UPDATES

സിനിമ

എന്നാണ് അംഗപരിമിതര്‍ക്ക് വേണ്ടി ഒരു റൊമാന്‍റിക് കോമഡി നിങ്ങള്‍ എഴുതുക? ഹോളിവുഡിനോടാണ് ചോദ്യം

Avatar

അലീസ റോസന്‍ബെര്‍ഗ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ പോപുലര്‍ കള്‍ച്ചറിന്‍റെ ഉദ്യമങ്ങളുടെ ഏറ്റവും ഹൃദ്യമായ വശം അതിന്‍റെ വികാസമായിരുന്നു. സ്ത്രീകളുടേയും ഇരുണ്ടവരുടേയും അനുഭവങ്ങളും ചിത്രീകരണവും കൂടുതല്‍ സൂക്ഷ്മവും പരിഷ്കൃതവുമായി. പരമ്പരാഗതമായി വെളുത്തവര്‍ ഭരിച്ച ഈ വ്യവസായത്തില്‍ ഏഷ്യന്‍ അമേരിക്കന്‍ നടീനടന്മാരും ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകളും നേരിടുന്ന പ്രത്യേകമായ വെല്ലുവിളികള്‍ ഉള്‍ക്കൊള്ളിക്കാനും അവര്‍ക്കായി.

ശാരീരികമായ പരിമിതികള്‍ ഉള്ളവരെ ഹോളിവുഡ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ പറ്റിയുള്ള വ്യാപകമായ ചര്‍ച്ചകള്‍ പൊതുവേ വിരസമായ ഈ വേനലില്‍ എനിക്ക് ഉന്മേഷം പകര്‍ന്നു. ഇരുണ്ട തൊലി എന്ന പ്രയോഗം പോലെ തന്നെ വിശാലാര്‍ത്ഥത്തിലുള്ള ഒന്നാണ് അതും. നട്ടെല്ലിന് ക്ഷതം പറ്റിയ ഒരു ചെറുപ്പക്കാരനേയും അയാളുടെ പരിചാരികയേയും ആത്മഹത്യ ചെയ്യാനുള്ള ആ ചെറുപ്പക്കാരന്‍റെ തീരുമാനത്തേയും പറ്റിയുള്ള നോവലിനെ ആധാരമാക്കിയ ‘മീ ബിഫോര്‍ യൂ’വിനെ കുറിച്ചുള്ള ആവേശകരമായ വാഗ്വാദങ്ങളായാലും  പിക്സറിന്‍റെ ‘ഫൈന്‍ഡിങ് ഡോറി’യിലെ മൃദുസമീപനമായാലും ഹോളിവുഡിലെ സ്ഥിരം രീതികളുടെ കുഴപ്പങ്ങളെ എടുത്തു കാട്ടുന്ന ചര്‍ച്ചകളാണിവ. ശാരീരിക പരിമിതികളുള്ള നടീനടന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വേണമെന്ന ആവശ്യവും ഈ സംവാദത്തില്‍ ശക്തമായി ഉയരുന്നു.

എല്ലാ കഥകളും കഥാപാത്രങ്ങളും ഒരേപോലെ ഉണ്ടാക്കപ്പെട്ടവയല്ല എന്നത് ശരിതന്നെ.

ഈയിടെ ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ ഇന്‍ഡസ്ട്രിയിലെ പൊക്കം കുറഞ്ഞവരുടെ അനുഭവങ്ങളെ പറ്റി സേത്ത് എബ്രമോവിച്ച് അപാരമായ ആഴത്തില്‍ എഴുതിയിരുന്നു. “Wizard of Oz” എന്ന പഴയ സിനിമയിലെ അഭിനേതാക്കളിലേയ്ക്ക് വരെ പോയ ഈ ലേഖനത്തില്‍ അഭിനയരംഗത്തു തുടരാന്‍ അവര്‍ ചെയ്യേണ്ടി വരുന്ന ഒത്തുതീര്‍പ്പുകളെ പറ്റി വിവരിക്കുന്നത് ഹൃദയഭേദകമായാണ്.

“Bad Santa”യിലും “Rescue me” പോലെയുള്ള ഷോകളിലും അഭിനയിച്ച ടോണി കോക്സിനോട് ആദ്യത്തെ ആക്ടിങ് ടീച്ചര്‍ പറഞ്ഞത്, “നിന്‍റെ അഭിനയജീവിതത്തില്‍ നീ ആകെ ധരിക്കുന്നത് കോസ്റ്റ്യൂംസ് ഇതായിരിക്കും,” എന്നാണ്. അതിനര്‍ത്ഥം കോസ്റ്റ്യൂമണിഞ്ഞ എല്‍ഫ് (കുട്ടിച്ചാത്തന്‍ പോലെയുള്ള കഥാപാത്രം), കറുത്ത വര്‍ഗ്ഗക്കാരനായതു കൊണ്ട് ലോണ്‍ ജോക്കി (വീടുകളുടെ ലോണില്‍ വയ്ക്കുന്ന ചെറു മനുഷ്യ രൂപങ്ങള്‍) വേഷങ്ങളാവും കരിയര്‍ മുഴുവന്‍  ലഭിക്കാന്‍ പോകുന്നത് എന്നായിരുന്നു. കോക്സ് എബ്രമോവിച്ചിനോട് പങ്കു വച്ച ഓര്‍മ്മയാണിത്. ഒരു ഹോളിവുഡ് കാബറേയില്‍ കിം കര്‍ദാഷിയാനെ അനുകരിച്ച കിംബെര്‍ലി ട്രിപ്പ്, തങ്ങളുടെ അവതരണങ്ങളില്‍ പൊക്കം കുറഞ്ഞവരെ ഉള്‍പ്പെടുത്താറുണ്ടായിരുന്ന മിലി സൈപ്രസ് മുതലായവരുടെ മരണം എബ്രമോവിച്ച് രേഖപ്പെടുത്തുന്നുണ്ട്.

“അവരുടെ ഏറ്റവും വലിയ തൊഴില്‍ദായകരെന്ന നിലയ്ക്ക് ഈ കൂട്ടര്‍ ഹോളിവുഡിനോട് കടപ്പെട്ടിരിക്കുന്നു. അതേസമയം ഈ 2016ലും   ഹോളിവുഡ് തങ്ങളെ പ്രീണിപ്പിക്കാന്‍ നടക്കുന്ന കിറുക്കരായാണ് അവരെ കാണുന്നത്,” എബ്രോവിച്ച് തുറന്നടിക്കുന്നു. അല്‍പ്പം ഭേദപ്പെട്ട റോളുകള്‍ വന്നാല്‍ത്തന്നെ മനുഷ്യരായിട്ടാവില്ല. “റിട്ടേണ്‍ ഓഫ് ജെഡൈ”യിലെ ഈവോക്ക് വിക്കെറ്റ് ആയി അഭിനയിച്ച വാര്‍വിക്ക് ഡേവിസ് ജെ‌ കെ റൌളിങ്ങിന്‍റെ “ഹാരി പോട്ടര്‍ ആന്‍ഡ് ദ ഡെത്ലി ഹാലോസ്” സിനിമയായപ്പോള്‍ പ്രധാന  ഗോബ്ലിന്‍സില്‍ ഒരാളായ ഗ്രിഫൂക് ആയി.

പൊക്കക്കുറവു പോലെയുള്ള വൈകല്യങ്ങളുള്ള നടന്മാര്‍ക്ക് കോമാളി വേഷങ്ങള്‍ക്കുപരി അല്‍പ്പമെങ്കിലും മനുഷ്യ സ്വഭാവമുള്ള റോളുകള്‍ ലഭിക്കുന്നത് അവരുടെ ശാരീരിക പ്രത്യേകതകളെ കുറിച്ചുള്ള സിനിമകളിലാണ്. ശാരീരിക വൈകല്യങ്ങളുള്ളവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചേ പറ്റൂ എന്ന രീതിയിലാണ് അത്തരം പല സിനിമകളും അവസാനിക്കാറ്. അല്ലെങ്കില്‍ അവര്‍ രാവിലെ കിടക്ക വിട്ടെണീക്കുന്നതും ജോലി ചെയ്യുന്നതും പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതും സ്വപ്നങ്ങള്‍ കാണുന്നതുമൊക്കെ ഒരു മഹാല്‍ഭുതമായി കാണിക്കും. “ഫൈന്‍ഡിങ് ഡോറി” ഇറങ്ങിയപ്പോള്‍ ഞാനെഴുതിയതു പോലെ അങ്ങേയറ്റം സാഹസികരായ, പൂര്‍ണ്ണതയുള്ള, അതേസമയം ശാരീരിക പരിമിതികളുള്ള അമേരിക്കന്‍ പോപുലര്‍ കള്‍ച്ചര്‍ കഥാപാത്രങ്ങള്‍ വന്നിട്ടുള്ളത് കാര്‍ട്ടൂണ്‍ ഫിഷ് ആയിട്ടാണ്.

സോഫി മോര്‍ഗന്‍ വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന, അരയ്ക്കു താഴെ തളര്‍ന്ന മോഡലാണ്. അവര്‍ ഈയിടെ ഐറിഷ് ടൈംസിന്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, “ടി‌വി ഓണ്‍ ചെയ്താല്‍ ശാരീരിക പരിമിതികളുള്ളവര്‍ അവര്‍ താല്‍പ്പര്യപൂര്‍വ്വം ചെയ്യുന്ന കാര്യങ്ങളെ പറ്റി സംസാരിക്കുന്നതോ, തങ്ങളുടെ വൈകല്യത്തെ കുറിച്ചു ചിന്തിക്കാതെ ഒരു റോള്‍ അഭിനയിക്കുന്നതോ കാണാനാണ് എനിക്കാഗ്രഹം” എന്നാണ്. 

മാനസിക പ്രശ്നങ്ങള്‍, ഡിമെന്‍ഷ്യ തുടങ്ങിയവ കൂടി ഈ കൂട്ടത്തില്‍ പെടുത്തിയാല്‍, വിശാലാര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ക്ക് വൈകല്യങ്ങളുണ്ട്. എന്നിട്ടും അങ്ങനെയുള്ളവരുടെ പ്രാതിനിധ്യം അമേരിക്കന്‍ പോപ്പുലര്‍ കള്‍ച്ചറില്‍ തീരെ കുറവെന്ന് പറയാതെ വയ്യ. വൈകല്യങ്ങള്‍ പ്രധാന കഥാഗതിയുടെ ഒരു ഭാഗം മാത്രമായിട്ടുള്ള ചിത്രീകരണം അതിലും എണ്ണത്തില്‍ കുറവാണ്.

ഇരുണ്ട നിറമുള്ളവരുടെ, LGBT വിഭാഗത്തിന്‍റെ, സ്ത്രീകളുടെ, പ്രാതിനിധ്യം കുറഞ്ഞ മറ്റ് വിഭാഗക്കാരുടെയൊക്കെ കഥ പറയുന്ന സ്ക്രിപ്റ്റുകളില്‍ സുവ്യക്തത വേണമെന്ന് വാദിക്കുന്നയാളാണ് ഞാന്‍. ലോകത്തെ അവരുടെ അനുഭവങ്ങള്‍ ഹോളിവുഡിലെ സ്ഥിരം കഥാപാത്രങ്ങളായ ഹെറ്ററോസെക്ഷ്വല്‍ വെള്ളക്കാരുടേതിനെക്കാള്‍ വ്യത്യസ്തമാകാമെന്ന് അംഗീകരിക്കുന്ന സ്ക്രിപ്റ്റുകളെയാണ് ഉദ്ദേശിച്ചത്. അതുകൊണ്ടു തന്നെ അവരുടെ ജോലിസ്ഥലങ്ങള്‍ മുതല്‍ പ്രേമം വരെ നൂതനവും വ്യത്യസ്തവുമായ രീതിയില്‍ നോക്കിക്കാണുന്ന തിരക്കഥകള്‍ ഉണ്ടാകണം.

അംഗപരിമിതരുടെ പ്രമേയങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് അവര്‍ക്കുള്ള വ്യത്യാസത്തിലാണ് കഥ ശ്രദ്ധയൂന്നുന്നത്. ലോകത്തിലെ അവരുടെ അനുഭവങ്ങള്‍ ഒന്നുകില്‍ കഠിനമാണ് അല്ലെങ്കില്‍ നിര്‍ണ്ണായകമാണ് എന്ന രീതിയിലാണ് കാണിക്കാറ്. ശാരീരിക പരിമിതികളുള്ള നടന്മാരോടും കാണികളോടും ഹോളിവുഡിന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം  സാധാരണ പോലെ ജോലി ചെയ്യുകയും പ്രേമിക്കുകയും യാത്ര ചെയ്യുകയും കുടുംബമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന, ഒപ്പം സന്ദര്‍ഭവശാല്‍ അംഗവൈകല്യമുള്ളവരുമായവരുടെ കഥകള്‍ പറയുക എന്നതാണ്. ഒന്നുമില്ലെങ്കിലും പീറ്റര്‍ ഡിങ്ക്ലെജ് അഭിനയിക്കുന്ന ഒരു റൊമാന്‍റിക് കോമഡി കാണാന്‍ നമുക്കവകാശമില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍