UPDATES

സിനിമ

അങ്ങനെയാണ് മഹേഷിന്റെ പ്രതികാരം സംഭവിച്ചത്; ദിലീഷ് പോത്തന്‍-അഭിമുഖം

Avatar

ദിലീഷ് പോത്തന്‍/ അമൃത വിനോദ് ശിവറാം

സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ഒരു ചെറു ചിരിയായി മലയാളി മനസിലേക്കെത്തിയ നടനാണ് ദിലീഷ് പോത്തന്‍. ആ ചിരി തുടങ്ങിയത് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് അറിയാവുന്നവര്‍ ചുരുക്കം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാംഗ്‌സറ്റര്‍സ്റ്റര്‍ തുടങ്ങി അരഡസനിലധികം സിനിമകളില്‍ അഭിനേതാവും അസോസിയേറ്റ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച ശേഷം ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ തന്റെ  സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുകയാണ് ദിലീഷ് പോത്തന്‍.

കലാമണ്ഡലം രാജശ്രീയില്‍ മുതല്‍ നഴ്‌സ് സൗമ്യ വരെ

എന്താണ് മഹേഷിന്റെ പ്രതികാരം?

ഒരു നല്ല പ്രണയകഥയാണിത്. ചിലസമയത്ത് ത്രില്ലറിന്റെ സ്വഭാവം പ്രകടമാക്കുന്നുണ്ട്. എന്റര്‍ടെയിനിംഗ് ആയ സീക്വന്‍സുകളുടെ വലിയൊരു നിരതന്നെ ഇതിലുണ്ട്. പ്രണയവും പ്രതികാരവും ഹാസ്യവും നിറഞ്ഞ ചെറിയൊരു അവിയല്‍ക്കൂട്ടാണ് മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലെ അഭിനേതാക്കളില്‍ പ്രധാന നടീനടന്മാരൊഴിച്ച് മറ്റുള്ളവരെല്ലാം തന്നെ പുതുമുഖങ്ങളാണ്. ഇടുക്കി ജില്ലയിലെ സുന്ദരമായ ഗ്രാമപ്രദേശങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. ഇടുക്കിയിലെ ജനജീവിതം കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയും വ്യത്യസ്ഥമായ കഥാരീതികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇനി സിനിമ റിലീസായിട്ടു പ്രേക്ഷകര്‍ വിലയിരുത്തട്ടെ എന്നുമാത്രം പറയുന്നു.

എങ്ങനെയാണ് ഈ മഹേഷിന്റെ പ്രതികാരം സംഭവിച്ചത്?
ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ഞാനും തിരക്കഥാകൃത്ത് ശ്യാമും (ശ്യം പുഷ്‌കര്‍) വെറുതെ സംസാരിച്ചിരിക്കുന്നതിനിടയില്‍ ശ്യാമിന്റെ നാട്ടില്‍ നടന്നൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. അതെനിക്ക് വളരെ രസകരമായി തോന്നി. അതില്‍ നിന്നാണ് ഈ സിനിമ രൂപപ്പെട്ടത്. എന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ പലപ്പോഴായി നടന്ന സംഭവങ്ങളെക്കൂടി അതിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ സിനിമക്ക് പൂര്‍ണ്ണ രൂപം വന്നു.

എങ്ങനെയാണ് സിനിമയില്‍ എത്തപ്പെട്ടത്?
ചെറുപ്പത്തിലേ സിനിമയോട് വലിയ ഇഷ്ടമുണ്ടായിരുന്നു. ധാരാളം സിനിമകളും കാണാറുണ്ടായിരുന്നു. കോട്ടയത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എനിക്ക് സിനിമയിലെത്തപ്പെടുമെന്ന ചിന്തയേ ഇല്ലായിരുന്നു. എംസിഎ കഴിഞ്ഞ് കാലടിയില്‍ എംഎ തിയറ്റര്‍ ആര്‍ട്‌സും, എംഫില്ലും ചെയ്തു. അതിനിനടയില്‍ സിനിമയില്‍ ചില സുഹൃത്തുക്കളൊക്കെ ഉണ്ടായി. രചയിതാക്കളായ ശ്യാം പുഷ്‌കറും ദിലീഷ് നായരും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സമയത്താണ് ആഷിഖ് അബു സോള്‍ട്ട് ആന്റ് പെപ്പര്‍ എടുക്കുന്നതും ശ്യാമും ദിലീഷുമാണ് സ്‌ക്രിപ്റ്റ് ചെയ്യുന്നത്. അവര്‍ വഴിയാണ് അഭിനയിക്കാനുള്ള അവസരം വന്നത്. ആഷിഖ് അബുവുമായുള്ള പരിചയവും സൗഹൃദവും തുടങ്ങിയത് അവിടെ നിന്നാണ്.

ആ പരിചയം വലിയൊരു കംഫര്‍ട്ട് സോണായിരുന്നു?
അതെ, അങ്ങനെ പറയാം. കാരണം സോള്‍ട്ട് ആന്റ് പെപ്പറിന് ശേഷമെടുത്ത അവരുടെ മിക്ക പടങ്ങളിലും ഭാഗമാകാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ എന്നെപ്പറ്റിയും എന്റെ വര്‍ക്കിങ് സ്റ്റൈലിനെപ്പറ്റിയും നന്നായി ആഷിഖിനറിയാം. ഒരാളെ വിശ്വസിച്ച് സിനിമ ചെയ്യാന്‍ ഏല്‍പ്പിക്കുക എന്നത് വലിയൊരു കാര്യമാണ്. അതുകൊണ്ടാണ് നടനോ സംവിധായകനോ ആകുമെന്ന പ്രതീക്ഷ തെല്ലും ഇല്ലാതിരുന്നിട്ടും ഞാന്‍ ആ കുപ്പായങ്ങളണിയാന്‍ വിധിക്കപ്പെട്ടവനായത്. അത് ഈ സുഹൃദ് ബന്ധത്തിന്റെ ബലത്തില്‍ തന്നെയാണ്. പിന്നെ ആദ്യ സംവിധാന ചിത്രത്തില്‍ വളരെ കംഫര്‍ട്ടബിളായ ഒരു ക്രൂവിനൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ സാധിച്ചു. അത് പ്രൊഡ്യൂസറായാലും നടീനടന്‍മാരായാലും, മറ്റ് ടെകനീഷ്യന്‍ മാരായാലും എല്ലാം ഒത്തുവന്നു. അത് എന്നെ സംബന്ധിച്ച് ഭാഗ്യം തന്നെയാണ്.

ഫഹദുമായി വര്‍ക്ക് ചെയ്തതിനെപ്പറ്റി?
ഒരു സിനിമയുടെ ആദ്യ ഇഫക്ടിങ് ടൂള്‍ ആക്ടറാണ്. കാണികളുമായി സംവദിക്കുന്നത് എപ്പോഴും അഭിനേതാക്കളാണ്. ആ സംവാദനത്തിന് പറ്റിയ ഏറ്റവും നല്ല ടൂളാണ് ഫഹദ്. എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും മടിയില്ലാത്ത, കൂടെ വര്‍ക്ക് ചെയ്യാന്‍ ഏറ്റവും കംഫര്‍ട്ടബിളായ പുതുതലമുറയിലെ നടന്മാരുടെ പ്രതീകമാണ് ഫഹദ്. അദ്ദേഹത്തെപ്പോലുള്ള നടന്മാര്‍ മലയാള സിനിമയുടെ ഭാഗ്യമാണ്. അതുപോലുള്ള നടന്മാര്‍ ഇനിയും ധാരാളമുണ്ടാകട്ടെയെന്ന്  ഞാന്‍ ആഗ്രഹിക്കുന്നു.

മണ്‍സൂണ്‍ മാംഗോസ്; തറ വളിപ്പുകള്‍ക്കിടയില്‍ ശുദ്ധമായ ചിരി

സംവിധാനം, അഭിനയം; ഇതിലേതാണ് ആസ്വദിക്കുന്നത്?

അഭിനയിക്കുന്നതിനേക്കാള്‍ അഭിനയിപ്പിക്കുന്നതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നത്. എന്നിരുന്നാലും തേടിവന്ന അഭിനയ അവസരങ്ങള്‍ മിക്കതും ഏറ്റെടുത്തിട്ടുണ്ട്. അഭിനയച്ച് ആള്‍ക്കാരെ മുഴുവന്‍ അത്ഭുതപ്പെടുത്താനുള്ള ആളാണ് ഞാനെന്ന് ഇതുവരെ തോന്നിയിട്ടില്ല. കിട്ടിയ വേഷങ്ങള്‍ നന്നാക്കാന്‍ നോക്കി, അത്രമാത്രം. പല സംവിധായകന്മാരുടെയും കൂടെ അഭിനയിക്കുമ്പോള്‍ അവരെങ്ങനെയാണ് എല്ലാം കൈകാര്യം ചെയ്യുന്നതെന്ന് നോക്കിക്കാണുവാന്‍ സാധിച്ചിട്ടുണ്ട്. അത് സിനിമ സംവിധാനം ചെയ്തപ്പോള്‍ സഹായിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍