UPDATES

ട്രെന്‍ഡിങ്ങ്

നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരുടെ സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധത കണ്ടാല്‍ കൂവണം; ഡോ.ബിജു

തങ്ങളുടെ മുന്‍കാല സിനിമകളിലെ സ്ത്രീവിരുദ്ധ ഓര്‍ത്ത് ഈ സിനിമാക്കാര്‍ ലജ്ജിക്കണം

ക്രിമിനലുകളാല്‍ ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഒത്തുകൂടിയ സിനിമാക്കാരില്‍ ഏതെങ്കിലും തരത്തിന്റെയോ സംവിധായകന്റെയോ സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ കേട്ടാല്‍ കാണികള്‍ കൂവണമെന്ന ആഹ്വാനവുമായി സംവിധായകന്‍ ഡോ. ബിജു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സിനിമയിലെ സ്ത്രീവിരുദ്ധതയെ കാണികള്‍ നേരിടണമെന്നു ബിജു പറയുന്നത്.

ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മലയാളത്തിലെ ഏതാണ്ട് എല്ലാ താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുകളും ഒരു അഭിനേത്രി തെരുവില്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഏറെ അഭിനന്ദനാര്‍ഹം . ഇതേവരെ നിങ്ങളില്‍ പലരുടെയും സിനിമകളില്‍ ഉപയോഗിച്ചിരുന്ന കടുത്ത സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങള്‍ ഇനി മേല്‍ നിങ്ങളുടെ സിനിമകളില്‍ ഉപയോഗിക്കില്ല എന്ന് നിങ്ങള്‍ ഇന്ന് മുതല്‍ തീരുമാനിക്കും എന്ന് കരുതട്ടെ. ഇനി കേരളത്തിലെ സ്ത്രീകളായ കാണികളുടെ ഊഴമാണ് . ഇതിലേതെങ്കിലും ഒരു താരത്തിന്റെ/സംവിധായകന്റെ സിനിമയില്‍ ആഭാസവും അസാംസ്‌കാരികവുമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ ആ നിമിഷം തിയറ്ററില്‍ ഇരുന്ന് കൂവുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ. ആ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലെ ആഭാസ ആണത്ത ഘോഷങ്ങളില്‍ വിജ്രംഭിച്ചു കയ്യടിക്കുന്ന പുരുഷാരത്തിന്റെ മുഖത്ത് ശക്തിയുള്ള ഒരു തുപ്പല്‍ പോലെ നിങ്ങളുടെ ഒരു കൂവല്‍ ഉയരുമോ?. അങ്ങനെയെങ്കില്‍ ഓരോ തിയറ്ററുകളില്‍ നിന്നും ഉയരുന്ന നിങ്ങളുടെ കൂവല്‍ ഈ രീതിയിലുള്ള സംഭാഷണങ്ങള്‍ തങ്ങളുടെ ഇനിയുള്ള സിനിമകളില്‍ എഴുതുന്നതിന് മുന്‍പ് കഥാകൃത്തുക്കള്‍ ഒരു നിമിഷം ആലോചിക്കാന്‍ ഇട നല്‍കും. ആ സംഭാഷണങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനെപറ്റി സംവിധായകര്‍ ഒരു വട്ടം കൂടി ആലോചിക്കും, ആ സംഭാഷണങ്ങള്‍ പറയുന്നതില്‍ താരങ്ങള്‍ക്ക് ലജ്ജ തോന്നും. ഒരു കൂവലില്ലാതെ തന്നെ തങ്ങളുടെ മുന്‍ സിനിമകളിലെ പല സ്ത്രീ വിരുദ്ധതയും ഓര്‍ത്ത് ഇവരൊക്കെ ലജ്ജിക്കേണ്ടതുണ്ട്. അതൊക്കെ സൗകര്യ പൂര്‍വം മറന്ന് എല്ലാവരും ഇപ്പോള്‍ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ വന്‍ സംഭാഷണങ്ങള്‍ ഉരുവിടുന്ന തിരക്കിലാണ്. നാളെ നിങ്ങള്‍ വീണ്ടും ഷൂട്ടിങ് സെറ്റുകളിലേക്ക് തിരികെ പോകുന്നത് കൂടുതല്‍ സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങള്‍ സൃഷ്ടിക്കാനും പറയാനുമല്ല എന്ന് വിശ്വസിക്കട്ടെ. ഇനി അതല്ല എങ്കില്‍ നിങ്ങള്‍ ഇത്ര കാലം നിങ്ങളുടെ ഭൂരിഭാഗം സിനിമകളിലും പുലര്‍ത്തിവന്ന സ്ത്രീ വിരുദ്ധതയ്ക്ക് മേല്‍ ഒരു കൂവല്‍ വീഴേണ്ട സമയം ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്….ആ കൂവല്‍ കേരളത്തിലെ സ്ത്രീ സമൂഹമെങ്കിലും ഇപ്പോള്‍ ഏറ്റെടുത്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍