UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് ഉടനെന്ന് സൂചന

അറസ്റ്റിലാകുന്നത് ദിലീപ് തന്നെയാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന

മലയാള സിനിമയെ പിടിച്ചുലച്ച നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായകമായ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബഹ്രറയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തര യോഗത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചതോടെയാണ് അറസ്റ്റ് നീക്കത്തിലേക്ക് നീങ്ങുന്നത്.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ തന്നെ തങ്ങണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കശ്യപിനെ കൂടാതെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ തുടങ്ങിയവരാണ് പോലീസ് ആസ്ഥാനത്തെ യോഗത്തില്‍ പങ്കെടുത്തത്. കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. ഇരുവരും നേരത്തെ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.

അറസ്റ്റിലാകുന്നത് ദിലീപ് തന്നെയാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് അറിയുന്നത്. ഫോണ്‍കോളുകളാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്. പള്‍സര്‍ സുനി വിളിച്ച നാലു നമ്പരുകളില്‍ നിന്നും ഉടന്‍ തന്നെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ നമ്പരിലേക്കും ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. ഈ നമ്പരിലേക്ക് അപ്പുണ്ണിയും തിരികെ വിളിച്ചതായും പോലീസ് കണ്ടെത്തി. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടും വരെയായിരുന്നു നിരന്തരമായി കോളുകള്‍ പോയത്. അതേസമയം വിളിച്ചത് താനല്ലെന്നും ദിലീപാണെന്നും അപ്പുണ്ണി മൊഴി നല്‍കിയതായും സൂചനയുണ്ട്.

26 നമ്പരുകളാണ് പരിശോധന  വിധേയമാക്കിയത്. ഇതില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് നാല് നമ്പരുകള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. ഫോണ്‍കോളുകള്‍ കൂടാതെ വ്യക്തമായ മറ്റ് തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ 2013 മുതലുള്ള ദിലീപിന്റെ സിനിമകളും പരിശോധന വിധേയമാക്കും. ഈ സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നയിടങ്ങളില്‍ പള്‍സര്‍ സുനി എത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍