UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപ്-കാവ്യ വിവാഹം; ചാനലുകളെ, ഞങ്ങള്‍ എന്തു കാണണമെന്ന് നിങ്ങള്‍ തീരുമാനിക്കരുത്

Avatar

ഭാമിനി

ഹൈക്കോടതിയില്‍ നടന്ന മാധ്യമ-അഭിഭാഷക പോരിലും അതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത കോടതി വിലക്കിലും, ആരോപണ പ്രത്യാരോപണ നാളുകളിലുമൊക്കെ ഒരു വിഭാഗം ജനങ്ങള്‍ മാധ്യമങ്ങള്‍ക്കൊപ്പം നിന്നത് തങ്ങളുടെ അറിയാനുള്ള അവകാശം മുന്‍നിര്‍ത്തിയായിരുന്നു. ആ അവകാശം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്‌റ്റേറ്റിനെ അവരുടെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നാണ് മാധ്യമങ്ങളെ പിന്തുണച്ചവര്‍ ഉയര്‍ത്തിയ ആവശ്യം. 

എന്നാല്‍ എന്തിന്റെ പേരിലാണോ, ജനം മാധ്യമങ്ങളെ പിന്തുണച്ചത്, അതേ അവകാശം തങ്ങളുടെ താത്പര്യത്തിനനുസരിച്ച് മാത്രം നിങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്ന ധിക്കാരമാണ് ചാനലുകളും പത്രങ്ങളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുമെല്ലാം കാണിക്കുന്നതെന്നു തോന്നിപ്പോവുകയാണ് പലപ്പോഴും.

ഇന്നലെ കാലത്ത് എട്ടു മണി മുതല്‍ 11 മണി വരെയുള്ള മൂന്ന് മണിക്കൂര്‍ സമയം മാധ്യമങ്ങള്‍ നടത്തിയ ആ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്‌ മലയാളിയെ നാണം കെടുത്തുന്നതായിരുന്നു. ജനങ്ങളെ അറിയിക്കാന്‍ മറ്റു വാര്‍ത്തകള്‍ ഇല്ലാതിരുന്നതുകൊണ്ടാണോ, അതോ ജനങള്‍ എന്ത് അറിയണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന ചിന്തയില്‍ നിന്നാണോ പൊതുജനത്തിനു വെറും കൗതുകത്തേക്കാള്‍ ഉപരി മറ്റൊന്നും നല്‍കാന്‍ ഇല്ലാത്ത ഒരു താര വിവാഹത്തിന്റെ കൊട്ടിയറിയിപ്പുകാരായി മാധ്യമങ്ങള്‍ മാറിയത്?

സ്വകാര്യ വേദികളില്‍ നടത്തുന്ന വിവാഹ ചടങ്ങ് തത്സമയം എല്ലാവര്‍ക്കും കാണാന്‍ പ്രത്യേകം ടിവി സ്‌ക്രീനുകള്‍ സജീകരിക്കാറുണ്ട്. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ നടന്ന ഒരു വിവാഹത്തിന്റെ കാഴ്ചകള്‍ക്കായി മാത്രം ഒരുക്കിവച്ചതുപോലെയായിരുന്നു ഇന്നലെ മലയാളം ചാനലുകള്‍.

എന്നാല്‍ മാധ്യമങ്ങളെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ മലയാളിയുടെ മനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. പണ്ട് സരിത നായരുടെ സിഡി കണ്ടെത്താന്‍ പോയ പൊലീസ് സംഘത്തിനു പിന്നാലെ ഒബി വാനുമായി പാഞ്ഞ അതേ മാനസാകാവസ്ഥയോടെ ദിലീപ്-കാവ്യ വിവാഹം ലൈവായി കാണിച്ചക്കുമ്പോള്‍, ചാനലുകള്‍ക്കറിയാം മലയാളിയുടെ താതപര്യം. അടുത്ത വീട്ടിലെ 40 വയസ്സുള്ള സ്ത്രീ ദിലീപ്-കാവ്യ വിവാഹ വാര്‍ത്ത കേട്ടപ്പോള്‍ നടത്തിയ പ്രതികരണം അതു ശരിവയ്ക്കുന്നുണ്ട്; ‘നേരത്തെയിത് അറിഞ്ഞിരുന്നെങ്കില്‍ എന്റെ മോള്‍ ഇന്നു സ്‌കൂളില്‍ പോവില്ലായിരുന്നു. കല്യാണം കാണാന്‍ നിന്നേനെ’. ശരിയാണ,് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അവരുടെ പത്താംക്ലാസുകാരിയായ മകള്‍ മാത്രമല്ല, മറ്റു പലരും അവധിയെടുത്തു കല്യാണം കണാന്‍ ഇരിക്കുമായിരുന്നു.

പുരോഗമനപരമായി ചിന്തിക്കുന്നതെന്നു മേനി നടിക്കുന്ന സോഷ്യല്‍ മീഡിയ പോലും ഇന്നലെ ആ താരവിവാഹത്തിനും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പിന്നാലെയയിരുന്നു. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണു സോഷ്യല്‍ മീഡിയ എന്നു പറയുന്നത് എത്ര ശരിയാണെന്ന് ഇന്നലെ വീണ്ടും ബോധ്യപ്പെട്ടു.

ദിലീപിനും കാവ്യയ്ക്കും ആശംസകള്‍/ ശകാരം, മഞ്ജുവിന് ഐക്യദാര്‍ഢ്യം/ സഹതാപം, മീനാക്ഷിയുടെ അറിവില്ലായ്മയെ കുറിച്ചുള്ള ആശങ്ക/തീരുമാനത്തിനുള്ള കാരണം. എന്നിങ്ങനെ വാദങ്ങളും ചര്‍ച്ചകളും നീളുന്നു. ആവിഷ്‌കാരത്തിന്റെ പുത്തന്‍ മേഖലയായ ട്രോളുകളും ഒന്നിനു പുറകെ ഒന്നായി ജനിക്കാന്‍ തുടങ്ങി. നവംബര്‍ 8 ആം തീയതി മുതല്‍ രാജ്യം അനുഭവിക്കുന്ന അലച്ചിലും പ്രതിസന്ധികളും എല്ലാവരും മറന്നു. നിലമ്പൂര്‍ കാട്ടില്‍ നിന്ന് കേട്ട വെടിയൊച്ചയ്ക്കും മാറ്റൊലിയുണ്ടായില്ല.

അന്യന്റെ സ്വകാര്യതയെ കപട സദാചാരവും ഉഹാപോഹങ്ങളും കൊണ്ട് അളന്ന് ആത്മരതി അനുഭവിക്കുന്നവര്‍ക്ക് വിവാഹേതര ബന്ധങ്ങളും വിവാഹ മോചനവും പുനര്‍വിവാഹവുമെല്ലാം തത്പരവിഷയങ്ങളാവും, ഒരു സിനിമ താരത്തിന്റെയാവുമ്പോള്‍ ഇരട്ടി ആനന്ദവും. എന്നാല്‍ അവര്‍ക്ക് വേണ്ടി ഭൂതകണ്ണാടിയായി മാറുകയല്ല ഒരു പൊതു മാധ്യമത്തിന്റെയും ധര്‍മം.

തങ്ങള്‍ ആരാധിക്കുന്ന സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ അറിയാന്‍ താത്പര്യമുണ്ടെന്നും ആ താത്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും വാദിക്കുന്നവര്‍ ഉണ്ടാവാം. ശരിയാണ്, ഹോളിവുഡിലും ബോളിവുഡിലുമെല്ലാം പാപ്പരാസികള്‍ സജീവമാണ്. മറ്റ് വിഷയങ്ങള്‍ എല്ലാം മാറ്റി വച്ച് ചര്‍ച്ച ചെയ്യേണ്ടുന്ന എന്തു പ്രത്യേകതയായിരുന്നു ഈ വിവാഹത്തിനുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം വിരല്‍ ചൂണ്ടുന്നത് നമ്മുടെ വികലമായ പൊതു ബോധത്തിലേയ്ക്കും priortiy നിശ്ചയിക്കുന്നതില്‍ ഉണ്ടാവുന്ന ബാഹ്യ ഇടപെടലുകളിലേയ്ക്കുമാണ്. മറ്റു വാര്‍ത്തകളോടൊപ്പം ജനങ്ങളെ അറിയിക്കേണ്ടുന്ന ഒരു വാര്‍ത്ത, അതും വിനോദ വിഭാഗത്തില്‍. അതിനുമപ്പുറം ഒരു പ്രാധാന്യവുമില്ല. എന്നിരിക്കെ മുഖ്യധാര മാധ്യമങ്ങള്‍ ഈ കല്യാണത്തിനു കുരവയിടാന്‍ പോയതിലെ ഔചിത്യം മനസ്സിലാവുന്നില്ല.

സദാചാരപൊലീസിംഗിനെതിരേ ഉറഞ്ഞു തുള്ളുന്ന കീബോര്‍ഡ് വിപ്ലവകാരികള്‍ക്കുപോലും ദിലീപ്, കാവ്യ എന്ന രണ്ടു വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി ചെല്ലുകയായിരുന്നു. മാധ്യമങ്ങളുടെ ലജ്ജയില്ലായ്മയെക്കാള്‍ പൊതുജനത്തിന്റെ ഇരട്ടത്താപ്പ് തന്നെയാണ് കൂടുതല്‍ അശ്ലീലം.

ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കാവ്യയുമായി ബന്ധപ്പെട്ട് വന്നിരുന്ന പല വാര്‍ത്തകളോടും നിഷേധാത്മകമായി പ്രതികരിച്ചിരുന്ന ആളാണു ദിലീപ. ഒടുവില്‍ അവരെ വിവാഹം കഴിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടിയപ്പോള്‍ അതിനെ ഒരു ഔദാര്യവും ഭാരമേറ്റെടുക്കലുമൊക്കെയായാണ് ദിലീപ് തന്റെ വാക്കുകളിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ നായകന്റെ പരിവേഷത്തെ തൃപ്തിപ്പെടുത്തുന്ന അത്തരം ഒരു പ്രതികരണത്തിനു പകരം പരസ്പരം ഇഷ്ടപ്പെടുന്ന ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു എന്നൊരു വാക്ക് അയാളില്‍ നിന്നും ഉണ്ടായില്ല. ഒരുപക്ഷേ ഇവിടുത്തെ മോറല്‍ സിറ്റിസണ്‍സിനെ ദിലീപ് ഭയക്കുന്നുണ്ടാകാം. പൊതുവികാരത്തെ തൃപ്തിപ്പെടുത്താന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നോ ‘ബലി’ എന്ന വാക്ക് ഉപയോഗിച്ചത്. അങ്ങനെയാണെങ്കില്‍ അത് എങ്ങനെ ഇത്രമാത്രം ആഘോഷിക്കപ്പെടേണ്ട ഒന്നായിരുന്നോയെന്ന് ഈ വാര്‍ത്ത എല്ലാം മറന്ന് കണ്ടിരുന്നവരെങ്കിലും ഒന്ന് ചിന്തിക്കു.

ഹോളിവുഡ് സൂപ്പര്‍ താരങ്ങളായ ആഞ്ചലീന ജോളിക്കും ബ്രാഡ് പിറ്റിനും ആറു കുട്ടികളാണ്. എല്ലാ കുട്ടികളും ദത്തെടുത്തവര്‍. 14 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഇരുവരും വേര്‍പ്പിരിയാന്‍ തീരുമാനിച്ചത് ഈ കഴിഞ്ഞ സെപ്റ്റംബറില്‍. കുട്ടികളുടെ കാര്യത്തില്‍ ബ്രാഡ് ശ്രദ്ധിക്കുന്നില്ലെന്നതായിരുന്നു പിരിയാനുള്ള ആഞ്ചലീനയുടെ കാരണം. ഹോളീവുഡ് പാപ്പരാസികള്‍ ‘ബ്രാഞ്ചലീന’ ദമ്പതിയുടെ വേര്‍പിരിയല്‍ ആഘോഷിച്ചില്ലെന്നല്ല, പക്ഷെ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും മാറ്റി വച്ച് അതുമാത്രമായിട്ട് ആഘോഷിച്ചില്ല.

( സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍