UPDATES

ട്രെന്‍ഡിങ്ങ്

പൊടിപ്പും തൊങ്ങലുമുണ്ടാകാം, എന്നാലും ഈ മാധ്യമ വിചാരണ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു

കൂവി തോല്‍പ്പിക്കുന്നവരും ഒരു നാള്‍ അറിയേണ്ടതാണല്ലോ അപ്പുറത്ത് നില്‍ക്കുന്നവരുടെ വേദന

കെ എ ആന്റണി

കെ എ ആന്റണി

ഹോ, എന്തൊക്കെ ബഹളങ്ങളാ ഈ നടക്കുന്നത്? ഇതിന് മുമ്പ് ഇങ്ങനെയൊന്ന് കണ്ടത് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ കാലത്താണ്. എന്തൊക്കെയാ അന്ന് പത്രങ്ങള്‍ എഴുതിപ്പിടിച്ചത്? “മറിയം റഷീദ ബെഡില്‍ ട്യൂണയെപ്പോലെ പിടഞ്ഞു” എന്നുവരെ കിടപ്പറ ദൃശ്യങ്ങള്‍ നേരില്‍ കണ്ടുവെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പരമ്പരകളും വായിച്ച് പത്രപ്രവര്‍ത്തന മേഖലയെ അടച്ച് ആക്ഷേപിച്ചവരും മതിവരാതെ അടുത്ത ദിവസത്തെ വാര്‍ത്തകള്‍ക്കും പരമ്പരകള്‍ക്കുമായി കാത്തിരുന്നവരും ഉണ്ടായിരുന്നു. ഒരു പക്ഷെ ഭോപ്പാല്‍ വാതക ദുരന്തത്തിനോ ലാത്തൂരിലെ ഭൂമികുലുക്കം സൃഷ്ടിച്ച വിനാശത്തിനോ കിട്ടാതെ പോയ മീഡിയ കവറേജ് പക്ഷെ ഇന്ദിര ഗാന്ധി വധത്തിനും രാജീവ് ഗാന്ധി വധത്തിനും ജയളിതക്കും കിട്ടി എന്നത് മറ്റൊരു യാഥാര്‍ഥ്യം. ഇന്ന് രാവിലെ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട വാര്‍ത്ത ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജയാമ്മയുടെ തോഴിയും അതുവഴി തമിഴകത്തിന്റെ ചിന്നമ്മയുമായി മാറിയ വികെ ശശികലയ്ക്ക് ജയിലിനുള്ളില്‍ ഒരു എക്സ്‌ക്ലൂസീവ് അടുക്കള സംവിധാനം തന്നെയുണ്ടെന്നതാണ്. സെക്‌സ് വായനക്കാരുടെ ഞരമ്പുകളില്‍ അഗ്‌നി നിറക്കാന്‍ പോന്ന ഒരു പാവം മറിയം റഷീദയുടെ കിടപ്പറ കഥയുടെ വ്യാജ വര്‍ണനയായി ഇതിനെ കാണാനാവില്ല. പ്രത്യേകിച്ചും ഉത്തരവാദപ്പെട്ട ഒരു മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥ നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി എഴുതപ്പെട്ട വാര്‍ത്തയാകുമ്പോള്‍. ഇനിയിപ്പോള്‍ ആ ഉദ്യോഗസ്ഥ നമ്മുടെ മാധ്യമങ്ങള്‍ ഏറെക്കാലം കൊട്ടിഘോഷിച്ച മുന്‍ ഡിജിപി സെന്‍കുമാറിനെപ്പോലെ ഒരാള്‍ ആവാനിടയില്ല എന്ന് തത്ക്കാലം വിശ്വസിക്കാന്‍ തന്നെയാണ് ഇഷ്ടം.

തുടക്കത്തില്‍ പറഞ്ഞ ബഹളമാനമായ പ്രശ്‌നങ്ങള്‍ നമ്മുടെ സിനിമയില്‍ പല വേഷപ്പകര്‍ച്ചകള്‍ നടത്തിയ ഒരു നടന്റെ അറസ്റ്റും അതിനുശേഷം പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെയും പരമ്പരയെയുമൊക്കെ കുറിച്ചാണ്. ഈ വാര്‍ത്തകളിലും പൊടിപ്പും തൊങ്ങലുകളും ഒക്കെ ഉണ്ടാകാമെങ്കിലും ഈ മാധ്യമ വിചാരണയെ ചെറുതായെങ്കിലുമൊന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കാതെ വയ്യ. ഇതോടൊപ്പം ചേര്‍ത്ത് പറഞ്ഞ ജയില്‍ സൗകര്യങ്ങള്‍ ദിലീപ് എന്നൊരു മഹാ മാന്ത്രികനും തുടര്‍ന്നങ്ങോട്ട് തടവറയിലാണെങ്കില്‍ കിട്ടികൂടാതെയില്ല (ഇങ്ങനെ പറയേണ്ടിവരുന്നു എന്നത് ദിലീപിന്റെ പഴയകാല ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് ഇന്നത്തെ ദേശാഭിമാനി വാര്‍ത്ത തന്നെ. സഖാക്കള്‍ക്ക് ഇപ്പോഴും വാര്‍ത്തയെന്ത്, അമിതാവേശം എന്ത് ഇത് തിരിച്ചറിയാതെ വരുത്തി വെക്കുന്ന വിനയെന്ത് എന്നൊക്കെ അറിയാതെ പോകുന്നുണ്ടോ എന്നൊരു സംശയം.അല്ലെങ്കിലും പ്രതീക്ഷകള്‍ ആണല്ലോ ഇപ്പോഴും ബാക്കിയാവുന്നതും പുതുതലമുറയ്ക്ക് കരുത്താകന്നതും). വീണ്ടും ദിലീപിലേക്ക് തന്നെ. പി ഗോപാലകൃഷ്ണന്‍, ആലുവ, ദേശം, നമ്പര്‍ – b523. അറസ്റ്റും കൂവിവിളിയും ഒക്കെ സ്വാഭാവികം തന്നെ. അല്ലെങ്കിലും കൂവി തോല്‍പ്പിക്കുന്നവരും ഒരു നാള്‍ അറിയേണ്ടതാണല്ലോ അപ്പുറത്ത് നില്‍ക്കുന്നവരുടെ വേദന.

"</p

ഒന്നുമില്ലായ്മയില്‍ നിന്നും ബ്രഹ്മാണ്ഡം കടഞ്ഞെടുത്ത ഒരു മഹാതാന്ത്രികന്‍ എന്ന മട്ടിലുള്ള വിശേഷണങ്ങളും അതിനൊപ്പം ചില ഊച്ചാളിത്തര വിശേഷങ്ങളുമൊക്കെ വായിക്കുമ്പോള്‍ തോന്നുന്ന ഏക കാര്യം ഇത്ര മാത്രമാണ്: ഉടനെ ഒരു നല്ല മനോരോഗ വിദഗ്ധനെ കാണുക. എന്തിത്ര നെറികെട്ട വേഷപ്പകര്‍ച്ച എന്നറിയാന്‍ സലിംകുമാറിന്റെ ഉപദേശം മതിയാവില്ല. അയാള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഉണ്ടായിരുന്നു താങ്കളുടെ സിഐഡി മൂസയില്‍ പോലും. ഒരു പക്ഷെ ആ ഭ്രാന്ത് അയാളുടെ സ്ഥായിയായ ഒരു ഭാവമാകാം. പക്ഷെ താങ്കള്‍ ഉടനെ ഒരു മന:ശാസ്ത്രജ്ഞനെ കാണണം. പഴയ ഒരു ചങ്ങാതി വൈരാഗിയായി മാറിയിട്ടുണ്ട്. പേരിപ്പോള്‍ പറയുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുണ്ടാവും, അയാളുടെ ഭാഗത്ത് നിന്നും. താങ്കളുടെ പിന്നാമ്പുറ കഥകള്‍ (ഇതില്‍ നെല്ലേത് പതിരേത് എന്ന് അറിയില്ല) നടുക്കം ഉളവാക്കുന്നതാണ്. എങ്കിലും താങ്കളെക്കുറിച്ചുള്ള ഇടവേള ഇല്ലാത്ത വിവരണങ്ങള്‍ നല്‍കുന്ന സൂചന വെടക്കാക്കി തനിക്കാക്കുന്ന ഒരു മനസിനെ സംബന്ധിച്ചാണ് എന്ന് പറയാതെ വയ്യ. ഇടവേള എന്നൊരു വാക്ക് ഉപയോഗിച്ചത് തന്നെ ഉദ്ദേശിച്ചാണോയെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് താങ്കളെക്കുറിച്ചു തന്നെയാണ് എന്ന് ഇടവേള ബാബുവും കരുതുന്നത് നന്ന്.

വയറ്റി പിഴപ്പിനുവേണ്ടി ആണെന്ന് തന്നെ വെച്ചാലും ഈ ‘അമ്മ’ സര്‍ക്കസ് കമ്പനിയില്‍ നിന്ന് ഒരു ബ്രേക്ക് താങ്കള്‍ക്കും വേണ്ടതുണ്ടെന്ന് തോന്നുന്നു. ആര്‍ക്കും ആരെയും നേരിട്ട് അറിയില്ലെന്ന ഇന്നച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ പ്രഭുക്കളുടെ വാദവും സ്വന്തം അച്ഛനെ പറയിക്കാന്‍ കച്ചകെട്ടി ഇറങ്ങി എന്ന് തോന്നിപ്പിക്കും വിധം വെറും ബഡായി ബംഗ്ലാവ് മുതലാളി ചമയുന്ന ഒരു ജനപ്രധിനിധി കാട്ടിക്കൂട്ടുന്ന വേഷംകെട്ടുമൊന്നും ബാബുവിനും അറിയാത്തതാവാന്‍ ഇടയില്ല. എന്തായാലും ഗോപാല ലീലാ വിലാസ കേസ് നല്ല രീതിയില്‍ പുരോഗമിക്കുമെന്നും കുറ്റവാളികള്‍ക്ക് നല്ല മനസ് ഉണ്ടാകട്ടെയെന്നും അനാവശ്യ അഭ്യാസങ്ങള്‍ കളിച്ച് ആരും ഈ കേസ് അട്ടിമറിക്കാതിരിക്കട്ടെയെന്നും ആശിച്ചുകൊണ്ട് നിര്‍ത്തട്ടെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍