UPDATES

വിദേശം

ബ്രസീലിന്റെ പുത്രിയായി ദില്‍മ റൂസഫ് വീണ്ടും

Avatar

ഡോം ഫിലിപ്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും തീക്ഷണമായ പ്രചാരണങ്ങള്‍ക്കൊടുവില്‍, രണ്ടാം ഘട്ടത്തില്‍ നടന്ന നേരിട്ടുള്ള പോരാട്ടത്തിലൂടെ ബ്രസീലിയന്‍ പ്രസിഡന്റായി ദില്‍മ റൂസഫ് തലനാരിഴയുടെ വ്യത്യാസത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 

2003 മുതല്‍ ബ്രസീലിനെ നയിക്കുന്ന റൂസഫിന്റെ ഇടപതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് 51.6 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ബ്രസീലിയന്‍ സോഷ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മധ്യ-വലതു സ്ഥാനാര്‍ത്ഥിയായ ഏസ്യോ നെവെസ് 48.4 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി.

ഫലങ്ങള്‍ പുറത്ത് വന്നതോടെ മധ്യ റിയോയില്‍ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുകയും പടക്കങ്ങള്‍ പൊട്ടിവിടരുകയും ചെയ്തു. ഞയാറാഴ്ച ഏറ്റവും പ്രധാന ചര്‍ച്ചാ വിഷയം തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. ഇരു പാര്‍ട്ടികളും നഗരത്തിലെ തെരുവോരങ്ങളില്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിരുന്നു. വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കാര്‍ ചുവപ്പ് കൊടികളുമേന്തി ആഹ്ലാദപ്രകടനം നടത്തി.

അതിന്റെ സാമൂഹിക നയങ്ങളില്‍ ഊന്നിയാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രചാരണം നടത്തിയത്. തകര്‍ന്നു കൊണ്ടിരിക്കുന്ന ബ്രസീലിയന്‍ സാമ്പത്തിക രംഗത്തെ പ്രചാരണരംഗത്ത് നിന്നും ബോധപൂര്‍വം അകറ്റി നിറുത്തിയ അവര്‍ 2003ന് രാജ്യത്തിന്റെ ദാരിദ്ര്യം 55 ശതമാനം കണ്ട് കുറയ്ക്കാന്‍ സഹായിച്ച സാമൂഹിക പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി.

തുടര്‍ച്ചയ്ക്ക് വേണ്ടി സമ്മതിദാനം രേഖപ്പെടുത്തിയ ദശലക്ഷക്കണക്കിന് വോട്ടര്‍മാരില്‍ ഒരാളാണ് തൊഴില്‍രഹിതനായ അലന്‍ മൊറേനോ എന്ന 22കാരന്‍. മധ്യ റിയോയിലെ ഗ്ലോറിയയിലെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്തിറ ങ്ങുമ്പോള്‍ അയാള്‍ ടീ-ഷര്‍ട്ടില്‍ ‘ദില്‍മ’ സ്റ്റിക്കര്‍ പതിച്ചിരുന്നു. റൂസഫിനാണ് അയാള്‍ വോട്ട് ചെയ്തത്. ‘തീര്‍ച്ചയായും, കാരണം ഞാന്‍ ദരിദ്രനാണ്,’ അയാള്‍ പറഞ്ഞു. ‘അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്തു,’ അയാള്‍ കൂട്ടിച്ചേര്‍ത്തു.

ജനാഭിപ്രായം കുത്തനെ മാറിമറിഞ്ഞുകൊണ്ടിരുന്ന കടുത്തതും നാടകീയവുമായ പ്രചാരണങ്ങള്‍ക്ക് ഒടുവിലാണ് റൂസഫ് അധികാരത്തില്‍ തിരികെ എത്തുന്നത്. അവര്‍ എളുപ്പത്തില്‍ വിജയപദത്തില്‍ എത്തുമെന്നാണ് തുടക്കത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ വിലയിരുത്തല്‍ ആഗസ്റ്റ് പതിമൂന്നിന് മാറിമറിഞ്ഞു. അതുവരെ ഒമ്പത് ശതമാനം വോട്ടോടുകൂടി മൂന്നാം സ്ഥാനത്തായിരുന്ന എഡ്വാര്‍ഡോ കാമ്പോസ് എന്ന സ്ഥാനാര്‍ത്ഥി വിമാനപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണിത്. 2010 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന മുന്‍ പരിസ്ഥിതി മന്ത്രി മറീന സില്‍വ തിരഞ്ഞെടുപ്പ് പോരാട്ട രംഗത്തേക്ക് പ്രവേശിക്കുകയും അഭിപ്രായ വോട്ടെടുപ്പുകളില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

തങ്ങളുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ സില്‍വയെ ലക്ഷ്യമിട്ട വര്‍ക്കേഴ്‌സ് പാര്‍ട്ടി, സ്വതന്ത്ര കേന്ദ്ര ബാങ്ക് എന്ന അവരുടെ നിര്‍ദ്ദേശം ബ്രസീലിനെ സമ്പന്ന ബാങ്കുകള്‍ക്ക് അടിയറ വയ്ക്കുമെന്നും ദരിദ്ര കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുമെന്നും കാണിക്കുന്ന ഒരു പരസ്യം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു.

‘മറീന ഒരു യഥാര്‍ത്ഥ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ വര്‍ക്കേഴ്‌സ് പാര്‍ട്ടി അവര്‍ക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ടു,’ റിയോയിലെ ഫെഡറല്‍ സര്‍വകലാശാലയിലെ രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞനായ ജെയ്‌റോ നിക്കോളോവ് ചൂണ്ടിക്കാട്ടുന്നു

ഒക്ടോബര്‍ അഞ്ചിന് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ തന്നെ സില്‍വ തിരഞ്ഞെടുപ്പ് രംഗത്തു നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി നെവസിനെ ലക്ഷ്യമിട്ടു. വളരെ പെട്ടെന്നു തന്നെ ബ്രസീലുകാര്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ധ്രൂവികരിക്കപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ആശയ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സുഹൃത്തുക്കളും എന്തിന് കുടുംബാംഗങ്ങളും വരെ തങ്ങളുടെ ചായ്വുകള്‍ക്ക് മേല്‍ നിലയുറപ്പിയ്ക്കുകയും ഒരാള്‍ മറ്റൊരാളെ ഫേസ്ബുക്കിലും മറ്റും അണ്‍ഫ്രണ്ട് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ വികസിക്കുകയും ചെയ്തു. സംവാദങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം അധിക്ഷേപങ്ങള്‍ വര്‍ഷിച്ചു. ചപലയും നുണപറയുന്ന ആളുമാണ് റൂസഫെന്ന് നെവെസ് ആരോപിച്ചു; സ്വജനപക്ഷാപാതിയാണ് നെവെസെന്ന് റൂസഫ് തിരിച്ചടിച്ചു.

‘ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ലാത്ത അത്ര ഹിംസാത്മകമായ ഒരു തലത്തിലേക്ക് കാര്യങ്ങള്‍ വികസിച്ചു,’ നിക്കോളോവ് പറയുന്നു.

റൂസഫിന് മുമ്പ് എട്ട് വര്‍ഷം ബ്രസീല്‍ പ്രസിഡന്റായിരുന്ന ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വയുടെ പൊതുജന പിന്തുണ റൂസഫിന്റെ തലനാരിഴ വിജയത്തില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിരിക്കുന്നത്. റൂസഫ് ജയിച്ച 2010ലെ തിരഞ്ഞെടുപ്പിലേതിന് സമാനമായി, ഇക്കുറിയും പ്രചാരണങ്ങളില്‍ ലുലയുടെ സാന്നിധ്യം ശക്തമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള പോസ്റ്ററുകള്‍ ബ്രസീലില്‍ നിറഞ്ഞുനിന്നു.

50 മില്യണ്‍ ബ്രസീലുകാര്‍ ഗുണഭോക്താക്കളാകുന്ന കുടുംബ അലവന്‍സ് വരുമാന പിന്തുണ പദ്ധതി പോലെയുള്ള പരിപാടികള്‍ക്ക് തന്റെ എതിരാളികള്‍ അന്ത്യം കുറിയ്ക്കുമെന്ന ദില്‍മയുടെ അവകാശവാദങ്ങള്‍ വിശ്വസിച്ച താഴ്ന്ന വരുമാനക്കാരുടെ ശക്തമായ പിന്തുണ റൂസഫിനുണ്ടായിരുന്നു. ‘ഈ ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അവര്‍ ഒരിക്കലും ഒരു പരിധിയില്‍ കൂടുതല്‍ പിന്നോട്ട് പോയില്ല,’ റിയോ ഡി ജനേറോവിലെ പോണ്ടിഫിക്കല്‍ കാത്തലിക് സര്‍വകലാശാലയിലെ രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞന്‍ റിക്കാര്‍ഡോ ഇസ്‌മേല്‍ ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷ യൂണിയനുകളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പിന്തുണയിലും റൂസഫ് വിശ്വാസം അര്‍പ്പിച്ചു. അന്തിമ പോരാട്ടത്തിനുള്ള പ്രചാരണം മുറുകിയതോടെ എത് ഭാഗത്ത് നില്‍ക്കുന്ന എന്ന ഒറ്റ ചോദ്യത്തിലേക്ക് തിരഞ്ഞെടുപ്പ് ചുരുങ്ങി. അത് സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല മറിച്ച് അടിസ്ഥാന പ്രമാണങ്ങള്‍ എന്ന് ബ്രസീലുകാര്‍ വിചാരിക്കുന്ന മറ്റു ചില കാരണങ്ങള്‍ കൊണ്ടുകൂടിയായിരുന്നു. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ അത് സാമൂഹിക നീതി vs നവലിബറല്‍ സാമ്പത്തിക ശാസ്ത്രം എന്ന നിലയിലേക്ക് ലളിതവല്‍ക്കരിക്കപ്പെട്ടു. കുടുംബ അലവന്‍സുകള്‍ നിലനിറുത്തുമെന്ന് നെവെസ് വാഗ്ദാനം നല്‍കിയെങ്കിലും വ്യാപാര സൗഹാര്‍ദപരമാണ് ആ വാഗ്ദാനമെന്ന് റൂസഫിന്റെ പാര്‍ട്ടി തിരിച്ചടിച്ചു.

പരമ്പരാഗതമായി ബ്രസീല്‍ ഭരിച്ചിരുന്ന സമ്പന്നരുടേയും വെള്ളക്കാരുടെയും വിശേഷാധികാരമുള്ള ഉന്നതരുടെയും സ്ഥാനാര്‍ത്ഥിയായി നെവെസിനെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ചിത്രീകരിച്ചു. ‘വെള്ളക്കാര്‍ക്കെതിരെ കറുത്തവര്‍, സമ്പന്നര്‍ക്കെതിരെ ദരിദ്രര്‍ എന്നതായിരുന്നു പ്രചാരണത്തിന്റെ പ്രമേയം. വര്‍ക്കേഴ്‌സ് പാര്‍ട്ടി വികസിപ്പിച്ചെടുത്തതാണ് ഈ ആഖ്യാനം,’ നിക്കോളോവ് പറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഉരുക്ക് വനിതയുടെ ഉറപ്പില്ലാത്ത ബ്രിട്ടണ്‍
ബുഷ് : ചില വന്‍വിനകള്‍
ബര്‍മയുടെ ഉടഞ്ഞ വിഗ്രഹം
ഇറാന്‍ ജനാധിപത്യം ഒരടി മുന്നോട്ട്
ടര്‍ക്കിയുടെ വലിയ വികസന ചിന്തയുടെ ഇരുണ്ട വശങ്ങള്‍

ബാഹിയ സംസ്ഥാനത്തിലെ എന്‍ഡ്രെ റിയോസിലെ സിഡാഡെ നോവ ഫവേലയിലെ തൊഴില്‍രഹിത മാതാവായ 23 കാരി ഗുസേലിയ ഡോസ് സാന്റോസ് ഈ അഭിപ്രായത്തെ അനുകൂലിക്കുന്നു. ‘അയാള്‍ ലാളിച്ച് വഷളാക്കപ്പെട്ട ഒരു സമ്പന്നനാണ്.’ നെവെസിനെ അവര്‍ വിലയിരുത്തുന്നു.

ബ്രസീലിന്റെ ഏകാധിപത്യാനന്തര കാലഘട്ടത്തിലെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടാന്‍ക്രെഡോ നെവെസിന്റെ കൊച്ചുമകനും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു നെവെസ്. എന്നാല്‍ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് മുമ്പ് മരണമടഞ്ഞു. യുവാവായ നെവെസ് രണ്ട് തവണ മിനാസ് ജെറെയ്‌സ് സംസ്ഥാനത്തിന്റെ ഗവര്‍ണറായി സേവനം അനുഷ്ടിച്ചു. 92 ശതമാനവും അംഗീകാരം വോട്ടുകള്‍ നേടിക്കൊണ്ടാണ് 2010ല്‍ അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ബ്രസീലുകാരുടെ മനസില്‍ അദ്ദേഹത്തിനുള്ള ‘കളിപ്പിള്ള’ പ്രതിഛായയെ അതിജീവിയ്ക്കുന്നതിന് അദ്ദേഹം വല്ലാതെ കഷ്ടപ്പെടേണ്ടി വന്നു- മുന്‍ മോഡലായ ലെറ്റിഷ്യ വെബര്‍ ആണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ; മുന്‍ മിസ് ബ്രസീല്‍ ആയിരുന്ന നതാലിയ ഗുമേറിയസുമായി അദ്ദേഹം ഡേറ്റിംഗ് നടത്തിയിരുന്നു; കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാനും നിഷേധിക്കാനും അദ്ദേഹം നിര്‍ബന്ധിതനായിരുന്നു.

ഈ പ്രതിഛായ അരക്കിട്ടുറപ്പിയ്ക്കുന്നതില്‍ അദ്ദേഹത്തിന്റെ അനുയായികളുടെ പ്രകടനങ്ങളും ചില്ലറയല്ലാത്ത സഹായങ്ങള്‍ ചെയ്തു. കഴിഞ്ഞയാഴ്ച സാവോ പോളോയില്‍ നടന്ന അദ്ദേഹത്തിന്റെ അനുയായികളുടെ പ്രകടനത്തില്‍, തെരുവുകളില്‍ പട്രോളിംഗ് നടത്തുന്ന ബ്രസീല്‍ മിലിറ്ററി പോലീസിനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഏറ്റവും വലിയ അഴിമതിക്കാരും അക്രമാസക്തരും സൈനീക ഏകാധിപത്യത്തിന്റെ ബാക്കിപത്രവുമായി മിലിട്ടറി പോലീസിനെ കാണുന്ന ഭൂരിപക്ഷം ബ്രസീലുകാര്‍ക്കിടയില്‍ നെവെസിന് എന്തെങ്കിലും പ്രീതി ജനിപ്പിക്കാനുള്ള സാധ്യതയ്ക്ക് ഇത് കനത്ത തിരിച്ചടിയായി.

ഇതിന് കടക വിരുദ്ധമായി ബ്രീസിലിലെ സൈനീക ഏകാധിപത്യത്തിനെതിരെ ഇടതുപക്ഷ സായുധ ചെറുത്ത് നില്‍പ്പില്‍ അംഗമായിരുന്ന റൂസഫിന്റെ മുന്‍കാല ചരിത്രം ഉയര്‍ത്തിക്കാട്ടുന്നതില്‍ അവരുടെ പ്രചാരകര്‍ കൃത്യമായി വിജയിക്കുകയും ചെയ്തു. കട്ടിയുള്ള കണ്ണട ധരിച്ചു നില്‍ക്കുന്ന അവരുടെ ഒരു പൂര്‍വകാല ചിത്രത്തിന്റെ അടിക്കുറിപ്പ് ‘ധീര ഹൃദയ’  എന്നായിരുന്നു.

ബള്‍ഗേറിയയില്‍ നിന്നും കുടിയേറിയ പിതാവിന്റെയും ബ്രസീലുകാരിയായ അദ്ധ്യാപികയുടേയും പുത്രിയായി 1947 ല്‍ ബെല്‍ ഹൊറിസോണ്ടയില്‍ പിറന്ന റൂസഫ് വളരെ ചെറുപ്പത്തിലെ തന്നെ രാഷ്ട്രീയത്തില്‍ ആകൃഷ്ടയായി. സൈനീക സ്വേച്ഛാധിപത്യത്തിനെതിരെ സായുധ പ്രതിരോധത്തില്‍ അണിചേര്‍ന്ന അവര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ക്രൂരമായി പീഡിപ്പിയ്ക്കപ്പെടുകയും ചെയ്തു.

1993 ല്‍ റിയോ ഗ്രനഡെ ഡോ സുളിലെ ഖനികള്‍, ഊര്‍ജ്ജം, വാര്‍ത്താവിതരണം എന്നിവയുടെ ആദ്യ സ്‌റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ 2005 വരെ ലുല സര്‍ക്കാരില്‍ ഖനി, ഊര്‍ജ്ജ മന്ത്രിയായ അവര്‍ പിന്നീട് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി.

എന്നാല്‍ അവരുടെ ഭരണകാലത്ത് ബ്രസീല്‍ സാമ്പത്തികരംഗം പ്രതീക്ഷിച്ചത്ര വളര്‍ച്ച കൈവരിക്കാതിരുന്നതോടെ യഥാര്‍ത്ഥ്യബോധമുള്ള സാങ്കേതികവിദഗ്ധ എന്ന അവരുടെ പ്രതിഛായയ്ക്ക് ഇളക്കം തട്ടി; രണ്ട് ത്രൈമാസങ്ങളിലെ ലഘു സങ്കോചങ്ങള്‍ക്ക് ശേഷം സാമ്പത്തിക രംഗം ‘സാങ്കേതിക മാന്ദ്യ’ ത്തിലേക്ക് പ്രവേശിച്ചു. മാത്രമല്ല സര്‍ക്കാര്‍ ലക്ഷ്യമിട്ട 6.5 ശതമാനത്തിനപ്പുറത്തേക്ക് പണപ്പെരുപ്പം വളരുകയും ചെയ്തു.

ഇതിന്റെ ഫലമായി വളര്‍ന്നു വരുന്ന മധ്യവര്‍ഗങ്ങള്‍ക്കിടിയിലെ സ്വയം തൊഴില്‍ കണ്ടെത്തിയ വോട്ടര്‍മാര്‍ക്കിടയിലും വ്യാവസായിക, ധനകാര്യ, കാര്‍ഷിക, വാണിജ്യ മേഖലകളിലും റൂസഫിനുള്ള പിന്തുണയില്‍ ഇടിച്ചില്‍ സംഭവിച്ചതായി ഇസ്‌മേല്‍ ചൂണ്ടിക്കാട്ടുന്നു. ‘തന്റെ രണ്ടാം ഭരണകാലത്ത് കൂടുതല്‍ വളര്‍ച്ച പ്രദാനം ചെയ്യാന്‍ ദില്‍മയ്ക്ക് സാധിക്കും എന്ന വിശ്വാസത്തില്‍ വലിയ ഇടിച്ചില്‍ സംഭവിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനിയായ പെട്രോബ്രാസ് വര്‍ക്കേഴ്‌സ് പാര്‍ട്ടി പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളുമായി ബന്ധപ്പെട്ടു വരുത്തിയ അധിക ചിലവുകളുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണത്തില്‍ റൂസഫിനെ കുടുക്കാന്‍ നെവെസ് ശ്രമം നടത്തിയിരുന്നു. ‘അത് അസംബന്ധമാണ്,’ ഞായറാഴ്ച റിയോയില്‍ നെവെസിന് വോട്ട് ചെയ്ത ശേഷം വിരമിച്ച ഉദ്യോഗസ്ഥയായ ഹാലീന പെര്‍സെര്‍ക്ക എന്ന 62 കാരി പറഞ്ഞു. എന്നാല്‍ റൂസഫിനും ലുലയ്ക്കും പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നു എന്ന് സര്‍ക്കാര്‍ വിരുദ്ധ വാരികയായ വേജ, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സാധാരണ വാരിക പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുന്നേ ഇത്തവണ ന്യൂസ് സ്റ്റാന്‍ഡില്‍ വാരിക എത്തുകയും റിയോയിലും മറ്റും ഞായറാഴ്ചയോടെ വിറ്റുതീരുകയും ചെയ്തു. ‘രണ്ട് തവണ കൂടി എനിക്ക് കൂടുതല്‍ പ്രതികള്‍ ആവശ്യപ്പെടേണ്ടി വന്നു,’ റിയോയില്‍ ന്യൂസ് സ്റ്റാന്‍ഡ് നടത്തുന്ന അല്‍മിര്‍ ടവോറ എന്ന 56 കാരന്‍ വ്യക്തമാക്കി.

എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നെവെസിനെ അധികാരത്തിലെത്തിക്കാന്‍ മാത്രം ശക്തമായിരുന്നില്ല. പക്ഷെ വിജയിക്കുന്നതിനായി താന്‍ വിഭജിച്ച രാജ്യത്തെ ഇനി ഒരുമിപ്പിയ്ക്കുക എന്ന വലിയ ബാധ്യത റൂസഫിന് മുന്നിലുണ്ട്.

‘ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ വിഭജിച്ചതായി എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ വിശ്വസിക്കുന്നില്ല,’ വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ‘ചില സമയങ്ങളില്‍ വിരുദ്ധങ്ങളായേക്കാവുന്ന ആശയങ്ങളും വികാരങ്ങളും അവര്‍ വളര്‍ത്തിയെടുത്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’

ലുലയ്ക്ക് നന്ദി പറഞ്ഞ റൂസഫ്, സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും സഹായകമാകുന്ന തരത്തിലുള്ള രാഷ്ട്രീയ പരിഷ്‌കരണങ്ങളും ചര്‍ച്ചകളും ആരംഭിയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു.

‘ബ്രസീല്‍, നിങ്ങളുടെ ഈ പുത്രി പോരാട്ടത്തില്‍ നിന്നും പിന്‍മാറില്ല,’ അവര്‍ ഉപസംഹരിച്ചു. ‘ബ്രസീല്‍ നീണാള്‍ വാഴട്ടെ!’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍