UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹോമിയോപതിക്കു മുന്നില്‍ പകച്ചു ഡിങ്കന്‍; ഡിങ്കമതം പിളര്‍ന്നു

അഴിമുഖം പ്രതിനിധി

വ്യവസ്ഥാപിത മതങ്ങളെ പരിഹസിച്ചു ഡിങ്കന്റെ പേരിലുണ്ടാക്കിയ ഡിങ്കമതത്തിന്റെ അനുയായികള്‍ ഹോമിയോപതിയുടെ പേരില്‍ രണ്ടു തട്ടില്‍. ഹോമിയോ പതിയെ അനുകൂലിച്ചു എന്ന കുറ്റത്തിന് മൂഷിക സേനയില്‍ നിന്നും രാകേഷ് ഉഷ രഘുനാഥിനെ പുറത്താക്കി. ഡിങ്ക മതത്തിന്റെ പൊതു അഭിപ്രായം എന്നു തോന്നിക്കുന്ന തരത്തില്‍ ഹോമിയോപതിയെ സപ്പോര്‍ട്ട് ചെയ്തു രാകേഷ് നടത്തിയ പ്രചാരണത്തില്‍ മൂഷിക സേന വാട്‌സ് ആപ് ഗ്രൂപ്പില്‍ വിശദീകരണം ചോദിച്ചിരുന്നു. മാപ്പു പറയാതെ വീണ്ടും ഹോമിയോ അനുകൂല നിലപാടുമായി രാകേഷ് മുന്നോട്ടു പോയത് മറ്റു ഡിങ്കോയിസ്റ്റുകളില്‍ കടുത്ത എതിര്‍പ്പുണ്ടാക്കി.

ഡിങ്കോയിസം (മാ) എന്ന പേരില്‍ പുതിയ മതം സൃഷ്ട്ടിക്കുകയാണെന്നു രാകേഷ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. മാനവികത എന്ന വാക്കിന്റെ ചുരുക്കമായിട്ടാണ് ഡിങ്കോയിസം (മാ) നിലവില്‍ വരുന്നത്. വാര്‍ത്താ ചാനലുകളിലും ചര്‍ച്ചകളിലും ഡിങ്കമതത്തെ പ്രതിനിധീകരിച്ചു സംസാരിക്കുന്ന ആളാണ് രാകേഷ് . എല്ലാ കാര്യങ്ങളെയും തമാശയാക്കി പരിഹസിക്കുന്ന ഡിങ്ക മതക്കാര്‍ക്കിടയിലെ പിളര്‍പ്പ് മറ്റൊരു തമാശയായിട്ടാണ് സോഷ്യല്‍ മീഡിയ കാണുന്നത്. അക്ഷയ ത്രിതീയയിലെ സ്വര്‍ണ ഭ്രമത്തെ പരിഹസിച്ചു അക്ഷയ ജട്ടീയ എന്ന പേരില്‍ ഡിങ്കമതക്കാര്‍ ജട്ടി വിതരണം നടത്തിയിരുന്നു. ഡിങ്കമതം പിളര്‍ന്നതോടെ ഡിങ്കന്‍ രണ്ടു നിറത്തിലെ ജട്ടി ഇടേണ്ടി വരുമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഭാവനാ സമ്പന്നര്‍ ചോദിക്കുന്നത് .

മൂഷിക സേനയില്‍ നിന്നു മാത്രമാണ് പുറത്താക്കിയത് , ഡിങ്കോയിസത്തില്‍ നിന്നു പുറത്താക്കിയില്ലെന്ന വാദത്തെ രാകേഷ് തന്നെ തള്ളിക്കളഞ്ഞു. “ഡിങ്കോയിസം എന്ന പേര് അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്നാണല്ലോ, എന്നാല്‍ ഡിങ്കോയിസത്തില്‍ നിന്നും പുറത്താവുകയും അസാധ്യമാണ്, അപ്പോള്‍ അതിന്റെ കൂടെ ബ്രാക്കറ്റില്‍ ഒരു അക്ഷരം കൂടി എഴുതിയാല്‍ മതി,മുഴുവന്‍ സ്വഭാവവും മാറും എന്നാണു കേരളാ കോണ്‍ഗ്രസ് എന്നെ പഠിപ്പിച്ചത്’ രാകേഷ് എഴുതുന്നു. ഹോമിയോപതിയുടെ പേരില്‍ പിളരുന്ന ആദ്യ മതം എന്ന പേര് കൂടി ഡിങ്കമതത്തിനു ഇതോടെ കിട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍