UPDATES

സിനിമ

‘പിന്നെയും’ ദിലീപും കാവ്യയും പ്രണയിക്കുന്നു

അഴിമുഖം പ്രതിനിധി

അഞ്ചു വര്‍ഷത്തിനുശേഷം ദിലീപും കാവ്യയും വീണ്ടും പ്രണയിക്കുന്നു. ഇടവേളയ്ക്കുശേഷം മലയാളത്തിലെ പ്രിയപ്പെട്ട പ്രണയജോടികള്‍ ഒത്തുചേരുന്നത് അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തിലൂടെയാണെന്നതാണ് മറ്റൊരു പ്രത്യേകത. എട്ടുവര്‍ഷത്തിനുശേഷമാണ് അടൂര്‍ ഒരു സിനിമയൊരുക്കുന്നതും. പിന്നെയും എന്നാണ് ചിത്രത്തിന്റെ പേര്.

ദിലീപ് ആദ്യമായാണ് അടൂരിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അടൂരിന്റെ സിനിമയില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് ദിലീപ് പറഞ്ഞു. അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അപ്രതീക്ഷിതമായി അതു സഫലമായതിന്റെ ത്രില്ലിലാണ് താനെന്നും ദീലീപ് വ്യക്തമാക്കി.

ഒരു നടിയെന്ന നിലയില്‍ തനിക്കു ലഭിച്ച വലിയ അവസരമാണിതെന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. ഒഴിഞ്ഞ മനസുമായി അഭിനയിക്കാന്‍ ചെന്നാല്‍ മതിയെന്നതാണ് അടൂര്‍ ചെയ്ത നാലുപെണ്ണുങ്ങളില്‍ അഭിനയിച്ചതിലെ തന്റെ അനുഭവമെന്നും കാവ്യ പറഞ്ഞു.

2008 ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന സിനിമയായിരുന്നു അടൂര്‍ അവസാനമായി ചെയ്തത്. തകഴിയുടെ ചെറുകഥയെ ആസ്പദമാക്കിയായിരുന്നു നാലുപെണ്ണുങ്ങള്‍ അടൂര്‍ ഒരുക്കിയത്.

പുതിയ സിനിമയുടെ ഇതിവൃത്തം പ്രണയമാണെന്നു വ്യക്തമാക്കിയ അടൂര്‍ ഇതില്‍ പാട്ടോ മരംചുറ്റലോ ഇല്ലാത്ത പ്രണയമാണെന്നും കൂട്ടിചേര്‍ത്തു.

2011 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളപ്പരിപ്രാവിന്റെ ചങ്ങാതിയിലാണ് ദിലീപ്-കാവ്യ ജോടികള്‍ അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദീലിപ് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍