UPDATES

ഡിഫ്തീരിയ മരണം; മരുന്ന് കൊടുക്കേണ്ടത് സമൂഹത്തിന്

Avatar

ഡോ. ഇ പി മോഹനന്‍

നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗം മൂലം മലപ്പുറത്ത് ഒമ്പതു വയസുകാരന്‍ മരിച്ച വാര്‍ത്ത നമ്മുടെ ആരോഗ്യരംഗത്തെ സംബന്ധിച്ച് ചില വീണ്ടുവിചാരങ്ങള്‍ക്ക് എല്ലാവരും തയ്യാറാകേണ്ടതിന്റെ പ്രധാന്യം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇല്ലായ്മ ചെയ്തു എന്നു വിശ്വസിച്ചിരുന്ന ഒരു രോഗം വീണ്ടും വരുമ്പോള്‍ എവിടെയോ നമുക്ക് പിഴച്ചിട്ടുണ്ട് എന്നത് തീര്‍ച്ച.

എന്തുകൊണ്ട് ഡിഫ്തീരിയ രോഗം വീണ്ടും നമുക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു? കേവലം വിമര്‍ശനങ്ങള്‍ക്കപ്പുറത്ത് നാം ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.

നാം വളരെ ഗൗരവത്തോടെ നോക്കി കാണേണ്ടതും പ്രതിവിധി ഉണ്ടാക്കേണ്ടതുമായ ഒന്നാണ് ഇപ്പോള്‍ മലപ്പുറത്ത് സംഭവിച്ചിരിക്കുന്നത്. 2011 ലും 2013 ലും ജില്ലയില്‍ ഡിഫ്തീരിയ കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതേയില്ല. ഇപ്പോള്‍ ഒരു കുട്ടിയുടെ മരണത്തിനും അതു കാരണമായിരിക്കുന്നു. ഡിഫ്തിരീയ മാത്രമല്ല, ടെറ്റനസും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ആദ്യം നാം കാണേണ്ടത് ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ എങ്ങനെ നാം നിര്‍മാര്‍ജ്ജനം ചെയ്തു എന്നാണ്. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയാണ് നമുക്കതിന് സാധ്യമായിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ശരീരത്തില്‍ നിന്ന് മാത്രമല്ല, അന്തരീക്ഷത്തില്‍ തന്നെയുള്ള മാരകമായ അണുക്കളെയാണ് നമ്മള്‍ നശിപ്പിക്കുന്നത്. നിരന്തരമായ നടപടികളിലൂടെയാണ് ഒടുവില്‍ മാരക വൈറസുകളെ ഇല്ലായ്മ ചെയ്യുന്നതും അതുവഴി പല രോഗങ്ങളെയും നിര്‍മാര്‍ജ്ജനം ചെയ്യുന്നതും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പോളിയോ നിര്‍മാര്‍ജ്ജനം. വീര്യം കുറഞ്ഞ പോളിയോ അണുക്കളാണ് തുള്ളി മരുന്നുകളായി കൊടുക്കുന്നത്. അവ വയറ്റില്‍ കിടന്ന് പെറ്റുപെരുകി ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മലത്തിലൂടെ ഈ വാക്‌സിന്‍ വൈറസുകള്‍ അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടുന്നു. ഇവ ശക്തി കുറഞ്ഞതും മനുഷ്യരില്‍ രോഗം ഇല്ലാതാക്കാന്‍ കഴിയുന്നതുമാണ്. ഈ വാക്‌സിന്‍ വൈറസുകള്‍ പെരുകുന്നതോടുകൂടി അന്തരീക്ഷത്തിലെ വൈല്‍ഡ് വൈറസുകള്‍ (രോഗം ഉണ്ടാക്കുന്നവ) നശിക്കുന്നു. കുറേ വര്‍ഷങ്ങള്‍ ഇതു തുടരുന്നതോടുകൂടി മാരകമായ വൈറസുകള്‍ ഇല്ലാതാവുന്നു. പിന്നെ അസുഖഹേതുവല്ലാത്ത തരം വൈറസുകള്‍ മാത്രമേ അന്തരീക്ഷത്തില്‍ ബാക്കിയാവുന്നുള്ളൂ. ഈ രീതിയിലാണ് നമ്മള്‍ 1975 ല്‍ വസൂരി നിര്‍മാര്‍ജ്ജനം ചെയ്തത്. 2013 ല്‍ ഇന്ത്യ പോളിയോ വിമുക്തമായി പ്രഖ്യാപിക്കാന്‍ സാധ്യമായതും ഈ രീതിയിലാണ്. 1996 ല്‍ തുടങ്ങിയ യജ്ഞത്തിലൂടെയാണ് നാം 2013 ല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിച്ചത്.

കുത്തിവയ്പ്പ് എടുത്തില്ലെങ്കിലും കുഴപ്പമില്ലെന്ന് പറയുന്നവരോട്
വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള അന്ധവിശ്വാസമാണിത്. എന്റെ കുട്ടിക്ക് കുത്തിവയ്പ്പ് എടുത്തില്ലല്ലോ, എന്നിട്ട് അവന് അസുഖങ്ങളൊന്നും വന്നില്ലല്ലോ എന്ന് പറയുന്ന മാതാപിതാക്കളോട് വ്യക്തമാക്കാനുള്ള ഒരുകാര്യമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹത്തിലെ 85 മുതല്‍ 90ശതമാനം കുട്ടികളിലും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. ഇതുവഴിയാണ് ഡിഫ്തീരിയ പോലുള്ള രോഗങ്ങളെ നാം ഇല്ലാതാക്കിയത്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഈ രോഗാണുക്കളെ നേരിടേണ്ടി വന്നിരുന്നില്ല. അതെന്തുകൊണ്ടാണ്? സമൂഹത്തിലെ തൊണ്ണൂറുശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിലൂടെ അന്തരീക്ഷത്തിലെ മാരക വൈറസുകളെ നമുക്ക് നശിപ്പിക്കാന്‍ സാധിച്ചു. അതുവഴി രോഗം പടര്‍ത്തുന്ന അണുക്കളെ ഇല്ലായ്മ ചെയ്യുകയും കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികള്‍ക്കൂടി ഇതിന്റെ ഗുണം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്തു. ഈ ഗുണഫലം അനുഭവിക്കുന്ന കുട്ടികളുടെ മാതാപിതാക്കളാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കുത്തിവയ്പ്പ് എടുത്തില്ലെങ്കിലും ഒന്നും സംഭവിക്കുന്നില്ലെന്ന് പറയുന്നത്.

മറ്റുകുട്ടികള്‍ എടുത്ത വാക്‌സിനേഷന്റെ ഗുണമാണ് ഇവരും അനുഭവിച്ചുപോന്നിരുന്നത്. ഇതിനെ നമ്മള്‍ herd immunity (സമൂഹത്തിന് മൊത്തത്തില്‍ ഗുണകരമാകുന്ന പ്രതിരോധപ്രവര്‍ത്തനം) എന്നു വിളിക്കുന്നൂ. എന്നാല്‍ സമീപവര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ വീഴ്ച്ച ഉണ്ടാവുകയും അന്തരീക്ഷത്തില്‍ ഉള്ളത് ശക്തി കുറഞ്ഞ അണുക്കള്‍ ആണെങ്കില്‍ പോലും അത് രോഗമുണ്ടാക്കുന്നതരത്തിലേക്ക് മാറുകയും ചെയ്തു. നേരത്തെ പത്തോ പതിനഞ്ചോ ശതമാനം മാത്രമെ കുത്തിവയ്പ്പ് എടുക്കാതെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോഴത് മുപ്പത്തിയഞ്ചു നാല്‍പ്പതുമാണ്. മലപ്പുറം ജില്ലയില്‍ ഈ കണക്ക് നിര്‍ഭാഗ്യവശാല്‍ കൂടുതലായി കാണുന്നുണ്ട്.

മലപ്പുറത്ത് ഇപ്പോള്‍ ഡിഫ്തീരിയ കണ്ടെത്തിയിരിക്കുന്നത് ജ്യോഗ്രഫിക്കലി വ്യത്യസ്തമായ മൂന്നു പ്രദേശങ്ങളിലാണ്. ഇതൊരു പകര്‍ച്ചവ്യാധിയാണെന്ന ന്യായം പറയാമെങ്കിലും നാം ശ്രദ്ധിക്കേണ്ടത് മറ്റൊരു ഭാഗത്താണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികളിലാണ് ഈ അസുഖം വന്നിട്ടുള്ളത്. കുത്തിവയ്പ്പ് എടുത്ത ഒരു കുട്ടിയിലും തന്നെ ഈ രോഗലക്ഷണം ഉണ്ടായിട്ടുമില്ല. ഒരു തവണപോലും ഇതിന് വിധേയരാകാത്ത മുപ്പതും നാപ്പതും കുട്ടികള്‍ താമസിക്കുന്ന മദ്രസകളിലും ഓര്‍ഫനേജുകളിലുമാണ് ഈ രോഗം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷമായി കേരളം ആരോഗ്യരംഗത്ത് പിന്നോട്ടു പോകുന്നതിന്റെ കാരണം ഇത്തരം പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ പ്രവര്‍ത്തനം നടക്കുകയും അതുവഴി കുട്ടികളെ പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതില്‍ തടയുന്നതുമാണ്. ഹോമിയോപ്പതി, നേച്ചറോപതി ഡോക്ടര്‍മാരും ചില മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെ ഇതിനെതിരെ നില്‍ക്കുന്നവരാണ്. പ്രതിരോധ വാക്‌സിന്‍ എടുപ്പിക്കുന്നത് കുട്ടികളുടെ മനുഷ്യാവകാശത്തെ ലംഘിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. കുത്തിവയ്പ്പ് എടുക്കുന്നത് തടയുന്നതിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കുട്ടികളുടെ അവകാശത്തെ തടയുന്നു എന്നൊരുു മറുവാദത്തിനും പ്രസക്തിയില്ലേ? ഇപ്പോള്‍ ചില മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. റൂബെല്ല വാക്‌സിന്‍ പോലുള്ള കുത്തിവയ്പ്പുകള്‍ക്കെതിരെയാണ് അവരുടെ പ്രതിഷേധം. ഇക്കാര്യത്തില്‍ നല്ലൊരു സംവാദം ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്.

മലപ്പുറത്ത് നാല്‍പ്പത്തിയയ്യാരിത്തോളം കുട്ടികള്‍ ഒരു പ്രതിരോധ കുത്തിവയ്പ്പുകളും എടുക്കാത്തവരായി ഉണ്ടെന്നാണ് കണക്ക്. ഇത്തരമൊരു അവസ്ഥ മലപ്പുറത്ത് മാത്രമാണുള്ളത്. മത യാഥാസ്ഥിതിക വാദികളുടെ എതിര്‍പ്പാണ് ഇതിന് പ്രധാനകാരണമെന്നത് മറച്ചുവയ്‌ക്കേണ്ട കാര്യമല്ല. ടെറ്റനസ് ഇന്ത്യയില്‍ ഇല്ലെന്നു നാം പറയുമ്പോഴും കഴിഞ്ഞവര്‍ഷവും മലപ്പുറത്ത് ടെറ്റനസ് ബാധിച്ച് കുട്ടികള്‍ മരിച്ചിരുന്നു. ഗര്‍ഭവതികളായ അമ്മമാര്‍ പ്രതിരോധ കുത്തിവയ്പ്പുകളൊന്നും എടുക്കുന്നില്ലെന്നതാണ് ഇതിനു കാരണം.

സര്‍ക്കാര്‍ അവഗണിക്കുന്ന ആരോഗ്യമേഖല
നമ്മുടെ ആരോഗ്യരംഗം ദിനംപ്രതി രോഗാതുരമാകുകയാണ് എന്നു പറഞ്ഞാല്‍ അതു വെറും വിമര്‍ശനമായി കാണരുത്. സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തന്നെയാണ് ഇതിനുകാരണം. ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ അഭാവം, പോളിസികള്‍ ഇല്ലായ്മ, ആരോഗ്യപ്രവര്‍ത്തനങ്ങളിലെ വീഴ്ച്ച എന്നിവയാണ് പ്രധാനകാരണങ്ങള്‍.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് യാതൊരു ശ്രദ്ധയുമില്ല. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന് താല്‍പര്യം. നാട്ടില്‍ നിന്ന് പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും തടയുന്നതിന് നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വേണ്ടത്. അല്ലാതെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം കൂട്ടകയല്ല. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഓരോ അയ്യായിരം പേര്‍ക്കും ഒരു സബ്‌സെന്ററും ഒരു ആരോഗ്യപ്രവര്‍ത്തകനും ഉണ്ടായിരിക്കണം. ഇടുക്കി, വയനാട് കാസര്‍കോഡ് തുടങ്ങിയ റിമോര്‍ട്ട് ആയിട്ടുള്ള പ്രദേശങ്ങളില്‍ ഈ കണക്ക് മൂവായിരം പേര്‍ക്ക് ഒരു സബ്‌സെന്ററും ഒരു ആരോഗ്യപ്രവര്‍ത്തകനും എന്നാണ്. ഇവിടെ ഇപ്പോള്‍ നമുക്ക് 850 ഓളം സബ്‌സെന്റുകളെ ഉള്ളൂ.1750 ഓളം വേണ്ടിടത്താണിതെന്നോര്‍ക്കണം.

കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത് പത്തില്‍ താഴെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മാത്രമാണ്. എന്നാല്‍ ആറ് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ടുമുണ്ട്. മെഡിക്കല്‍ കോളെജുകളുടെയും ജില്ല, ജനറല്‍ ആശുപത്രികളുടെയും എണ്ണം കൂട്ടാനാണ് സര്‍ക്കാരിന്റെ പരിശ്രമം. രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ പോലുള്ള അടിസ്ഥാന ചികിത്സകള്‍ ലഭ്യമാക്കേണ്ട പ്രാഥമികാരോഗ്യരംഗത്ത് യാതൊരു ശുഷ്‌കാന്തിയും കാണിക്കുന്നില്ല.

മലപ്പുറത്ത് 45 ലക്ഷമാണ് ജനസംഖ്യ. അവിടെ അതിനനുസൃതമായ ചികിത്സാകേന്ദ്രങ്ങള്‍ ഇല്ല. ആവശ്യമായ ആരോഗ്യകേന്ദ്രങ്ങളുടെ പകുതിമാത്രമെ ഇപ്പോള്‍ ജില്ലയില്‍ ഉള്ളൂ. ഇക്കാര്യത്തിലൊന്നും സര്‍ക്കാരിന് ശ്രദ്ധയില്ല, പകരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും മറ്റുമാണ് തിടുക്കം.

വികലമായ ആരോഗ്യ പോളിസികളാണ് നമ്മള്‍ ഇപ്പോഴും പിന്തുടരുന്നത്. 1961 ലോ മറ്റോ നിശ്ചയിച്ച സ്റ്റാഫ് മാനദണ്ഡത്തിലാണ് നമ്മുടെ ആരോഗ്യരംഗം ഇപ്പോഴും മുന്നോട്ടുപോകുന്നത്. പ്രാഥമികതലത്തില്‍ പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യാനോ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പുതിയ നിയമനങ്ങള്‍ ഒന്നും നടത്തുന്നില്ല. അതേസമയം മറ്റുരംഗങ്ങളില്‍ അനധികൃതമായിട്ടു വരെ നിയമനങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയാണ്. ആവശ്യത്തിന് അംഗങ്ങള്‍ ഇല്ലാത്തതുകൊണ്ടു തന്നെ പ്രാഥമികതലത്തിലുള്ള ഫീല്‍ഡ് വര്‍ക്കുപോലും കാര്യക്ഷമമായി നടക്കുന്നില്ല.

മലപ്പുറത്തും കാസര്‍കോഡുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാരിന്റെ മിഷന്‍ ഇന്ദ്രധനുസ് എന്ന കാമ്പയിന്‍ നടക്കുന്നുണ്ട്. രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികളെ കണ്ടെത്തി കുത്തിവയ്പ്പുകള്‍ എടുപ്പിക്കുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ പേരിനുമാത്രം നടക്കുന്ന ഈ പദ്ധതികൊണ്ട് എന്തെങ്കിലും പ്രയോജനം ഉള്ളതായി കാണുന്നില്ല. അതിനു തെളിവാണല്ലോ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഡിഫ്തീരിയ മരണം.

അതേസമയം വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ഇതുപോലൊരു കാമ്പയിന്‍ സംഘടിപ്പിച്ചരുന്നു. ഈ കാമ്പയിന്‍ നടത്തുന്നതിനു മുമ്പ് അവിടെ ഏതാണ്ട് 29 കുട്ടികള്‍ (വളരെ ചെറിയൊരു കണക്കാണിത്) കുത്തിവയ്പ്പ് എടുക്കാതെയുണ്ടായിരുന്നു. ഈ കാമ്പയിനുശേഷം അവിടെ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികള്‍ ഏതാണ്ട് രണ്ടുപേര്‍ മാത്രമാണ്. പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ പോര, അതു നടപ്പാക്കാന്‍ കമിറ്റ്‌മെന്റ് ഉള്ള ആളുകളുടെ സഹകരണം വേണം.അങ്ങനെ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കണം.

ഇതിനൊന്നും തയ്യാറാകാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞശേഷം ഇറങ്ങി പുറപ്പെടുന്നതില്‍ കാര്യമില്ല. പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് എതിരെയുള്ള പ്രചരണങ്ങളെ അതിജീവിക്കാനുള്ള നടപടികളും നാം കൈകൊണ്ടേ മതിയാകൂ.

*ഡോ. ഇ പി മോഹനനുമായി സംസാരിച്ച് അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ രാകേഷ് നായര്‍ തയ്യാറാക്കിയത്.

(ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം ഇപ്പോള്‍ സ്വാന്തനപരിചരണ രംഗത്ത് സജീവമാണ് ഡോക്ടര്‍ മോഹനന്‍. കെജിഎംഒയുടെ സംസ്ഥാന സെക്രട്ടറി , പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍