UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേട്ടയുടെ സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

ദേശീയപുരസ്‌കാരജേതാവായ സംവിധായകന്‍ മോഹന്‍ രൂപ് അന്തരിച്ചു. ആറു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയിതിട്ടുണ്ട്. 1984 ല്‍ ഇറങ്ങിയ വേട്ട എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് മോഹന്‍ രൂപ് ശ്രദ്ധേയനാകുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ മോഹന്റെ പ്രായം വെറും 21. മമ്മൂട്ടി, മോഹന്‍ ലാല്‍, ശ്രീനാവാസന്‍, ബാലന്‍ കെ നായര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്.

നുള്ളി നോവിക്കാതെ, വര്‍ഷങ്ങള്‍ പോയതറിയാതെ, ഇവരെ സൂക്ഷിക്കുക, ശില്‍പി, എക്‌സക്യൂസ്മി ഏതു കോളേജിലാ, സ്പര്‍ശം എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായ് എന്ന സൂപ്പര്‍ഹിറ്റ് ഗാനം മോഹന്‍ രൂപ് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന സിനിമയിലാണ്. 2000 ല്‍ ഇറങ്ങിയ മനോജ് കെ ജയനും പ്രിയരാമനും പ്രധാനകഥാപാത്രങ്ങളായ സ്പര്‍ശം ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. അംബേദ്കര്‍ കലാശ്രീ ദേശീയപുരസ്‌കാരം നേടിയിട്ടുണ്ട്.

സിനിമയില്‍ നിന്നും അകന്നു നിന്നിരുന്ന മോഹന്‍ രൂപിന്റെ പേര് ഈയടുത്ത ദിവസങ്ങളില്‍ വീണ്ടും വാര്‍ത്തകളില്‍ വരുന്ന രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന സിനിമയോടനുബന്ധിച്ചാണ്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എടുക്കുന്ന സിനിമയ്ക്ക് വേട്ട എന്ന പേര്‍ ഇട്ടപ്പോഴാണ് 1984 മോഹന്‍ രൂപ് ഇതേ പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്ന് എല്ലാവരുടെയും ശ്രദ്ധയില്‍ വരുന്നത്. ഒടുവില്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ vettah എന്നാക്കി മാറ്റിയാണ് രാജേഷ് പിള്ളയുടെ സിനിമ പുറത്തുവന്നത്.

ഒരേപേരിലുള്ള  രണ്ടുസിനിമകളുടെ സംവിധായകരെയും മരണം അടുത്തടുത്ത ദിവസങ്ങളില്‍ വേട്ടയാടി എന്നതാണ് മറ്റൊരു യാദൃശ്ചികത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍