഓര്‍ഗുമായി യാതൊരു ബന്ധവുമില്ല, ആശയ കുഴപ്പം ഇല്ലാതാക്കാന്‍ വേണ്ടിയാണ്  സോഴ്സ് കോഡ് DigitalIndiaProfilePicture_PrideAvatar എന്നാക്കി മാറ്റിയതെന്നും ഫേസ്ബുക്ക് വിശദീകരണത്തില്‍ വ്യക്തമാക്കി.

ഒരു പ്രോഗ്രാമിൽ ഇൻപുട്ട് ആയി നൽകുന്ന ഫയലിന് ഒരു വേരിയബിൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്. അതുപോലെ അതിന്റെ ഔട്ട്പുട്ട് മറ്റൊരു വേരിയബിൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്നു. നേരത്തെ നമ്മൾ പറഞ്ഞ നൂലിനും, മഷിക്കും, മഷി മുക്കിയെടുത്ത വർണനൂലിനെയും പേരും നിറവും പറഞ്ഞ് സൂചിപ്പിക്കുന്നതിന് പകരം പ്രത്യേകം നമ്പറുകൾ കൊണ്ട് സൂചിപ്പിക്കുന്നത്  പോലെ ( കോഡ് ) ഇതിനെ മനസിലാക്കാം.

ഇവിടെ ഫേസ് ബുക്ക് വിശദീകരണ പ്രകാരം  internetOrgProfilePicture_PrideAvatar എന്നതിൽ ‘internetOrg’ എന്നത് വെറുമൊരു പേര് മാത്രമാണെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോഴും വിശദീകരണത്തിൽ സംശയം ബാക്കിയുണ്ട്.

LGBT Pride നുവേണ്ടി നിര്‍മിച്ച ആപ്ലിക്കേഷന്‍ തന്നെയാവണം എഡിറ്റ് ചെയ്ത് ഏഴു വര്‍ണം എന്ന ഔട്പുട്ടിനു പകരം ത്രിവര്‍ണം നല്‍കുന്ന രീതിയില്‍ മോഡിഫൈ ചെയ്തത്. സാധാരണ എന്‍ജിനീയര്‍മാര്‍ സമയലാഭത്തിനു വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്. പ്രോഗ്രാം റീയുസബിലിറ്റി എന്ന പേരിലാണ് ഐ.ടി ലോകം ഇതിനെ വിളിക്കുന്നത്. ‘Avatar’ എന്നത് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചറിനെ സൂചിപ്പിക്കുന്നതാണ്. ‘Pride’ എന്ന വാക്ക് LGBT Pride ന്‍റെ ഭാഗമായി ടൂള്‍ നിര്‍മിച്ചപ്പോള്‍ ഉപയോഗിച്ചതാവാം. എന്നാല്‍ InternetOrgProfilePicture_PrideAvatar ലെ ‘internetOrg’ എന്നത് ഈ രണ്ടുമായി യാതൊരു വിധ ബന്ധവുമില്ലാത്ത വാക്കാണ്. ഒരു ഹ്രസ്വ നാമം മാത്രമാണെങ്കില്‍ എന്തിന് internetOrg എന്ന വാക്ക് തന്നെ ഉപയോഗിച്ചു എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ബാക്കിയാവുന്നത്. പ്രൊഫൈല്‍ ചിത്രം മാറ്റുമ്പോള്‍ ഇന്‍റര്‍നെറ്റ്.ഓര്‍ഗിന് സപ്പോര്‍ട്ട് മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ തന്നെ  ട്രായിയുടെ തീരുമാനത്തില്‍ സ്വാധീനം ചെലുത്താന്‍ ഫേസ്ബുക്കിനത് ഉപയോഗപ്പെടില്ല. എന്നാല്‍ ഈ വിവാദങ്ങള്‍ എന്തുകൊണ്ടും ഫേസ്ബുക്കിന് സഹായം മാത്രമാണ് സൃഷ്ടിച്ചത്. ഇന്‍റര്‍നെറ്റ്.ഓര്‍ഗ്, ഡിജിറ്റല്‍ ഇന്ത്യ എന്നീ രണ്ട് വാക്കുകള്‍ ലോകം വളരെയധികം ഒന്നിച്ച് ചര്‍ച്ച ചെയ്തു. മറ്റു രാഷ്ട്രങ്ങളില്‍ ഫേസ്ബുക്കിന്‍റെ ബിസിനസ് സംരംഭങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ ചൂണ്ടി കാണിച്ച് ഫേസ്ബുക്കിന് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും.  ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സഹകരണത്തോടുകൂടെ ഫേസ്ബുക്ക് ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റ് എത്തിച്ചു എന്ന് പരസ്യം ചെയ്യാനും സാധിക്കും. അത് മറ്റ് അവികസിത- വികസ്വര രാഷ്ട്രങ്ങളിലെ മാര്‍ക്കറ്റ് കയ്യടക്കാന്‍ വളരെയധികം സഹായകമാവും. 

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ചിലവിന്‍റെ വളരെ കുറഞ്ഞ ശതമാനം മാത്രമായിരിക്കും ഫേസ്ബുക്കിന്‍റെ സംഭാവന. ബിസിനസ് വിപുലപ്പെടുത്താനുളള കോര്‍പ്പറേറ്റ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമായി ഇതിനെ കാണാവുന്നതാണ്. ജനസംഖ്യയില്‍ ഏറ്റവും വലിയ രാജ്യമായ ( ഏറ്റവും വലിയ മാര്‍ക്കറ്റായ ) ചൈന സാങ്കേതിക വിദ്യയടക്കം അവരുടെ പ്രൊഡക്റ്റുകള്‍ കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയോടുളള താല്‍പര്യവും ഈ വലിയ മാര്‍ക്കറ്റ് കണ്ടിട്ടാണെന്നതില്‍ സംശയമില്ല. ചാരിറ്റിയാണ് ഉദ്ദേശമെങ്കില്‍ ലോകത്ത് ഇതിലുമെത്രയോ ദരിദ്രരും കംമ്പ്യൂട്ടറും മൊബൈല്‍ ഫോണും നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ജനതയുമുണ്ട്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും പശ്ചിമേഷ്യയിലും വൈദ്യുതി പോലുമില്ലാത്ത ഗ്രാമങ്ങളുണ്ട്.  കോര്‍പ്പറേറ്റുകള്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. ഇപ്പോള്‍ നഗരങ്ങളെല്ലാം പല സ്വകാര്യ കമ്പനികളും കീഴടക്കി കഴിഞ്ഞു. ഇനി ഉപഭോക്താക്കളെ എളുപ്പം ലഭിക്കുക ഗ്രാമങ്ങളിലാണെന്നത് കോര്‍പ്പറേറ്റ് ബുദ്ധിയാണെന്ന് മനസിലാക്കാം.

ഇന്‍റര്‍നെറ്റ് എന്താണെന്ന് പോലും അറിയാത്ത ഗ്രാമവാസികള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നത് എങ്ങനെ നെറ്റ് ന്യൂട്രാലിറ്റിയെ ബാധിക്കും എന്ന ചോദ്യങ്ങള്‍ ഇപ്പോഴും പല ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ വെച്ചുനീട്ടുന്ന സൗജന്യങ്ങള്‍ ചൂണ്ടയില്‍ കോര്‍ത്ത ഇരയാണെന്ന് ചരിത്രം പല തവണ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവസ്ഥ ഇപ്പോള്‍ പരിതാപകരമാണെങ്കിലും അവയുടെ ലക്ഷ്യം ലാഭമല്ല, പകരം സേവനമാണ് എന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാവേണ്ടത്. ഇത്തരം സ്ഥാപനങ്ങളുടെ ലാഭം നമ്മുടെ ലാഭമായിത്തീരുകയാണ് ചെയ്യേണ്ടതെന്ന് ചുരുക്കം. റെയില്‍വേയും ബി.എസ്.എന്‍.എല്‍ മുതല്‍ നമ്മുടെ കെ.എസ്.ആര്‍.ടി.സി വരെ നിലകൊളളുന്നത് ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ സേവനങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ്. സ്വകാര്യ കമ്പനികളുടെ കടന്നുവരവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും അഴിമതിയും കാരണം ഒരുവിധം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന അത്ര തന്നെ പണം ഈടാക്കിയാണ് ഇപ്പോള്‍ സര്‍വീസുകള്‍ നല്‍കുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ കഴിയില്ല എന്ന് അതിനര്‍ത്ഥമില്ല. അഴിമതി തടയുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പുതിയ സ്വകാര്യ സ്ഥാപനങ്ങള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൊണ്ടുവരാനുളള സാഹചര്യം നിലവിലുണ്ട്. ഈ ലാഭം ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സേവനങ്ങള്‍ നല്‍കാന്‍ ഭാവിയില്‍ സാധിച്ചേക്കാം. അതാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റെ  പ്രഥമ ലക്ഷ്യം. ഇവിടെ ബി.എസ്.എന്‍.എല്‍ ന്‍റെ തകര്‍ച്ച ലക്ഷ്യം വെക്കുന്നു എന്നതില്‍ സംശയമില്ല. ഭാവില്‍ മാര്‍ക്കറ്റ് മുഴുവനും കയ്യിലാക്കാന്‍ റിലയന്‍സിനേയും ഫേസ്ബുക്കിനേയും ഇത് സഹായിക്കും. ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കി  ഉപഭോക്താവ് ഭാവിയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാവും.

ഡിജിറ്റൽ ഇന്ത്യയും മോദിയുടെ വികസന നയങ്ങളും
രാജ്യത്തെ വളരെയധികം പുരോഗതിയിലേക്ക് നയിക്കുന്ന ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്ന പദ്ധതിയെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വലിയൊരു ശതമാനം ഇന്ത്യക്കാരെയാണ്.  “500 വൈ ഫൈ സ്പോട്ടുകളല്ല ഇന്ത്യയ്ക്ക് വേണ്ടത് പൊതു കക്കൂസുകളാണ്” എന്നു തുടങ്ങി പൊതു പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന പല ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നുണ്ട്. രാജ്യത്തെ അവസാനത്തെ പട്ടിണിക്കാരനും ഭക്ഷണം ഉറപ്പാക്കിയിട്ടേ ഡിജിറ്റൽ ഇന്ത്യ എന്ന് സ്വപ്നം കാണാവൂ എന്ന വാദം വികസനത്തെ മുരടിപ്പിക്കാനേ സഹായിക്കൂ. എന്നാൽ മോദി വികസനം എന്ന് പറഞ്ഞ് ലോകം മുഴുവൻ സഞ്ചരിക്കുകയും വമ്പൻ കോർപറേറ്റുകളുമായി ചർച്ചകൾ നടത്തുകയും ചെയ്യുമ്പോൾ അതിനേക്കാൾ പ്രാധാന്യം അടിസ്ഥാന സൗകര്യങ്ങൾമെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനും പൗരന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിനും നൽകണം എന്നത് ന്യായമായ ആവശ്യമാണ്. ഡിജിറ്റൽ ഇന്ത്യയടക്കം ഇന്ത്യയിലെ വികസന പദ്ധതികളിലേക്ക്  ആഗോള കുത്തകകളെ ക്ഷണിച്ച് വരുത്തുന്നതിനു മുൻപ് ഇത്തരം മേഖലകളിൽ സ്വയം പര്യാപ്തത നേടാൻ എത്രമാത്രം സാധിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്‌. ബഹിരാകാശ ഗവേഷണ രംഗത്തും മിസൈൽ നിർമാണത്തിലും പ്രതിരോധ മേഖലയിലും എല്ലാം രാജ്യം കൈവരിക്കുന്ന നേട്ടങ്ങൾ മറ്റു മേഖലകളിലേക്കും സാധ്യമാക്കുക നിലവിലുള്ള ഭരണ നിർവഹണം മെച്ചപ്പെടുത്തുക തുടങ്ങി വികസന നയങ്ങൾ രൂപപ്പെടുത്തുന്നതിന് പകരം എല്ലാ മേഖലയിലേക്കും ആഗോള സ്വകാര്യ ഭീമൻമാരെ ക്ഷണിച്ചു വരുത്തുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്നത് യാഥാർഥ്യമാണ്. മോദിയുടെ ഇത്തരം  വികസന നയങ്ങൾ തീർച്ചയായും വിമർശിക്കപ്പെടേണ്ടതുണ്ട്.

(ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍