UPDATES

സിനിമ

വിധിയാണ് ജീവിതമെന്ന് കരുതുന്ന സ്ത്രീകള്‍ക്ക് വേണ്ടിയല്ല ഈ സിനിമ; രഞ്ജിത്ത് ശങ്കര്‍ സംസാരിക്കുന്നു

എല്ലാവരിലും ഒരു ഏദന്‍ തോട്ടം ഉണ്ട്. അവിടെ രാമനുണ്ട്. മാലിനിയും ഉണ്ട്.

അരുണ

അരുണ

രാമന്റെ ഏദന്‍ തോട്ടത്തിലെ ഏറ്റവും മധുരമുള്ള പഴം സ്‌നേഹമാണ്. രഞ്ജിത്ത് ശങ്കറിന്റെ ഏറ്റവും മനോഹരമായ സിനിമ. രാമന്റെ ഏദന്‍ തോട്ടത്തെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ അരുണയോട് സംസാരിക്കുന്നു.

രാമന്റെ ഏദന്‍ തോട്ടം സ്‌നേഹത്തിന്റെ സിനിമയാണ്. ജീവിതത്തെ ജീവനെ പോലെ സ്‌നേഹിക്കാന്‍ പറയുന്ന സിനിമ. ‘സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്റെ, ആത്മാഭിമാനമുള്ള സ്ത്രീയുടെ’ സിനിമ തന്നെയാണിത്. രാമനും മാലിനിയും എല്‍വിസും നമുക്കിടയില്‍ ഉള്ളവരാണ്; നമ്മള്‍ തന്നെയാണ്…

ആരാണ് രാമന്റെ ഏദന്‍ തോട്ടത്തിലെ നായകന്‍ എന്നു പലരും ചോദിക്കുന്നുണ്ട്. കഥയാണ് നായകന്‍. എന്നാലും മാലിനിയാണ് സിനിമയുടെ കേന്ദ്രം. മാലിനിയിലൂടെയാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. അവളുടെ മനസ്സിന്റെ വളര്‍ച്ചയാണ് ലക്ഷ്യം. നിസ്സഹായതയെ അതിജീവിക്കുക എന്നത് തന്നെ പോരാട്ടമാണ്. മാലിനി അവളിലെ സ്ത്രീയെ ആത്മാഭിമാനമുളളവളാക്കി മാറ്റുന്നു. രാമനും എല്‍വിസും രണ്ടു തരത്തില്‍ അതിനായി അവളില്‍ ഇടപെടുന്നു. രാമന്‍ മാലിനിയില്‍ നിറയ്ക്കുന്നത് ജീവിതത്തോടുള്ള പ്രണയമാണ്.

ഈ സിനിമയിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും പ്രണയമാണ്. പരസ്പരമുള്ള സ്‌നേഹം. ഞാന്‍ ഒരു പാട് മാലിനിമാരെ കണ്ടിട്ടുണ്ട്. നിങ്ങള്‍ക്കും അറിയുമായിരിക്കും. ഭര്‍ത്താവില്‍ നിന്ന് അവഗണിക്കപ്പെടുന്ന ഭാര്യമാര്‍. അവരില്‍ പുറത്തു നിന്ന് ഒരാള്‍ക്ക് ഇടപെടാന്‍ അത്ര വേഗത്തില്‍ കഴിയണമെന്നില്ല. ഇവിടെ രാമന്‍ മാലിനിയുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ അവള്‍ സ്വയം മാറുകയാണ്. സ്വയം സ്‌നേഹിക്കുകയാണ്. പ്രണയം കൊടുക്കുന്ന ശക്തിയാണത്. ഇവിടെ ആരും വില്ലന്‍മാരല്ല. എല്‍വിസ് നല്ല അച്ഛനാണ്. സാധാരണ ഒരു പുരുഷന്റെ പ്രശ്‌നങ്ങളേ അയാള്‍ക്കുള്ളു.

സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാരേയും ആത്മാഭിമാനമുള്ള സ്ത്രീകളെയുമാണ് ഈ സിനിമ ലക്ഷ്യം വയ്ക്കുന്നത്. അല്ലാത്തവര്‍ക്ക് ഈ സിനിമ ഇഷ്ടമാകില്ല. ഉള്‍ക്കൊള്ളാന്‍ കഴിയില്ല. യുവാക്കള്‍ക്ക് വേണ്ടി സിനിമ ചെയ്തിട്ടുണ്ട്; ‘പ്രേതം’ അങ്ങനെ ചെയ്ത സിനിമയാണ്. സത്യത്തില്‍ അത് കുറച്ച് എളുപ്പമാണ്. എന്നാല്‍ രാമന്റെ ഏദന്‍തോട്ടം പോലുള്ള കഥകള്‍ എഴുതുമ്പോള്‍ ഭയം തോന്നും ചിലപ്പോള്‍. ജനം സ്വീകരിച്ചില്ലങ്കില്‍ വലിയ ദുരന്തമാണ്. ഈ സിനിമ ജനം ഇഷ്ടപ്പെടുമ്പോള്‍, വിജയമാകുമ്പോള്‍ അത്രമാത്രം സന്തോഷമുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു സിനിമ നിര്‍മിക്കാം എന്നു തീരുമാനിക്കുമ്പോള്‍ എന്റെ മനസില്‍ ഭയം ഇല്ലായിരുന്നു. ഈ സിനിമയ്ക്ക് അതാണ് ആവശ്യമെന്ന് തോന്നി. ധാരാളം പ്രൊഡ്യൂസേഴ്‌സ് വന്നിരുന്നു. പുറത്തു നിന്ന് ഒരാള്‍ ഈ കഥ ചെയ്യുമ്പോള്‍ പല സജഷന്‍സ് വരും. ചിലപ്പോള്‍ എനിക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. അത് വേണ്ടന്ന് തോന്നി. പണം നഷ്ടമാകുമെന്ന ഭയം ഉണ്ടായിരുന്നില്ല. സിനിമ തന്നതാണ് പണം; അത് സിനിമ ചെയ്ത് കളയുമെന്ന ഭയവുമില്ല. വളരെ നാളുകളായി എന്റെ മനസ്സിലുണ്ടായിരുന്ന കഥയാണിത്. ‘പ്രേതം’ നല്ല വിജയമായിരുന്നു. ഇതാണ് ഈ സിനിമയ്ക്ക് ഏറ്റവും പറ്റിയ സമയം എന്ന് തോന്നി; ചെയ്തു.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും ഇഷ്ടപ്പെട്ട എന്റെ എഴുത്താണ് ‘രാമന്റെ ഏദന്‍ തോട്ടം’. അവര്‍ക്കിടയിലെ പ്രണയം ശക്തവുമാണ്. പ്രായവും പക്വതയും ഉള്ള രണ്ടു പേര്‍ക്കിടയിലാണ് പ്രണയം സംഭവിക്കുന്നത്. ചില യാദൃശ്ചികതകളിലൂടെ ഉണ്ടാകുന്ന സൗഹൃദം തന്നെയാണ് ആ ബന്ധത്തിന്റെ ആഴം. രാമന്റേയും മാലിനിയുടേയും ഏകാന്തതയിലേക്കാണ് അവര്‍ പരസ്പരം നടന്നു കയറുന്നത്. ഏദന്‍ തോട്ടം അവരെ അതിന് സഹായിക്കുകയാണ്. അവരെ പ്രണയികള്‍ ആക്കുകയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ സമയം എടുത്ത് എഴുതിയ തിരക്കഥയാണ് ഈ സിനിമയുടേത്.

സ്ത്രീപക്ഷ സിനിമകള്‍ എന്ന ലേബല്‍ ഇന്ന് വാണിജ്യ തന്ത്രമാണ്. രാമന്റെ ഏദന്‍ തോട്ടം സ്ത്രീപക്ഷ സിനിമയായിട്ടും അത്തരത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നില്ലേ എന്നു ചിലര്‍ ചോദിക്കുന്നു. സ്ത്രീപക്ഷ സിനിമകള്‍ എന്ന നിലയില്‍ ധാരാളം സിനിമകള്‍ വരുന്നുണ്ട്. അത്തരം സിനിമകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വളരെ ഗൗരവമുള്ളതുമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യം അവള്‍ക്കുള്ളിലെ ആത്മാഭിമാനമാണ്. വിശ്വാസമാണ്. സ്ത്രീ ഒരു കീഴ്ജീവനക്കാരിയല്ലെന്ന് അവളിലാണ് ആദ്യം തോന്നേണ്ടത്. വിധിയാണ് ജീവിതമെന്ന് കരുതുന്ന സ്ത്രീകള്‍ക്ക് വേണ്ടിയല്ല ഈ സിനിമ. ജീവിതത്തെ ഉണര്‍ന്ന മനസ്സോടെ കാണുന്നവര്‍ക്കാണ് ഈ സിനിമ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.

രാമനാണ് ഇങ്ങനെയൊരു കഥയുമായി എന്റെ മനസിലേക്ക് ആദ്യം കയറിവരുന്നത്. പിന്നെയാണ് മാലിനി വന്നത്. അതും കഴിഞ്ഞാണ് എല്‍വിസ് വരുന്നത്. പാസഞ്ചറിന് ശേഷം നെല്ലിയാമ്പതിയിലേക്ക് ഞാന്‍ കുടുംബത്തോട് ഒപ്പം ഒരു യാത്ര പോയിരുന്നു. അന്ന് അവിടെ വെച്ചു കണ്ട ഒരു ജീപ്പ് ഡ്രൈവറാണ് രാമന്‍. വല്ലാത്തൊരു ഊര്‍ജ്ജമുള്ള മനുഷ്യന്‍. ചിലര്‍ അങ്ങനെയാണ്; കയറി വരുമ്പോള്‍ ഒരു ജീവിതവും കൂടെ വരും. സിനിമ മനോഹരമായത് ഇതിലെ അഭിനേതാക്കള്‍ കാട്ടിയ മാജിക്കാണ്. അവര്‍ക്ക് കഥാപാത്രങ്ങളോട് തോന്നിയ അടുപ്പവും സ്‌നേഹവുമാണ്. കുഞ്ചാക്കോ ബോബനും അനു സിത്താരയും ജോജുവും ഹൃദയം കൊണ്ട് കേട്ട കഥയാണ് ഈ സിനിമയുടേത്.

മാലിനിയും എല്‍വിസും എല്ലാ കുടുംബങ്ങളിലും കാണും. മാലിനി നല്ല അമ്മയാണ്. എല്‍വിസ് നല്ല അച്ഛനും. അവര്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് പ്രശ്‌നം. എനിക്ക് ഇതേ പ്രായത്തില്‍ ഒരു മകള്‍ ഉണ്ട്. അവളിലൂടെയും ഞാന്‍ കാര്യങ്ങള്‍ കാണാറുണ്ട്. എന്റെ ഉള്ളിലെ പുരുഷന്‍ എല്‍വിസാണോ രാമനാണോ എന്നു ചോദിച്ചാല്‍ രണ്ടുപേരുമുണ്ടെന്ന് പറയേണ്ടി വരും. എല്ലാ പുരുഷന്മാരുടേയും ഉള്ളിലെ ആഗ്രഹമാണ് രാമന്‍. എല്‍വിസ് സാധാരണ മനുഷ്യനാണ്. രാമനാവന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.

പക്ഷേ രാമനെക്കാളും എല്‍വിസിനെക്കാളും കൂടുതല്‍ സ്വീകരിക്കപ്പെടുന്നതും താദാത്മ്യം പ്രാപിക്കാന്‍ ആഗ്രഹം തോന്നുന്നതും മാലിനിയോടാണ്. ആത്മാഭിമാനമുള്ള പെണ്ണാണ് മാലിനി. സ്ത്രീകള്‍ മാലിനിയെ മാതൃകയാക്കുകയാണ്. സിനിമയുടെ വിജയം അതാണ്. പലപ്പോഴും വീടിനകത്താണ് സ്ത്രീകള്‍ ഒറ്റപ്പെടുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വപ്നം കണ്ടു തുടുങ്ങുമ്പോഴാണ് അവര്‍ക്ക് അവരെ നഷ്ടമാകുന്നത്. സിനിമയിലെ ക്ലൈമാക്‌സിലുള്ള ഡയലോഗ് കേട്ട് പെണ്‍കുട്ടികള്‍ കൈയടിക്കുന്നത് ഞാന്‍ കണ്ടു. അപ്പോഴാണ് എനിക്ക് ഈ സിനിമ വിജയിച്ചു എന്ന് തോന്നിയത്. സിനിമ സ്വീകരിക്കപ്പെടുമ്പോള്‍ അത്ര മാത്രം ആഹ്ലാദമുണ്ട്. നമ്മുടെ കഠിനാധ്വാനത്തിനും ആഗ്രഹത്തിനും ഒക്കെ ഫലം കിട്ടുന്നു. വലിയ സന്തോഷം.

സിനിമ ഇറങ്ങിക്കഴിഞ്ഞ് പലരും എന്നോടു തിരക്കുന്ന ഒരു കാര്യമുണ്ട്; എവിടെയാണ് ഏദന്‍ തോട്ടമെന്ന്? എല്ലാവരിലും ഒരു ഏദന്‍ തോട്ടമുണ്ട്. നിറയെ മരങ്ങളും കാറ്റും മഴയും കിളികളും നിറഞ്ഞ ഏദന്‍ തോട്ടം. അവിടെ രാമനുണ്ട്. മാലിനിയും ഉണ്ട്.

 

അരുണ

അരുണ

സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് അരുണ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍