UPDATES

ഡിഫ്തീരിയ മരണത്തിന്‍റെ പേരില്‍ മലപ്പുറത്ത് മെഡിക്കല്‍ അടിയന്തരാവസ്ഥയോ?

Avatar

ഡോ. ഹരി പി ജി

(മലപ്പുറത്തെ ഡിഫ്തീരിയ മരണവുമായും വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെയും കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം- ഡിഫ്തീരിയ മരണം; വെല്ലുവിളിക്കപ്പെടുന്ന കേരള മാതൃകഡിഫ്തീരിയ മരണം; മരുന്ന് കൊടുക്കേണ്ടത് സമൂഹത്തിന്)

കേരളത്തിലെ ആരോഗ്യരംഗത്ത് സമീപകാലത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മാധ്യമങ്ങളുടെ  ഉപരിപ്ലവ റിപ്പോര്‍ട്ടിംഗ് ആഘോഷത്തിനപ്പുറത്തേക്കൊരു സൂക്ഷ്മമായ നിരീക്ഷണവും  സാമൂഹികവുമായ വായനയും ആവശ്യപ്പെടുന്നുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ മുഖ്യധാര മാധ്യമങ്ങള്‍ ഭൂരിഭാഗവും അത്തരത്തിലൊരു സാമൂഹിക ധര്‍മ്മം ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിനുപകരം ചില കച്ചവടതാത്പര്യങ്ങളുടെ ഉച്ചഭാഷണികളാകുകയും, ജനങ്ങളുടെ ആശങ്കയെ പെരുപ്പിച്ച്  ലാഭം കൊഴുപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുകയാണ്.

മലപ്പുറം ജില്ലയിലെ വെട്ടത്തൂരിലേയും  കാളമ്പാടിയിലെയും രണ്ട് യത്തിംഖാന ഹോസ്റ്റലുകളില്‍ 25-ഓളം അന്തേവാസികളില്‍ ഡിഫ്തീരിയ രോഗത്തിനു സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പിലെ മരുന്ന്/വാക്സിന്‍ അനുകൂലികളായ ചില ഉന്നതാധികാരികളും, സമീപകാലത്ത് തുടര്‍ച്ചയായി ജനവിരുദ്ധ പിന്തിരിപ്പന്‍ നിലപാടുകൊണ്ടും, മറ്റ് ചികിത്സ സംവിധാനങ്ങള്‍ക്കെതിരെ രംഗത്ത് വന്നതുവഴിയും ശ്രദ്ധേയരായ ഡോക്ടര്‍മാരുടെ സംഘടനകളും ചേര്‍ന്നു മലപ്പുറത്തെ സാധാരണക്കാരായ ജനങ്ങളെ ഭയപ്പെടുത്തി വ്യാപകമായ മരുന്നു വിതരണത്തിനു കളമൊരുക്കിയത്.

പ്രത്യേക കളര്‍ പേജുകളില്‍ രോഗത്തിന്റെയും രോഗബാധിതരുടെയും ഭീകരതയും ദുരിതവും പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചു. മലപ്പുറം ജില്ലയിലെ മതവിശ്വാസം, ഉയര്‍ന്ന ജനസംഖ്യനിരക്ക്, മരുന്നും പ്രതിരോധമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ കുറവ്  എന്നു തുടങ്ങി അശാസ്ത്രീയ പ്രതിരോധമരുന്നു പ്രയോഗത്തെ ചോദ്യംചെയ്ത് ആദ്യം മുതല്‍ രംഗത്തുള്ള ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ  ഇടപെടലും ആരോഗ്യവകുപ്പിന്റെ വിശദീകരണങ്ങളില്‍ ഇടംപിടിച്ചത്  മാധ്യമങ്ങളും ഏറ്റുപിടിച്ചു.  ജനങ്ങള്‍ ചോദിച്ചതും പൊതുസമൂഹം ഏറ്റേടുക്കേണ്ടിയിരുന്നതുമായ നിരവധി ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ വിഴുങ്ങുകയും ഉത്തരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയവ പോലും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാതിരിക്കുക കൂടി ചെയ്തതോടെ ഏതു വിഷ മരുന്നും സ്വീകരിക്കാന്‍ തയ്യാറാകുന്ന ദയനീയ മാനസികാവസ്ഥയിലേക്ക് മലപ്പുറത്തെ സാധാരണക്കാരെ എത്തിക്കാന്‍ കൂട്ടുനിന്നു എന്നതാണ് മാധ്യമങ്ങള്‍ ചെയ്ത ഏറ്റവും വലിയ പാതകം.

സാധാരണ യുക്തിക്കുപോലും നിരക്കാത്ത കാര്യ-കാരണങ്ങളാണ് ശാസ്ത്രീയമെന്ന രീതിയില്‍ ആരോഗ്യവകുപ്പും ഗവണ്‍മെന്റ് ഏജന്‍സികളും നിരത്തുന്നത്.  ഈ ഒരു ഡിഫ്തീരിയ കേസിന്റെ പേരില്‍ മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തുകയും എതിര്‍ശബ്ദങ്ങളെ പോലീസിനേയും മാദ്ധ്യമങ്ങളെയും  ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്നവര്‍ അറിയേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

2000 മുതല്‍ തന്നെ ഡിഫ്തീരിയയുടെ കേരളത്തിലേക്കുള്ള തിരിച്ചു വരവു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നൊന്നുമില്ലാതിരുന്ന കോലാഹലവും ഭീതി പരത്തലും ഇപ്പോഴെന്തുകൊണ്ട് സംഭവിക്കുന്നു എന്ന അന്വേഷണവും എത്തിച്ചേരുക വാക്സിന്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരും ആരോഗ്യനയരൂപീകരണ സമിതിയിലെ ശാസ്ത്ര വിദഗ്ധരും തമ്മില്‍ വൈദ്യരംഗത്തെ നൈതികത പണയം വച്ച് നടത്തുന്ന കളികളിലാണ്. 2000ത്തിനുശേഷം കേരളത്തില്‍ ഡിഫ്തീരിയ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം, മരിച്ചകുട്ടികളുടെ എണ്ണം, രോഗം ബാധിച്ചവരില്‍ വാക്സിന്‍ ഉപയോഗിച്ചവരുടെയും ഉപയോഗിക്കാത്തവരുടെയും എണ്ണം,                                                     രേഖപ്പെടുത്തപ്പെട്ട രോഗികളുടെ  ജില്ല തിരിച്ചുള്ള കണക്കുകള്‍  തുടങ്ങിയ വിവരങ്ങള്‍   പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും ഇത് മലപ്പുറം ജില്ലയിലെ വാക്സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ മാത്രം പ്രശ്നമല്ലയെന്ന്.

1990കള്‍ മുതലാണ് ലോകത്തിലെ പ്രമുഖ ഫാര്‍മ കമ്പനികളുടെ ശ്രദ്ധ ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയിലേക്കും, അഴിമതിക്ക് വലിയസാധ്യതകള്‍ ഉള്ള ഭരണ സംവിധാനങ്ങളിലേക്കും, ഇത്തരം രാജ്യങ്ങളില്‍ മാത്രം നടത്തിയെടുക്കാന്‍ കഴിയുന്ന വാക്സിനുകളുടെ ഗവേഷണത്തിലേക്കും പുതിയ വാക്സിനുകളുടെ വ്യാപകമായ ഉപയോഗത്തിലൂടെ ലഭ്യമാകുന്ന ലാഭത്തിലേക്കും തിരിയുന്നത്. അതുകൊണ്ടു തന്നെ  അതിനുതകുന്ന തരത്തിലുള്ള ആരോഗ്യനയങ്ങളും രൂപപ്പെട്ടു. രോഗപ്രതിരോധത്തിന്റെ ആദ്യത്തേയും അവസാനത്തെയും വാക്ക് വാക്സിനുകളാണെന്ന ബോധപൂര്‍വ്വമായ പ്രചരണം ശക്തമാക്കി. പുതിയ പുതിയ രോഗങ്ങള്‍, പുതിയ പുതിയ വാക്സിനുകള്‍, ലോകം മുഴുവന്‍ മികച്ച ആരോഗ്യത്തിലേക്കെന്നൊക്കെ കൊട്ടിഘോഷിക്കുമ്പോള്‍ തന്നെ ഓരോ വ്യക്തിയും ഉപയോഗിക്കേണ്ടിവരുന്ന പ്രതിരോധമരുന്നുകളുടെ എണ്ണം കൂടിവരുന്നു. ഒപ്പം ഓട്ടിസം പോലുള്ള രോഗങ്ങളും.

ലോകവ്യാപകമായിതന്നെ വാക്സിന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനും പ്രയോഗത്തില്‍ വരുത്താനുമായുള്ള സംഘടനയാണ്GAVI (Global Alliance for Vaccine and  Immunisation). ഇതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രാധാന പങ്ക് വഹിക്കുന്നത് പ്രമുഖ വാക്സിന്‍ കമ്പനികളുടെ പ്രതിനിധികളും ബില്‍& മിലിന്‍ഡ ട്രസ്റ്റുമാണ്. പുതിയ പുതിയ വാക്സിനുകളുടെ ഗവേഷണവും കമ്പോളവും കണ്ടെത്തുന്നതിനായി ഓരോ രാജ്യത്തെയും സാധ്യതകള്‍ക്ക് അനുസൃതമായി നയരൂപീകരണ സമിതികളിലടക്കം ഇടപെടല്‍ നടത്തി അനുകൂലമായ തീരുമാനങ്ങളെടുപ്പിക്കുന്നു. അതിനാവശ്യമായ സര്‍വ്വേകളും ഗവേഷണഫലങ്ങളും രൂപപ്പെടുത്തിയെടുക്കാന്‍ സന്നദ്ധസംഘടനകളുടേയും സാമൂഹിക-സര്‍വ്വീസ് സംഘടനകളുടെയും പ്രവര്‍ത്തനത്തെ ഉപയോഗിക്കുന്നു. ഇന്‍ഡ്യയില്‍ പ്രത്യേകിച്ച്  കേരളത്തിലെ ഉയര്‍ന്ന ആരോഗ്യ പൊതുബോധവും  ഉയര്‍ന്ന പൊതുആരോഗ്യ സൂചകങ്ങളും  ഇത്തരം അന്താരാഷ്ട്ര എജന്‍സികളുടെ താത്പര്യങ്ങളെ പ്രയോഗിക്കാനുള്ള ഇടമാക്കിമാറ്റി.അതുകൊണ്ടുകൂടിയാണ് പെന്റാവലന്റിന്റെയും റൂബല്ലയുടെയുമൊക്കെ ഇന്‍ഡ്യയിലെ ആദ്യപ്രയോഗം കേരളത്തിലായത്.

ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു വാക്സിനുകളുടെ അനാവശ്യ പ്രയോഗത്തിനെതിരേയും അപകടകരമായ പരീക്ഷണങ്ങള്‍ക്കെതിരെയും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടുകൂടിയാണ് വാക്സിനുകളുടെ ഉപയോഗം നിയമപരമായി നിര്‍ബന്ധമാക്കികൊണ്ട് കച്ചവടം നിലനിറുത്താനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. ഇവരുടെ പ്രവര്‍ത്തന ഫലമായി അമേരിക്കയിലെ ചില പ്രവിശ്യകളില്‍ ഇത്തരം ചില നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ ശ്രമം നടത്തി. ജനങ്ങള്‍ ഒന്നായി തെരുവിലിറങ്ങി ചെറുത്ത് തോല്‍പ്പിക്കുകയാണ് ഉണ്ടായത്. വാക്സിനേഷന്‍ സ്വീകരിക്കേണ്ടത് വ്യക്തികളുടെ നിയമപരമായ ഉത്തരവാദിത്തം എന്ന നിലയിലേക്ക് മാറ്റി തീര്‍ക്കാനുള്ള പദ്ധതികളാണ് കഴിഞ്ഞ ഒരുവര്‍ഷമായി ഗാവിയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍  നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ തങ്ങളുടെ  ഭാഗം ഭംഗിയായി നിര്‍വഹിക്കുകയാണ് കേരളത്തിലെ IMA, IAP സംസ്ഥാനഘടകങ്ങള്‍. സ്കൂള്‍ അഡ്മിഷനു വാക്സിന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന നിലപാട് ഉയര്‍ത്തുന്ന പശ്ചാത്തലത്തിലും കൂടി വേണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പകര്‍ച്ചവ്യാധി പേടിയേയും നിര്‍ബന്ധിത വാക്സിനേഷനെ കുറിച്ചുമുള്ള ചര്‍ച്ചകളെ വിലയിരുത്താനും നിലപാട് സ്വീകരിക്കാനും.

വാക്സിനുകളുടെ കണ്ടുപിടുത്തം മുതല്‍ തന്നെ  അതിന്‍ മേലുളള അശാസ്ത്രീയതയും വിയോജിപ്പുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വാക്സിന് ശാസ്ത്രലോകത്ത് ലഭിച്ചത് പോലെ തന്നെ സ്വീകാര്യത ഇതിന്റെ അപകടങ്ങളെ കുറിച്ചും കച്ചവട രാഷ്ട്രിയ താത്പര്യങ്ങളെ കുറിച്ചും പഠനം നടത്തിയവര്‍ക്കും ലഭിച്ചിട്ടുണ്ട്. അത്തരം അന്വേഷണങ്ങളുടേയും നിലപാടുകളുടെയുമൊരു തുടര്‍ച്ച ഇന്നും നിലനില്‍ക്കുന്നു. ഈ മേഖലയില്‍ നിഷ്പക്ഷമായൊരു അന്വേഷണം നടത്തുന്ന ആര്‍ക്കും അതിനെ അശാസ്ത്രിയമെന്നോ അന്ധവിശ്വാസമെന്നോ  അടയാളപ്പെടുത്തി അവഗണിക്കാന്‍ കഴിയില്ല. മറിച്ച് വാക്സിന്‍ അനുകൂല ശാഖയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നത് അതിലെ കമ്പോള രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞവരുടെ സംഘടിത ഇടപെടലോടുകൂടിയാണ്.

സെപ്റ്റംബര്‍ ആറിനാണ് വെട്ടത്തൂരിലെ യത്തീംഖാന ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി തിരൂര്‍ സ്വദേശിയായ മുനീറുദ്ദീന്‍(10) പനിയും തൊണ്ടവേദനയും ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിക്കുന്നത്. പൂര്‍ണമായി രോഗനിര്‍ണയം കഴിയുന്നതിനു മുന്‍പ് മരിച്ചകുട്ടിയ്ക്ക് ഡിഫ്തീരിയആണെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നത്  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. തൊട്ടടുത്ത ദിവസം തന്നെ വെട്ടത്തൂര്‍ പി.എച്ച്.സി യിലെ ഡോക്ടര്‍ ഇതേ ഹോസ്റ്റലിലെ സമാന ലക്ഷണങ്ങളോട് കൂടിയ 30 കുട്ടികളെ കൂടി പരിശോധിച്ചു എന്നും ആരും വാക്സിനെടുത്തിട്ടില്ലയെന്നും കൂടുതല്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നും മാധ്യമങ്ങളോട് പറയുന്നു. അടുത്ത ദിവസം അതില്‍ 9 കുട്ടികളെ കൂടുതല്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്ത വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ  വിഷയം സംഭ്രമജനകമായ കൂടുതല്‍ പുതിയ പുതിയ കഥകളുമായി മാദ്ധ്യമങ്ങളും  ഏറ്റെടുത്തു. സെപ്തംബര്‍ 16നു ഐ.എ.പി സംസ്ഥാന ഘടകത്തിന്റെ പത്രസമ്മേളനത്തില്‍ ആഗസ്റ്റ് 30വരെ രേഖപ്പെടുത്തിയ പകര്‍ച്ചവ്യാധി കേസുകളുടെ എണ്ണം ഇനം തിരിച്ചു പ്രഖ്യാപിക്കുകയും ഇത്തരം രോഗങ്ങള്‍ കൂടി വരികയാണെന്നും, ഇതിനു കാരണം പ്രതിരോധകുത്തിവയ്പു പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വന്ന വീഴ്ചയാണെന്നും അതിനു പരിഹാരമായി കുട്ടികളുടെ സ്കൂള്‍ അഡ്മിഷന് വാക്സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ഇതിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഈ വര്‍ഷം ആഗസ്റ്റ് 30 വരെ കേരളത്തില്‍ 1688 പേര്‍ക്ക് അഞ്ചാംപനി ബാധിച്ചു എന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്. 128പേര്‍ക്ക് വില്ലന്‍ചുമയും 112 മസ്തിഷ്കജ്വരവും 106 മുണ്ടിവീക്കവും 30 ഡിഫ്തീരിയയും രേഖപ്പെടുത്തിയതായി ഐ.എ.പിയുടെ പത്രക്കുറിപ്പ് ചൂണ്ടികാട്ടുന്നു. എന്നാല്‍ ഇതില്‍ എത്രകേസുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ്, അത് ഏതൊക്കെ ജില്ലകളില്‍നിന്നാണ് എന്ന് വ്യക്തമാക്കുന്നില്ല. 17നു അമീറുദ്ദീന്‍(12) മെഡിക്കല്‍ കോളേജില്‍ മരിക്കുന്നു. തുടര്‍ന്നു എഴുതി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് രോഗഭീതി യുടെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഉണ്ടായത്.   ’27പേര്‍ ആശുപത്രിയില്‍, ഗ്രാമം ഡിഫ്തീരിയ ഭീതിയില്‍,  നമ്മള്‍ തുടച്ച് നീക്കിയവ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്നു’ തുടങ്ങി ജനങ്ങളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആശുപത്രിയിലെത്തിക്കുന്ന വാര്‍ത്തകളും പോരാഞ്ഞ്  വാക്സിന്‍ അനുകൂല ഡോക്ടര്‍മാരുടെ ലേഖനങ്ങളും എഡിറ്റോറിയലും എഴുതി മാധ്യമങ്ങളും മരുന്നു/വാക്സിന്‍ അനുകൂല ഡോക്ടര്‍മാരും ചേര്‍ന്ന് ചില താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതാണ് കേരള കണ്ടത്. ഒരേ സാമൂഹിക ഭൗതിക സാഹചര്യത്തില്‍ ജീവിച്ച് അതേ സ്ഥലത്ത്നിന്ന് സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാക്സിനെടുക്കാത്ത കുട്ടികളില്‍ 3 പേര്‍ക്ക് മാത്രം ഡിഫ്തീരിയ സ്ഥിരികരിക്കുന്നു. ആവശ്യത്തിനു മരുന്നുപോലുമില്ലാത്ത, അതിവേഗ പകര്‍ച്ചശേഷിയും പ്രഹരശേഷിയുമുള്ള ഈ രോഗംപിടിപെടാതെ ബാക്കി കുട്ടികളെ എങ്ങനെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്?അവര്‍ക്കെന്തായിരുന്നു രോഗം? ആ രോഗം അവര്‍ക്കെങ്ങനെ പിടിപെട്ടു? ഇത്തരത്തില്‍ ചോദിക്കേണ്ടിയിരുന്നതൊന്നും അവര്‍ ചോദിച്ചില്ല. ആരോഗ്യവകുപ്പാകട്ടെ കിട്ടിയ അവസരത്തില്‍ വാക്സിന്‍ കച്ചവടം കൊഴുപ്പിക്കാനും എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനുമാണ് മുന്‍കൈ എടുത്തത്.

പ്രത്യേക പരിപാടികളായി കൂട്ട വാക്സിനേഷന്‍ തുടങ്ങിയ കാലം മുതല്‍ അതിന്റെ പിന്നിലുള്ള കമ്പോള സാധ്യതയും മികച്ചരീതിയില്‍ തന്നെ ഉപയോഗിക്കപ്പെടുന്നു. പ്രത്യേക പോളിയോ രോഗ നിര്‍മ്മാജന പദ്ധതിയായ പള്‍സ് പോളിയോ പദ്ധതിയുടെ  കാലമാകുമ്പോഴേക്ക് ഇത് കൂടുതല്‍ പ്രകടമായി. അതോടൊപ്പം തന്നെ ഇത്തരം പദ്ധതികളെ സ്വന്തം താത്പര്യങ്ങള്‍ വിലപേശി ഉറപ്പിക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തു. അതോടുകൂടി ആരോഗ്യവകുപ്പിനെയും അതിന്റെ നടത്തിപ്പുകാരെയും ജനങ്ങള്‍ ഒട്ടും വിലയ്ക്കെടുക്കാതെ ആയി. ജനപക്ഷത്തു നിന്നുകൊണ്ട്  ഇത്തരം മരുന്നുകളുടെ അപകടങ്ങള്‍ ജനങ്ങളോട് വിളിച്ചു പറഞ്ഞ സാജന്‍ സിന്ധുവിനെ പോലുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. വടക്കന്‍ കേരളത്തില്‍ ഇത്തരം അന്വേഷണങ്ങള്‍  കുറച്ച് കൂടി സജീവമായിരുന്നു. അതുകൊണ്ടു തന്നെ പ്രചരിപ്പിക്കപ്പെടുന്നപോലെ മലപ്പുറം ജില്ലയില്‍ മാത്രമല്ല  കാസര്‍ഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട്, പാലക്കാട് തുടങ്ങിയിടത്തും ഉപഭോഗനിരക്ക്  കുറവു തന്നെയാണ്.  കേരളത്തിലെ എല്ലാ ജില്ലകളിലും രേഖപ്പെടുത്തപ്പെട്ട പ്രതിരോധമരുന്നു അനുബന്ധ അപകടങ്ങളുടെയും മരണത്തിന്റെയും കണക്കുകള്‍ ഇന്ന് ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം മരുന്നുകളെ ബഹിഷ്കരിക്കുകയും വിട്ടുനില്ക്കാന്‍ ജനങ്ങളോട് ആഹ്വാനംചെയ്യുന്നവരെയും ഏതെങ്കിലും മതവിശ്വാസത്തിന്റെ പേരിലോ, അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്നോ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ കഴിയില്ല. മാത്രമല്ല ജനങ്ങളുടെ മതവിശ്വാസത്തെയും നേതാക്കളേയും മതചിഹ്നങ്ങളേയും ഉപയോഗിച്ച്  ഇത്തരം അപകട പ്രതിരോധ മരുന്നുകളുടെ സ്വീകാര്യത ഉയര്‍ത്താന്‍ ശ്രമിച്ചത് ആരോഗ്യവകുപ്പ് തന്നെയാണ്. മതേതരം എന്നവകാശപ്പെടുമ്പോഴും ഭരണ സംവിധാനങ്ങള്‍ കൈകാര്യംചെയ്യുന്നവര്‍ സൂക്ഷിക്കുന്ന പൊതുബോധവും  മുന്‍വിധികളുമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ഓ.പി.വിയെ ജനങ്ങളില്‍ അടിച്ചേല്പിക്കാന്‍ ഇവര്‍  നടത്തിയ പ്രയത്നവും അതിന്റെ വിജയവും കണ്ട വാക്സിന്‍ നിര്‍മ്മിതാക്കള്‍ ലാഭം മാത്രം ലക്ഷ്യം വച്ച് പുതിയ പുതിയ രോഗനിര്‍മാര്‍ജ്ജന നിയന്ത്രണ പദ്ധതികളുമായി  രംഗത്തെത്തി. പലതും ഫലപ്രദമായിരുന്നില്ല എന്നു മാത്രമല്ല സുരക്ഷിതമാണെന്നതിനു ഉറപ്പ് നല്‍കാന്‍ അതിന്റെ വക്താക്കള്‍ക്ക് പോലും കഴിയുമായിരുന്നില്ല. മന്തു ഗുളികയും  പെന്റാവലന്റും റൂബെല്ലയും നടപ്പിലാക്കിയതിനോടൊപ്പം എച്ച്.പി.വി വാക്സിന്‍, റോട്ടവാക്സിന്‍ എന്നിവയുടെ പരീക്ഷണ പ്രയോഗങ്ങള്‍ക്കുള്ള വേദിയുമായി ഇന്ത്യ. ഇത്തരം കൂട്ട് പ്രതിരോധത്തിനും പരീക്ഷണത്തിനും ഇരയായി നഷ്ടം സംഭവിച്ചവര്‍ കോടതികളെയും മനുഷ്യാവകാശസമിതികളെയും സമീപിക്കുമ്പോഴും ഇത് വാക്സിന്‍ മൂലമാണെന്ന് സമ്മതിച്ച് നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറല്ല.

പുതിയ വാക്സിനുകളുടെ സാധ്യതകള്‍ക്ക് ഒപ്പം തന്നെ നിലവിലുള്ള വാക്സിനുകളുടെ കച്ചവടം വര്‍ദ്ധിപ്പിക്കാനും ഈ രാജ്യങ്ങളെ തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്. അതിനുവേണ്ടി മുന്‍പ് വ്യാപകമായി ഉണ്ടായിരിക്കുകയും ഇപ്പോള്‍ താരതമ്യേന ഇല്ലാതിരിക്കുന്ന രോഗത്തിന്റെ തിരിച്ചുവരവു ഭീഷണിയെക്കുറിച്ച് ഡോക്ടര്‍മാരെ കൊണ്ടും അവരുടെ സംഘടനകളെ കൊണ്ടും പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയെന്നതാണ്. അത് മലപ്പുറം ജില്ലയില്‍ നിന്നാകുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. ഏറ്റവും കൂടുതല്‍ ശിശു ജനസംഖ്യയും ശക്തമായ വാക്സിന്‍ ബഹിഷ്ക്കരണവുമുള്ള സ്ഥലത്ത് ഇത് ആശങ്കയെ ഇരട്ടിപ്പിക്കും. കച്ചവടം കൊഴുപ്പിക്കാനും കഴിയും. കാലങ്ങളായി അടഞ്ഞു കിടന്ന ഒരു വിപണി സ്ഥിരമായി തുറന്നു കിട്ടുകയും ചെയ്യും. ഇതിനും പുറമേയാണ് സാധാരണക്കാരന്റെ മതവിശ്വാസവും ശാസ്ത്രവിരുദ്ധതയും ഇവരെ മരുന്നുപയോഗിക്കുന്നതില്‍ വിമുഖരാക്കുന്നു എന്ന ആരോപണം. ഒരു പക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ മലപ്പുറത്താണെന്ന സത്യം മറുവശത്ത് നില്ക്കുമ്പോഴാണിത്. മരുന്നുകളെയും ചികിത്സയേയും വിശ്വാസത്തിന്റെ പേരിലാണ് തള്ളിക്കളയുന്നതെങ്കില്‍ സ്വകാര്യമേഖലയിലേതടക്കമുള്ള ഇത്രയധികം സ്ഥാപനങ്ങള്‍ ലാഭകരമായി എങ്ങനെയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്.

ആയുര്‍വേദമടക്കമുള്ള ബദല്‍ ചികിത്സകളുടെ നാട് എന്ന നിലയിലും, വൈവിധ്യമാര്‍ന്ന നാടന്‍ ഭക്ഷണശീലങ്ങള്‍ സൂക്ഷിച്ചിരുന്ന ജനതതി എന്ന നിലയിലും പണ്ടു മുതല്‍ തന്നെ  ആധുനിക വൈദ്യശാസ്ത്രത്തെ ഏറ്റവും അവസാനവും അത്യാവശ്യത്തിനും മാത്രം സമീപിക്കുന്ന രീതി ഒരു പരിധിവരെ ഇന്നും നിലനിറുത്തുന്ന ഗ്രാമങ്ങളാണ് ജില്ലയില്‍ ഏറിയ പങ്കും. വാക്സിന്‍ ഉപഭോഗം ഏറ്റവും കുറവെന്ന് ആരോഗ്യവകുപ്പ് ആരോപിക്കുമ്പോള്‍ തന്നെയാണ് ഏറ്റവും കുടുതല്‍ വാക്സിന്‍ അനുബന്ധ അപകടങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുളളത്. വാക്സിന്‍ മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് വിശ്വസനീയവും തൃപ്തികരവുമായ ഒരു വിശദീകരണവും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തില്‍ നഷ്ടപരിഹാരങ്ങളോ ചികിത്സ സഹായങ്ങളോ നല്കിയിട്ടില്ലെന്നു മാത്രമല്ല ഇത്തരം വാക്സിനുകള്‍ക്ക് യാതൊരു അപകടവുമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഡോക്ടര്‍മാരുടെ സംഘടനകള്‍ കഴിഞ്ഞ കുറേ കാലമായി  ഉയര്‍ത്തുന്ന പ്രധാന ആവശ്യം രണ്ടെണ്ണമാണ്.സ്കൂള്‍ പ്രവേശത്തിനു വാക്സിന്‍ കാര്‍ഡ് നിയമപരമായി നിര്‍ബന്ധമാക്കുക,  വാക്സിന്‍പദ്ധതികളെ  എതിര്‍ക്കുന്നത് നിയമവിരുദ്ധ നടപടിയായി പ്രഖ്യാപിച്ച് അത്തരക്കാരെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കുക. കുട്ടിയുടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭരണഘടനപരമായ അവകാശത്തെ ചൊല്ലിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ആരോഗ്യാവകാശത്തെ നിഷേധിക്കുന്ന മറ്റു ഘടകങ്ങളില്‍ ഒന്നിനുവേണ്ടി പോലും  ശബ്ദിക്കാനോ രംഗത്ത് വരാനോ ഇവര്‍ തയ്യാറായിട്ടില്ല. ആഗോള മരുന്നു കമ്പനികളുടെ താത്പര്യസംരക്ഷണത്തിനുവേണ്ടി കുട്ടികളുടെ അവകാശത്തെ കുറിച്ച് പറയുന്നവര്‍ അവരുടെ വിദ്യാഭ്യാസാവകാശത്തെയും രക്ഷകര്‍ത്താക്കളുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും നിഷേധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

വാക്സിന്‍ മൂലം ജീവന്‍ നഷ്ടപ്പെടുകയോ ജീവിതകാലം മുഴുവന്‍ മാനസിക/ശാരീരിക വൈകല്യമുള്ളവരോ ആയി മാറുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നു .അതിനെയൊക്കെ ന്യായീകരിക്കുന്ന തരത്തില്‍ പ്രത്യക്ഷത്തില്‍ ശാസ്ത്രീയമെന്ന് തോന്നുന്ന കമ്പോളയുക്തികളുമായി ലേഖനമെഴുതുന്നതിനു ഈ സംഘടനയിലെ തലപ്പത്തുള്ളവര്‍ കരാറെടുത്തിരിക്കുകയാണ്. വാക്സിന്‍ മൂലമാണ് മരണങ്ങള്‍ എന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നും തീര്‍ത്തും സുരക്ഷിതമാണെന്നും  ഇവര്‍ എഴുതി കൊണ്ടേയിരിക്കുന്നു. പെന്റാവലന്റ് അനുബന്ധ മരണങ്ങളില്‍ എനിക്ക് വ്യക്തമായി അറിയാവുന്ന അഞ്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെങ്കിലും മരണത്തിനു മറ്റു കാരണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാക്സിന്‍ മൂലമല്ലയെന്ന് പറയാന്‍ കാരണങ്ങളുമില്ല. ഇതില്‍ പലതും വിവിധ കോടതികളില്‍ പരിഗണനയിലിരിക്കുന്ന വിഷയവുമാണ്. ഈ സാഹചര്യത്തിലാണ് ഒരു അപകടംപോലും സംഭവിച്ചിട്ടില്ലയെന്ന പെരും നുണ തട്ടിവിടുന്നത്. ഏറ്റവും മിനിമം ഇതൊരു കോടതിയലക്ഷ്യമാണെന്നത് പോലും അവഗണിക്കുന്നു.

മറ്റൊരു ജനകീയ ഡോക്ടര്‍ പയുന്നത് ‘പണ്ട് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമായ പുതിയ വാക്സിനുകള്‍ പ്രയോഗത്തില്‍ വന്നപ്പോഴാണ് എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു’ എന്നാണ്. നേരത്തെ ഉപയോഗിച്ചിരുന്ന വാക്സിനുകള്‍ അപകടസാധ്യതകള്‍ ഉള്ളതായിരുന്നു എന്ന് ഇപ്പോള്‍ പറയുന്ന ജനകീയ ഡോക്ടര്‍ അന്നത്തെ വാക്സിന്‍ പ്രയോഗത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു. പക്ഷേ ആധുനിക പത്തോളജിയുടെ പിതാവെന്നറിയപ്പെടുന്ന ഡോക്ടര്‍ റിഡോള്‍ഫ്  വിര്‍ക്കോവിന്റെ സംഭാവനകളെ പ്രകീര്‍ത്തിച്ച് അദ്ദേഹമെഴുതിയ ലേഖനത്തില്‍  വ്യാപകമായ വാക്സിനേഷന്‍ അടക്കമുള്ള പദ്ധതികള്‍ ആഗോളവത്കരണ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും രോഗഗാണുവിനുമപ്പുറത്തേക്കുള്ള രോഗകാരണങ്ങള്‍ (സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ) കൂടി പരിഗണിച്ചുകൊണ്ടു മാത്രമേ ശരിയായ ആരോഗ്യ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയൂ എന്നും പറയുന്നു. എന്നാല്‍ വാക്സിനിലെ അപകടങ്ങളും കച്ചവട താത്പര്യങ്ങളും ചൂണ്ടിക്കാട്ടി രംഗത്തു വരുന്നവര്‍ ഇതു പറയുമ്പോള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലയെന്ന് മാത്രമല്ല അത്തരക്കാര്‍ ഇദ്ദേഹത്തില്‍ നിന്നു കടുത്ത ആക്രമണമാണ് നേരിടേണ്ടിവരുന്നത്.

ബദല്‍ ചികിത്സ സമ്പ്രദായങ്ങളും  ജീവിതരീതിയും, അധുനിക വൈദ്യശാസ്ത്രരംഗത്തെ കച്ചവടങ്ങളും കള്ളക്കളികളും ചര്‍ച്ചചെയ്യുകയും, പ്രയോഗികമായ ബദലുകള്‍ അന്വേഷിച്ച് കൊണ്ട് പ്രതിരോധിക്കാന്‍ പൊതുസമൂഹത്തിലെ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ജനകീയ ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യവും കൂടിയാണ് ജനങ്ങളുടെ വാക്സിന്‍ വിമുഖതയ്ക്ക് കാരണം. 

പോളിയോനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു ഉണ്ടായ അപകടങ്ങള്‍, വിശദീകരണങ്ങളിലുണ്ടായ യുക്തിരാഹിത്യങ്ങള്‍, ലോകത്തിന്റെ വിവിധ കോണുകളിലുണ്ടാകുന്ന വാക്സിനനുബന്ധ അപകടങ്ങളെകുറിച്ചുള്ള വിവരങ്ങളുടെ ലഭ്യത, മരുന്നു/വാക്സിന്‍ കമ്പനികള്‍ ആരോഗ്യനയങ്ങളില്‍ ഇടപ്പെട്ട് ലാഭകേന്ദ്രീകൃതമായ നയങ്ങള്‍ ഉള്‍പ്പെടുത്തിക്കാന്‍ കഴിവുള്ള GAVI, PATH, Rockfeller, Ford Foundation  തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെ സാന്നിധ്യം എന്നിവയും തൃപ്തികരമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ല. പെന്റാവലന്റും റൂബല്ലയും വരുന്നതോടുകൂടി പുതുതലമുറ വാക്സിനുകളെ ചെറുക്കേണ്ട ആവശ്യകത കൂടുതല്‍ വ്യക്തമാക്കുകുകയായിരുന്നു ജനങ്ങള്‍ക്ക്. വാക്സിന്‍ നയം രൂപികരിക്കുന്നതില്‍ നടക്കുന്ന പിന്നാമ്പുറ കഥകളും രാഷ്ട്രീയ താത്പര്യങ്ങളും കൂടുതല്‍ പുറത്ത് വരാന്‍ തുടങ്ങിയതോടു കൂടി പരമ്പരാഗത-ആത്മീയ-ബദല്‍-ചികിത്സ-പ്രകൃതി ജീവനക്കാരുടെ ചെറിയ ചെറിയ വിയോജിപ്പുകള്‍ക്കപ്പുറത്തേക്ക് അത് വളര്‍ന്നു . ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധന്‍മാരടക്കമുള്ള ഡോക്ടര്‍മാരും ജനപക്ഷത്ത് നില്‍ക്കുന്ന ശാസ്ത്രജ്ഞന്‍മാരും കൂടുതല്‍ അന്വേഷണങ്ങളിലേക്കും ശക്തമായ നിലപാടിലേക്കും വരാന്‍ തുടങ്ങി. എന്നാല്‍ ഇത്തരം ആള്‍ക്കാരെ വ്യക്തിഹത്യയിലൂടെയും മാനസികമായും സാമൂഹികമായും ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന തന്ത്രത്തിലേക്ക് IMAയും IAP യും പോലുള്ള സംഘടനകള്‍ എത്തിച്ചേരുകയായിരുന്നു. വാക്സിനുകളെ കുറിച്ച് അന്വേഷണം നടത്തുകയും ലേഖനമെഴുതുകയും ചെയ്ത ശാസ്ത്രജ്ഞനായ ജീവന്‍ ജോബ് തോമസിനു നേരിടേണ്ടി വന്നത് കപട ശാസ്ത്രജ്ഞന്‍ എന്ന പേരാണ്. അതുവരെ ഡോക്ടര്‍മാര്‍ ഭാരവാഹികളായ  വേദികളില്‍   ജനകീയ ശാസ്ത്രജ്ഞനായിരുന്നു ഇവര്‍ക്ക് ഇദ്ദേഹം. മുന്‍ മെഡിക്കല്‍ കോളേജ് പ്രൊഫസറും ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ ഖദീജ മുംതാസ് നേരിടുന്നത് ഡോക്ടര്‍ സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലുകളാണ്. വാക്സിനുകള്‍ക്കെതിരെ പുറത്ത് വരുന്ന തെളിവുകള്‍ പഠിക്കാനും പരിശോധിക്കാനും തയ്യാറാകണമെന്ന നിലപാട് സ്വീകരിച്ചതിന്റെ ഫലമാണിത് .

മലപ്പുറം ജില്ലയില്‍ മന്ത്രിയും കളക്ടറുമടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന മീറ്റിങ്ങില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് നിര്‍ബന്ധിത വാക്സിനേഷന്‍ നടത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇതോടുകൂടി നിലവില്‍ സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന ഡിഫ്തീരിയ ഭീതിയുടെ പിന്നാമ്പുറ തിരക്കഥ കുറച്ച് കൂടി വ്യക്തമാകും. ഇന്ദ്രധനുസ്സ് പദ്ധതിയില്‍പ്പെടുത്തി ഒരുലക്ഷം ഡോസ് വാക്സിന്‍ വാങ്ങാന്‍ ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ഇനി പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമായെന്ന് പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം. 

(സാമൂഹ്യ പ്രവര്‍ത്തകനാണ് ലേഖകന്‍) 

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ഡോ. ഹരിയുടെ ലേഖനം

പണമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന് കരുതരുത്; വയനാട്ടിലെ വിംസ് മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍