UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് അഞ്ച് ജില്ലകളിലായി 21.67 ഏക്കര്‍ സ്ഥലം; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചു

ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് 15 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശം വയ്ക്കാവുന്നത്

നടന്‍ ദിലീപിന് അഞ്ചു ജില്ലകളിലായി 21.67 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനമാണെന്നും ലാന്‍ഡ് ബോര്‍ഡ്. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും പേരിലാണ് അഞ്ചു ജില്ലകളിലായി ഭൂമിയുള്ളത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് 15 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശം വയ്ക്കാവുന്നത്. സംഭവത്തില്‍ റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകളോട് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി. വടക്കന്‍ പറവൂരില്‍ കരുമാലൂര്‍ പുറപ്പിള്ളിക്കാവില്‍ ദിലീപ് കയ്യേറിയതായി ആരോപണമുള്ള ഭൂമിയുടെ റീസര്‍വേയുടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ അളന്നു തിട്ടപ്പെടുത്തുകയാണ് ചെയ്തത്. പരിശോധന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം പറവൂര്‍ തഹസീല്‍ദാര്‍ക്ക് കൈമാറും. താലൂക്ക് സര്‍വേയറുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.

കരുമാലൂര്‍ വില്ലേജ് പരിധിയിലുള്ള കുന്നുകര കാരയ്ക്കാതുരുത്തിലാണ് ദിലീപിന്റെ പേരില്‍ രണ്ടേക്കര്‍ ഭൂമിയുള്ളത്. ഈ ഭൂമിയോട് ചേര്‍ന്ന് പെരിയാറിന്റെ തീരത്തുള്ള 30 സെന്റിലധികം വരുന്ന പുഴപ്പുറമ്പോക്ക് കയ്യേറിയെന്നാണ് ആരോപണം. ഈ ഭൂമിയില്‍ നിര്‍മ്മിച്ച മതിലിന്റെ ഒരുഭാഗം ഇന്നലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചു.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സ്ഥിതിചെയ്യുന്ന ഭൂമിയും റീസര്‍വേ ചെയ്തു. തിയറ്റര്‍ സമുച്ചയം സ്ഥിതിചെയ്യുന്നത് കയ്യേറ്റ ഭൂമിയിലാണോ എന്നറിയാനാണ് റീസര്‍വേ നടത്തിയത്. അതേസമയം കയ്യേറ്റമുണ്ടെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സര്‍വേ ഫലം രണ്ട് ദിവസത്തിനകം കലക്ടര്‍ക്ക് കൈമാറുമെന്നും കലക്ടര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍