UPDATES

ഓഫ് ബീറ്റ്

എസ് എല്‍ പുരത്തിന്‍റെ നിധി; നാടക നടനായ മാള

Avatar

മാള അരവിന്ദന് അദ്യമായി മികച്ച നാടകനടനുള്ള അവാര്‍ഡ് ലഭിക്കുന്നത് എസ് എല്‍ പുരം സദാനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അദ്ദേഹത്തിന്റെ തന്നെ നാടകസംഘമായ സൂര്യസോമയിലൂടെ അവതരിപ്പിച്ച നിധി എന്ന നാടകത്തിലൂടെയാണ്. എസ് എല്‍ പുരത്തിന്റെ മകനും സിനിമാ സംവിധായകനുമായ ജയസൂര്യ മാള അരവിന്ദനെ ഓര്‍മ്മിക്കുന്നു.

മാളച്ചേട്ടനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ആദ്യം മനസില്‍ വരുന്നത് നിധിയിലെ ദാമോദര വാര്യരെയാണ്. ഒരുപക്ഷേ മാള അരവിന്ദന്‍ എന്ന നടന്റെ സുവര്‍ണ കാലം ആരംഭിക്കുന്നത് സൂര്യസോമയുടെ നിധി എന്ന നാടകത്തിലൂടെയാകണം. കേരളം മുഴുവന്‍ ഏറ്റെടുത്തൊരു നാടകമായിരുന്നു അത്. ആ നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യമെന്നു പറയുന്നതുപോലെ തന്നെ ആ നാടകം അത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണം മാള അരവിന്ദന്‍ എന്ന നടന്റെ സാന്നിധ്യമാണെന്നും പറയാം.

സൂര്യസോമയുടെ നാലാമത്തെ നാടകമായിരുന്നു നിധി. ദാമോദരവാര്യര്‍ എന്നായിരുന്നു മാളച്ചേട്ടന്റെ കഥാപാത്രത്തിന്റെ പേര്. മലയാള നാടകരംഗത്ത് പുതിയൊരു ഹ്യൂമര്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചു ആ കഥാപാത്രത്തിലൂടെ മാളച്ചേട്ടന്‍. നാടകത്തില്‍ വാര്യര്‍ പ്രേതത്തെ കാണുന്നൊരു രംഗമുണ്ട്. കാണികളെ മിനിട്ടുകളോളം നിര്‍ത്താതെ ചിരിപ്പിക്കുന്ന രംഗമാണത്. ഈ രംഗം കാണാന്‍ വേണ്ടി മാത്രം നാടകം ഒന്നിലേറെ തവണ കാണാന്‍ വന്നവരുണ്ട്.

ഒറ്റ നാടകത്തിലെ അദ്ദേഹം സൂര്യസോമയ്‌ക്കൊപ്പം സഹകരിച്ചിരുന്നുള്ളു. നിധിക്കു പിന്നാലെ അദ്ദേഹത്തിന് സിനിമയില്‍ നിന്നുള്‍പ്പെടെ നിരവധി ഓഫറുകളാണ് വന്നത്. ഒരു നാടകത്തിലെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഉണ്ടായിരുന്ന ദിവസങ്ങളത്രയും അദ്ദേഹം വലിയൊരു ഓളം തന്നെ സൃഷ്ടിച്ചു.. 

നാടക വണ്ടി പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമായിരിക്കും അദ്ദേഹം എത്തുക. എല്ലാവരെയും ടെന്‍ഷടിപ്പിക്കും. അതേപോലെ നാടകം കഴിഞ്ഞാല്‍ ഒരുമിച്ചു പോരുന്ന പരിപാടിയൊന്നുമില്ല, നാടകം കഴിഞ്ഞു ചേട്ടന്‍ ഒറ്റയ്ക്കങ്ങു പോയ്ക്കളയും.

അച്ഛന് വളരെ ഇഷ്ടമായിരുന്നു മാളച്ചേട്ടനെ. സാധാരണ നാടകത്തിലെ അഭിനേതാക്കളുടെ കാര്യത്തില്‍ പൂര്‍ണമായ തൃപ്തി വരാത്ത ആളായിരുന്നു അച്ഛന്‍. പ്രത്യേകിച്ച് അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്യുന്ന നാടകങ്ങളായതുകൊണ്ട്. എന്നാല്‍ മാള ചേട്ടന്റെ കാര്യത്തില്‍ അച്ഛന്‍ പൂര്‍ണ തൃപ്തനായിരുന്നു, അതിന്റെ ഇഷ്ടവും ബഹുമാനവും അച്ചന് അദ്ദേഹത്തോടുണ്ടായിരുന്നു. സിനിമയില്‍ തിരക്കേറിയ കാലത്ത് ഒരു ദിവസം വളരെ അപ്രതീക്ഷിതമായി അദ്ദേഹം അച്ഛനെ കാണാനായി വീട്ടിലേക്കു കയറിവന്നു. അച്ഛനെ വളരെ സന്തോഷിപ്പിച്ച സംഭവമായിരുന്നു അത്. സാധാരണ സിനിമയിലെത്തിപ്പെട്ടാല്‍ പിന്നെ ആരും വന്ന വഴി ഓര്‍മ്മിക്കാറില്ല. എന്നാല്‍ മാള അങ്ങനെയല്ലായിരുന്നുവെന്ന് അച്ഛന്‍ പറയുമായിരുന്നു. സിനിമയുടെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും തന്റെയുള്ളിലെ മനുഷ്യത്വം അദ്ദേഹം കൈവിട്ടിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍