UPDATES

സിനിമാ വാര്‍ത്തകള്‍

ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും കുടുക്കിയതാണെന്ന ദിലീപിന്റെ ആരോപണം കഴമ്പില്ലാത്തതെന്ന് ഹൈക്കോടതി

സിബിഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ജസ്റ്റിസ് സുനിത് തോമസ് അധ്യക്ഷനായ ബഞ്ച് വിധിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തിയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞത്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കിയാണ് പോലീസ് തന്നെ പ്രതി ചേര്‍ത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ദിലീപ് ആരോപിച്ചു. എന്നാല്‍ തെളിവില്ലാത്ത ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി. ദിലീപിന്റെ അമ്മയും സമാനമായ ഹര്‍ജിയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതും ഹൈക്കോടതി തള്ളി.

കേസന്വേഷണത്തെ വഴി തിരിച്ചുവിടാനും വിചാരണ വൈകിപ്പിക്കാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം നാല്‍പ്പതിലേറെ ഹര്‍ജികളാണ് വിവിധ കോടതികളിലായി ദിലീപ് നല്‍കിയിരിക്കുന്നത്. വിചാരണ വൈകിപ്പിക്കാനായാണ് ഇതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കീഴ്‌ക്കോടതിയില്‍ വിചാരണയ്ക്ക് വേണ്ടി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മേല്‍ക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയാല്‍ സാധാരണഗതിയില്‍ വിചാരണ നേരിടുന്നതിന് കാലതാമസമുണ്ടാകും.

വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അത്തരമൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. ആദ്യ പ്രതികളെല്ലാം തന്നെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് ദിലീപിന്റേതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നടി പീഡിപ്പിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും വിചാരണ വനിതാ ജഡ്ജിയുടെ നേതൃത്വത്തിലാകണമെന്നും ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയും പരിഗണിക്കാനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍