UPDATES

ഡിഫ്തീരിയ മരണം; വെല്ലുവിളിക്കപ്പെടുന്ന കേരള മാതൃക

Avatar

രാംദാസ് എം കെ 

രോഗ പ്രതിരോധ മരുന്നുകളുടെ വിശ്വാസ്യതയില്‍ സംശയമുയര്‍ത്തുകയാണ് മലപ്പുറത്തെ ഡിഫ്ത്തീരിയ മരണം. ഭൂമുഖത്ത് നിന്ന് ഉല്‍മൂലനം ചെയ്യപ്പെട്ടുവെന്ന് വൈദ്യശാസ്ത്രം അവകാശപ്പെട്ട ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിലെ ഒന്‍പതുകാരന്റെ മരണം സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്.

വെട്ടത്തൂര്‍ യത്തീംഖാനയിലെ അന്തേവാസിയായിരുന്ന ഈ കുട്ടിക്കൊപ്പം മറ്റൊരു കുട്ടിക്കും ഡിഫ്ത്തീരിയ ബാധിച്ചിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രതിരോധ മരുന്നുകള്‍ യഥാസമയം സ്വീകരിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം. പ്രതിരോധ മരുന്നുകള്‍ സ്വമേധയാ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ച അംഗീകരിക്കുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ കൈക്കൊണ്ട നിലപാടും ചര്‍ച്ചയ്ക്ക് വിധേയമാകുകയാണ്. ഡിഫ്ത്തീരിയ അഥവാ തൊണ്ടമുള്‍ രോഗം മനുഷ്യരുടെ കൂട്ടമരണത്തിന് തന്നെ ഹേതുവാകാമെന്ന ഭീതി നിലനില്‍ക്കുമ്പോഴും അതീവ പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.

2013ല്‍ സമാന ലക്ഷണങ്ങളോടെ മലപ്പുറത്ത് മരണം സംഭവിച്ചിട്ടുണ്ട്. മുതുവല്ലൂരിലെ മരണത്തിനുശേഷം ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.  47638 കുട്ടികള്‍ മലപ്പുറത്ത് മാത്രം പ്രതിരോധ മരുന്നുകള്‍ ലഭിക്കാത്തവരായുണ്ട്. 6632 കുട്ടികള്‍ക്ക് ജീവിതത്തില്‍ ഇന്നുവരെ പ്രതിരോധ കുത്തിവെയ്പ്പുകളോ മരുന്നുകളോ ലഭിച്ചിട്ടില്ല. 41000 കുട്ടികള്‍ക്ക് ഭാഗീകമായി മാത്രമേ പ്രതിരോധ മരുന്നുകള്‍ കിട്ടിയിട്ടുള്ളൂ. 7നും 16നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചുവെന്ന വിവരം ശേഖരിക്കുന്നതേയുള്ളൂ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിനായി വിദ്യാഭ്യാസവകുപ്പിന്റെ സഹായം ചോദിച്ചിരിക്കുകയാണ്.

ജനകീയ സഹകരണത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി സമുദായ നേതാക്കളുടെ സഹകരണമാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനുള്ള പ്രധാന കാരണം ചില സാമുദായിക നേതാക്കളുടെ ഇടപെടലാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഷണ്ഡത്വത്തിന് കാരണമാകുമെന്ന പ്രചാരണവും വരെയും ഉണ്ടായി. ഇത്തരം അബദ്ധ ധാരണകള്‍ മറികടക്കുന്നതില്‍ ആരോഗ്യവകുപ്പിന് ഇവിടെ വീഴ്ചപറ്റി. പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കെതിരെ നടന്ന പ്രചാരണത്തെ അതിജീവിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമമൊന്നും ഉണ്ടായില്ല. ഇതിന്റെയെല്ലാം വിലകൂടിയാണ് ഇപ്പോഴത്തെ മരണം.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മരുന്നുകളുടെ ഫലത്തെ സംബന്ധിച്ച് ലോകത്താകെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് കേരളത്തില്‍ സജീവമാണ്. പോളിയോ തുള്ളിമരുന്നുകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ ചെറുക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. നിര്‍ബന്ധിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പിനെതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്.

വയനാട് പോലുള്ള ആദിവാസി മേഖലകളില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടാണ് കണക്കുകളിലെ ശതമാനവര്‍ദ്ധനവിന് കാരണമെന്ന വിമര്‍ശനവും ഉണ്ട്. അപൂര്‍വ്വ രോഗമായ തലച്ചോറിനെ ബാധിക്കുന്ന മെലഞ്ചറ്റീസീനെതിരെയുള്ള പെന്റാവാലന്റ് വാക്‌സിന്‍ കേരളത്തില്‍ നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദില്ലിയിലും ബംഗാളിലും മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ മെലഞ്ചൈറ്റിസ് രോഗത്തിനെതിരെ എന്തിനാണ് കേരളത്തില്‍ കുത്തിവെയ്പ് എന്ന ചോദ്യം ഉയര്‍ന്നു. പ്രതിരോധ വാക്‌സിന്‍ അനുകൂല സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ കുട്ടികളെ പരീക്ഷണ വസ്തു ആക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ ഡിഫ്ത്തീരിയ മരണവും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും സംസ്ഥാനത്തിന്റെ ആരോഗ്യ മാതൃകയ്‌ക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍